Wednesday, April 18, 2018

കാത്യായനന്‍

ഭാരതീയ പണ്ഡിതനും വൈയാകരണനും. പാണിനിയുടെ അഷ്‌ടാധ്യായി എന്ന വ്യാകരണഗ്രന്ഥത്തിനു വാര്‍ത്തികപാഠം എന്ന ഗദ്യപദ്യമായ വ്യാഖ്യാനം രചിച്ചത്‌ കാത്യായനനാണ്‌. കതന്‍ എന്ന മുനിയുടെ ഗോത്രത്തില്‍പ്പെട്ടതിനാലാണ്‌ കാത്യായനന്‍ എന്ന പേരു സിദ്ധിച്ചതെന്നു വിശ്വസിക്കപ്പെടുന്നു.
കാത്യായനന്റെ ജീവിതകാലത്തെക്കുറിച്ചു വ്യക്തമായ രേഖകളില്ല. ഇദ്ദേഹം ബി.സി. 350-നടുത്തു ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെട്ടുവരുന്നു. ഇദ്ദേഹം പാണിനിയുടെ ശിഷ്യനും സമകാലികനുമായിരുന്നുവെന്ന്‌ യുധിഷ്‌ഠിരമീമാംസകന്‍ കരുതുന്നു. ഹരചിന്താമണി എന്ന ഗ്രന്ഥത്തില്‍ കാത്യായനനെപ്പറ്റി ഒരു ഐതിഹ്യമുണ്ട്‌. ആരും കേട്ടിട്ടില്ലാത്ത ഒരു കഥ പറയാന്‍ പാര്‍വതി ഒരിക്കല്‍ അപേക്ഷിച്ചതനുസരിച്ച്‌ ശിവന്‍ കഥ പറഞ്ഞു. കഥ പറയുന്ന സ്ഥലത്ത്‌ ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഒരു വണ്ടിന്റെ ആകൃതി പൂണ്ട്‌ ആ കഥ മുഴുവന്‍ ഒളിച്ചുകേട്ട പുഷ്‌പദത്തന്‍ എന്ന ഭൃത്യന്‍ തന്റെ ഭാര്യയും പാര്‍വതിയുടെ തോഴിയും ആയ ജയയോടു പ്രസ്‌തുത കഥ പറഞ്ഞുകേള്‍പ്പിച്ചു. പിന്നീടൊരിക്കല്‍ പാര്‍വതി ഈ കഥ തന്റെ സ്വന്തമാണെന്ന നിലയില്‍ ജയയോടു പറഞ്ഞു. താന്‍ കേട്ടിട്ടുള്ള കഥയാണിതെന്നു ജയ അറിയിച്ചപ്പോള്‍ കുപിതയായ പാര്‍വതി പുതിയ കഥ പറഞ്ഞില്ലെന്ന കാരണത്താല്‍ ശിവനോടു പിണങ്ങി. ശിവന്‍ പാര്‍വതിയെ പരമാര്‍ഥമറിയിച്ചു. പാര്‍വതി പുഷ്‌പദത്തനെ ശപിച്ചു മനുഷ്യനാക്കി. പുഷ്‌പദത്തന്റെ അവതാരമാണ്‌ കാത്യായനന്‍. കാത്യായനന്റെ കുട്ടിക്കാലത്തുതന്നെ പിതാവായ സോമദത്തന്‍ മരിച്ചു. അമ്മയായ വസുദത്തയുടെ സംരക്ഷണത്തില്‍ വളര്‍ന്ന കാത്യായനന്റെ ബാല്യകാലജീവിതം ക്ലേശകരമായിരുന്നു. ഒരിക്കല്‍, സോമദത്തന്റെ സുഹൃത്തായിരുന്ന നന്ദന്‍ എന്ന നടന്റെ അഭിനയം കാണാനിടവന്ന കാത്യായനന്‍ അത്‌ അതേപോലെ അമ്മയെ അഭിനയിച്ചു കാണിച്ചു; ഇതു കണ്ട്‌ ആകൃഷ്‌ടനായ വ്യാഡി എന്ന ബ്രാഹ്മണന്റെ കൂടെ വിദ്യാഭ്യാസാര്‍ഥം പുറപ്പെട്ടു. പാടലീപുത്രത്തുവച്ചു കാത്യായനനെ വ്യാഡി, പാണിനിയുടെ ഗുരുവായ വര്‍ഷനെ ഏല്‌പിച്ചു. ഇവിടെവച്ചാണ്‌ പാണിനിയുടെ അഷ്‌ടാധ്യായിക്കു വാര്‍ത്തികപാഠം എഴുതിയത്‌. ഗുരുമുഖത്തുനിന്നു കേട്ടതെല്ലാം മറക്കാതെ ധരിക്കാന്‍ കഴിഞ്ഞിരുന്നതിനാല്‍ കാത്യായനനു ശ്രുതധരന്‍ എന്ന പേരും സിദ്ധിച്ചു (ബൃഹത്‌കഥാമഞ്‌ജരി).
കാത്യന്‍, പുനര്‍വസു, മേധാജിത്ത്‌, വരരുചി തുടങ്ങിയ ശബ്‌ദങ്ങള്‍കൊണ്ട്‌ കാത്യായനനെ പരാമര്‍ശിച്ചു കാണുന്നുണ്ടെങ്കിലും കാത്യായനന്‍, വരരുചി എന്നീ നാമങ്ങള്‍ക്കാണ്‌ അധികം പ്രസിദ്ധി. കഥാസരിത്‌സാഗരത്തില്‍ ഇദ്ദേഹം കൗശാംബിക്കാരനാണെന്നു പറഞ്ഞിട്ടുണ്ട്‌. ഇദ്ദേഹം സ്വന്തം കഥ വിന്ധ്യാടവിയില്‍വച്ചു കാണഭൂതിയെ ചൊല്ലിക്കേള്‍പ്പിച്ചുവെന്നും കാണഭൂതിയുടെയും വ്യാഡിയുടെയും ഇന്ദ്രദത്തന്റെയും സഹപാഠിയായിരുന്നു കാത്യായനന്‍ എന്നും ഐതിഹ്യമുണ്ട്‌. വാര്‍ത്തിക രചനാകാലത്തു കാത്യായനന്‍ വരരുചി (=വരം രോചതെ-ഏറ്റവും ശോഭിക്കുന്നവന്‍) എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. എന്നാല്‍ കാത്യായനനും വരരുചിയും രണ്ടാളാണെന്നും ഒരു അഭിപ്രായമുണ്ട്‌.
പാണിനീയസൂത്രങ്ങളിലെ "ഉക്താനുക്ത ദുരുക്ത ചിന്ത'യാണ്‌ വാര്‍ത്തികത്തിന്റെ വിഷയം. ഒരു സ്വതന്ത്രകൃതി എന്ന നിലയില്‍ വാര്‍ത്തികം ലഭ്യമായിട്ടില്ല. അഷ്‌ടാധ്യായിയുടെയും വാര്‍ത്തികത്തിന്റെയും വ്യാഖ്യാനം കൂടിയായ പതഞ്‌ജലിയുടെ മഹാഭാഷ്യത്തിലെ ഉദ്ധരണങ്ങളിലൂടെയാണ്‌ വാര്‍ത്തികം അറിയപ്പെടുന്നത്‌. അഷ്‌ടാധ്യായിയിലെ 4,000-ത്തോളം സൂത്രങ്ങളില്‍ 1,700-ഓളം സൂത്രങ്ങള്‍ മാത്രമാണ്‌ പതഞ്‌ജലി ചര്‍ച്ച ചെയ്യുന്നത്‌. ഇവയില്‍ 700 എണ്ണത്തെയാണ്‌ കാത്യായനന്‍ വ്യാഖ്യാനിച്ചിട്ടുള്ളത്‌. 250 സൂത്രങ്ങളിലാണ്‌ അനുക്തദുരുക്ത ചിന്ത നടത്തിയിട്ടുള്ളത്‌. 240 സൂത്രങ്ങളില്‍ ചില അംശങ്ങള്‍ക്കു കൂട്ടിക്കുറയ്‌ക്കലുകള്‍ ആവശ്യമാണെന്നും പത്തുസൂത്രങ്ങള്‍ ആവശ്യമില്ലെന്നും കാത്യായനന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ബാക്കി സൂത്രങ്ങളില്‍ പാണിനിയുടെ ഉക്തിചിന്ത-വ്യാഖ്യാനം-മാത്രമേ നിര്‍വഹിക്കുന്നുള്ളൂ.
സൂത്രങ്ങള്‍പോലെ ചെറുവാക്യങ്ങളാണ്‌ വാര്‍ത്തികങ്ങള്‍. വാര്‍ത്തികങ്ങളെ മൂന്നായി തിരിക്കാം:
(1) പാണിനീയസൂത്രങ്ങളുടെ അസാധുത്വം ആവിഷ്‌കരിക്കുന്നവ:
(2) സൂത്രങ്ങളിലൂടെ നിഷ്‌പാദിപ്പിക്കാന്‍ കഴിയാത്ത ശബ്‌ദങ്ങളെ സൃഷ്‌ടിക്കുന്നവ:
(3) സൂത്രങ്ങളെ വിവരിക്കുന്നവ.
പാണിനീയസൂത്രങ്ങളുടെ ഗാംഭീര്യം ആവിഷ്‌കരിക്കുന്നതില്‍ സഹായകമായിട്ടുള്ള ആദ്യയിനത്തില്‍പ്പെട്ട വാര്‍ത്തികാക്ഷേപങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ്‌ പതഞ്‌ജലി തന്റെ മഹാഭാഷ്യത്തിന്റെ സിംഹഭാഗവും വിനിയോഗിച്ചിരിക്കുന്നത്‌. ലൗകികന്യായങ്ങളും ദര്‍ശനസിദ്ധാന്തങ്ങളും മറ്റും അവതരിപ്പിച്ച്‌ വ്യാകരണത്തിനു തനതായൊരു സിദ്ധാന്തമുണ്ടെന്നു കാത്യായനന്‍ സമര്‍ഥിച്ചിട്ടുണ്ട്‌. ഉദാ. ധാതുക്കളുടെ അര്‍ഥം തീരുമാനിക്കാന്‍ ഉപയോഗിച്ചിട്ടുള്ള വാര്‍ത്തികഭാഗങ്ങള്‍ ലൗകികാനുഭവങ്ങളുടെ സാക്ഷ്യപത്രങ്ങളാണ്‌. അക്കാരണം കൊണ്ടുതന്നെ അവ ഹൃദ്യങ്ങളാണുതാനും.
അഷ്‌ടാധ്യായിക്കു ഗദ്യരൂപത്തില്‍ രചിച്ചിട്ടുള്ള ചില വാര്‍ത്തികങ്ങളെയും അവയുടെ കര്‍ത്താക്കളെയുംപറ്റി മഹാഭാഷ്യത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ഉദാ.ക്രാഷ്‌ടീയ വാര്‍ത്തികം, ഭരദ്വാജ വാര്‍ത്തികം, ഡൗനാഗ വാര്‍ത്തികം. ഗദ്യവാര്‍ത്തികത്തിന്റെ കര്‍ത്താവിനെയാണ്‌ കാത്യായനന്‍ എന്ന പേരുകൊണ്ട്‌ അധികം ഗ്രന്ഥകാരന്മാരും ഉദ്ദേശിക്കുന്നത്‌. വ്യാകരണശാസ്‌ത്രത്തിനു മാഹേശ്വരം, ഐന്ദ്രം എന്നിങ്ങനെ രണ്ടു സമ്പ്രദായങ്ങളുണ്ട്‌. പാണിനി മാഹേശ്വര സമ്പ്രദായിയും കാത്യായനന്‍ ഐന്ദ്രസമ്പ്രദായിയുമായിരുന്നു. കാത്യായനന്‍ പാണിനീയസൂത്രങ്ങളെ വ്യാഖ്യാനിച്ചതിന്റെ പ്രധാന ഉദ്ദേശ്യംതന്നെ ഐന്ദ്രസമ്പ്രദായത്തെയും മാഹേശ്വരസമ്പ്രദായത്തെയും സമ്മേളിപ്പിക്കുക എന്നതായിരുന്നു. പതഞ്‌ജലി, ആര്‍.ജി. ഭണ്ഡാര്‍ക്കര്‍, പി.എസ്‌. സുബ്രഹ്മണ്യശാസ്‌ത്രി തുടങ്ങിയവര്‍ കാത്യായനന്‍ ദക്ഷിണാപഥീയനാണെന്നു തറപ്പിച്ചു പറഞ്ഞിട്ടുണ്ട്‌. അഷ്‌ടാധ്യായിയില്‍ അനുപലബ്‌ധമായ ഏതാനും സംജ്ഞകള്‍ കാത്യായനന്റെ വാര്‍ത്തികങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
ചരകസംഹിതയിലും കൗടല്യന്റെ അര്‍ഥശാസ്‌ത്രത്തിലും കാത്യായനപരാമര്‍ശമുണ്ട്‌. കാത്യായനന്റെ പാണിനീയസൂത്ര വ്യാഖ്യാനശൈലി സൂത്രമയം തന്നെയാണ്‌. സൂത്രത്തെപ്പോലെതന്നെ അവ സങ്കേതജടിലങ്ങളുമാണ്‌. വ്യാഖ്യാനത്തില്‍ വിശിഷ്‌ടസങ്കേതങ്ങളെയാണ്‌ അനുസരിക്കുന്നത്‌.
വാര്‍ത്തികം കൂടാതെ മറ്റു പല ഗ്രന്ഥങ്ങളും കാത്യായനന്‍ രചിച്ചിട്ടുണ്ട്‌. ഇഷ്‌ടസിദ്ധി കര്‍മപ്രദീപം കാരിക, ഗൃഹ്യകാരിക, ഗൃഹ്യപരിശിഷ്‌ടം, ചണ്ഡീവിധാനം, ജ്യോതിഷ്‌ടോമം, ത്രികാണ്ഡികാസൂത്രം, നവകാണ്ഡികാസൂത്രം, പരിശിഷ്‌ടം, പരിശിഷ്‌ടപദ്ധതി, പശുബന്ധസൂത്രം, പ്രാകൃതമഞ്‌ജരി, പ്രായശ്ചിത്തം, ഭാഷികാസൂത്രം, ഭ്രാജശ്‌ളോകം, മൂലാധ്യായം, രുദ്രവിധാനം, ശിക്ഷ, ശൂല്‌ബസൂത്രം, സ്‌നാനവിധിസൂത്രം, ശുക്‌ളയജു: പ്രാതിശാഖ്യം, ശ്രൗതസൂത്രം എന്നിവ കാത്യായനവിരചിതമാണെന്ന്‌ ഒരുകൂട്ടം പണ്ഡിതന്മാര്‍ പറയുമ്പോള്‍ മറ്റൊരു കൂട്ടര്‍ വരരുചിവിരചിതമെന്നു വേര്‍തിരിച്ച്‌ മറ്റു ചില ഗ്രന്ഥങ്ങള്‍ ചൂണ്ടിക്കാട്ടുന്നു: അഷ്‌ടാധ്യായീവൃത്തി, ഏകാക്ഷരകോശം, കാരകചക്രം കാരിക, ചൈത്രകുടി, ദശഗണീകാരിക, പത്രകൗമുദി, പ്രയോഗദീപിക, വിധിസംഗ്രഹം, പ്രാകൃതപ്രകാശം, ഫുല്ലപത്രം, യോഗശതം, രാക്ഷസകാവ്യം, രാജനീതി, ലിംഗവിശേഷവിധി, വരരുചികാവ്യം, വാദതരംഗിണി, വാര്‍ത്തികപാഠം, വിവേകസംഗ്രഹം, ശബ്‌ദലക്ഷണം, ശ്രുതബോധം, സമാസപടലം.

No comments: