Tuesday, April 17, 2018

സ്വപ്നം കാണുമ്പോള്‍ സ്വപ്നവിഷയമായ സംഗതികളെല്ലാം ബന്ധമുള്ളതെന്ന്‌ നമുക്ക്‌ തോന്നുന്നു. സ്വപ്നവേളയില്‍ അവ പരസ്പരം പൊരുത്തപ്പെടാത്തവയാണെന്ന്‌ നാം ഒരിക്കലും വിചാരിക്കുന്നില്ല. അവയിലെ പൊരുത്തക്കേടുകളും ബന്ധമില്ലായ്മയും കാണുന്നത്‌ നാം ഉണരുമ്പോള്‍ മാത്രമാണ്‌. നാം ഈ സാംസ്കാരികജീവിതമാകുന്ന സ്വപ്നത്തില്‍നിന്നുണര്‍ന്ന്‌ ഇതിനെ പരമാര്‍ത്ഥസത്തയുമായി താരതമ്യപ്പെടുത്തുന്ന കാലത്ത്‌ കാണും, ഇത്‌ മുഴുവന്‍ പരസ്പര സാംഗത്യമില്ലാത്ത അസംബന്ധങ്ങളാണെന്ന്‌. അസാംഗത്യങ്ങളുടെ ഒരു ഘോഷയാത്ര- എവിടെനിന്നെന്നോ എങ്ങോട്ടെന്നോ നമുക്കറിഞ്ഞുകൂടാ. പക്ഷേ അതവസാനിക്കും എന്നു നമുക്കറിയാം- നമ്മുടെ മുമ്പില്‍ക്കൂടി കടന്നുപോകുന്നതായി നാം കാണും. ഇതാണ്‌ മായ. അതിനെ ആകാശത്തുകൂടി പാഞ്ഞുപോകുന്ന മേഘങ്ങളോട്‌ ഉപമിക്കാം. നിരന്തരപരിവര്‍ത്തിയായ ഈ ജീവിതത്തെ മുഴുവന്‍ അത്‌ പ്രതിനിധാനം ചെയ്യുന്നു. സാക്ഷാല്‍ സൂര്യന്‍, പരിവര്‍ത്തനമില്ലാത്ത സദ്‌വസ്തു, നിങ്ങളുമാണ്‌. ആ അവികാര്യസത്തയെ പുറമേനിന്ന്‌ നോക്കുമ്പോള്‍ നിങ്ങള്‍ അതിനെ ഈശ്വരന്‍ എന്ന്‌ വിളിക്കുന്നു. അകമെനിന്ന്‌ നോക്കുമ്പോഴാകാട്ടെ അത്‌ നിങ്ങള്‍തന്നെ. രണ്ടും ഒന്നാണ്‌. നിങ്ങളില്‍നിന്ന്‌ വേറിട്ട്‌ ഒരീശ്വരനില്ല. നിങ്ങളേക്കാള്‍ അതായത്‌ യഥാര്‍ത്ഥമായ നിങ്ങളേക്കാള്‍, മേലെ ഒരീശ്വരനില്ല. ദേവന്മാരെല്ലാം നിങ്ങള്‍ക്ക്‌ ചെറുജീവികളാണ്‌; ഈശ്വരനെ പ്പറ്റിയുള്ള ആശയങ്ങല്ലൊം നിങ്ങളുടെ സ്വന്തം പ്രതിബിംബങ്ങള്‍ മാത്രം. 'ഈശ്വരന്‍ തന്നേയും നിങ്ങളുടെ സ്വന്തം പ്രതിരൂപങ്ങള്‍ ആണ്‌. ഈശ്വരന്‍ തന്റെ സ്വന്തം രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു 'എന്ന്‌ പറഞ്ഞിട്ടുള്ളത്‌ തെറ്റാണ്‌. മനുഷ്യന്‍ തന്റെ സ്വന്തരൂപത്തില്‍ ഈശ്വരനെ സൃഷ്ടിക്കുന്നു എന്നതാണ്‌ ശരി. ജഗത്തിലുടനീളം നാം നമ്മുടെ സ്വന്തരൂപത്തില്‍ ഈശ്വരന്മാരെ സൃഷ്ടിക്കുകയാണ്‌ ചെയ്യുന്നത്‌. അങ്ങനെ നാം ഈശ്വരനെ സൃഷ്ടിച്ചിട്ട്‌ അവിടുത്തെ പാദത്തില്‍വീണ്‌ ആരാധിക്കുന്നു. ഈ സ്വപ്നമുള്ളപ്പോള്‍ നാം അതിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സ്വാമി വിവേകാനന്ദന്‍

No comments: