Wednesday, April 04, 2018

മഹാഭാരതത്തിന്റെ ഭാഗമായിരിക്കെത്തന്നെ ഭഗവദ്ഗീതയെ ശ്രുതിയായി വിലയിരുത്തുന്നത്, ഗീതയുടെ പ്രാധാന്യം എത്രത്തോളമെന്ന സത്യം വിളിച്ചറിയിക്കുന്നു. ഉപനിഷത്തുക്കളുടെ സാരസംഗ്രഹമായതിനാലും, മോക്ഷശാസ്ത്രമായതിനലും സാധകനുമുന്‍പില്‍ ബ്രഹ്മവിദ്യ പ്രദാനം ചെയ്യുന്ന ഒരഭയദായിനിയായിട്ടു ഗീത നിലകൊള്ളുന്നു. അതുകൊണ്ടുതന്നെയാണ് ഗാന്ധിജിയുള്‍പ്പെടെ ആധുനികലോകം കണ്ടിട്ടുള്ള പ്രതിഭകളും മഹാത്മാക്കളും വരെ ഈ ഗ്രന്ഥരാശിയെ 'ഗീതാമാതാ'വെന്ന് വിളിച്ച് ഒരമ്മയുടെ അഭയത്തെ ഓര്‍മപ്പെടുത്തിയിട്ടുള്ളതെന്നു കാണാം. 'സര്‍വ്വശാസ്ത്രമയി ഗീത' എന്ന സാക്ഷാത് വ്യാസന്‍ ഗീതയെ വിശേഷിപ്പിക്കുമ്പോള്‍ സാക്ഷാത് ശങ്കരാചാര്യര്‍ 'സമസ്തവേദാര്‍ത്ഥസംഗ്രഹഭൂതം' എന്നാണ് ഗീതയെ വിളിക്കുന്നത്, ഗീത നാവിലെപ്പോഴുമുണ്ടാകണമെന്നു ശ്രീശങ്കരന്‍ തന്നെ പാടിപ്പോകുന്നതും ഗീതാമാഹാത്മ്യത്തെ വിളിച്ചറിയിക്കുന്നു (ഗേയം ഗീതാ നാമസഹസ്രം). വ്യത്യസ്തമായ അഭിരുചികളുള്ള ഓരോരുത്തര്‍ക്കും പറ്റിയ മാര്‍ഗ്ഗങ്ങളെ ഗീത ഉയര്‍ത്തിക്കാട്ടിയിരിക്കുന്നതിനാല്‍ ലോകത്തുള്ള അന്വേഷകര്‍ക്കെല്ലാം ഒരുപോലെ ഗീത അഭയഹസ്തമരുളുന്നു. ഭക്തിപരമായും (ഗീത 9.34) ജ്ഞാനപരമായും (ഗീത 4.38) കര്‍മ്മപരവുമായുള്ള (ഗീത 5.2) ആശയഗരിമകളെ പൂര്‍ണമായും ഉദ്‌ഘോഷിക്കുന്ന എത്ര വേണമെങ്കിലും ശ്ലോകങ്ങളെ വെവ്വേറെ ചൂണ്ടിക്കാണിക്കാനാവും. ആദ്യ ആറദ്ധ്യായങ്ങളെ കര്‍മ്മഷ്ടകമായിട്ടും പിന്നത്തെ ആറുവീതം അദ്ധ്യായങ്ങളെ ഭക്തി, ജ്ഞാന ഷട്കങ്ങളായും പൊതുവേ പറഞ്ഞുപോരാറുണ്ട്. അതുകൊണ്ടുതന്നെ ഗീതയിലെ മുഖ്യാശയമെന്തെന്ന കാര്യത്തില്‍ ഗീതാപഠിതാക്കളില്‍പ്പോലും ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയുണ്ടുതാനും. ലഭ്യമായ നിരവധി വ്യാഖ്യാനങ്ങളില്‍ പലതിലും, വ്യാഖ്യാതാക്കള്‍ തങ്ങളുയര്‍ത്തുന്ന ആശയങ്ങള്‍ക്കനുസൃതമായി മറ്റുതരത്തിലുള്ള ആവിഷ്‌കാരങ്ങളെക്കൂടി വഴക്കിയെടുക്കുന്നതല്ലാതെ, സ്വതന്ത്രമായി നടുനിലയില്‍നിന്ന് വിലയിരുത്തിക്കാണുന്നുമില്ല. എന്തായാലും 'ജ്ഞാന'ത്തെത്തന്നെയാണ് ഗീത പരമലക്ഷ്യമാക്കി മാനവരാശിക്കു മുന്‍പില്‍ ചൂണ്ടിക്കാണിക്കുന്നതെന്ന കാര്യം പക്ഷമുണ്ടാകാതെ അംഗീകരിക്കേണ്ട വസ്തുതയാകുന്നു. ഭഗവദ്ഗീത ലക്ഷ്യമായി മുന്‍പില്‍ വക്കുന്നത് ഈ നൈഷ്‌കര്‍മ്മ്യ (കര്‍മ്മസന്യാസം) മാണെങ്കില്‍പ്പിന്നെ അര്‍ജ്ജുനനോട് കര്‍മ്മം ചെയ്യാനാഹ്വാനം ചെയ്യുന്നതെന്തിനെന്ന് ചോദ്യമുയര്‍ന്നേക്കാം. നൈഷ്‌കര്‍മ്മ്യത്തിലെത്താനുള്ള കര്‍മ്മമാണ് ഗീത പഠിപ്പിക്കുന്നത് അഥവാ ഗീത കര്‍മ്മത്തില്‍ക്കൂടിയാണ് നൈഷ്‌കര്‍മ്മ്യം പഠിപ്പിക്കുന്നത് എന്നതാണിതിനുത്തരം. സകലകര്‍മ്മങ്ങളേയും ഈശ്വരാര്‍പ്പിതമായി ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഗീതാമാര്‍ഗ്ഗത്തെ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പായി മനുഷ്യവികാസത്തിന്റെ നാലുപടികളെപ്പറ്റി മനസ്സിലാക്കേണ്ടത് അനിവാര്യമാകുന്നു. മനുഷ്യനിലെ വികാസഘട്ടങ്ങള്‍ആധുനിക മനഃശാസ്ത്രത്തില്‍പ്പോലും ലോകത്തുള്ള മനുഷ്യഘടനകളെ പൊതുവെ നാലായി പിരിച്ചുവെക്കുന്നത് കാണാം. യുങ്ങ് അത് വിശദീകരിക്കുന്നത് ഇന്‍ട്രോവെര്‍ട്ട്, ബഹിര്‍മുഖരായ അന്തര്‍മുഖര്‍, അന്തര്‍മുഖരായ ബഹിര്‍മുഖര്‍, എക്‌സ്രോവെര്‍ട്ട് എന്നിങ്ങനെയാണ്. മാര്‍ക്‌സ് മുന്‍പോട്ടുവെക്കുന്ന മാര്‍ഗ്ഗരേഖകളിലും ബുദ്ധിജീവി, പട്ടാളക്കാര്‍, കച്ചവടക്കാര്‍, തൊഴിലാളി എന്നിങ്ങനെയുള്ള സ്വഭാവഘടനകളായി മനുഷ്യരെ വേര്‍തിരിക്കുന്നതുകാണാം. ലോകത്തെമ്പാടുമുണ്ടായിട്ടുള്ള ഇത്തരം തരംതിരിക്കലുകള്‍ക്ക് ഏതാണ്ട് സമാനമാണ് ജീവഘടനയിലുള്ള സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങള്‍ ഏറിയും കുറഞ്ഞുമിരിക്കുന്നതിനെ ആഴത്തില്‍ പരിശോധിച്ചു മനുഷ്യരെ നാലായി ചിട്ടപ്പെടുത്തുന്ന ഗീതയിലെ പഠനങ്ങളും. വെളിച്ചവും, ജ്ഞാനവുമായ സത്വഗുണം ജീവനില്‍ പ്രതിഫലിക്കുമ്പോള്‍ ബ്രാഹ്മണത്വവും, ഇത് ക്രിയാപരതയായ രജോഗുണമായി മാറുമ്പോല്‍ ക്ഷത്രിയത്വമായും, അലസതയുടെയും അജ്ഞതയുടേതുമായ തമോഗുണവുമായി രജോഗുണം ഒന്നിച്ചു പ്രതിഫലിക്കുന്നുവെങ്കില്‍ വൈശ്യത്വമായും, തീര്‍ത്തും തമോഗുണത്തിന്റെ ഗര്‍ത്തമായി ജീവന്‍ മാറുന്നുവെങ്കില്‍ ശൂദ്രത്വമായും വിലയിരുത്തി മനുഷ്യസമൂഹത്തെ പരിഗണിക്കുന്നതാണ് 'വര്‍ണ്ണം.' കര്‍മ്മത്തെ അടിസ്ഥാനമാക്കിയുള്ള ഈ നാലു തട്ടുകള്‍ വളര്‍ച്ചയില്‍ ഏവിടെയാണോ ജീവന്‍ നില്‍ക്കുന്നത് അവിടെനിന്നുകൊണ്ടുള്ള പുരോഗതിക്ക് മനുഷ്യനെ പ്രാപ്തനാക്കുന്നു.'സ്വധര്‍മ്മാനുഷ്ഠാനം' എന്നതുകൊണ്ടുദ്ദേശിക്കുന്നതും മറ്റൊന്നല്ല. അളവില്‍ കൂടിയും കുറഞ്ഞുമിരിക്കുന്ന ത്രിഗുണങ്ങള്‍ ജീവനില്‍ ഏറിമാറിക്കളിക്കുന്നത് ആഴത്തിലുള്ള വിലയിരുത്തലുകളായി രൂപംപൂണ്ടിരിക്കുകയാണിവിടെ. ഓരോരുത്തര്‍ക്കും സ്വന്തം ജീവനെ അത് നില്‍ക്കുന്ന പടിയില്‍ നിന്നും വികസിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയായി ഗീത മാറുന്നതിന് കാരണവും മറ്റൊന്നല്ല. ഈ പിരിവുകളെ മുന്നോട്ടുവെക്കുന്നതുതന്നെ സ്വയം പരിശോധിച്ച് ത്രിഗുണാതീതത്വത്തിലേക്ക്, അഥവാ സന്യാസത്തിലേക്ക് ജീവനെ വികസിപ്പിക്കുന്നതിനായിട്ടാണ്. ബ്രാഹ്മണത്വത്തിനുമപ്പുറമുള്ള ഗുണാതീതമായ ഈ തലത്തെയാണ് ഓരോ ജീവനും ലക്ഷ്യമാക്കേണ്ടത്. കര്‍മ്മസന്യാസമെന്നും നൈഷ്‌ക്കര്‍മ്മ്യമെന്നുമൊക്കെ വിശേഷിപ്പിക്കുന്നത് ഈ അവസാനപടിയിലേക്ക് ജീവനെ ആവാഹിച്ചെടുക്കുന്നതുതന്നെയാണ്. മനസ്സ് പൂര്‍ണമായും പരിശുദ്ധമായാല്‍ വന്നുചേരുന്ന ഈ അവസ്ഥക്ക് മുന്‍പായി, കര്‍മ്മം വെറും ബാഹ്യമായി ത്യജിക്കുന്നതിനെ അപ്രായോഗികവും അജ്ഞതയാല്‍ മൂടിയ തെറ്റിദ്ധാരണയുമായിട്ടേ കരുതാനാവൂ. ഉള്ളില്‍ കര്‍മ്മവാസനകളും പേറി പുറത്ത്, ബാഹ്യകര്‍മ്മങ്ങളെ ത്യജിക്കുന്നവരെ 'മിഥ്യാചാരന്മാര്‍' എന്ന് ഗീത വിളിക്കുമ്പോള്‍ (ഗീത 3.6) 99% ആളുകളും കര്‍മ്മത്തെ ഉപേക്ഷിക്കുന്നതിന് (കര്‍മ്മസന്യാസം)അധികാരികളല്ലെന്ന സത്യം മനസ്സിലാക്കേണ്ടിവരുന്നു. പടിപടിയായി ജീവനു സംഭവിക്കേണ്ട വികാസത്തെ 'സ്വധര്‍മ്മാനുഷ്ഠാന'മായി മുന്‍പോട്ടുവച്ച് 'അനധികാരികളുടെ കര്‍മ്മത്യാഗ'ത്തെ ഭഗവദ്ഗീത പാടെ നിഷേധിക്കുന്നത് 'പരധര്‍മ്മം' വളര്‍ച്ചയുടെ വിപരീത ദിശയിലായതുകൊണ്ടാണ്..janmabhumi

No comments: