മോദന്തേ പിതരൗ നൃത്യന്തിദേവതാഃ
സനാഥാ ചേയം ഭുര്‍ഭവതി
പിതൃക്കള്‍ സന്തോഷിക്കുന്നു. ദേവതകള്‍ നൃത്തം വയ്ക്കുന്നു. ഭൂമിക്ക് ഒരു നാഥനുണ്ടായി എന്ന സംതൃപ്തിയുണ്ടാകുന്നു.
ഭക്തന്മാര്‍ തന്മയീഭാവത്തിലെത്തുമ്പോള്‍ പ്രകൃതി മുഴുവന്‍ സന്തോഷിക്കുന്നു. ജനങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശിയായി. ആ ഭക്തന്മാരുടെ വാക്കുകളെ സത്യമാക്കുകയെന്നത് ഉപാസനാ ദേവതയുടെ വ്രതമായി മാറുമ്പോള്‍ ജനങ്ങള്‍ അവരുടെ വാക്കുകളെ ദൈവവാക്കായി കണക്കാക്കുന്നു. അവര്‍ അവരെ ദൈവത്തെപ്പോലെ കാണുന്നു. ജനങ്ങള്‍ക്ക് ഭക്തന്മാര്‍ ദൈവമായി മാറുമ്പോള്‍ അവരുടെ വാക്കുകളെ ദൈവപ്രചോദനവും മാര്‍ഗ്ഗദര്‍ശനവുമായിക്കണ്ട് പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടാകുന്നു.
അതുകണ്ട് ഭക്തന്റെ പൂര്‍വ പിതൃക്കളെല്ലാം സന്തോഷിക്കുന്നു. എന്റെ വംശത്തില്‍ ഒരാള്‍ ദൈവതുല്യനായി വളര്‍ന്ന് ജനങ്ങളുടെ ആത്മസുഹൃത്തും ആചാര്യനും ഗുരുവുമൊക്കെയായി എന്ന ചിന്ത ഓരോ പിതൃവിനും ഉണ്ടാകുന്നു. അതില്‍ പിതൃക്കള്‍ സന്തോഷിക്കുന്നു. ഭാഗവതത്തില്‍ മഹാബലി സര്‍വവും ഭഗവാനിലേക്ക് സമര്‍പ്പിച്ച് ബലിദാനം ചെയ്തപ്പോല്‍ അപ്പുപ്പനായ പ്രഹ്ലാദന്‍ അവിടെ പ്രത്യക്ഷമായി. മഹാബലിയുടെ, തന്റെ പൗത്രന്റെ ബലിദാനം കണ്ട് പ്രഹ്ലാദന്‍ ഏറെ സന്തോഷിക്കുന്നു. ബലിയെ രക്ഷിക്കണമെന്ന് പ്രഹ്ലാദന്‍ വാമനമൂര്‍ത്തിയോടഭ്യര്‍ത്ഥിക്കുന്നു. വാമനന്‍ പൂര്‍വസത്യം പ്രഹ്ലാദനെ ഓര്‍മിപ്പിക്കുന്നു. ''നിന്റെ വംശത്തില്‍ 21 തലമുറയെ ഞാന്‍ സംരക്ഷിക്കുമെന്ന് നരസിംഹാവതാരക്കാലത്ത് നിന്നോട് ഞാന്‍ സത്യം ചെയ്തിട്ടുള്ളതാണ്. മഹാബലിയെ അടുത്ത മന്വന്തരത്തില്‍ ദേവേന്ദ്രനായി വരാനായി, ഞാന്‍ സുതലത്തില്‍ കൊണ്ടുപോയി സംരക്ഷിക്കും'' വാമനമൂര്‍ത്തിയുടെ ഈ വാക്കുകള്‍ കേട്ട് പ്രഹ്ലാദന്റെ സന്തോഷം ഇരട്ടിച്ചു. തന്റെ വംശത്തില്‍ വീണ്ടും ഭക്തോത്തമനുണ്ടായിരിക്കുന്നു. ഭഗവത്പ്രിയനുണ്ടായിരിക്കുന്നു എന്ന ആമോദം.
തന്മയീഭാവത്തിലെത്തിയ ഭക്തന്റെ വളര്‍ച്ചയില്‍ ദേവതകളും സന്തോഷിക്കുന്നു. അവര്‍ ആനന്ദ നൃത്തംവയ്ക്കുന്നു. അത് മഴയായും പൂന്തെന്നലായും പ്രകൃതിക്ക് അനുഭവപ്പെടുന്നു. പ്രകൃതി കുളിരുന്നു, തളിര്‍ക്കുന്നു, പുഷ്പിക്കുന്നു, കോള്‍മയിര്‍ കൊള്ളുന്നു. പ്രകൃതിയെ സംരക്ഷിക്കാനും ആഹ്ലാദിപ്പിക്കാനും കാരണക്കാരനായി ഒരാളെത്തിയതില്‍ ഭൂമീദേവി സന്തോഷിക്കുന്നു. തനിക്ക് വിഷ്ണുസമാഗമമുണ്ടായതായി ഭൂമീദേവിക്ക് അനുഭവപ്പെടുന്നു.
എന്നാല്‍ താനാണ് ഇതിനെല്ലാം കാരണക്കാരനെന്ന ചിന്തയോ അഹംഭാവമോ ഭക്തനില്‍ ഉണ്ടാകുന്നില്ല. ഭക്തന്റെ ദൃഷ്ടിയില്‍ എല്ലാവരും ഭഗവത്‌സാന്നിധ്യമുള്ളവരായും സന്മാര്‍ഗത്തില്‍ ചരിക്കുന്നവയാരുമാണ് കാണപ്പെടുന്നത്. എല്ലാം ഭഗവന്മയം.
janmabhumi
No comments:
Post a Comment