Wednesday, April 18, 2018

വേദപഠനം  ബ്രാഹ്മണര്‍ക്കു മാത്രമുള്ളതാണെന്ന് ചില ധര്‍മ്മശാസ്ത്രങ്ങളിലും നമ്മുടെ ആചാരങ്ങളിലും കാണുന്നു. ഇത് ഭാരതീയ ചിന്താധാരയുടെ സത്തക്കെതിരാണ്. വേദങ്ങള്‍ ക്രോഡീകരിച്ച വേദവ്യാസന്‍ മുക്കുവനായിരുന്നു. ഭൂരിഭാഗം ഋഗ്വേദമന്ത്രങ്ങളുമെഴുതിയ വിശ്വാമിത്രന്‍ ക്ഷത്രിയനായിരുന്നു. ഐതരേയ ആരണ്യകം-ബ്രാഹ്മണം-ഉപനിഷദ് ഇവ എഴുതിയ മഹീദാസ ഐതരേയന്‍ ചണ്ഡാലനായിരുന്നു. വാല്മീകി കാട്ടാളനായിരുന്നു. ശ്രീരാമന്‍ ക്ഷത്രിയനായിരുന്നു. ശ്രീകൃഷ്ണന്‍ യാദവനായിരുന്നു. ഇവരെല്ലാം വേദം പഠിച്ചവരും പഠിപ്പിച്ചവരും ആരാധിച്ചവരുമായിരുന്നു. അതിനാല്‍ വേദപഠനം ഏവരും ശ്രദ്ധയോടെ അനുഷ്ഠിക്കുകയാണെങ്കില്‍ സാധ്യമാകുന്നതാണ്. സാധ്യമാകുകയും വേണം.
സ്ത്രീധനം: സ്ത്രീധനം മറ്റൊരു ദുരാചാരമാണ്. ധര്‍മ്മശാസ്ത്രങ്ങള്‍ അത് അംഗീകരിക്കുന്നുമില്ല.
ഉത്തമം സ്വാര്‍ജ്ജിതം വിത്തം മധ്യമം 
പിതുരാര്‍ജ്ജിതം
അധമം മാതുലാര്‍ജ്ജിതം 
വിത്തം സ്ത്രീവിത്തം അധമാധമം
സ്വയം ആര്‍ജ്ജിച്ച വിത്തം ഉത്തമവും, പിതാവില്‍നിന്ന് ലഭിക്കുന്നത് മധ്യമവും അമ്മാവനില്‍നിന്ന് ലഭിക്കുന്നത് അധമവും സ്ത്രീധനം പരമമായ അധമവുമാണെന്ന് ധര്‍മ്മശാസ്ത്രം ഉദ്‌ഘോഷിക്കുന്നു. പുരാതന ഭാരതീയ ഗ്രന്ഥങ്ങള്‍ നിഷേധിച്ച ഈ ആചാരം സമൂഹത്തില്‍ ആഴ്ന്നിറങ്ങിയത് അടുത്തകാലത്താണ്. ആധുനിക കാലഘട്ടത്തില്‍!
മൃഗസംബന്ധിയായ ശകുനങ്ങള്‍: കാക്ക അസമയത്ത് കരയുന്നതും, കാലന്‍കോഴി കൂവുന്നതും, പൂച്ച വിലങ്ങനെ ചാടുന്നതും, വിധവയെക്കാണുന്നതും പോലെ ഏറെ ശകുനങ്ങളുണ്ട്. ഗൗളി ശാസ്ത്രം തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്. ശാസ്ത്രീയമായി ഒരു വിധത്തിലും വിവരിക്കുവാന്‍ സാധിക്കാത്ത ഈ ആചാരങ്ങളില്‍ സദ്ഫലങ്ങളുണ്ടാകുന്നതായി തെളിയിക്കുവാനും സാധ്യമല്ല. അതുകൊണ്ടുതന്നെ ഇവ അനാചാരങ്ങളുടെ ഭാഗമാണ്.
മെഴുകുതിരി കെടുത്തിയുള്ള പിറന്നാള്‍ ആഘോഷം: പുതിയ ഒരു ദുരാചാരമാണ് പിറന്നാള്‍ ദിനത്തില്‍ മെഴുകുതിരി കത്തിച്ച് അത് ഊതിക്കെടുത്തുന്നത്.  വിളക്കുവച്ചുള്ള ആരാധനയാണ് ശ്രേഷ്ഠം. ഇഷ്ടഭോജ്യം ഈശ്വരീയവുമാണ്. വിളക്ക് ഊതിക്കെടുത്തുന്നതാകട്ടെ പ്രേത-പിശാച കര്‍മ്മങ്ങള്‍ക്കാണ്.  ഒരു സുദിനത്തില്‍ നടത്തുന്ന നികൃഷ്ട കര്‍മ്മമാണ് ദീപം ഊതി അണക്കല്‍, കൂടാതെ മെഴുകുതിരിയില്‍ നിന്നുയരുന്ന പുക കാന്‍സര്‍ ഉണ്ടാകുവാന്‍ കാരണവുമാകുന്നു. അതിനാല്‍ വിളക്കു തിരികത്തിച്ചു വച്ചുതന്നെ കേക്ക് മുറിച്ച് ചടങ്ങ് ആചരിക്കാവുന്നതാണ്.
തമസോമാ ജ്യോതിര്‍ഗമയ എന്നു പ്രാര്‍ത്ഥിക്കുക. ജ്യോതിര്‍മാ തമസോ ഗമയാ എന്നു പ്രവര്‍ത്തിക്കാതിരിക്കുക.
ഗ്രഹണസംബന്ധിയായ ആചാരം: ഗ്രഹണ സമയത്ത് രാഹു സൂര്യ/ചന്ദ്രന്‍മാരെ പിടിക്കുന്നതിനാല്‍ ശുദ്ധാശുദ്ധവും പാപവും ഉണ്ടാകുന്നു എന്നത് അന്ധവിശ്വാസമാണ്. അതോടനുബന്ധിച്ച ആചാരങ്ങള്‍ ദുരാചാരങ്ങളും. ഗ്രഹണമുണ്ടാകുന്നത് വ്യക്തമായി ഭാരതീയര്‍ വിവരിച്ചിരുന്ന ഛാദയയതി ശശി സൂര്യം ശശിനം മഹതീ ഭൂച്ഛായഃ ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്നു ചന്ദ്രനെയാകട്ടെ മഹത്തായ ഭൂനിഴല്‍ മറയ്ക്കുന്നു. ഇവിടെ അനാചാരാനുഷ്ഠാനത്തിന്റെ ആവശ്യം വരുന്നില്ല. വ്യക്തമായ ഒരു ശാസ്ത്രീയ പ്രതിഭാസം മാത്രമാണിത്.
ദേവീകോപവും രോഗവും: ഈശ്വര കോപമാണെന്നും, ഈശ്വരപ്രസാദമാണെന്നും, വിശ്വസിച്ച് രോഗത്തെയും രോഗിയേയും ഈശ്വരീയമായി കാണണമെന്നുള്ള വിശ്വാസം ശാസ്ത്രീയമല്ല. ഒരു ഈശ്വരനും രോഗം നല്‍കി ആരേയും ശിക്ഷിക്കുവാനോ അനുഗ്രഹിക്കുവാനോ തയ്യാറാവുകയില്ല. രോഗിയുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ആചാരങ്ങള്‍ രോഗശമനത്തിന് സഹായിക്കുന്നവയൊഴികെയുള്ളതെല്ലാം ദുരാചാരങ്ങളാണ്. രോഗിയെ കുളിപ്പിക്കുന്നത് വേപ്പിന്റെ ഇലയിട്ട വെള്ളത്തിലാകണമെന്നും ഗൃഹാന്തര്‍ഭാഗത്ത് ഗന്ധകം പുകയ്ക്കണമെന്നുമുള്ളത് സദാചാരമാണ് കാരണം. അതില്‍ ശാസ്ത്രീയ സത്യമുണ്ട്.
ശാസ്ത്രീയമായി ഒരുതരത്തിലും ന്യായീകരിക്കുവാന്‍ സാധിക്കാത്തതും മാനസികമോ-ശാരീരികമോ കുടുംബപരമോ സാമൂഹികമോ ആയ ഒരു നന്മയും  നല്‍കാത്ത ഏതാചാരവും അനാചാരവും ദുരാചാരവുമാണ്. കാലാകാലങ്ങളില്‍ അനുഷ്ഠിച്ചു വരുന്നവയാണ് എന്നതുകൊണ്ട് അവയ്ക്ക് മഹത്വം നല്‍കേണ്ടതില്ല എന്നും ധര്‍മ്മശാസ്ത്രം പറയുന്നുണ്ട്. 
താതസ്യ കൂപോളയം ഇതി ബ്രുവാണ
കാപുരഷ ക്ഷാരജലം പിബന്തി
അച്ഛന്‍ കുഴിച്ച കിണറാണിതെന്ന് പറഞ്ഞ് ഏതു മനുഷ്യനാണ്, കിണറ്റില്‍ ഉപ്പുവെള്ളമാണെങ്കില്‍ അതു കുടിക്കുക. കാലാകാലങ്ങളില്‍ ചെയ്തുകൊണ്ട് വന്നിരുന്നത് തെറ്റായിരുന്നുവെങ്കില്‍ അതു തുടരേണ്ടതായ ഒരു കാര്യവുമില്ല. വിമൃശ്യ ഏതദ് അശേഷേണ യഥേച്ഛസി തഥാ കുരു എന്ന് ശ്രീകൃഷ്ണന്‍ തന്നെ ഉപദേശിച്ചിട്ടുണ്ട്.
 janmabhumi

No comments: