Monday, April 02, 2018

ജീവിതത്തിനൊരു ലക്ഷ്യമുണ്ട്. ‘അസത്തി’ന്റെ സങ്കീർണ്ണവും വൈവിധ്യം നിറഞ്ഞതുമായ പ്രകടനങ്ങളോടുള്ള താദാത്മ്യത്തെ ജയിച്ച് ‘സത്തി’ ന്റെ സ്വാസ്ഥ്യത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും, ആനന്ദത്തിലേക്കുമാണ് ജീവന്റെ പ്രയാണം. ‘മരണമെന്ന’ മാരണമൊഴിഞ്ഞ ‘അമൃത’ത്ത്വത്തിലേക്കാണ് യാത്ര.
ഇരുട്ടിന്റെ അശാന്തിയിൽ നിന്നും സന്താപങ്ങളിൽ നിന്നും ‘പ്രകാശത്തിന്റെ’ ആനന്ദശാന്തിയിലേക്കാണ് ജീവന്റെ കുതിപ്പ്. ഈ പ്രയാണം അനിവാര്യമാണ്.
സമഷ്ടി തലത്തിൽ ഇത് കാലഗതിക്കനുസരിച്ച് സംഭവിക്കുമ്പോൾ വ്യക്തി തലത്തിൽ നമുക്ക് ഗതിവേഗം വർദ്ധിപ്പിക്കാൻ സാമർഥ്യവും സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടിരിക്കുന്നു.  ആലസ്യം വെടിഞ്ഞ് ആലോചനാശേഷി ഉപയോഗിച്ച് ജീവിതത്തെ ക്രമീകരിച്ചെടുക്കാൻ ജാഗ്രത പാലിച്ചാൽ യാത്ര നമ്മുടെ നിയന്ത്രണത്തിലാവും. ഇക്കാര്യത്തിൽ നാം പുലർത്തുന്ന ഉത്സാഹത്തിന്റെ തീവ്രതയനുസരിച്ച് സമഷ്ടിതലത്തിൽ നിന്നും അനുകൂലമായ കരുനീക്കം പ്രതീക്ഷിക്കാം.
അലയൊഴിഞ്ഞൊരാഴി ശോഭനമായ ഭാവനയിലേ സാധ്യമാവൂ. അവിരാമം ആഴിയിൽ അലയടിയുയർന്നു കൊണ്ടിരിക്കും.
ഇതുപോലെയാണ് ജീവിതവും. പ്രശ്നങ്ങളൊഴിഞ്ഞ അവസ്ഥ അവിടെ പ്രതീക്ഷിക്കുക വയ്യ. പ്രശ്നങ്ങളോടുള്ള സമീപന തലത്തിൽ നമുക്ക് നമ്മുടെതായ നിലപാടെടുക്കാം. ശൈലീഭേദം നിശ്ചയിക്കാം.
പ്രശ്നങ്ങളുടെ നിരന്തരാഗമനത്തെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള കല്പടവുകളായി കാണാൻ കഴിയുന്നത് വിവേകമാണ്. പ്രശ്നങ്ങളെ നേരിടുന്ന കാര്യത്തിൽ സഹജമായ സർഗ്ഗശേഷി വിനിയോഗിക്കാൻ ജാഗ്രത പുലർത്തിത്തുടങ്ങുന്നത് പക്വതയുടേയും പുരോഗതിയുടേയും ലക്ഷണമാണ്.
കളിയെന്നാൽ അത് ക്രിക്കറ്റാണെന്ന് കരുതുന്നവർ ഇന്ന് ഏറിവരുന്നു . (എല്ലാ കളികൾക്കും നമ്മെ പലതും പഠിപ്പിക്കാൻ, യോഗ്യരാക്കാൻ സാമർഥ്യമുണ്ട്. ഈ ആശയം സമാജത്തിൽ വ്യാപകമായി പ്രചരിക്കേണ്ടതുണ്ട്.) അതുകൊണ്ട് ഉദാഹരണം ക്രിക്കറ്റിൽ നിന്നാവട്ടെ.
ഒരു ബാറ്റ്സ്മാൻ തനിക്കെതിരെ കുതിച്ചെത്തുന്ന പന്തുകളെക്കുറിച്ച് പരാതി പറഞ്ഞിരുന്നുകൂടാ കളിക്ക് പുറത്താവും. വരുന്ന പന്തുകളെ മുറയ്ക്കു കൈകാര്യം ചെയ്യുന്നത്തിന് അനുയോജ്യ ശൈലി പുറത്തെടുക്കാൻ കരുത്തും കരുതലും കാണിക്കുകയാണ് വേണ്ടത്. കയ്യിൽ ബാറ്റുണ്ടെന്ന് കരുതി തലങ്ങും വിലങ്ങും ആഞ്ഞുവീശിയാൽ നല്ല കളിയാവില്ല. യുക്തമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള മിടുക്ക് പരിശീലനം കൊണ്ട് സ്വന്തമാക്കുന്നവനാണ് സമർത്ഥൻ. ബൗളറുടെ മിടുക്കിനെ കുറിച്ചും ഏറെ പന്തുകൾ നേരിടേണ്ടതുണ്ടല്ലോ എന്ന വസ്തുതയെക്കറിച്ചും ആലോചിച്ചു പരിഭ്രമിക്കാൻ തുടങ്ങിയാൽ ബാറ്റ്സ്മാന്റെ നില പരിതാപകരമാവും.
ജീവിതത്തിലും ഇതുപോലെ നമുക്കു നേരെ പ്രശ്നങ്ങൾ വന്നു ചേരുന്നു. ഒന്നൊന്നായോ  കൂട്ടമായോ പ്രശ്നങ്ങൾ വരട്ടെ, തളരാതെ ഓരോന്നും കൈകാര്യം ചെയ്യാനുള്ള കഴിവും അറിവും സർഗ്ഗശേഷിയും ഉള്ളിലുണ്ടെന്ന ആത്മവിശ്വാസം ഉണർത്തിയെടുക്കാൻ നമുക്കു കഴിയണം. ഇതിനുവേണ്ടുന്ന പരിശീലനം പണ്ട് ഗൃഹാന്തരീക്ഷത്തിലും ഗുരുകുലങ്ങളിലും ലഭ്യമായിരുന്നു. കാലം മാറിയപ്പോൾ രീതികളും മാറി. തയ്യാറെടുപ്പിൽ ശ്രദ്ധയില്ലാത്തവർ പുതിയ സംവിധാനങ്ങൾ കണ്ടെത്തി പ്രയോജനപ്പെടുത്തിയെന്നുവരില്ല. പ്രശ്നങ്ങൾക്ക് മുൻപിൽ അന്തിച്ചു നിന്നു പോകുന്നവരോ, നേരിടാൻ വയ്യെന്ന് ഒളിച്ചോടി പോവുന്നവരോ ഏറിവരുന്നതിനിതാണ് കാരണം.
പ്രശ്നങ്ങൾ നമ്മെ തളർത്തുന്നതിന് ഒരു മുഖ്യ കാരണം ‘ആകെ പ്രശനം’ എന്ന് പറയുന്നതാണ്. എന്താണ് പ്രശ്നമെന്നതും എത്ര പ്രശ്നങ്ങളുണ്ടെന്നും വസ്തുനിഷ്ഠമായി വിലയിരുത്താൻ കഴിഞ്ഞാൽ അസ്ഥാന ഭയം അകലും, പരിഭ്രമം നീങ്ങും. അതുവഴി അവധാനതയോടെ പ്രശ്നത്തെ നേരിടാൻ നമുക്കു കഴിയും.
ആകെ പ്രശനം എന്ന് പറയുന്നതും ചിന്തിക്കുന്നതും ആരോഗ്യകരമല്ല.  പ്രശ്നങ്ങൾക്ക് മുൻപിൽ നാം നിഷ്പ്രഭരായിപ്പോവുന്നതിന് അത് കാരണമാവും.  ‘വീട്ടിൽ വൈദ്യുതി പ്രവാഹം നിലച്ചു,  വെള്ളമില്ല, ആകെ പ്രശ്നമാണ് ‘ എന്നൊക്കെ പറയുന്നതിൽ അതിശയോക്തിയുണ്ട്. ഇവിടെ പ്രശ്നത്തെക്കുറിച്ച് കൃത്യമായി വിലയിരുത്താൻ കഴിഞ്ഞാൽ പരിഹാരം തിരിച്ചറിഞ്ഞ് ചെയ്യാൻ സാധിക്കും.
പ്രശ്നങ്ങളുടെ പ്രവാഹത്തെക്കുറിച്ച് അസഹിഷ്ണുക്കളാവാതെ, അവ സർഗ്ഗശേഷിക്കുള്ള ക്ഷണപ്പത്രമായി കാണാൻ നമുക്കു കഴിയട്ടെ. വസ്തുനിഷ്ഠമായി വിലയിരുത്തി പരിഹാരം നിർവ്വഹിക്കാൻ നമുക്കു സാധിക്കട്ടെ. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പ്രശ്നങ്ങൾ മാർഗ്ഗ തടസ്സങ്ങളാവാതിരിക്കട്ടെ. പകരം പാഠവും പ്രചോദനവും പ്രദാനം ചെയ്യട്ടെ.
ശുഭാശംസകളോടെ
പ്രേമാദരപൂർവ്വം
അദ്ധ്യാത്മാനന്ദ സരസ്വതി

No comments: