Wednesday, April 18, 2018

കാലന്‍

ഹിന്ദുമതവിശ്വാസമനുസരിച്ചുള്ള മരണദേവത. മൃത്യു, യമന്‍, അന്തകന്‍, ശമനന്‍, പരേതരാട്ട്‌ തുടങ്ങിയ നാമങ്ങളാലും അറിയപ്പെടുന്നു. വിവസ്വാന്‌ വിശ്വകര്‍മാവിന്റെ പുത്രിയായ സംജ്ഞയില്‍ ജനിച്ചവനെന്നാണ്‌ സങ്കല്‌പിക്കപ്പെടുന്നത്‌. ധൂമോര്‍ണ എന്നാണ്‌ ഭാര്യയുടെ പേര്‍; യമിയും യമുനയും സഹോദരിമാരും ശനി സഹോദരനുമാണ്‌. മഹാഭാരതത്തില്‍ കാലന്‍ യുധിഷ്‌ഠിരന്റെ പിതാവെന്ന നിലയില്‍ പലയിടത്തും പരാമൃഷ്‌ടനായിട്ടുണ്ട്‌. അഷ്‌ടദിക്‌പാലകന്മാരില്‍ ദക്ഷിണദിക്കിന്റെ അധിപനായ കാലനെ ഹരിതവര്‍ണനും ചുവപ്പുവസ്‌ത്രധാരിയും മുടന്തനു (ഒരു കാല്‍)മായാണ്‌ സാധാരണ ചിത്രീകരിക്കുന്നത്‌. കാലന്റെ വാഹനം പോത്തും ആയുധങ്ങള്‍ ബ്രഹ്മദത്തമായ ദണ്ഡും പാശവുമാണ്‌. ജീവനെ അപഹരിച്ച്‌ എടുക്കുവാനുളള കുരുക്കിട്ട ഈ കറുത്ത കയറ്‌ (കാലസൂത്രം, കാലപാശം) കാലന്‍ ധരിച്ചിരിക്കുമത്ര. ആയസദുര്‍ഗത്താല്‍ വലയിതമായ കാലന്റെ രാജധാനിയുടെ പ്രവേശനകവാടത്തില്‍ നാലു കണ്ണുകളുള്ള ഭയങ്കരന്മാരായ രണ്ടു പട്ടികള്‍ കാവല്‍നില്‌ക്കുന്നു. കാലീചി എന്ന തന്റെ സഹസ്രസ്‌തംഭ പ്രാസാദത്തിലെ വിചാരഭൂ എന്ന സിംഹാസനത്തില്‍ ഇരുന്നുകൊണ്ടു കാലന്‍ മനുഷ്യരുടെ കര്‍മങ്ങളെ പരിശോധിച്ചു വിധിപറയുന്നു. ഭൂലോകത്തിലെ മനുഷ്യരുടെ നന്മതിന്മകളെക്കുറിച്ചുള്ള കണക്കുകളും യമപുരിയിലെ മറ്റു രേഖകളും കാലനുവേണ്ടി സൂക്ഷിക്കുന്നത്‌ ചിത്രഗുപ്‌തനാണ്‌.
കാലന്റെ ഒരു പടയണിക്കോലം
ദേഹത്തെ പിരിഞ്ഞ ഓരോ ആത്മാവിനെയും കാലന്റെ മുമ്പില്‍ ആനയിക്കുന്നു എന്നാണ്‌ സങ്കല്‌പം. അത്‌ ഭൂലോകത്തില്‍ ചെയ്‌ത കര്‍മങ്ങളെ ചിത്രഗുപ്‌തന്‍ കാലന്‌ വിശദീകരിച്ചുകൊടുക്കും; ആ കര്‍മങ്ങളുടെ പുണ്യപാപങ്ങള്‍ മനസ്സിലാക്കി പുണ്യവാനെങ്കില്‍ സ്വര്‍ഗത്തിലേക്കും പാപിയെങ്കില്‍ കുംഭീപാകാദികളായ 28 നരകങ്ങളിലൊന്നിലേക്കും കാലന്‍ അയയ്‌ക്കുന്നു. ഇതാണ്‌ ഹൈന്ദവവിശ്വാസം.
കഠോപനിഷത്തില്‍ നചികേതസ്സിന്റെ അധ്യാത്മവിദ്യോപദേഷ്‌ടാവായ കാലനെ ആത്മജ്ഞാനിയായി നിര്‍ദേശിച്ചിരിക്കുന്നു. സ്വഭക്തനായ മാര്‍ക്കണ്ഡേയനെ രക്ഷിക്കുവാന്‍ ശിവന്‍ കാലനെ നിഗ്രഹിച്ചതായി മാര്‍ക്കണ്ഡേയപുരാണത്തില്‍ പ്രസ്‌താവിച്ചുകാണുന്നു. മഹാഭാരതത്തില്‍ സാവിത്രിയുടെ പാതിവ്രത്യത്തില്‍ സന്തുഷ്‌ടനായ കാലന്‍ സത്യവാന്റെ പ്രാണന്‍ തിരിച്ചുകൊടുത്തതായും പ്രസ്‌താവിച്ചിട്ടുണ്ട്‌. രാമലക്ഷ്‌മണന്മാരുടെ സ്വര്‍ഗാരോഹണത്തിനു വഴിയൊരുക്കിയത്‌ മുനിരൂപധരനായ കാലനായിരുന്നുവെന്ന്‌ ഉത്തരരാമായണത്തില്‍ പറയുന്നു. വിഷ്‌ണു, ഏകാദശരുദ്രന്മാരില്‍ ഒരാള്‍, ഒരു ദേവര്‍ഷി, കുജപുത്രനായ ഒരു നീചഗ്രഹം, ശനി, വിനാശകാരി, പരമാത്മാവ്‌ എന്നീ അര്‍ഥങ്ങളും ഈ പദത്തിന്‌ ഉണ്ട്‌.
"കാലന്‍' എന്ന പദം "കാലം' അഥവാ "സമയം' എന്ന ആശയമുള്‍ക്കൊള്ളുന്നുണ്ട്‌. സമയമാകുമ്പോള്‍ നടക്കേണ്ടതു നടന്നിരിക്കും. മരണവും അതുപോലെത്തന്നെ. മരണകാരനുംകൂടി ആയതുകൊണ്ടായിരിക്കാം കാലന്‌ അന്തകന്‍ എന്ന പേരുണ്ടായത്‌. പ്രകൃതിശക്തികള്‍ക്കും നിയമങ്ങള്‍ക്കും പൂര്‍വികര്‍ മനുഷ്യരൂപം കൊടുത്ത്‌ ചിത്രീകരിച്ചിരിക്കുന്നു. കാലനും അപ്രകാരമുള്ള ഒരു സങ്കല്‌പമായിരിക്കാം.
കാലംചെയ്യുക, കാലധര്‍മം പ്രാപിക്കുക മുതലായ ശൈലികളില്‍ കാലന്റെയും കാലത്തിന്റെയും പ്രസക്തി പ്രകടമാണ്‌. "കാലനു കണ്ണില്ല, കാതില്ല'; "കാലനും വരും കാലദോഷം' എന്നും മറ്റുമുള്ള പഴഞ്ചൊല്ലുകളും മലയാളത്തില്‍ പ്രചാരത്തിലുണ്ട്‌.

No comments: