Tuesday, May 08, 2018

മനുഷ്യരുള്‍പ്പെടെ എല്ലാ ജീവികളുടെയും ഉദരത്തില്‍ ഒരു അഗ്നിയുണ്ട്. ആ അഗ്നി, കത്തിജ്വലിക്കുന്നില്ല; അതിശക്തിയുള്ള ചൂട്- താപം-മാത്രമേയുള്ളൂ;  പ്രകാശിക്കുന്നുമില്ല. ആ അഗ്നിക്ക് ഒരു പ്രത്യേക നാമമുണ്ട്. വൈശ്വാനരന്‍ എന്ന അഗ്നിയാണ് നാം കഴിക്കുന്ന ആഹാരം നന്നായി വേവിക്കുന്നതും-നമുക്ക് വയറ്റില്‍ വിശപ്പുണ്ടാക്കി വീണ്ടും നമ്മെ ആഹാരം കഴിക്കാന്‍ പ്രേരിപ്പിക്കുന്നതും. ഭഗവാന്‍ ഈ ശ്ലോകത്തില്‍ പറയുന്നത്-
''അഹം വൈശ്വാനരോ ഭൂത്വാ''- ഞാനാണ് വൈശ്വാനരനായി ആവിര്‍ഭവിക്കുന്നത്. മാത്രമല്ല ''പ്രാണിനാം ദേഹമാശ്രിതഃ''- പ്രാണികളുടെ ദേഹത്തില്‍-വയറ്റില്‍-എപ്പോഴും സ്ഥിതിചെയ്യുന്നതും ഞാനാണ്. നില്‍ക്കുക മാത്രമല്ല ചെയ്യുന്നത്, നിങ്ങള്‍ കഴിക്കുന്ന-അന്നം-(ഭക്ഷണം) ഞാനാണ് നല്ലവണ്ണം വേവിക്കുന്നതും.
നിങ്ങള്‍ കഴിക്കുന്ന ആഹാരം നാലുതരത്തിലാണ്-ഖാദ്യം, ഭോജ്യം, ലേഹ്യം, ചോഷ്യം എന്നിങ്ങനെ- പല്ലുകള്‍കൊണ്ടു കടിച്ച് കഷ്ണങ്ങളാക്കി ഭക്ഷിക്കുന്നവ ഖാദ്യം- ഉപ്പേരി മുതലായവ-
ഭോജ്യം-നാക്കുകൊണ്ട് വിഴുങ്ങുന്ന ഭോജ്യം ചോറ് മുതലായവ.
ലേഹ്യം- നാക്കുകൊണ്ട് നക്കി കഴിക്കുന്നവ-പച്ചടി മുതലായവ.
പേയം- കുടിക്കുന്നവ-പാല്‍പ്പായസം മുതലായവ.
ഇവയെല്ലാം ഞാനാണ് നന്നായി വേവിക്കുന്നത്.
ഭഗവാന്‍ മുന്‍പേ തന്നെ ബൃഹദാരണ്യകോപനിഷത്തില്‍ ഈ വസ്തുത പറഞ്ഞുവച്ചിട്ടുണ്ട്.
''അയമഗ്നിര്‍ വൈശ്വാനരഃ
യോയം അന്തഃ പുരുഷേ
യേനേദം അന്നം പച്യതേ''
(=ഈ അഗ്നി വൈശ്വാനരനാണ്. ഈ വൈശ്വാനരനാണ് ജീവികളുടെ അകത്ത്-വയറ്റില്‍-പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം ദഹിപ്പിക്കുന്നതും.
ഭഗവാന്‍ പറയുന്നത്-എനിക്ക് രണ്ടു സഹായികള്‍കൂടി ഉണ്ടെന്നാണ്.
''പ്രാണാപാനസമായുക്തഃ (15-14)
പ്രാണന്‍, അപാനന്‍ എന്നു രണ്ടു സഹായികള്‍ ഭഗവാനോടൊപ്പം പ്രവര്‍ത്തിക്കുന്നു. പ്രാണനാണ്, ആഹാരത്തിന്റെ രസം ദേഹത്തിന്റെ എല്ലായിടത്തും-സര്‍വ്വനാഡികളിലും എത്തിക്കുന്നത്. അപാനന്‍ എന്ന വായുവാണ് രസം പിഴിഞ്ഞു ആ പിണ്ടി-മലമായി-പുറത്തേക്കു തള്ളുന്നത്. നമുക്ക് വിശപ്പ് ഉണ്ടാക്കുന്നതും ഭഗവാന്റെ ഈ സഹായികള്‍ തന്നെ.
നമുക്ക് വിശപ്പുണ്ടായില്ലെങ്കില്‍, ഭക്ഷണം കഴിക്കാന്‍ കഴിയില്ല. ഭക്ഷണം കഴിക്കാതിരുന്നാല്‍, നമുക്ക് കണ്ണുകാണാതാകും, ചെവി കേള്‍ക്കാതാകും, കൈകാലുകള്‍ തളര്‍ന്നുപോകും, ശബ്ദിക്കാന്‍ കഴിയാതാകും. മരണത്തിന്റെ പാതയിലേക്ക് എത്തിപ്പെടും. അങ്ങനെ ഭക്ഷ്യവസ്തുക്കളെ ദഹിപ്പിക്കാന്‍ ജീവാത്മാക്കളായ നമുക്ക് ഭഗവാന്റെ സഹായം അത്യാവശ്യമാണ്. ഭക്ഷ്യവസ്തുക്കളെ സൃഷ്ടിക്കാനും ഭഗവാന്റെ സഹായം അത്യാവശ്യമാണ്. എന്നിട്ടും നാം അഹങ്കാരത്തിന്റെ കൊടുമുടിയില്‍ കയറിനിന്ന് അഹങ്കരിക്കുന്നു; അട്ടഹസിക്കുന്നു-ഈശ്വരനില്ല''- കഷ്ടം!
ഭോജനകാലത്ത്, ജഗത്ത് മുഴുവനും സോമന്റെയും അഗ്നിയുടെയും അധീനത്തിലാണ് എന്ന് ധ്യാനിച്ചുകൊണ്ട് ആഹാരം കഴിച്ചാല്‍ അന്നത്തിലെ ദോഷം അനുഭവിക്കുകയില്ല എന്ന് ആചാര്യന്മാര്‍ പറയുന്നു.
 9961157857

No comments: