Wednesday, April 04, 2018

ബന്ധുമിത്രങ്ങളെയും ഗുരുനാഥന്മാരെയും വധിച്ചിട്ടു ഞാന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല ''യാനേവഹേത്യാ നജിജീവിഷാമഃ'' ഈ രീതിയില്‍ നിനക്ക് മോഹമുണ്ടായല്ലേ. ഈ മനോവിഭ്രമം, യഥാര്‍ത്ഥ തത്വദര്‍ശികളും ഞാന്‍ തന്നെയും ഉപദേശിക്കുന്ന ആത്മതത്ത്വജ്ഞാനം നേടിയാന്‍ പിന്നീട് നിനക്ക് ഉണ്ടാവുകയില്ല. എങ്ങനെ എന്നല്ലേ? പറയാം. ബന്ധുക്കളും സുഹൃത്തുകളും ഗുരുനാഥന്മാരും ദേവന്മാരും മനുഷ്യരും ജന്തുക്കളും എല്ലാം ശ്രീകൃഷ്ണഭഗവാന്റെ വിഭിന്നാംശങ്ങളായ ജീവാത്മക്കളാണ് എന്ന അവബോധമാണ് മനസ്സില്‍ ഉദയം ചെയ്യുന്നത്. വ്യത്യാസം ശരീരങ്ങള്‍ക്കു മാത്രമാണ്, അവ നശിക്കുന്നതുമാണ് എന്നും ഉള്‍ക്കൊള്ളാനും കഴിയും. ഭഗവാനോടു വേര്‍പെട്ടുനിന്ന്, സ്വന്തം ആത്മീയ സ്ഥിതി മറഞ്ഞുപോയതാണ് അജ്ഞാനം. ഭഗവാനോടു വീണ്ടും ബന്ധപ്പെട്ടു വീണ്ടും തങ്ങളുടെ യഥാര്‍ത്ഥാവസ്ഥയില്‍ എത്തുക എന്നതത്രെ ജീവാത്മാക്കളുടെ കര്‍ത്തവ്യം. ഇതാണ് തത്ത്വജ്ഞാനം. ഗീതയുടെ സന്ദേശവും ഇതുതന്നെ. മുമുക്ഷുവിന് പുണ്യവും തടസ്സം മോക്ഷം ആഗ്രഹിക്കുന്ന മനുഷ്യന്, പാപമാകുന്ന സമുദ്രം ദുഃഖപ്രഭമാവുന്നതുപോലെ, പുണ്യകര്‍മങ്ങളും തടസ്സം തന്നെ എന്നു ശ്രീശങ്കരാചാര്യര്‍ പറയുന്നു. ''ധര്‍മ്മഃ അപി ഇഹ മുമുക്ഷോ: പാപം ഉച്യതേ'' (ധര്‍മാചരണവും ഈ ലോകത്തില്‍ മുമുക്ഷുവിന്-മോക്ഷം ആഗ്രഹിക്കുന്നവന് പാപം തന്നെ). അതായത് പുണ്യകര്‍മങ്ങള്‍കൊണ്ടു ലഭിക്കുന്ന ഈ ലോകത്തിലെയും ദിവ്യലോകത്തിലെയും സുഖം അനുഭവിക്കുവാന്‍ ആഗ്രഹിച്ച് മോക്ഷസുഖം വേണ്ടെന്ന് വച്ചേക്കും എന്നു താല്‍പര്യം.

No comments: