വിശ്വം യദേതല്‍ പരമാത്മദര്‍ശനം
വിലാപയേദാത്മനി സര്‍വ്വകാരണേ
പൂര്‍ണ്ണശ്ചിദാനന്ദമയോവതിഷ്ഠതേ
നിവേദ ബാഹ്യം ന ച കിഞ്ചിദാന്തരം.(45)
ഈ വിശ്വം പരാമാത്മാവാണെന്നു കണ്ടുകൊണ്ട് അതിനെ സര്‍വ്വകാരണമായ ആത്മാവില്‍ ലയിപ്പിക്കണം. അങ്ങനെ പരിപൂര്‍ണ്ണനും സച്ചിദാനന്ദസ്വരൂപനുമായി സ്ഥിതിചെയ്യുമ്പോള്‍ ബാഹ്യമായതോ ആന്തരമായതോ ആയ യാതൊന്നിനെയും അറിയുന്നില്ല.
പൂര്‍വ്വം സമാധേരഖിലം വിചിന്തയേ-
ദോങ്കാരമാത്രം സചരാചരം ജഗത്
തദേവ വാച്യം പ്രണവോ ഹി വാചകോ
വിഭാവ്യതേ ജ്ഞാനവശാന്നബോധതഃ.46
സമാധിയുടെ ആദിയില്‍ ചരാചരാത്മകമായ ഈ പ്രപഞ്ചം മുഴുവന്‍ ഓങ്കാര രൂപമാണെന്നു വിചാരിക്കണം. ഈ പ്രപഞ്ചം വാച്യമാണെന്നും പ്രണവം വാചകമാണെന്നും ജ്ഞാനംകൊണ്ടുമാത്രമേ കാണാന്‍ സാധിക്കൂ. വെറും ബോധം കൊണ്ടു സാധ്യമല്ല. കേവലബോധത്തിനപ്പുറത്താണ് ജ്ഞാനം.
കുറിപ്പ്- പ്രപഞ്ചം ഓങ്കാരത്തില്‍ നിന്നുണ്ടായി. അതായത് ശബ്ദരൂപത്തിലുള്ള ബ്രഹ്മമാണ് ഓങ്കാരം. ചരാചരാത്മകമായ ഈ പ്രപഞ്ചം മുഴുവന്‍ ഓങ്കാര രൂപമാണെന്ന് ധ്യാനിച്ചുറപ്പിക്കണം. വാചകരൂപമായ ഓങ്കാരത്തിന്റെ വാച്യരൂപമാണ് പ്രപഞ്ചം. ഇത് ജ്ഞാനം കൊണ്ടു മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു.
അകാരസംജ്ഞഃ പുരുഷോ ഹി വിശ്വകോ- ഹ്യുകാരകസ്‌തൈജസ ഈര്യതേ ക്രമാല്‍
പ്രാജ്ഞോ മകാരഃ പരിപദ്യതേഖിലൈഃ
സമാധിപൂര്‍വ്വം ന തു തത്ത്വതോ ഭവേല്‍. 47
ജ്ഞാനികളായവര്‍ പറയുന്നത് പ്രണവം അ' ഉ' മ്' എന്നീ അക്ഷരങ്ങളുടെ സംയോഗംകൊണ്ടുണ്ടായതാണെന്നാണ്. ഇതില്‍ 'അ'കാരം വിശ്വപുരുഷനും 'ഉ'കാരം തൈജസപുരുഷനും 'മ'കാരം പ്രാജ്ഞപുരുഷനുമാണ്. ഈ ജ്ഞാനവും കേവലമായ ബുദ്ധികൊണ്ട് ഉണ്ടാവുകയില്ല. സമാധിയിലൂടെ മാത്രമേ ലഭിക്കുകയുള്ളു.
കുറിപ്പ് - 'ഓം' എന്ന വാക്യത്തെ അക്ഷരങ്ങളായി പിരിക്കുമ്പോള്‍ കിട്ടുന്നതാണ് 'അ' 'ഉ' 'മ്' എന്നിവ. സന്ധിനിയമപ്രകാരം അ+ ഉ = ഒ. അതില്‍ മ് ( അം) ചേരുമ്പോള്‍ 'ഓം' ആകുന്നു. ഇതിലെ 'അ'കാരം സത്ത്വഗുണിയായ വിഷ്ണുവിനെയും 'ഉ' രജോഗുണിയായ ബ്രഹ്മാവിനെയും 'മ്' തമോഗുണിയായ ശിവനുമാണ്. ജീവന്റെ മൂന്നവസ്ഥകളാണ് ജാഗ്രത്ത്, സ്വപ്നം സുഷുപ്തി. ജാഗ്രദവസ്ഥയില്‍ സ്ഥൂലശരീരത്തിലിരുന്നുകൊണ്ട് സ്ഥൂലമായ വിഷയങ്ങളെ അനുഭവിക്കുന്ന ജീവന്റെ പേരാണ് 'വിശ്വന്‍. സ്വപ്നാവസ്ഥയില്‍ സൂക്ഷ്മശരീരത്തിലിരുന്നുകൊണ്ട് വാസനയ്ക്ക് അനുസൃതമായി സൂക്ഷ്മമായ വിഷയങ്ങളെ അനുഭവിക്കുന്ന ജീവനാണ് 'തൈജസന്‍. സുഷുപ്തിയില്‍ സ്ഥൂലത്തെയും സൂക്ഷ്മത്തെയും വിട്ടിട്ട് മൂലവിദ്യയാകുന്ന തമസ്സില്‍ മുഴുകുന്ന ജീവനെ 'പ്രാജ്ഞന്‍' എന്നും പറയുന്നു. വിശ്വന്‍ അനന്തമായ പ്രപഞ്ചത്തിലെ ഒരു ചെറിയഘടകമാണ് താന്‍ എന്നു കാണുമ്പോള്‍ പ്രപഞ്ചം വളരെ വലുതും താന്‍ വളരെ ചെറുതുമാണ്.
തൈജസന്‍ അനന്തമായ പ്രപഞ്ചത്തെ മുഴുവന്‍ തന്റെ ചെറിയ അംശത്തില്‍ കാണുമ്പോള്‍ താന്‍ വളരെ വലുതും പ്രപഞ്ചം തന്നെക്കാള്‍ ചെറുതുമാണ്. അതേസമയത്ത് പ്രാജ്ഞന്‍ തന്നില്‍തന്നെ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെയോ പ്രപഞ്ചത്തെയോ അറിയുന്നില്ല. സംസാരത്താലുണ്ടാകുന്ന ഈ മൂന്നു രൂപങ്ങളും തന്റെ സ്വരൂപമല്ല. അതിനാല്‍ ഇവമൂന്നും ഇല്ലാതാകുമ്പോള്‍ യഥാര്‍ത്ഥസ്വരൂപമായ ആത്മാവാണ് താനെന്ന് അറിയും.
janmabhumi
No comments:
Post a Comment