ചിദാഭാസം സ്വരൂപ സാക്ഷാത്ക്കാരം’ (ശ്രീരമണ തിരുവായ്മൊഴി)
ഒരു ഭക്തന്‍ കുറച്ചു നാളായി ഇവിടെ താമസിക്കുന്നു. ഭഗവാന്റെ സംഭാഷണങ്ങള്‍ കേട്ട് വിനയത്തോടുകൂടി ഇന്നലെ ഒരു ചോദ്യം. “ഭഗവാന്‍, ആത്മപ്രതിബിംബ ചിദഭാസനായ ഈശ്വരനാണ് അന്തഃകരണ ജീവനായിരിക്കുന്നതെന്ന് പറയുന്നുവല്ലോ ? അതിന്റെ താത്പര്യമെന്താണ് ? ”
“ആത്മപ്രതിബിംബ ചിദാഭാസന്‍ ഈശ്വരനെന്നു പറയുന്നു. അത്രതന്നെ. ”
“ചിദാഭാസമെന്നാലെന്താണ്”
ഭഗവാന്‍ സാവധാനത്തില്‍, “അതാണോ, ചിദാഭാസമെന്നാല്‍ ചിത്തത്തില്‍ നിന്നും ആഭാസമായ് തോന്നുന്ന അഹംവൃത്തി. ഈ അഹംവൃത്തി ഒന്നു മൂന്നായി, മൂന്ന് അഞ്ചായി, അഞ്ച് അനേകമാകുന്നു. (എങ്ങനെയെന്നാല്‍ ഒന്നായിരിക്കുന്ന അഹംവൃത്തി രജസ്തമോഗുണ സമ്പര്‍ക്കത്താല്‍ മൂന്നായി, ആ മൂന്നിനാല്‍ പഞ്ചഭൂതോല്‍പ്പത്തിയായ്, ആ പഞ്ചഭൂതങ്ങളാല്‍ അനേകമുളവായെന്ന് താത്പര്യം)
അതാണ് ശരീരം ഞാനാണന്ന ഭ്രാന്തിയുളവാക്കുന്നത്. ആകാശരൂപമായി പറയേണ്ടി വന്നാല്‍ ചിദാകാശം, ചിത്താകാശം, ഭൂതാകാശം എന്നിങ്ങനെ മൂന്ന് വിധത്തില്‍ നിര്‍വ്വചിച്ചിരിക്കുന്നു. ചിദാകാശം ‘ആത്മാവ്’. അതില്‍ പ്രതിബിംബം ‘ചിത്താകാശം’. ആ ചിത്തം മനോബുദ്ധ്യഹങ്കാരമായ് മാറുമ്പോള്‍ അന്തഃകരണം എന്നു പറയുന്നു.
കാല്‍, കയ്യ് മുതലായവ ബാഹ്യകരണങ്ങളാണെങ്ങില്‍, അന്തരംഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രിയങ്ങള്‍ അന്തഃകരണമെന്നു പറയുന്നു. ആ അന്തഃകരണത്തോടു കൂടിയ ചിദാഭാസനെ ജീവനെന്നും പറയുന്നു.
ചിദാകാശത്തിന്റെ, ആഭാസമായ ചിത്താകാശം ഭൂതീകാശത്തിനെ കാണുമ്പോള്‍ മനോകാശമെന്നും, ആത്മാവിനെ കാണുമ്പോള്‍ ചിന്മയമെന്നും പറയപ്പെടുന്നു. “മനമെവ കാരണം മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ” എന്നു പറയുന്നു. ഈ മനസ്സാണ് എന്തൊക്കയോ ഭ്രാന്തികളുണ്ടാക്കുന്നത്”
“ആ ഭ്രാന്തി ഏതുവിധത്തിലില്ലാതാകും ? ”
“മേല്‍ വിവരിച്ച കര്‍മ്മം വിചാരണകൊണ്ട് അറിഞ്ഞ് അനേകമായുള്ളത് അഞ്ചിലും, അഞ്ചു മൂന്നിലും, മൂന്ന് ഒന്നിലും ലയിപ്പിച്ച് താന്‍, തനായിരിക്കണം. തലവേദന വന്നാല്‍ ഔഷധം തേച്ച് സുഖപ്പെടുത്തുന്നില്ലേ ? ശരീരം ഞാനെന്ന ഭ്രാന്തി തലവേദന പോലെയാണ്. വിചാരണ എന്ന മരുന്ന് സേവിച്ചാല്‍ സുഖപ്പെടും. ”
“ആ വിചാരണാ മാര്‍ഗ്ഗം എല്ലാവര്‍ക്കും സാധ്യമാകുമോ സ്വാമീ ? ” എന്ന് ചോദിച്ചു ആ ഭക്തന്‍.
“വാസ്തവമാണ്. അത് പക്വ ചിത്തര്‍ക്കല്ലാതെ അപക്വചിത്തര്‍ക്ക് സാധ്യമല്ല. അവര്‍ക്ക് ജപ, തപ, വിഗ്രഹാരാധന, പ്രാണായാദി യോഗങ്ങള്‍ ജ്യോതിഷ്ടോമാദീക്രതുക്കള്‍ ഇത്യാദികള്‍ വിധിച്ചിരിക്കുന്നു. ക്രമത്തില്‍ ആ കര്‍മ്മം കൊണ്ട് പരിപക്വ ചിത്തരായ് വിചാരമാര്‍ഗ്ഗാനുസാരം ആത്മാവിനെ അറിയും. അപക്വ ചിത്തര്‍ക്ക് ജഗദൃഷ്ട് ഇല്ലാതാക്കാനാണ് പ്രപഞ്ചം മിഥ്യമാണെന്ന് പറയുന്നത്.
പക്വചിത്തര്‍ക്ക് ആത്മാവ് തന്നില്‍ നിന്ന് വേറെയല്ല. എല്ലാം ആത്മസ്വരൂപം എന്നറിയും. അപക്വചിത്തര്‍ക്ക് പഞ്ചകോശാദി വിചാരണ ചെയ്ത് നേതി നേതി വാക്യത്താലെല്ലാം നിഷേധിച്ച വിലക്ഷണമായ സാക്ഷിയെ അറിയേണമെന്നു പറയുന്നു. നാനാതരത്തിലുള്ള ആഭരണം സ്വര്‍ണ്ണത്തില്‍ നിന്ന് ഭിന്നമല്ല എന്ന് അറിയുന്നതു പോലെ പഞ്ചകോശങ്ങളും താനെന്നറിയുന്നു. അതിനാല്‍ ജഗത് സത്യമെന്ന് പറയേണ്ടി വരുന്നു”...sreyas
No comments:
Post a Comment