Monday, April 02, 2018

ആത്മാഭിരാമൻ പ്രശാന്തൻ
മുക്തിദൻ
ജാനകീനാഥനനന്തൻ
സംസാര മുക്തിക്കു പാരിൽ
രാഘവ
പാദാബ്ജമാശ്രയിച്ചീടാം
മാനവകുലത്തെ ഏറെക്കുറെ വ്യാപകമായി ബാധിച്ച വൈകാരിക വിക്ഷുബ്ധിയുടേയും ശൂന്യതയുടേയും അലോസരങ്ങൾക്ക് ഒരു രാമായണ കാവ്യ ചികിത്സയാണ് വാൽമീകി മഹർഷി ഒരുക്കിയിരിക്കുന്നത്. അവരവരിൽ നിന്നകന്നു പോവുന്ന ആധി- വ്യാധിക്കുള്ള സാഹിത്യ സിദ്ധൗഷധം. സദ്ഗുരു ശ്രീ നാരദനാലും, പ്രപഞ്ച രചയിതാവ് നാന്മുഖനാലും പ്രചോദിതനായ വാൽമീകിയുടെ തപഃ പ്രസാദം ഭൂവനത്രയങ്ങളെ ശുദ്ധീകരിച്ച് പുഷ്ക്കലമാക്കും. വ്യക്തി ദൃഷ്ടിയിൽ ഭുവനത്രയമെന്നത് ജാഗ്രത് -സ്വപന – സുഷുപ്തി അവസ്ഥകളാണെന്ന് ആചാര്യന്മാർ വ്യാഖ്യാനിക്കുന്നു. ശോഭനമായ കഥാകാവ്യം ഉപബോധമനസ്സിന്റെ വൈകാരിക താളപ്പിഴകളെ പരിഹരിക്കുമെന്നതാണ് വസ്തുത.
രാമായണ കാവ്യത്തിന്റെ ബാലകാണ്ഡം  കവിഹൃദയ കദനം കവിതയും കാവ്യ സംഭവവുമായി പരിണമിച്ച ഭാവനാസമ്പന്ന ചിത്രത്തോടെ ആരംഭിക്കുന്നു. താൻ വിരചിച്ച മഹാകാവ്യത്തിന്റെ പ്രചാരണം ലവകുശന്മാരെ ഏൽപ്പിച്ച വാൽമീകി ഒരു വിദ്യാഭ്യാസ വിപ്ലവം നടത്തുന്നു.
വിഭാണ്ഡക മുനിപുത്രനായ ഋഷി ശൃംഗന്റെ കഥയുടെ പൊരുൾ ഉദാത്തീകരണപാഠം പങ്കുവെക്കുന്നു.
അയോധ്യാ നഗരീ പ്രതാപത്തിന് ദശരഥന്റെ അനപത്യ ദുഃഖം നിഴൽ വീഴ്ത്തിയത്  അശ്വമേധവും പുത്രകാമേഷ്ടിയും കൊണ്ട് പരിഹൃതമാവുന്നതായി വിവരിച്ച് കഥ പുരോഗമിക്കുന്നു. വസിഷ്ഠ മുനിയുടെ ഉജ്ജ്വലവും പിഴവറ്റതുമായ നേതൃത്വവും ഋഷ്യശൃംഗന്റെ കാർമ്മികത്വവും ദശരഥന് യജ്ഞ സന്തതികളെ സമ്മാനിച്ചു.
വിശ്വത്തിന്നു മിത്രമായ വിശ്വാമിത്ര മാമുനി ഭാവിയിലെ അയോധ്യാധിപതിയെ സുശിക്ഷിതനാക്കാൻ നിശ്ചയിച്ചു. രാമലക്ഷ്മണൻമാരെ യാഗരക്ഷക്കെന്ന വ്യാജേന കൊണ്ടുപോയി പരാപര വിദ്യ പകർന്നു. താടകാവധ ധൈര്യം ചൊരിഞ്ഞു. അസ്ത്രശസ്ത്ര വിദ്യകളുപദേശിച്ചു യോഗ്യരാക്കി. കഥകളിലൂടെ രാജനീതിയുടെ പാഠങ്ങൾ പഠിപ്പിച്ചു. സംഭവിച്ച വീഴ്ചയിൽ നിന്നും തപസ്സുകൊണ്ട് കരേറിയ അഹല്യാ മാതാവിനെ കാണിച്ചു കൊടുത്തു.
ശ്രീരാമന്റെ കായികക്കരുത്തിനും സദ്ഗുണ മഹത്വത്തിനും സീതാദേവിയെ ലഭ്യമാക്കിക്കൊടുത്തു. ദൗത്യം കഴിഞ്ഞ് വിശ്വാമിത്രൻ മടങ്ങിപ്പോയി. ഭാർഗ്ഗവരാമന്റെ വൈഷ്ണവ ചാപവും കുലച്ച ശ്രീരാമൻ അജയ്യനായി മാതാപിതാക്കളോടും ഗുരു ജനങ്ങളോടും മറ്റു ബന്ധു ജനങ്ങളോടുമൊപ്പം അയോധ്യയിൽ തിരിച്ചെത്തുന്നതോടെ ബാലകാണ്ഡം അവസാനിക്കുന്നു.
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ

No comments: