Wednesday, April 04, 2018

ഏതു ലോകങ്ങളെയാണ് സൃഷ്ടിച്ചതെന്ന് ഇനി പറയുന്നു. 
അംഭോമരീചിര്‍മ്മരമാപോളദോളംഭഃ 
പരേണ ദിവം
ദ്യൗഃ പ്രതിഷ്ഠാളന്തരീക്ഷം മരീചയഃ
പൃഥിവീമരോ യാ അധസ്താത്താ ആപഃ
അംഭസ്സിനേയും മരീചികളേയും മരത്തേയും അപ്പുകളേയും സൃഷ്ടിച്ചു. സ്വര്‍ല്ലോകത്തിന് അപ്പുറം അങ്ങുള്ളതാണ് അംഭസ്സ് അഥവാ ആകാശം. സ്വര്‍ല്ലോകമാണ് അതിന് ആശ്രയം. മരീചികള്‍ എന്നുപറയുന്നത്  അന്തരീക്ഷമാണ്. മരം എന്നത് ഭൂമിയാണ് ഭൂമിയ്ക്ക് താഴെയുള്ളവയാണ് അപ്പുകള്‍ എന്ന ജലം.
ആകാശം തുടങ്ങിയ ക്രമത്തിലാണ് സൃഷ്ടി. അംഭസ്സിനെ ഭരിക്കുന്നതുകൊണ്ടാണ് ആ ലോകത്തിന് അംഭസ്സ് എന്നുപറയുന്നത്. നാലുലോകങ്ങളെയാണ് ഇവിടെ അംഭസ്സിനോടൊപ്പം സൃഷ്ടിച്ചത്. മരീചി, മരം, അപ്പ് എന്നിവയാണ് മറ്റുള്ളവ. ആത്മാവിന്റെ സൃഷ്ടി വിദഗ്ധനായ ഒരു തച്ചന്റെ സൃഷ്ടിപോലെ നന്നായി രൂപരേഖ തയ്യാറാക്കി ചെയ്തു എന്നു കരുതാം. അല്ലെങ്കില്‍ ഇന്ദ്രജാലക്കാരന്‍ സൃഷ്ടിക്കുന്നതുപോലെ മഹാമായാവിയായ ആത്മാവ് തന്നെതന്നെ ജഗത്തിന്റെ രൂപത്തില്‍ സൃഷ്ടിച്ചുവെന്നും വിചാരിക്കാം. ചിലര്‍ ഇതിനെ പഞ്ചഭൂതങ്ങള്‍ മുതലായ ക്രമത്തിലുള്ള ഭൂതസൃഷ്ടിയായും മറ്റു ചിലര്‍ കല്‍പനാ സൃഷ്ടിയായും പറയുന്നു.
ഇന്ദ്രിയങ്ങള്‍ക്ക് പ്രത്യക്ഷമായ നിലയിലുള്ള ലോകങ്ങളെ ആദ്യം വിവരിക്കുന്നു. പിന്നീട് ഇവയുടെ മിഥ്യാത്വത്തെ കാണിച്ച് പാരമാര്‍ത്ഥിക തലത്തിലേക്ക് ഉയര്‍ത്തുന്ന അധ്വാരോപ-അപവാദ രീതിയാണിത്. അതുകൊണ്ട് ആദ്യം ബ്രഹ്മാണ്ഡത്തേയും വിവിധ സൃഷ്ടികളേയും വിവരിക്കുന്നു. ഊര്‍ദ്ധ്വലോകങ്ങളും അധോലോകങ്ങളുമായി പറയുന്ന 14 ലോകങ്ങള്‍ക്ക് കാരണമായിട്ടുള്ളവയാകും ഈ നാല് ലോകങ്ങള്‍.
 സ്വര്‍ല്ലോകത്തിന് മുകളിലെ ലോകങ്ങളെയെല്ലാം അംഭസ്സ് എന്ന് വിളിക്കുന്നു. അംഭസ്സെന്നാല്‍ വെള്ളം അഥവാ ആകാശം. കടല്‍പോലെ നീലനിറത്തില്‍ നിറഞ്ഞുകിടക്കുന്നത് എന്നും വെള്ളത്തിന് കാരണമായ കാര്‍മേഘങ്ങള്‍ നിറഞ്ഞത് എന്നും അര്‍ത്ഥം പറയാം. മരീചി എന്നാല്‍ രശ്മികള്‍-സൂര്യപ്രകാശമുള്‍പ്പെടെയുള്ള രശ്മികള്‍ സഞ്ചരിക്കുന്ന അന്തരീക്ഷ ലോകം. ഭൂമിയെയാണ് മരം എന്ന് പറഞ്ഞത്. ഇതില്‍ എല്ലാം മരിക്കുന്നതുകൊണ്ടാണ് മരമെന്ന് പേര് വന്നത്. ഭൂമിയ്ക്ക് താഴെ ആപ എന്ന ജലലോകം. ഭൂ നിരപ്പില്‍ നിന്ന് താളെ കാണുന്നതുകൊണ്ടാകാം ഇങ്ങനെ വിശേഷിപ്പിച്ചത്. ഭൂലോകത്തിന്റെ മുക്കാല്‍ ഭാഗം ജലമാണല്ലോ. കരഭാഗം വെള്ളത്തില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുന്നതുമാണ്. അധോലോക നിവാസികളായ ജീവന്മാര്‍ പ്രാപിക്കുന്നവ-ആയതിനാലാണ് അപ്പ് എന്ന് പേരുണ്ടായത് എന്ന് ആചാര്യസ്വാമികള്‍ ഭാഷ്യത്തില്‍ പറയുന്നു. ഈ ലോകങ്ങളെല്ലാം പഞ്ചഭൂതങ്ങളാല്‍ നിര്‍മിതമാണ്.
സ ഈക്ഷതേ മേ ലോകാ ലോക 
പാലാന്‍ നു സൃജാ ഇതി
അംഭസ്സ് മുതലായ ഈ ലോകങ്ങള്‍ എന്നാല്‍ സൃഷ്ടിക്കപ്പെട്ടതാണ്. ഞാന്‍ ലോകപാലന്മാരേയും സൃഷ്ടിക്കണം എന്ന് അദ്ദേഹം ആലോചിച്ചു.
ജീവികള്‍ക്ക് അവരുടെ കര്‍മ്മഫലങ്ങളെ അനുഭവിക്കാവുന്ന വിധത്തില്‍ ലോകങ്ങളെല്ലാം സൃഷ്ടിച്ചുവെങ്കിലും അത് പരിപാലിക്കാന്‍ ആരുമില്ലെങ്കില്‍ നശിച്ചുപോകും. അതിനാല്‍ അവയെ രക്ഷിക്കുവാനായി ലോകപാലന്മാരെ സൃഷ്ടിക്കണമെന്ന് ആത്മസ്വരൂപനായ അദ്ദേഹം നിശ്ചയിച്ചു.
നാം ഓരോരുത്തരും നമ്മുടെ ലോകങ്ങളെ സൃഷ്ടിക്കുന്നുണ്ടെങ്കിലും അവയെ വേണ്ടപോലെ നിലനിര്‍ത്തുന്നതില്‍ എത്ര കണ്ട് സമര്‍ത്ഥരാണ്. നന്നായി ഭരണം നടത്തിയാലേ അവയ്ക്ക് നിലനില്‍പ്പ് ഉണ്ടാകുകയുള്ളൂ. അതിനെ നമ്മള്‍ തന്നെ പാലിക്കണം.
സോളദ്ഭ്യ ഏവ പുരുഷം സമുദ്ധൃത്യാമുര്‍ച്ഛയത്
ആത്മാവാകുന്ന ആ ഈശ്വരന്‍ അപ്പുകളില്‍നിന്നുതന്നെ പുരുഷാകാരത്തെ എടുത്തിട്ട് ഉരുപ്പിടിപ്പിച്ചു (രൂപപ്പെടുത്തി) കുലാലന്‍ മണ്ണെടുത്ത് പലതും ഉണ്ടാക്കുന്നതുപോലെ ജലം തുടങ്ങിയ പഞ്ചഭൂതങ്ങളില്‍നിന്ന് ഒരു പിണ്ഡത്തെയെടുത്ത് അവയവങ്ങള്‍ കൂടിച്ചേര്‍ത്ത് ഒരു പുരുഷനെ സൃഷ്ടിച്ചു. മനുഷ്യദേഹത്തില്‍ ജലത്തിന്റെ അംശം കൂടുതലായതിനാല്‍ ഇവിടെ ജലത്തെ പ്രധാനമായി പറഞ്ഞിരിക്കുന്നു. സമഷ്ടിരൂപനായ വിരാട് പുരുഷനെയാണ് 'പുരുഷന്‍' എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ലോകം മുഴുവന്‍ പൂര്‍ണനായി നിലനില്‍ക്കുന്നതിനാല്‍ പുരുഷന്‍ എന്നുപറയുന്നു. വിഷയങ്ങളെ അനുഭവിക്കാന്‍ ശരീരത്തിലോ ബുദ്ധിയിലോ കുടികൊള്ളുന്നതാണ് പുരുഷന്‍. സമഷ്ടിയില്‍ വിരാട്ട് എന്നും വ്യഷ്ടിയില്‍ മനുഷ്യനെന്നും ഈ പുരുഷനെ വിളിക്കാം...janmabhumi

No comments: