Tuesday, April 17, 2018

സാധകന്മാരുടെ വിചാരം ചെയ്യലിനെ തുടര്‍ന്ന് സാക്ഷാത്കരിച്ച തത്വത്തെ വ്യക്തമാക്കുകയാണ് ഈ മന്ത്രത്തില്‍. അന്തഃകരണത്തിന്റെ വൃത്തികളെപ്പറ്റിയാണ് ഇനി പറയുന്നത്.
സംജ്ഞാനമാജ്ഞാനം വിജ്ഞാനം പ്രജ്ഞാനം മേധാദൃഷ്ടിര്‍ 
ധൃതിര്‍മതിര്‍മനീഷാ ജൂതിഃ സ്മൃതിഃ സങ്കല്‍പഃ ക്രതു രസുഃ
കാമോവശ ഇതി സര്‍വാണ്യേവൈതാനി പ്രജ്ഞാനസ്യ നാമദേയാനി ഭവന്തി
ബാഹ്യവും ആന്തരവുമായ വിഷയങ്ങളെപ്പറ്റിയുള്ള അന്തക്കരണ വ്യക്തികള്‍ ഇവയാണ്. വസ്തുക്കളെ അറിയാനുള്ള കഴിവായ ചേതനയാണ് സംജ്ഞാനം. ആജ്ഞാശക്തി അഥവാ ഈശ്വരഭാവമാണ് ആജ്ഞാനം. കല, വിദ്യ മുതലായവയില്‍ ഉള്ള അറിവാണ് വിജ്ഞാനം. തല്‍ക്കാലം ഉണ്ടാകുന്ന പ്രതിഭയാണ് പ്രജ്ഞാനം. ഗ്രന്ഥം മുതലായവയെ ധരിക്കാനുള്ള ധാരണാശക്തിയാണ് മേധാ. ഇന്ദ്രിയങ്ങള്‍വഴി എല്ലാ വിഷയങ്ങളേയും ഗ്രഹിക്കാനുള്ള സാമര്‍ത്ഥ്യമാണ് ദൃഷ്ടി. ശരീരത്തേയും ഇന്ദ്രിയങ്ങളേയും ഉണര്‍വോടെ താങ്ങിനിര്‍ത്തുന്ന ശക്തിയാണ് ധൃതി.  മനനത്തിലൂടെ വിചാരം ചെയ്യലാണ് മതി. വിചാരം ചെയ്യുന്നതിലെ സ്വാതന്ത്ര്യമാണ് മനീഷാ. രോഗം മുതലായവയെക്കൊണ്ട് മനോദുഃഖമുണ്ടാകുന്നതാണ് ജൂതിഃ. ഓര്‍മ്മശക്തിയാണ് സ്മൃതി രൂപം, നിറം മുതലായവയെ കല്‍പ്പിക്കാനുള്ള കഴിവാണ് സങ്കല്‍പം. നിശ്ചയിച്ചുറപ്പിക്കാനുള്ള ശേഷിയാണ് ക്രതുഃ ജീവിക്കുന്നതിനുള്ള പ്രയത്‌നമാണ് അസു. തന്റെ പക്കലില്ലാത്ത വിഷയങ്ങളെപ്പറ്റിയുള്ള ആകാംക്ഷയാണ് കാമം. സ്ത്രീ സമ്പര്‍ക്കം മുതലായവയിലുള്ള വിഷയാസക്തിയാണ് വശ. ഇവയെല്ലാം തന്നെ പ്രജ്ഞാനത്തിന്റെ വിവിധ പേരുകളാണ്.
നിരുപാധികനായ ആത്മാവ് അന്തക്കാരണമാക്കുന്ന ഉപാധിയില്‍ പ്രതിഫലിക്കുമ്പോള്‍ അതിനെ ജീവന്‍ എന്നുപറയുന്നു. ജീവന്‍ കരണങ്ങളുമായി ഇഴുകിച്ചേര്‍ന്ന് വിഷയങ്ങളെ ആസ്വദിച്ച് ലോകത്തില്‍ മുഴുകുന്നു. അതുകൊണ്ട് സംസാരത്തില്‍ പെടുന്നു. ഉപാധികളോട് ചേരാത്ത ആത്മാവ് അസംഗനായി നിലകൊള്ളുന്നു. ആത്മാവിന്റെ ഉപാധികളായിത്തീരുന്നവയാണ് അന്തക്കരണ വൃത്തികള്‍. ഈ വൃത്തികളെ അടിസ്ഥാനപ്പെടുത്തിയാണ് ആത്മാവിന്റെ ഗൗണമായ പേരുകള്‍ പറഞ്ഞിരിക്കുന്നത്.
ചേതനയുള്ളവയ്‌ക്കേ വസ്തുക്കളെ നന്നായി അറിയാനാകൂ എന്നതിനാലാണ് സംജ്ഞാനം എന്നുപറഞ്ഞിരിക്കുന്നത്. ശരീരം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന വൃത്തിയാണിത്. ആജ്ഞാപിക്കാനും മറ്റൊന്നിനെ കീഴടക്കാനുമുള്ള ശക്തിയുള്ളതിനാലാണ് ആ ജ്ഞാനം. ഇത് ഈശ്വരദാനം തന്നെയാണ്.  ലൗകികമായ കല തുടങ്ങിയവയില്‍ വിശിഷ്ടമായതിനെ അറിയുന്നതാണ് വിജ്ഞാനം. അറിവ് നേടുമ്പോള്‍ ബുദ്ധിയ്ക്കുണ്ടാകുന്ന ഉന്മേഷത്തെ പ്രജ്ഞാനമെന്നു പറയും. തല്‍കാലോചിതബുദ്ധിയാണിത്. പുസ്തകം വായിച്ചും മറ്റും അറിവ് സ്വായത്തമാക്കലാണ് മേധ. കണ്ണിലൂടെ കാണുന്നതും മറ്റ് ഇന്ദ്രിയങ്ങള്‍ വഴി അറിയുന്നതുമാണ് ദൃഷ്ടി. ശരീരവും ഇന്ദ്രിയങ്ങളും തളര്‍ന്നാലും അവയെ താങ്ങി ബലം കൊടുക്കുന്ന വൃത്തിയാണ് ധൃതി. തന്റേടം എന്നും ഇതിനെ പറയാം. വേണ്ടപോലെ കാര്യങ്ങളെ മനനം ചെയ്യുന്നതോ ആലോചിക്കുന്നതോ ആണ് മതി. അങ്ങനെ മനനം ചെയ്യുന്നതിലും ആലോചിക്കുന്നതിലുമുള്ള സ്വാതന്ത്ര്യമാണ് മനീഷ. മനസ്സിന്റെ ഈഷ തന്നെ മനീഷ. രോഗം മുതലായവയും ശാരീരിക ക്ലേശങ്ങളും മറ്റും വരുമ്പോള്‍ മനസ്സിനുണ്ടാകുന്ന ദുഃഖമാണ് ജൂതി. കഴിഞ്ഞുപോയവയെ നന്നായി ഓര്‍ത്തെടുക്കാനുള്ള കഴിവാണ് സ്മൃതി. കറുപ്പ്, വെളുപ്പ് എന്നിങ്ങനെ ഓരോ രൂപത്തേയും മറ്റും ഭാവന ചെയ്യണമെങ്കില്‍ വേണ്ടതാണ് സങ്കല്‍പം. തീര്‍ച്ചയായും ഇന്ന കാര്യങ്ങളൊക്കെ ചെയ്യും എന്ന് ഉറപ്പിക്കുന്നതാണ് ക്രതു. നമ്മുടെ ജീവിതത്തെ നിലനിര്‍ത്താനാവശ്യമായ ശ്വാസോച്ഛ്വാസം മുതലായവയ്ക്ക് കാരണമായിരിക്കുന്നതാണ് അസു. നമ്മുടെ കൈവശം ഇല്ലാത്തവയെക്കുറിച്ചൊക്കെ ആഗ്രഹിക്കുന്നതിനെയാണ് കാമം എന്നുപറയുന്നത്. അതിനെ തൃഷ്ണയെന്നും പറയും. സ്ത്രീ സംസര്‍ഗ്ഗമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആസക്തി ഉണ്ടാകുന്നതാണ് വശം. ഇവയെല്ലാം നിരുപാധികമായ പ്രജ്ഞാനം സോപാധികമാകുമ്പോള്‍ ഉണ്ടാകുന്ന മനോവൃത്തികള്‍ക്കനുസരിച്ച പേരുകളാണ്. ഈ അന്തക്കരണ വൃത്തികളിലൂടെ നിരുപാധികനായ ആത്മാവിനെ സാക്ഷാത്കരിക്കണം.
സംജ്ഞാനം മുതലായവ ഉപാധികളാല്‍ ഉണ്ടാക്കപ്പെടുന്ന ഗുണങ്ങളുടെ പേരുകളാണ്. എന്നാല്‍ ഇവ നേരിട്ട് ശുദ്ധചൈതന്യത്തിന്റ പേരുകളല്ല. സംജ്ഞാനം തുടങ്ങിയവ പ്രകാശാത്മകമായ വസ്തുവിനെക്കുറിക്കുന്നതാണ്. വൃത്തികള്‍ക്ക് പുറമെപ്രകാശ സ്വരൂപമായ ഒന്നുണ്ടെന്ന് കാണിക്കാനും അതിനെ അറിയാനുമാണ്. ഇങ്ങനെയുള്ള പേരുകള്‍ പറഞ്ഞത്. 'യേനേവാ പശ്യതി' എന്ന് തുടങ്ങി 'നാമധേയാനി ഭവന്തി' എന്നുവരെയുള്ള മന്ത്രംകൊണ്ട് എല്ലാ കരണങ്ങളിലും അവയുടെ വൃത്തികളില്‍നിന്ന് വേറിട്ട് പ്രകാശസ്വരൂപവും സര്‍വ്വസാക്ഷിയും എല്ലാ വൃത്തികള്‍ക്കും അനുഗതവുമായ ഒരു ആത്മാവുണ്ടെന്ന് കാണിച്ചുതരുന്നു. അദ്ഭുതകരണങ്ങളായ ഈ വൃത്തികള്‍ക്കെല്ലാം ആധാരമായി നില്‍ക്കുന്ന നിരുപാധികമായിരിക്കുന്ന ആ പരമാത്മാവിനെ സാക്ഷാത്കരിക്കുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം.
9495746977

No comments: