Friday, April 20, 2018

ഭഗവാന്‍ തന്നെയാണ് പരമാത്മാവും ബ്രഹ്മവും എന്ന അനുഭൂതിയുണ്ടാവുന്നത് ഈ അവസ്ഥയിലാണ്.
''വദന്തി തത്തത്ത്വവിദഃ
തത്ത്വംയ യജ് ജ്ഞാനമദ്വയം
ബ്രഹ്മേതി പരമാത്മേതി
ഭഗവാനിതി ശബ്ദ്യതേ'' (ഭാ.1-2-11)
ശ്രീമദ് ഭാഗവതത്തില്‍ വളരെ വ്യക്തമായിത്തന്നെ, വേദാന്തികള്‍ ബ്രഹ്മമെന്നും യോഗികള്‍ പരമാത്മാവെന്നും ഭക്തന്മാര്‍ ഭഗവാന്‍ എന്നും വിശദീകരിക്കുന്നത് അദ്വയജ്ഞാനപൂര്‍ണമായ ഒരേ തത്ത്വത്തെയാണ് എന്ന് പറയുന്നു. നമ്മള്‍ കുടം എന്നും ഘടം എന്നും കലശമെന്നും പറയുന്നത് ഒരേ വസ്തുവിനെത്തന്നെയാണല്ലോ, അതുപോലെ തന്നെ. പക്ഷേ, ഘടം, കലശം ഈ രണ്ടു പദവും സംസ്‌കൃതമാകയാല്‍, ആ ഭാഷ അറിയാത്തവര്‍ക്ക് മനസ്സിലാക്കാന്‍ സ്വല്‍പം വിഷമം കാണും. കുടം എന്ന് വാക്കു കേട്ടാല്‍ വേഗം മനസ്സിലാക്കും; ആര്‍ക്കും മനസ്സിലാകും. അതുപോലെ ഭഗവാന്‍ കൃഷ്ണന്‍ പറയുമ്പോള്‍, പരമാത്മാവും ബ്രഹ്മവും അതില്‍ ഉള്‍പ്പെടുന്നു. സൂര്യന്‍ എന്നുപറയുമ്പോള്‍ രശ്മി സമൂഹവും വെയിലും സൂര്യനില്‍ ഉള്‍പ്പെടുന്നതുപോലെ തന്നെ എന്ന് നാം മനസ്സിലാക്കണം.  ഈ തത്ത്വജ്ഞാനമാണ് യഥാര്‍ത്ഥ വിജ്ഞാനം എന്നുപറയപ്പെടുന്നത്. ഈ ജ്ഞാനം കഴിഞ്ഞ ശ്ലോകത്തില്‍ ഭഗവാന്‍ പറഞ്ഞതുപോലെ അവ്യഭിചാരമായ ഭക്തിയോഗത്തിലൂടെ ഭഗവാനെ സേവിക്കുക തന്നെ വേണം. വേറെ ഒരു അനുഷ്ഠാനക്രമം കൊണ്ടും സാധിക്കുകയില്ല എന്ന ജ്ഞാനം തന്നെയാണ്.
ക്ഷീരം(പാല്‍) വെളുത്തിട്ടാണെന്നും ദ്രവരൂപത്തിലാണെന്നും നമുക്ക് കണ്ണുകൊണ്ട് കണ്ട് മനസ്സിലാക്കണം. പാലിന്ന് മധുരരസമാണുള്ളതെന്ന് നാക്കുകൊണ്ട് മത്രമല്ലേ കഴിയൂ?
(അഹം) അവ്യയസ്യ അമൃതസ്യ 
(പ്രതിഷ്ഠാ) (14-27)
നാശം ഇല്ലാത്ത, ഒരു ന്യൂനതയും ഇല്ലാത്ത (മോക്ഷത്തിന്റെയും (=അമൃതസ്യ) പ്രതിഷ്ഠ എന്നില്‍ തന്നെയാണ്. ബ്രഹ്മ സാക്ഷാത്കാരത്തിലൂടെ, പരമാത്മ സാക്ഷാത്കാരത്തിലേക്കും ആ അവസ്ഥയില്‍നിന്ന് എന്റെ സച്ചിദാനന്ദ രസാനുഭൂതിയാകുന്ന പരിപൂര്‍ണാവസ്ഥയിലേക്ക് എത്തിച്ചേരാന്‍ കഴിയും.
ശാശ്വതസ്യ ധര്‍മ്മസ്യ ച (അഹം പ്രതിഷ്ഠാ) (14-27)
ശാശ്വതമായ-സനാതനമായ-ധര്‍മ്മത്തിന്റെ നിലനില്‍പ്പും എന്നിലാണ്. വര്‍ണധര്‍മ്മങ്ങളെയും ആശ്രമധര്‍മ്മങ്ങളെയും യജ്ഞാക്യനുഷ്ഠാനങ്ങളെയും വ്രതാനുഷ്ഠാനങ്ങളെയും 'സനാതന ധര്‍മ്മങ്ങള്‍' എന്ന് നാം പറയാറുണ്ട്. ബ്രാഹ്മണ ഗുണങ്ങള്‍ ഉളളവര്‍ക്ക് മാത്രമേ ബ്രാഹ്മണ ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുള്ള യോഗ്യതയുള്ളൂ. ക്ഷത്രിയഗുണങ്ങള്‍ ഉള്ളവര്‍ക്ക്ക്ഷത്രിയ ധര്‍മ്മവും വൈശ്യഗുണമുള്ളവര്‍ക്ക് വൈശ്യധര്‍മ്മവും ശൂദ്രഗുണമുള്ളവര്‍ക്ക് ശൂദ്രധര്‍മ്മവും അനുഷ്ഠിക്കണം. എല്ലാവരും അനുഷ്ഠിക്കേണ്ട. അതുപോലെതന്നെ ആശ്രമധര്‍മ്മങ്ങളും ബ്രഹ്മചാരി മാത്രമാണ് വേദാധ്യയനം തുടങ്ങിയ ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതുള്ളൂ. ബ്രഹ്മചാരി ഗൃഹസ്ഥനായാല്‍ പിന്നെ ഗൃഹസ്ഥധര്‍മ്മവും വാനപ്രസ്ഥനായി തീര്‍ന്നാല്‍ വാനപ്രസ്ഥ ധര്‍മ്മവും അനുഷ്ഠിക്കേണ്ടതുണ്ട്. സര്‍വ്വസംഗവും ഉപേക്ഷിച്ച്, വിരക്തനായി സംന്യാസം സ്വീകരിച്ചാല്‍ പിന്നെ സംന്യാസ ധര്‍മ്മമാണ് ശീലിക്കേണ്ടത്. അപ്പോള്‍ ഈ ധര്‍മ്മങ്ങള്‍ക്ക് ഭാഗികമായ സനാതനത്വം മാത്രമേയുള്ളൂ. എല്ലാവരും എല്ലാ കാലത്തും ഏതവസ്ഥയിലും എവിടെവച്ചും അനുഷ്ഠിക്കേണ്ട ധര്‍മ്മങ്ങളെ മാത്രമേ ''പൂര്‍ണമായും സനാതന ധര്‍മ്മങ്ങള്‍'' എന്നു വിശേഷിപ്പിച്ചാല്‍ ശരിയാകയുള്ളൂ.
 9961157857

No comments: