Wednesday, May 02, 2018

രാമകഥയിലേക്ക്‌ ആദ്യകവി വാല്‌മീകി പ്രവേശിക്കുന്നത്‌ അദ്ദേഹം രാമനെക്കുറിച്ച്‌ അറിയുവാന്‍ ഇടയാകുന്ന സന്ദര്‍ഭത്തിലൂടെയാണ്‌. ഒരുദിവസം വാല്‌മീകിയുടെ ആശ്രമത്തിലെത്തിയ നാരദമുനിയോട്‌ കവി സര്‍വഗുണങ്ങളും തികഞ്ഞ ഒരാള്‍ ഈ ഭൂമിയില്‍ ഉണ്ടാകുമോ എന്ന്‌ സംശയം പ്രകടിപ്പിച്ചു. അതിനു മറുപടിയായി നാരദര്‍ പറഞ്ഞത്‌, അങ്ങനെ അധികം പേരൊന്നുമില്ല, എന്നാല്‍ ഒരാള്‍ നിശ്ചയമായും ഉണ്ട്‌, അത്‌ അയോധ്യയിലെ രാമനാണ്‌ എന്നാണ്‌. പിന്നെ നാരദര്‍ രാമകഥ വളരെ വിശദമായി വാല്‌മീകി മഹര്‍ഷിക്ക്‌ പറഞ്ഞുകൊടുത്തു.
നാരദര്‍ മടങ്ങിയപ്പോള്‍ വാല്‌മീകിമഹര്‍ഷി ശിഷ്യന്‍ ഭരദ്വാജനുമായി തമസാനദിയുടെ തീരത്തേക്ക്‌ ചെന്നു. അതിമനോഹരമായ വനവും അതിലൂടൊഴുകുന്ന തെളിഞ്ഞ തമസാനദിയും! ആ ഭംഗികണ്ട്‌ അല്‌പസമയം അവിടെ ചിലവഴിക്കാന്‍ മുനി തീരുമാനിച്ചു. തൊട്ടടുത്ത മരെക്കാമ്പില്‍ രണ്ട്‌ ക്രൗഞ്ചപ്പക്ഷികള്‍ കൊക്കുരുമ്മിയിരിക്കുന്നുണ്ടായിരുന്നു. അവ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.
ഒരു നിമിഷം!
പെട്ടെന്ന്‌ പാഞ്ഞുവന്ന അമ്പേറ്റ്‌ ആ ഇണപ്പക്ഷികളിലൊന്ന്‌ പിടഞ്ഞ്‌ താഴേക്ക്‌ വീണു. പെണ്‍പക്ഷിയുടെ ഹൃദയഭേദകമായ കരച്ചില്‍, മുനിയുടെ ഉള്ളില്‍ സങ്കടവും, ഇണയെ പിരിച്ച വേടനോടുള്ള ദേഷ്യവും ജ്വലിപ്പിച്ചു. അത്‌ ഒരു ശ്ലോകമായി പുറത്തുവന്നു. മനുഷ്യകുലത്തിന്റെ പ്രഥമ കാവ്യം!
“മാ നിഷാദ പ്രതിഷ്‌ഠാം ത്വമഗമ ശാശ്വതീ: സമാ: 
യത്‌ ക്രൗഞ്ച മിഥുനാദേകമവധീം കാമേമാഹിതം.”
വേടനു നേരെ ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴാണ്‌ എല്ലാ ഗുണങ്ങളും തികഞ്ഞ ഒരു ശ്ലോകരൂപത്തിലാണല്ലോ താന്‍ വേടനോട്‌ സംസാരിച്ചത്‌ എന്ന്‌ അദ്ദേഹം ഓര്‍ത്തത്‌. ആ വിവരം അദ്ദേഹം ശിഷ്യനുമായി പങ്കുവയ്‌ക്കുകയും ചെയ്‌തു.
ഈ സമയം സാക്ഷാല്‍ ബ്രഹ്മാവ്‌ അവിടെ പ്രത്യക്ഷപ്പെടുകയും, ‘സംശയിക്കണ്ട മുനേ, താങ്കള്‍ പറഞ്ഞത്‌ ലക്ഷണമൊത്തെ ശ്ലോകം തന്നെ’യാണ്‌ എന്നും ‘ഇതേമട്ടില്‍ രാമകഥ-രാമായണം രചിക്കണ’മെന്നും ആവശ്യപ്പെട്ടു. ഒപ്പം ‘കാവ്യരചനയ്‌ക്ക്‌ ആവശ്യമായ വിവരങ്ങള്‍ തടസം കൂടാതെ മഹര്‍ഷിയുടെ ഉള്ളില്‍ തോന്നിപ്പിക്കാം’ എന്നും. രാമായണവും അതിന്റെ കര്‍ത്താവായ വാല്‌മീകിമഹര്‍ഷിയും കാലങ്ങള്‍ അതിജീവിച്ച്‌ എന്നും ജനഹൃദയങ്ങളില്‍ ഉണ്ടാകുമെന്നും അനുഗ്രഹിച്ച്‌ മറഞ്ഞു.
അങ്ങനെ ബ്രഹ്മാവിന്റെ അനുഗ്രഹത്തോടെ ആദികവി വാല്‌മീകിമഹര്‍ഷി രാമായണം രചിക്കാന്‍ ആരംഭിച്ചു. ശ്രീരാമജനനം മുതല്‍ സീതാപരിത്യാഗവും ഭവിഷ്യചരിതവും ഉള്‍പ്പെടെ ഇരുപത്തിനാലായിരം ശ്ലോകങ്ങള്‍, 647 സര്‍ഗങ്ങള്‍, ഉത്തരകാണ്ഡവും ചേര്‍ന്ന്‌ ഏഴ്‌ കാണ്ഡങ്ങള്‍. ഒക്കെ തയ്യാര്‍……
പക്ഷേ, ആരാണിത്‌ പാടുക? ഇങ്ങനെ ചിന്തിച്ച മുനിയുടെ മുന്നില്‍ എത്തിയത്‌ കുശനും ലവനും. കുട്ടികളായ അവര്‍ ആ ശ്ലോകങ്ങള്‍ മനഃപാഠമാക്കി മുനിയെ പാടിക്കേള്‍പ്പിച്ചു. സന്തുഷ്ടനായ അദ്ദേഹം അവരോട് ആ ഗാഥ ലോകസമക്ഷം അവതരിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ അവര്‍ രാമായണംപാടി ലോകത്തേക്കിറങ്ങി. ഒടുവില്‍ അവര്‍ സാക്ഷാല്‍ ശ്രീരാമസദസ്സിലും എത്തിേച്ചരുകയും അവിടെ കൂടിയിരുന്നവര്‍ക്കുവേണ്ടിയും രാമായണ കഥനം നടത്തുകയും ചെയ്‌തു.
പ്രജാപതിയുടെ കുലത്തില്‍ പിറന്ന സഗരന്‍ എന്ന പ്രസിദ്ധനായ രാജാവിന്റെ പരമ്പരയായ ഇഷ്വാകു വംശത്തിന്റെ കഥയാണ്‌ രാമായണം. സരയൂ നദിയുടെ തീരത്തുള്ള കോസലം എന്ന ജനപദം. അവിടെ മനുവിനാല്‍ സൃഷ്‌ടിക്കെപ്പട്ട അയോധ്യ എന്ന നഗരം. പത്ത്‌ യോജന നീളവും, രണ്ട്‌ യോജന വീതിയും, മൂന്ന്‌ പ്രധാനവീഥികളുമുള്ള അയോധ്യാനഗരത്തിന്‌ സമമായി ഭൂമിയില്‍ മറ്റൊന്നും ചൂണ്ടിക്കാട്ടുവാനില്ല. വെള്ളം കൊണ്ട്‌ കഴുകി പൂക്കള്‍വിരിച്ച പാതകള്‍, മണിമന്ദിരങ്ങള്‍, നാനാദേശത്തുനിന്നും എത്തി കച്ചവടം നടത്തുന്ന വണിക്കുകള്‍, കപ്പം കൊടുക്കാനെത്തുന്ന സാമന്തരാജാക്കന്മാര്‍ ഒക്കെച്ചേര്‍ന്ന്‌ വളരെ തിരക്കുപിടിച്ച നഗരം. പ്രജാക്ഷേമതല്‌പരനായ അയോധ്യയുടെ ഭരണാധികാരി ചില്ലറക്കാരനായിരുന്നില്ല.  പരാക്രമികളില്‍ പരാക്രമികളായ ഇന്ദ്രനും കുബേരനും സമനെന്ന് സര്‍വ്വദിക്കിലും പേരുേകട്ട ദശരഥനായിരുന്നു ആ മഹാരാജന്‍. കൗസല്യ, കൈകേയി, സുമിത്ര എന്നീ മൂന്ന്‌ പത്നിമാരോടൊപ്പം അദ്ദേഹം അയോധ്യ ഭരിച്ചുവന്നു. രാജഗുരു വസിഷ്‌ഠന്‍ ആവശ്യമായ സമയങ്ങളില്‍ തക്ക ഉപദേശങ്ങള്‍ നല്‌കി രാജാവിനെ ധര്‍മ്മത്തില്‍ തന്നെ നിലനിര്‍ത്തി ഭരണകാര്യങ്ങള്‍ സുഗമമാക്കാന്‍ സഹായിച്ചു. അങ്ങനെ സര്‍വ്വ ഐശ്വര്യങ്ങളുടേയും വിളനിലമായി അയോധ്യ നഗരം നിലകൊണ്ടു.
ദുഃഖങ്ങള്‍ ഒന്നുപോലുമില്ലാത്ത ആരുമുണ്ടാകില്ലല്ലോ. ദശരഥമഹാരാജാവിനും ഒരു തീരാദുഃഖം ഉണ്ടായിരുന്നു. പുത്രന്മാരില്ലാത്ത ദുഃഖം! ഒടുവില്‍ പുത്രലാഭത്തിനായി ഗുരു വസിഷ്‌ഠനോടുകൂടി ആലോചിച്ച്‌ അശ്വമേധയാഗം നടത്താന്‍ രാജാവ്‌ തീരുമാനിച്ചു. ദശരഥന്റെ സുഹൃത്തായ അംഗരാജാവ് രോമപാദന്റെ മകളുടെ ഭര്‍ത്താവ്‌ കൂടിയായ ഋഷ്യശൃംഗമുനിയുടെ കാര്‍മ്മികത്വത്തില്‍ യജ്ഞം നടത്താം എന്ന്‌ ധാരണയിലുമെത്തി. മുനി ഋഷ്യശൃംഗന്‍ സാധാരണക്കാരനല്ല. അദ്ദേഹത്തിന്റെ പാദസ്‌പര്‍ശമാണ്‌, മഴയില്ലാതെ വറുതിയിലേക്കും കെടുതിയിലേക്കും വീണുപോയ അംഗരാജ്യത്തെ രക്ഷിച്ചത്‌. അങ്ങനെയുള്ള ഋഷ്യശൃംഗമുനിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന അശ്വമേധയാഗത്തിനൊടുവില്‍ ഒരു പുത്രകാമേഷ്ടിയാഗം കൂടി നടന്നു.
ആ യാഗകുണ്ഡത്തില്‍ നിന്ന്‌ പുറത്തുവന്ന ദേവത നല്‌കിയ പായസം മഹാരാജാവ്‌ ഏറ്റുവാങ്ങി പത്‌നിമാര്‍ക്ക്‌ നല്‌കുകയും ചെയ്‌തു. പായസത്തില്‍ പകുതി കൗസല്യക്കും, മറുപാതി കൈകേയിക്കും രാജാവ്‌ നല്‌കി. അവര്‍ അവരുടെ പാതി സുമിത്രയ്‌ക്കും നല്‌കി.  മൂന്നുപേരും യഥാകാലം ഗര്‍ഭം ധരിച്ചു.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കുമ്പോഴും ഭൂമിയില്‍ രാവണന്‍ എന്ന രാക്ഷസരാജാവിന്റെ ശല്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയായിരുന്നു. മുനിമാരുടെ യജ്ഞം മുടക്കുന്നത്‌ രാവണകിങ്കരന്മാരുടെ ഒരു പ്രധാന വിനോദമായിരുന്നു. മുനിമാരേയും ബ്രാഹ്മണരേയും ദ്രോഹിച്ച്, ഇന്ദ്രനെപ്പോലും ജയിച്ച്‌ അതില്‍ അഹങ്കരിച്ച്‌ വാഴുകയായിരുന്നു രാവണന്‍. സഹികെട്ട ദേവന്‍മാര്‍ വിഷ്‌ണുവിന്‌ മുന്നിലെത്തി. “ഒരു പ്രതിവിധി കാട്ടിത്തരൂ പ്രഭോ.” അവര്‍ കരഞ്ഞ്‌ അപേക്ഷിച്ചു.
രാവണനിഗ്രഹം അത്ര എളുപ്പം നടക്കുന്ന ഒന്നല്ല. ഒരു മനുഷ്യനുമാത്രമേ അവനെ കൊല്ലാനാകൂ. പരേമശ്വരന്റെ കൈയ്യില്‍നിന്ന്‌ ചന്ദ്രഹാസം നേടിയ അവനെ കൊല്ലുന്ന കാര്യം സാധാരണക്കാരായ മനുഷ്യര്‍ക്ക്‌ ചിന്തിക്കാന്‍പോലുമാകില്ലല്ലോ. ഒടുവില്‍ മഹാവിഷ്‌ണു ദേവന്മാരുടെ അപേക്ഷ സ്വീകരിച്ച്‌ മനുഷ്യനായി, ദശരഥപുത്രനായി അവതരിച്ച്‌ രാവണനെ കൊല്ലാം എന്ന്‌ മൊഴിഞ്ഞു.
അങ്ങനെ ദശരഥപത്‌നിമാരുടെ ഗര്‍ഭകാലം കഴിഞ്ഞു. മൂത്ത പത്‌നി കൗസല്യ രാമനും, കൈകേയി ഭരതനും, സുമിത്ര ലക്ഷ്‌മണനും ശത്രുഘ്‌നനും ജന്മം നല്‍കി. ആ ശുഭവാര്‍ത്ത അറിഞ്ഞ്‌ അയോധ്യാനഗരം ആനന്ദത്തിലാറാടി. ദേവതകള്‍ പുഷ്‌പവൃഷ്‌ടി നടത്തി. യഥാകാലം ആ നാല്‌ സുന്ദരബാലകരും വസിഷ്ഠനില്‍ നിന്ന് വിധിയാംവണ്ണമുള്ള വിദ്യകള്‍ അഭ്യസിച്ച്‌ പരാക്രമശാലികളായി വളര്‍ന്നുവന്നു.

അങ്ങനെയിരിക്കെ ഒരുദിവസം വിശ്വാമിത്ര മഹര്‍ഷി കൊട്ടാരത്തിലെത്തി. മുനിയെ സ്വീകരിച്ച്‌ ആനയിച്ച രാജാവ്‌ അദ്ദേഹത്തിന്‌ എന്താവശ്യമുണ്ടെങ്കിലും നിവര്‍ത്തിച്ച്‌ നല്‌കാം എന്ന്‌ വാക്ക്‌ നല്‌കി. അതുകേട്ട്‌ സന്തുഷ്‌ടനായ വിശ്വാമിത്രന്‍, പതിവായി തന്റെ യജ്ഞം മുടക്കുന്ന രാവണകിങ്കരരായ രാക്ഷസരെ നേരിടാനായി രാമനെ തന്റെ ഒപ്പം അയക്കണമെന്ന്‌ ആവശ്യപ്പെട്ടു.
ദശരഥന്‌ നാല്‌ മക്കളില്‍ ഏറ്റവും വാത്സല്യം രാമനോടാണ്‌. കുട്ടിത്തം വിടാത്ത അവനെ രാക്ഷസനിഗ്രഹത്തിന്‌ അയക്കുകയോ? രാജാവ്‌ കാര്യം കേട്ട മാത്രയില്‍ ബോധംകെട്ടു വീണു. ബോധം വന്നപ്പോള്‍ മഹര്‍ഷിയോട്‌ അദ്ദേഹം കരഞ്ഞപേക്ഷിച്ചു. രാമന്‍, കുട്ടിയല്ലേ പകരം മറ്റെന്തും ആവശ്യപ്പെടൂ എന്നൊക്കെ. ഇതെല്ലാം കണ്ട്‌ മഹര്‍ഷിക്ക്‌ കോപം വന്നു. “അല്ല, ഇതെന്ത്‌ കഥ. വീരശൂരപരാക്രമിയായ ദശരഥന്‌ വാക്ക്‌ പാലിക്കാനാവില്ലെന്നോ?” മുനിയുടെ കണ്ണുകളില്‍ ക്രോധം ഇരമ്പി. മൂന്ന്‌ ലോകവും വിറച്ചു. ഇനി എന്താണ്‌ സംഭവിക്കുക?
ഇത്രയുമായപ്പോള്‍ വസിഷ്‌ഠന്‍ ഇടപെട്ടു. അദ്ദേഹം രാജാവിനെ ഉപേദശിച്ചു: “പ്രഭോ, വിശ്വാമിത്രനൊപ്പം രാമനെ അയയ്‌ക്കൂ. അതുകൊണ്ട്‌ രാമന്‌ നേട്ടമേ ഉണ്ടാകൂ. സര്‍വ്വ അസ്‌ത്രങ്ങളും അറിയുന്ന വിശ്വാമിത്രനില്‍ നിന്ന്‌ രാമന്‌ ആ വിദ്യകള്‍ സ്വായത്തമാക്കുവാനാകും. ഒപ്പം വിശ്വാമിത്രനുള്ളപ്പോള്‍ രാമന്‌ ഒരുതരത്തിലുമുള്ള അപകടവും സംഭവിക്കുമെന്ന ഭയവും വേണ്ട.
dnnews.

No comments: