Sunday, April 01, 2018

ഭഗവല്‍പാദരുടെ കൃതികള്‍ സമാഹരിച്ചു് ഇരുപതു പുസ്തകങ്ങളായി ശ്രീരങ്ഗം വാണീവിലാസ മുദ്രാലയത്തില്‍നിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അവയെ (1) ഭാഷ്യങ്ങള്‍ (2) മൂലഗ്രന്ഥങ്ങള്‍ (3) സ്തോത്രങ്ങള്‍ (4) മന്ത്രശാസ്ത്രം എന്നിങ്ങനെ നാലിനമായി വിഭജിക്കാവുന്നതാണ്.

ഭാഷ്യങ്ങള്‍

ഒന്നാമത്തെ ഇനത്തില്‍ സര്‍വോല്‍കൃഷ്ടമായിട്ടുള്ളതു ബാദരായണന്റെ വേദാന്ത (ഉത്തരമീമാംസാ)സൂത്രങ്ങള്‍ക്കു് ആചാര്യന്‍ രചിച്ചിട്ടുള്ള ഭാഷ്യംതന്നെയാണ്. ആ സൂത്രങ്ങള്‍ക്കു ശാരീരകമീമാംസാസൂത്രങ്ങളെന്നും, ബ്രഹ്മസൂത്രങ്ങളെന്നും കൂടി പേരുള്ളതിനാല്‍ പ്രസ്തുതഭാഷ്യത്തെ ബ്രഹ്മസൂത്രഭാഷ്യമെന്നും ശാരീരകമീമാംസാഭാഷ്യമെന്നുംകൂടി പറയാറുണ്ട്. അതു കഴിഞ്ഞാല്‍ പിന്നീട് ഉപനിഷദ്ഭാഷ്യങ്ങള്‍ക്കാകുന്നു പ്രാധാന്യം. ഭഗവല്‍പാദര്‍ ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂ ക്യോപനിഷത്ത്, ഐതരേയോപനിഷത്ത്, തൈത്തിരിയോപനിഷത്ത്, ഛാന്ദോഗ്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത് ഈ പത്തു പ്രാചീനോപനിഷത്തുകള്‍ക്കും ഗൗഡപാദന്റെ മാണ്ഡൂക്യകാരികയ്ക്കും പുറമേ നൃസിംഹപൂര്‍വതാപന്യുപനിഷത്തിനും ഭാഷ്യം നിര്‍മ്മിച്ചിട്ടുണ്ട്. ഒടുവിലത്തെ ഭാഷ്യം പത്മപാദന്റെ പ്രാര്‍ത്ഥന അനുസരിച്ചായിരിക്കണമെന്നു ഞാന്‍ ഊഹിക്കുന്നു. ഇവ കൂടാതെ അഥര്‍വശിഖ. അഥര്‍വശിരസ്സ് ഈ രണ്ടുപനിഷത്തുകള്‍ക്കുകൂടി അദ്ദേഹത്തിന്റെ ഭാഷ്യങ്ങളുണ്ടെന്നു ചിലര്‍ പറയുന്നു. എങ്കിലും അവ കണ്ടുകിട്ടീട്ടില്ല. അടുത്ത പടിയില്‍ നില്ക്കുന്നതു ഭഗവദ് ഗീതാഭാഷ്യമാകുന്നു. ബ്രഹ്മസൂത്രങ്ങള്‍, ദശോപനിഷത്തുകള്‍ ഭഗവദ്ഗീത ഇവയെ പ്രസ്ഥാനത്രയമെന്നു പറയുന്നു. പ്രസ്ഥാനത്രയത്തിനു ഭാഷ്യങ്ങള്‍ രചിക്കുന്ന പണ്ഡിതശ്രേഷ്ഠന്മാരെയാകുന്നു പരിപൂര്‍ണ്ണന്മാരായ മതാചാര്യന്മാരായി ഭാരതീയര്‍ അങ്ഗീകരിക്കുന്നത്. ആദ്യത്തെ, പ്രസ്ഥാനത്രയഭാഷ്യകാരനാണ് ശങ്കരഭഗവല്‍പാദര്‍. ഭഗവദ്ഗീതയ്ക്കുപുറമെ മഹാഭാരതാന്തര്‍ഗതങ്ങളായ വിഷ്ണുസഹസ്രനാമത്തിനും സനല്‍ സുജാതീയത്തിനും ആചാര്യന്‍ ഭാഷ്യകാരനാണ്. അവ കൂടാതെ ലളിതാത്രിശതിക്കും ഹസ്താമലകന്റെ ‘‘നിമിത്തം മനശ്ചക്ഷുരാദിപ്രവൃത്തൗ’’ എന്നു തുടങ്ങുന്ന ഒരു ചെറിയ വേദാന്ത കൃതിക്കുംകൂടി അദ്ദേഹം ഭാഷ്യം രചിച്ചിട്ടുള്ളതായി ഐതിഹ്യമുണ്ടെങ്കിലും ത്രിശതീഭാഷ്യം അദ്ദേഹത്തിന്റെ കൃതിയല്ലെന്നുള്ളതിന് അതില്‍ത്തന്നെ തെളിവുണ്ട്. ‘ഹല്ലീസലാസ്യ സന്തുഷ്ടാ’ എന്ന പദം വ്യാഖ്യാനിക്കുമ്പോള്‍ പ്രസ്തുതഭാഷ്യകാരന്‍ ഹാരാവലീകോശത്തില്‍നിന്നു് ഒരു ശ്ലോകാര്‍ദ്ധം ഉദ്ധരിക്കുന്നു. ഹാരാവലി, ത്രികാണ്ഡശേഷം തുടങ്ങിയ കോശ ഗ്രന്ഥങ്ങളുടെ പ്രണേതാവായ പുരുഷോത്തമദേവന്‍ എന്ന ബൌദ്ധാചാര്യന്‍ ജീവിച്ചിരുന്നതു ക്രി.പി. പന്ത്രണ്ടാംശതകത്തിന്റെ മധ്യത്തിലാണ്. അതിനാല്‍ ത്രിശതീഭാഷ്യത്തിന്റെ നിര്‍മ്മാതാവു ശൃങ്ഗേരിപീഠത്തെ അനന്തരകാലത്തില്‍ അലങ്കരിച്ചിരുന്ന മറ്റൊരു യതിവര്യനാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. വിഷ്ണുസഹസ്രനാമഭാഷ്യം ഗോവിന്ദസ്വാമികളുടെ ആജ്ഞ അനുസരിച്ചു രചിച്ചതാണ്.

മൂലഗ്രന്ഥങ്ങള്‍

സ്വാമികള്‍ അദ്വൈതവേദാന്തതത്വങ്ങളെ പ്രസ്പഷ്ടമാക്കുന്നതിനുവേണ്ടി വലുതും ചെറുതുമായി മുപ്പത്തിമൂന്നോളം ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവ (1) വിവേകചൂഡാമണി; (2) ഉപദേശസാഹസ്രി; (3) അപരോക്ഷാനുഭൂതി; (4) വാക്യവൃത്തി; (5) സ്വാത്മനിരൂപണം; (6) ആത്മബോധം; (7) ശതശ്ലോകി; (8) ദശശ്ലോകി; (9) സര്‍വവേദാന്തസിദ്ധാന്തസാരസംഗ്രഹം; (10) പ്രബോധസുധാകരം; (11) സ്വാത്മപ്രകാശിക; (12) മനീഷാപഞ്ചകം; (13) അദ്വൈതപഞ്ചരത്നം; (14) നിര്‍വാണഷട്കം; (15) അദ്വൈതാനുഭൂതി; (16) ബ്രഹ്മാനുചിന്തനം; (17) പ്രശ്നോത്തരരത്നമാലിക; (18) സദാചാരാനുസന്ധാനം; (19) യോഗതാരാവലി; (20) ഉപദേശപഞ്ചകം; (21) ധന്യാഷ്ടകം; (22) ജീവന്മുക്താനന്ദ ലഹരി; (23) അനാത്മശ്രീവിഗര്‍ഹണപ്രകരണം; (24) സ്വരൂപാനുസന്ധാനം; (25) യതിപഞ്ചകം; (26) പഞ്ചീകരണം; (27) തത്വോപദേശം; (28) ഏകശ്ലോകി; (29) മായാപഞ്ചകം; (30) പ്രൗഢാനുഭൂതി; (31) ബ്രഹ്മജ്ഞാനാവലീമാല; (32) ലഘുവാക്യവൃത്തി; (33) നിര്‍വാണമഞ്ജരി ഈ ഗ്രന്ഥങ്ങളാകുന്നു.

സ്തോത്രങ്ങള്‍

ഭഗവല്‍പാദര്‍ (1) ഗണപതിസ്തോത്രങ്ങള്‍; (2) സുബ്രഹ്മണ്യസ്തോത്രം; (3) ശിവസ്തോത്രങ്ങള്‍; (4) ദേവീസ്തോത്രങ്ങള്‍; (5) വിഷ്ണുസ്തോത്രങ്ങള്‍; (6) സങ്കീര്‍ണ്ണസ്തോത്രങ്ങള്‍ ഇങ്ങനെ പല ദേവതകളേയും അധികരിച്ചു സ്തോത്രരത്നങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. (1)ഗണേശപഞ്ചത്നം; (2) ഗണേശഭുജങ്ഗം ഇവ ഒന്നാമത്തെവകുപ്പിലും; (3) സുബ്രഹ്മണ്യഭുജങ്ഗം രണ്ടാമത്തെ വകുപ്പിലും; (4) ശിവഭുജങ്ഗം, (5) ശിവാനന്ദലഹരി, (6) ശിവപാദാദികേശാന്തവര്‍ണ്ണസ്തോത്രം, (7) ശിവകേശാദിപാദാന്തവര്‍ണ്ണനസ്തോത്രം, (8) വേദസാരശിവസ്തോത്രം, (9) ശിവാപരാധക്ഷമാപണസ്തോത്രം, (10) സുവര്‍ണ്ണമാലാസ്തുതി, (11) ദശശ്ലോകീസ്തുതി, (12) ദക്ഷിണാമൂര്‍ത്തിവര്‍ണ്ണമാലാസ്തോത്രം, (13) ശ്രീദക്ഷിണാമൂര്‍ത്യഷ്ടകം, (14) ശ്രീമൃത്യുഞ്ജയമാനസിക പൂജാസ്തോത്രം, (15) ശിവനാമാവല്യഷ്ടകം, (16) ശിവപഞ്ചാക്ഷരസ്തോത്രം, (17) ഉമാമഹേശ്വരസ്തോത്രം ഇവ മൂന്നാമത്തെ വകുപ്പിലും ഉള്‍പ്പെടും. (18) സൗന്ദര്യലഹരി, (19) ദേവീഭുജങ്ഗസ്തോത്രം, (20) ആനന്ദലഹരി, (21) ത്രിപുരസുന്ദരീ വേദപാദസ്തോത്രം, (22) ത്രിപുരസുന്ദരീമാനസപൂജാസ്തോത്രം, (23) ദേവീഷഷ്ട്യുപചാരപൂജാസ്തോത്രം, (24) ത്രിപുരസുന്ദര്യഷ്ടകം, (25) ലളിതാപഞ്ചരത്നം, (26) കല്യാണവൃഷ്ടിസ്തവം, (27) നവരത്നമാലിക, (28) മന്ത്രമാതൃകാപുഷ്പമാലാസ്തവം, (29) ഗൗരീദശകം, (30) ദേവീഭുജങ്ഗം ഇവയാണ് നാലാമത്തെ വകുപ്പില്‍ ചേരുന്നത്. അഞ്ചാമത്തെ വകുപ്പില്‍ (31) ഹനൂമല്‍പഞ്ചകം, (32) ശ്രീരാമഭുജങ്ഗം, (33) ലക്ഷ്മീനൃസിംഹ പഞ്ചരത്നം, (34) ലക്ഷമീനൃസിംഹകരുണാരസസ്തോത്രം, (35) ശ്രീവിഷ്ണുഭുജങ്ഗം, (36) വിഷ്ണുപാദാദികേശാന്തസ്തോത്രം, (37) പാണ്ഡുരങ്ഗാഷ്ടകം, (38) അച്യുതാഷ്ടകം, (39) കൃഷ്ണാഷ്ടകം, (40) ഹരിസ്തുതി, (41) ഗോവിന്ദാഷ്ടകം, (42) ഭഗവന്മാനസപൂജ, (43) മോഹമുദ്ഗരം ഇവയാണ് അന്തര്‍ഭവിക്കുന്നത്. ആറാമത്തേ വകുപ്പില്‍ (44) കനകധാരാസ്തോത്രം, (45) അന്നപൂര്‍ണ്ണാഷ്ടകം, (46) മീനാക്ഷീപഞ്ചരത്നം, (47) മീനാക്ഷീസ്തോത്രം, (48) ദക്ഷിണാമൂര്‍ത്തിസ്തോത്രം, (49) കാലഭൈരവാഷ്ടകം, (50) നര്‍മ്മദാഷ്ടകം, (51) യമുനാഷ്ടകം, (52) മണികര്‍ണ്ണികാഷ്ടകം, (53) നിര്‍ഗ്ഗുണമാനസപൂജ, (54) പ്രാതഃസ്മരണസ്തോത്രം, (55) ജഗന്നാഥാഷ്ടകം, (56) ഷട്പദീസ്തോത്രം, (57) ഭ്രമരാംബാഷ്ടകം, (58) ശിവപഞ്ചാക്ഷരനക്ഷത്രമാലാസ്തോത്രം, (59) ദ്വാദശലിങ്ഗസ്തോത്രം, (60) അര്‍ദ്ധനാരീശ്വരസ്തോത്രം, (61) ശാരദാഭുജങ്ഗപ്രയാതാഷ്ടകം, (62) ഗുര്‍വഷ്ടകം, (63) കാശീപഞ്ചകം (64) നര്‍മ്മാദാഷ്ടകം ഈ സ്തോത്രങ്ങള്‍ അടങ്ങുന്നു.

മന്ത്രശാസ്ത്രം

മന്ത്രശാസ്ത്രത്തില്‍ ഭഗവല്‍പാദരുടെ കൃതി 32 പടലങ്ങളായി വിഭജിച്ചിട്ടുള്ള സുപ്രസിദ്ധമായ പ്രപഞ്ച സാരമാകുന്നു. ഇതുകൂടാതെ സപര്യാഹൃദയം എന്നൊരു ഗ്രന്ഥം കൂടി അദ്ദേഹത്തിന്റേതാണെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. അതു വാണീവിലാസക്കാര്‍ ആചാര്യകൃതിസമുച്ചയത്തില്‍ ഉള്‍പ്പെടുത്തീട്ടില്ല. അതുപോലെ സൗഭാഗ്യവിദ്യ, സുഭഗോദയ പദ്ധതി ഇങ്ങനെ വേറെയും മന്ത്രശാസ്ത്രരഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ചില കൃതികള്‍ അദ്ദേഹത്തിന്റേതാണെന്നു ചില പഴമക്കാര്‍ പറഞ്ഞുവരുന്നു. സുഭഗോദയം ഭഗവല്‍പാദരുടെ കൃതിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതും പ്രഭയെന്ന വ്യാഖ്യാനവും ത്രിപുരാപൂജയ്ക്ക് ഋജുവിമര്‍ശിനി എന്ന വ്യാഖ്യയും ശാംഭവോദയം എന്നൊരു തന്ത്രനിബന്ധവും ശിവാനന്ദയോഗി എന്നൊരു സിദ്ധന്റെ കൃതികളാകുന്നു. ശിവാനന്ദന്റെ കാലദേശങ്ങള്‍ അവിജ്ഞാതങ്ങളായിരിക്കുന്നു.

ശാങ്കരസ്മൃതി

കേരളത്തിലെ ആചാരങ്ങളെ വിവരിക്കുന്ന ശാങ്കരസ്മൃതി ഏതോ ഒരു ശങ്കരന്‍ നമ്പൂരിയുടെ കൃതിയെന്നല്ലാതെ അതു ഭഗവല്‍പാദരുടെ നിബന്ധമാണെന്നു പറയുവാന്‍ യാതൊരു നിര്‍വാഹവും കാണുന്നില്ല. ഒന്നാമതു് അതിന്റെ അടിസ്ഥാനമെന്നു പറയുന്ന ഭാര്‍ഗ്ഗവസ്മൃതി ഇനിയും കണ്ടു കിട്ടീട്ടില്ല. രണ്ടാമതു ഭാര്‍ഗ്ഗവസ്മൃതിയേയോ ശാങ്കരസ്മൃതിയേയോ ഇതരസ്മൃതികാരന്മാര്‍ സ്മരിച്ചിട്ടില്ലെന്നു മാത്രമല്ല, ശാങ്കരസ്മൃതി തന്റെ കാലത്തുണ്ടായിരുന്നു എങ്കില്‍ എതു നിശ്ചയമായി അറിഞ്ഞിരിക്കേണ്ട മാധവാചാര്യര്‍പോലും സര്‍വസ്മൃതി പ്രദീപമായ ‘പരാശരമാധവീയ’ത്തില്‍ അങ്ങനെയൊരു ഗ്രന്ഥമുള്ളതായി പറയുന്നുമില്ല. ആചാര്യപാദരുടെ ശിഷ്യനായ വിശ്വരൂപന്റെ ബാലക്രീഡയിലും ശാങ്കരസ്മൃതിയെ സ്മരിച്ചുകാണുന്നില്ലെന്ന് ഇവിടെ പ്രത്യേകം പ്രസ്താവിക്കേണ്ടതുണ്ടു്. മൂന്നാമതു ഭഗവല്‍പാദരുടെ കവിതാശൈലി ശാങ്കരസ്മൃതിയില്‍ ഒരിടത്തും തൊട്ടുതെറിച്ചിട്ടുപോലുമില്ല. നാലാമതു സന്ന്യാസിവര്യനായ ആ മഹാത്മാവു കേരളാചാരങ്ങളെ ക്രോഡീകരിച്ചു് ഒരു ഗ്രന്ഥം നിര്‍മ്മിച്ചിരിക്കുകയില്ലെന്നുമാത്രമല്ല, നിര്‍മ്മിച്ചാല്‍തന്നെ കര്‍മ്മകാണ്ഡോപാസകന്മാരായ അന്നത്തെ നമ്പൂരിമാര്‍ അതു പ്രമാണത്വേന അങ്ഗീകരിച്ചിരിക്കുകയുമില്ല. അഞ്ചാമതു വസ്തുവുടമസ്ഥന്‍ എന്ന അര്‍ത്ഥത്തില്‍ ‘ജന്മി’ എന്ന പദം ശാങ്കരസ്മൃതിയില്‍ ധാരാളമായി പ്രയോഗിച്ചിട്ടുണ്ടു്.
‘‘ജന്മിനോ യദി ഭൂദേവാ ജന്മോപഗ്രഹണാല്‍ ക്വചില്‍
ആഗതേന ച ജീവേയുര്‍ജ്ജന്മഭോഗേന കര്‍ഷകാല്‍
സര്‍വേ ജന്മിന ഏതേന വ്യാഖ്യാതാ ഇതി ഭാര്‍ഗ്ഗവഃ
സ്വക്ഷേത്രേ സങ്ഗ്രഹം ചക്രേ വിഷ്ണുദ്ധര്‍മ്മപതിര്‍ഭൃഗുഃ
ലജ്ജതേ ഭര്‍ത്സ്യതേ തേന വിപ്രഃ കാമീ ശമോചിതഃ
ജല്മേതി വര്‍ണ്ണവ്യത്യാസാല്‍ തല്‍സംബന്ധേന സാച ഭ്രഃ
ജന്മേത്യാഖ്യായതേ തസ്യ സ്വാമിത്വഞ്ച തദാശ്രയം’’
എന്ന ശ്ലോകങ്ങള്‍ നോക്കുക.‘ലജ്’ ധാതുവിനു പൃഷോദരാ ദിരീത്യാ വര്‍ണ്ണവ്യത്യാസം വന്നിട്ടു ജല്മി എന്ന പദവും ‘ജല്മി’ രൂപാന്തരപ്പെട്ടു ജന്മി എന്ന പദവും ഉണ്ടായി എന്നത്രേ ഗ്രന്ഥകാരന്‍ പറയുന്നത്. ഇത്രമാത്രം അസംബന്ധമായ ഒരു നിരുക്തത്തിനു സര്‍വശാസ്ത്രജ്ഞനായ ഭഗവല്‍പാദരെ ഉത്തരവാദി ആക്കുന്നത് അന്യായമാണ്. ജന്മിക്കും ജമിന്ദാര്‍ക്കും ആഗമം ഒന്നുതന്നെയാണ്. ജന്മി ഏതു ധാതുവില്‍നിന്നു വന്നാലും പ്രകൃതാര്‍ത്ഥത്തില്‍ അതു സംസ്കൃതഭാഷയില്‍ പ്രയോക്തവ്യമല്ലെന്നുള്ളതില്‍ പക്ഷാന്തരത്തിന് അവകാശമില്ലല്ലോ. ഇനിയും പലതും പ്രസ്തുത ഗ്രന്ഥത്തെപ്പറ്റി പറയുവാനുണ്ട്. എത്രയോ ശങ്കരാചാര്യന്മാര്‍ കേരളത്തില്‍ ഓരോ കാലത്തു ജീവിച്ചിരുന്നിട്ടുണ്ട്. പയ്യൂര്‍ ശങ്കരഭട്ടതിരി എന്നൊരു പണ്ഡിതന്‍ ക്രി.പി. പതിന്നാലാം ശതകത്തില്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗുരു ഒരു ഗോവിന്ദഭഗവല്‍പാദനായിരുന്നു എന്നു വേദാരണ്യവാസുദേവന്റെ ശിവോദയത്തില്‍ നിന്ന് അറിയുന്നു. ശാങ്കരസ്മൃതി അദ്ദേഹത്തിന്റെ കൃതിയായിരിക്കുമോ എന്നറിവില്ല. പരപ്രതാരണംചെയ്തു സ്വകീയമായ ഗ്രന്ഥത്തിനു മേന്മ നേടുവാന്‍വേണ്ടി ആരെങ്കിലും ശങ്കരപദം അതോടു ഘടിപ്പിച്ചുമിരിക്കാവുന്നതാണ്.

ഭഗവല്‍പാദരുടെ മഹിമ

സ്വാമികളുടെ കൃതികളില്‍ ഒന്നിനെപ്പറ്റിയും എന്തെങ്കിലും പ്രതിപാദിക്കുവാന്‍ ഈ പുസ്തകത്തില്‍ സ്ഥലസൗകര്യമില്ല; അതിനു വലിയ തോതില്‍ മറ്റൊരു പുസ്തകംതന്നെ എഴുതേണ്ടിവരുന്നതാണ്. അതുകൊണ്ട് അതിനായി ഇവിടെ ഉദ്യമിക്കുന്നില്ല. ഒരു കവിയുടേയോ, ഗദ്യകാരന്റേയോ, തത്വചിന്തകന്റേയോ, സന്മാഗ്ഗദര്‍ശിയുടേയോ, പ്രതിവാദിഭയങ്കരനായ ശാസ്ത്രവാദിയുടേയോ, സാക്ഷാല്‍കൃതബ്രഹ്മാവായ യോഗിയുടേയോ, സനാതനധര്‍മ്മപ്രതിഷ്ഠാപകനായ ആചാര്യന്റേയോ, സര്‍വവിദ്യാവിചക്ഷണനായ ജീവന്മുക്തന്റേയോ, – ഏതുനിലയില്‍നിന്നു നോക്കിയാലും അദ്ദേഹം അതിമാനുഷനായി, അപ്രതിരഥനായി, അഖണ്ഡതേജസ്വിയായി, അത്ഭുതപ്രഭാവനായി പരിലസിക്കുന്നു. അദ്ദേഹം പുനഃസ്ഥാപനം ചെയ്ത അദ്വൈതമതം അതിന്റെ സ്വതന്ത്രതകൊണ്ടും മാര്‍മ്മികതകൊണ്ടും സര്‍വ്വങ്കഷതകൊണ്ടും ആരേയും ആശ്ചര്യപരതന്ത്രരാക്കുന്നു. അന്ധവിശ്വാസത്തിന്റെ ത്രസരേണുവിനുപോലും അവിടെയെങ്ങും സ്ഥാനമില്ല; സര്‍വവും ബുദ്ധിഗ്രാഹ്യം, ഉപപത്തിയുക്തം, ക്ഷോദ ക്ഷമം. ആ സിദ്ധാന്തം ആദിത്യബിംബത്തെപ്പോലെ പരിപൂര്‍ണ്ണമാകുന്നു; അധ്യാഹാരാപേക്ഷ അവിടെയെങ്ങുംതന്നെയില്ല. ഭഗവല്‍പാദര്‍ ജനിച്ച കാലത്തു കര്‍മ്മമാര്‍ഗ്ഗവും ഭക്തിമാര്‍ഗ്ഗവും തമ്മില്‍ ഉല്‍ഗതിക്കു് അവ എത്രമാത്രം ഉപകരിക്കുന്നു എന്നും ബാദരായണസൂത്രങ്ങളില്‍ അവയുടെ അനപലപനീയമായ സമന്വയം എങ്ങനെ സാധിച്ചിരിക്കുന്നു എന്നും വിശദീകരിച്ചു. ആത്മാവും ബ്രഹ്മവും ഒന്നാണെന്നും വേദങ്ങളില്‍ കാണുന്ന തത്വമസ്യാദി മഹാവാക്യങ്ങളുടെ അര്‍ത്ഥം മറ്റൊന്നല്ലെന്നും ആ. ഐക്യജ്ഞാനംതന്നെയാണ് മോക്ഷമെന്നും പ്രമാണംകൊണ്ടും യുക്തി കൊണ്ടും സ്ഥാപിച്ചു. ‘സംസാരഹേതുനിവൃത്തിസാധനബ്രഹ്മാത്മൈകത്വവിദ്യ’ യാണ് അദ്ദേഹം പ്രവചിച്ചത്. ഇതത്രേ അദ്ദേഹത്തിന്റെ മഹോപദേശരഹസ്യമെങ്കിലും ‘ന ബുദ്ധിഭേദം ജനയേദജ്ഞാനാം കര്‍മ്മസങ്ഗിനാം’ എന്ന ന്യായമനുസരിച്ചു സാധാരണന്മാര്‍ക്കു ഭക്തിമാര്‍ഗ്ഗസഞ്ചാരം ആവശ്യമാണെന്ന് അദ്ദേഹം നിര്‍ണ്ണയിക്കുകയും തന്നിമിത്തം ആ മാര്‍ഗ്ഗത്തില്‍ ജനങ്ങള്‍ക്കു് അഭിരുചി ജനിപ്പിക്കുന്ന അനവധി സ്തോത്രങ്ങള്‍ രചിക്കുകയും ചെയ്തു. അവയില്‍ സൗന്ദര്യലഹരി, ശിവാനന്ദലഹരി, വിഷ്ണുപാദാദികേശം തുടങ്ങിയ ചില സ്തോത്രങ്ങളുടെ മാഹാത്മ്യം അന്യാദൃശമാകുന്നു. അദ്ദേഹം മേല്പത്തൂര്‍ ഭട്ടതിരി പറഞ്ഞിട്ടുള്ളതുപോലെ ഒരു ദേവനിലും പക്ഷപാതിയായിരുന്നില്ല; ഏതു ദേവനേയും ദേവിയേയും ഉള്ളഴിഞ്ഞു സ്തുതിച്ചു. നാസ്തികമതമായ ബുദ്ധദര്‍ശനത്തെ ഖണ്ഡിക്കുക എന്നുള്ളതായിരുന്നു തന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് എങ്കിലും ബൗദ്ധന്മാരില്‍നിന്നുപോലും സ്വീകാര്യങ്ങളായ പല തത്വങ്ങളും സ്വീകരിച്ചു. ഭാരതത്തിന്റെ വിവിധപ്രാന്തങ്ങളില്‍ ബുദ്ധമതാചാര്യന്മാരെപ്പോലെ അദ്ദേഹവും സ്യന്നാസിമഠങ്ങള്‍ സ്ഥാപിച്ചു. കാഞ്ചീപുരത്തെ കാമകോടിപീഠവും അദ്ദേഹം പ്രതിഷ്ഠിച്ചതായിത്തന്നെ വിചാരിക്കണം. അഗാധമായ തത്വചിന്തകൊണ്ടും അസന്ദിഗ്ദ്ധമായ പ്രതിപാദനരീതികൊണ്ടും അദ്ദേഹത്തിന്റെ ശാസ്ത്രഗ്രന്ഥങ്ങള്‍ ആരുടെ ഹൃദയത്തേയും ഹഠാദാകര്‍ഷിക്കുന്നു. ‘പ്രസാദഗാംഭീര്യഗുണാഭിരാമം’ എന്നു ശങ്കരവിജയകാരന്‍ ബ്രഹ്മസൂത്രഭാഷ്യത്തിനു നല്കീട്ടുള്ള വിശേഷണം അത്യന്തം സമുചിതമാണ്. ‘ഏകശ്ലോകോപി യേഷു പ്രഥിതകവിജനാനന്ദസന്ദോഹകന്ദഃ’ എന്നു നവകാളിദാസനെപ്പോലെ നമുക്കും അതിശയോക്തിഭയം കൂടാതെ അദ്ദേഹത്തിന്റെ സ്തോത്രങ്ങളെ സ്തുതിക്കാം:
‘‘ഗിരാം ധാരാ കല്പദ്രുമകുസുമധാരാ പരഗുരോ-
സ്തദര്‍ത്ഥാളീ ചിന്താമണികിരണവേണ്യാഗുണനികാ
അഭങ്ഗവ്യങ്ഗ്യൗഘസ്സുരസുരഭിദുഗ്ദ്ധോര്‍മ്മിസഹഭ്രര്‍-
ദ്ദിവം ഭവ്യൈഃ കാവ്യൈഃ സൃജതി വിദുഷാം ശങ്കരഗുരുഃ.’’
എന്നും,
‘‘സോല്‍ക്കണ്ഠാകുണ്ഠകണ്ഠീരവനഖരവര-
ക്ഷുബ്ധമത്തേഭകുംഭ-
പ്രത്യഗ്രോന്മുക്തമുക്താമണിഗണസുഷമാ-
ബദ്ധദോര്യുദ്ധലീലാ
മന്ഥാദ്രിക്ഷുബ്ധദുഗ്ദ്ധാര്‍ണ്ണവനികടസമു-
ല്ലോലകല്ലോലമൈത്രീ-
പാത്രീഭൂതപ്രഭൂതാ ജയതി യതിപതേഃ
കീര്‍ത്തിമാലാ വിശാലാ.’’
എന്നും അദ്ദേഹം സ്വാമികളെപ്പറ്റി ചെയ്യുന്ന പ്രശസ്തിഗാനം ഏറ്റുപാടാന്‍ കേരളീയരായ നമുക്കാണ് സര്‍വ്വോപരി അവകാശമുള്ളതും ഔത്സുക്യമുണ്ടാകേണ്ടതും. ശങ്കരന്‍ ജനിച്ച കേരളം സാമാന്യമായ ഒരു ഭൂവിഭാഗമല്ല. അദ്ദേഹത്തിന്റെ ഓരോ അപദാനങ്ങളില്‍കൂടിയും നാം ധീരധീരനായ ഒരു ദേശാഭിമാനിയെ—സാര്‍വ്വലൗകികനായ ഒരു സമന്വയീകരണനിപുണനെ—വിസ്മയനീയചരിതനായ ഒരു വിശ്വാനുജിഘൃക്ഷുവിനെ ആണ് നിരീക്ഷിക്കുന്നത്. ആ മഹാനുഭാവന്റെ സ്മരണ നമുക്കു പര്യാപ്തമായ ഐകമത്യബോധം പ്രദാനം ചെയ്യുമാറാകട്ടെ.

ശിഷ്യപരമ്പരയും മറ്റും

ഉത്തരമീമാംസാദര്‍ശനചരിത്രത്തില്‍ ബാദരായണനുശേഷം അടുത്തതായി നാം കാണുന്നതു ഗൗഡപാദനെയാകുന്നു. ഗൗഡപാദന്‍ ഗോവിന്ദസ്വാമിയുടെ ആചാര്യനും ഭഗവല്‍പാദരുടെ പ്രാചാര്യനുമാകുന്നു. അദ്ദേഹം ശുകബ്രഹ്മര്‍ഷിയുടെ ശിഷ്യനാണെന്നു പറയുന്നതു ശരിയല്ല. ഗൗഡപാദന്‍ മാണ്ഡൂക്യോപനിഷത്തിന് 215 ശ്ലോകങ്ങളില്‍ കാരിക നിര്‍മ്മിച്ചിട്ടുണ്ട്. ആ കാരികയ്ക്കു ഭഗവല്‍പാദര്‍ ഭാഷ്യം രചിച്ചുവെന്നു മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. മാണ്ഡൂക്യകാരികയില്‍നിന്നാണ് മായാവാദം സ്വാമികള്‍ സ്വീകരിച്ചത്. സ്വാമികളുടെ ശിഷ്യന്മാരില്‍ പത്മപാദന്‍ ബ്രഹ്മസൂത്ര ഭാഷ്യത്തിലെ ആദ്യത്തെ അഞ്ചു പാദങ്ങള്‍ക്കു പഞ്ചപാദിക എന്നും ശേഷം പാദങ്ങള്‍ക്കു വൃത്തിയെന്നും പേരുള്ള ടീക നിര്‍മ്മിച്ചു. സുരേശ്വരന്റെ പ്രധാനകൃതികള്‍ സൂത്രഭാഷ്യവാര്‍ത്തികവും, നൈഷ്കര്‍മ്മ്യസിദ്ധിയുമാണ്. അവയ്ക്കു പുറമേ തൈത്തിരിയോപനിഷദ്ഭാഷ്യത്തിനും ബൃഹദാരണ്യകോപനിഷദ്ഭാഷ്യത്തിനും ദക്ഷിണാമൂര്‍ത്തിസ്തവത്തിനുംകൂടി അദ്ദേഹം ടീകകള്‍ രചിച്ചിട്ടുണ്ട്. ആനന്ദഗിരിയുടെ അദ്വൈതഗ്രന്ഥത്തിനു പേര്‍ ന്യായനിര്‍ണ്ണയമെന്നാണ്. വാചസ്പതിമിശ്രന്‍ ഷഡ്ദര്‍ശനങ്ങളിലും ഒന്നുപോലെ നിഷ്ണാതനായിരുന്നു. പൂര്‍വ്വമീമാംസയില്‍ ന്യായകണികയും തത്വബിന്ദുവും സാംഖ്യത്തില്‍ സാംഖ്യതത്വകൗമുദിയും യോഗത്തില്‍ യോഗഭാഷ്യവിശാരദിയും അദ്ദേഹത്തിന്റെ കൃതികളാണ്. ഉത്തരമീമാംസയില്‍ ആ മഹാശയന്‍ മണ്ഡനമിശ്രന്റെ ബ്രഹ്മസിദ്ധിക്കു ബ്രഹ്മതത്വസമീക്ഷയെന്നും ഭഗവല്‍പാദരുടെ ബ്രഹ്മസൂത്രഭാഷ്യത്തിനു ഭാമതിയെന്നും രണ്ടു മഹനീയങ്ങളായ വ്യാഖ്യാനങ്ങള്‍ രചിച്ചു. രണ്ടു പേരുടെ സിദ്ധാന്തങ്ങളേയും കഴിവുള്ളിടത്തോളം സംയോജിപ്പിച്ചു. ഭാമതിക്ക് അമലാനന്ദന്‍ (പതിമൂന്നാം ശതകം) കല്പതരുവും, കല്പതരുവിന് അപ്പയ്യ്യദീക്ഷിതര്‍ (ക്രി.പി. പതിനാറാം ശതകം) പരിമളവും രചിച്ചു. പ്രകാശാത്മയതി (ക്രി.പി. 1200) പഞ്ചപാദികയ്ക്കു വിവരണമെഴുതി. അങ്ങനെ ഭാമതീ പ്രസ്ഥാനമെന്നും വിവരണപ്രസ്ഥാനമെന്നും അദ്വൈതവേദാന്തത്തില്‍ രണ്ടു ശാഖകള്‍ ഉത്ഭവിച്ചു. വിദ്യാരണ്യന്‍ വിവരണത്തിനു വിവരണപ്രമേയസങ്ഗ്രഹം നിര്‍മ്മിച്ചു. വിഷ്ണുഭട്ടന്‍ അതിനു ഋജൂവിവരണമെന്ന ഒരു ടീകയും, ഭാരതീതീര്‍ത്ഥനെന്നുകൂടി പേരുള്ള രാമാനന്ദന്‍ ഋജൂവിവരണത്തിനു ത്രയ്യന്തഭാവദീപിക എന്ന മറ്റൊരു ടീകയും രചിച്ചു. മഹാകവി ശ്രീഹര്‍ഷന്റെ (ക്രി.പി. പന്ത്രണ്ടാം ശതകം) ഖണ്ഡനഖണ്ഡഖാദ്യവും, മധുസൂദനസരസ്വതിയുടെ (ക്രി.പി. പതിനാറാം ശതകം) അദ്വൈതസിദ്ധിയും അദ്വൈതവേദാന്തത്തിലെ മറ്റു രണ്ടു പ്രമാണഗ്രന്ഥങ്ങളാകുന്നു. ഈ വിഷയത്തെപ്പറ്റി ഇതിലധികം വിസ്തരിക്കുന്നില്ല. തൃശ്ശുര്‍ മഠങ്ങളിലെ സ്വാമിയാരന്മാരും അദ്വൈതവിഷയകമായി പല ഗ്രന്ഥങ്ങളുണ്ടാക്കീട്ടുണ്ട്. അവരുടെ കാലവും മറ്റും കണ്ടുപിടിയ്ക്കുന്നതു വളരെ വിഷമമാണ്.

പത്മപാദാചാര്യര്‍

ഭഗവല്‍പാദരുടെ നാലു ശിഷ്യന്മാരില്‍ പത്മപാദന്‍ ഒരു നമ്പൂരിയാണെന്നു കേരളത്തില്‍ ഐതിഹ്യമുണ്ട്. ‘ഗുരോ മമ ഗൃഹം ബത! ചോളദേശേ’ എന്ന് അദ്ദേഹം ശങ്കരനോടു വിജ്ഞാപനം ചെയ്യുന്നതായി നവകാളിദാസന്‍ പറയുന്നുണ്ടെങ്കിലും അതു കേരളീയര്‍ക്കു വിശ്വസിക്കേണ്ട നിര്‍ബ്ബന്ധമില്ല. ഗോവിന്ദനാഥന്റെ ശങ്കരാചാര്യചരിതം നാലാമധ്യായത്തിലും പത്മപാദാചാര്യചരിതത്തിലും കാണുന്ന കഥ താഴെ ചേര്‍ക്കുന്നു. വെട്ടത്തുനാട്ടു തൃക്കണ്ടിയൂര്‍ ക്ഷേത്രത്തിനു സമീപം ആലത്തൂര്‍ ഗ്രാമത്തില്‍ പെട്ട വേമണ്ണില്ലത്തില്‍ സോമശര്‍മ്മാവിന്റെ പുത്രനായി വിഷ്ണുശര്‍മ്മാവു ജനിച്ചു. സോമശര്‍മ്മാവിനു നരസിംഹോപാസ്തിയുടെ ഫലമായിട്ടായിരുന്നു ആ സന്താനം ലഭിച്ചത്. ബാല്യത്തില്‍തന്നെ അതിബുദ്ധിമാനായ വിഷ്ണുശര്‍മ്മാവു വേദശാസ്ത്രപാരഗനായും നരസിംഹോപാസകനായും തീര്‍ന്നു. തന്റെ കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്നു സമുദ്ധരിക്കുന്നതിനായി വൈശ്യവൃത്തി സ്വീകരിച്ചു ധാരാളം ധനം സമ്പാദിച്ചു. ഒരിക്കല്‍ യാത്രാമദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ വാണിജ്യദ്രവ്യങ്ങളെല്ലാം കള്ളന്മാര്‍ തട്ടിക്കൊണ്ടുപോയി. അതു കണ്ടു വൈരാഗ്യംവന്നു ജന്മനാശത്തിനുള്ള മാര്‍ഗ്ഗമന്വേഷിച്ചു കാശിയില്‍ ചെന്നു ഭഗവല്‍പാദരുടെ അന്തേവാസിത്വം സ്വീകരിച്ചു. ഒടുവില്‍ ബദര്യാശ്രമത്തില്‍ പണ്ടു നരനാരായണന്മാര്‍ തപസ്സു ചെയ്തിരുന്ന നാരായണഗിരിയില്‍ വിഷ്ണുപ്രതിമ സ്ഥാപിച്ച് അതിന്റെ പൂജയ്ക്കു നമ്പൂരിമാരെത്തന്നെ നിയമിച്ചു. ഇന്നും ആ ക്ഷേത്രത്തില്‍ പൂജയ്ക്കു നമ്പൂരിമാര്‍ക്കുമാത്രമേ അവകാശമുള്ളു. പത്മപാദന്‍ പാറപ്പുറത്തു ദണ്ഡുകൊണ്ടടിച്ചുണ്ടാക്കിയ ദണ്ഡാഘാതതീര്‍ത്ഥം ഇക്കാലത്തും കവോഷ്ണമായിത്തന്നെ കാണപ്പെടുന്നു. അവിടെത്തന്നെ ആ മഹാത്മാവു മൂന്നു കൊല്ലം തപസ്സുചെയ്തതിനുശേഷം സമാധിയെ പ്രാപിച്ചു. ഈ കഥയില്‍ അവിശ്വസനീയമായി യാതൊന്നും കാണുന്നില്ല.

No comments: