Monday, May 21, 2018

തേജഃ -സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശത്രുക്കള്‍ക്കും ജനദ്രോഹികള്‍ക്കും കീഴ്‌പ്പെടുത്താന്‍ കഴിയാത്ത ദൃഢമായ  മനസ്സും ദേഹശക്തിയും ബുദ്ധിശക്തിയും ഉണ്ടാവുക എന്നത് രാജ്യം ഭരിക്കുന്നവര്‍ക്ക് അത്യാവശ്യമായ ഗുണമാണ്. അവര്‍ക്ക് അഹിംസാ സിദ്ധാന്തം ഭൂഷണമല്ല. ജനങ്ങളുടെ ഭൗതിക ജീവിതത്തിനു ദ്രോഹം ചെയ്യുന്നവരെ അടിച്ചമര്‍ത്തുക തന്നെ വേണം. അങ്ങനെ ചെയ്യാതിരിക്കുന്നത് ദയയോ അഹിംസാ വ്രതമോ അല്ല. ഒന്നോ രണ്ടോ ദുഷ്ടജനങ്ങളെ ഹിംസിച്ചാല്‍, അനേകായിരം ജനങ്ങള്‍ക്ക് ജീവന്‍ രക്ഷിക്കാനും ധാര്‍മികവും ആത്മീയവുമായ ജീവിതം തുടരാനും കഴിയുമെങ്കില്‍ അഹിംസ പുണ്യപ്രദവും കൂടിയാണ്'' സ്മൃതികള്‍ പറയുന്നു.
''ഏകസ്മിന്നത്ര നിധനാല്‍
അപിചേദ് ദുഷ്ടചേതസി
ബഹൂനാം ഭവതി ക്ഷേമം
തത്ര പുണ്യപ്രദോ വധഃ
 ക്ഷമ- മറ്റുള്ളവരുടെ ദ്രോഹ പ്രവൃത്തികളും ക്രൂരവാക്കുകളും കാരണം നമ്മളില്‍ ക്രോധം ഉണ്ടാവാതെ, ആ ദുഷ്ടപ്രവൃത്തികള്‍ക്കും വാക്കുകള്‍ക്കും മാപ്പുകൊടുക്കുക. ചില ആളുകള്‍ ജന്മനാ സദ്ഗുണ സമ്പന്നരാണെങ്കിലും, താല്‍ക്കാലികമായി ദുഷ്പ്രവൃത്തികളും ക്രൂരവാക്കുകളും അവരില്‍  കണ്ടേക്കാം. അവരോട് ക്ഷമിക്കുക തന്നെ വേണം. രാജ്യം ഭരിക്കുന്നവര്‍ക്ക് ഈ ഗുണം അത്യാവശ്യമാണ്.
 ധൃതിഃ -ആത്മീയവും ഭൗതികവുമായ പ്രവൃത്തികള്‍ കൊണ്ട് ശരീരവും ഇന്ദ്രിയങ്ങളും തളര്‍ന്നുപോകുമ്പോള്‍, അവയെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തിക്കാനുള്ള ദൃഢനിശ്ചയം. തേജസ്സ്, ക്ഷമ, ധൃതി ഈ മൂന്നു ഗുണങ്ങളും ക്ഷത്രിയ സ്വഭാവമുള്ളവര്‍ക്ക് അത്യാവശ്യമായ വയാണ്.
കാനപ്രം കേശവന്‍ നമ്പൂതിരി

No comments: