Tuesday, May 15, 2018

നല്ലവനായിരിക്കണം,' 'നല്ലവനായിരിക്കണം' 'നല്ലവനായിരിക്കണം.' ഈ ഉപദേശം ലോകത്തിലെങ്ങും കേള്‍ക്കാം. 'കക്കരുത്' 'നുണ പറയരുത്' എന്ന് ഉപദേശം കിട്ടാതെ ഒരു കുട്ടിയെയും ലോകത്തില്‍ ഏതു രാജ്യത്തു ജനിച്ചതിലും കാണില്ല. എന്നാല്‍ കക്കാതെയും നുണപറയാതെയും ഇരിക്കാനുള്ള വഴിയെന്തെന്ന് ആരും പറഞ്ഞുകൊടുക്കുന്നില്ല. 'അരുത്' എന്ന വെറും വാക്ക് കുട്ടിക്കു സഹായകമല്ല. അവന്‍ എന്തിന് കള്ളനാകാതിരിക്കണം, കക്കാതിരിക്കാന്‍ എങ്ങനെ സാധിക്കും എന്നു പഠിപ്പിച്ചുകൊടുക്കുന്നില്ല. കക്കരുത് എന്നുപദേശിക്കയേ ചെയ്യുന്നുള്ളു. തന്റെ മനസ്സു നിയന്ത്രിക്കുവാന്‍ അവനെ പഠിപ്പിക്കുമ്പൊഴേ നാം അവനെ യഥാര്‍ത്ഥമായി സഹായിക്കുന്നുള്ളു. ഇന്ദ്രിയങ്ങള്‍ എന്ന കേന്ദ്രങ്ങളോടു മനസ്സു ചേരുമ്പൊഴേ ബാഹ്യമോ ആഭ്യന്തരമോ ആയ എന്തു പ്രവൃത്തിയും ഉണ്ടാകൂ. ഇച്ഛാപൂര്‍വ്വമാകട്ടെ അല്ലാതാകട്ടെ, മനസ്സ് ഇന്ദ്രിയങ്ങളോടു ചേരുവാനായി അങ്ങോട്ടാകര്‍ഷിക്കപ്പെടുന്നു: അതുകൊണ്ടാണു മനുഷ്യര്‍ പല വിഡ്ഢിത്തങ്ങളും ചെയ്യുകയും പിന്നെ പശ്ചാത്തപിക്കുകയും ചെയ്യുന്നത്. മനസ്സു സ്വാധീനത്തിലായിരുന്നെങ്കില്‍ അവര്‍ അങ്ങനെ ചെയ്യാഞ്ഞേനേ.
മനസ്സിനെ സ്വാധീനമാക്കിയാല്‍ എന്താണു ഫലം? മനസ്സ് പിന്നെ പ്രത്യക്ഷജ്ഞാന കാരണങ്ങളായ ഇന്ദ്രിയങ്ങളോടു ചെന്നുചേരില്ല. അങ്ങനെ ഇച്ഛയും വികാരവും സ്വാഭാവികമായി വരുതിയില്‍ വരും. ഇത്രത്തോളവും സ്പഷ്ടമാണ്. ഇതു സാധിക്കുമോ? തീര്‍ച്ചയായും സാധിക്കും. ഇന്നത്തെ കാലത്തും ഇതു കാണുന്നുണ്ട്. വിശ്വാസചികിത്‌സക്കാര്‍ രോഗവും ദുഃഖവും അരിഷ്ടവും ഇല്ലെന്നു പറഞ്ഞു തള്ളിക്കളയാന്‍ ആളുകളെ പഠിപ്പിക്കുന്നതു കാണുന്നുണ്ടല്ലോ. അവരുടെ തത്ത്വജ്ഞാനം ഒട്ടു വളഞ്ഞുതിരിഞ്ഞ മട്ടിലാണ്. എങ്കിലും അതു യോഗത്തിന്റെ ഒരംശമാണ്. അവര്‍ അതില്‍ എങ്ങനെയോ തട്ടിത്തടഞ്ഞുവീണതാണ്. ഇല്ലെന്നു പറഞ്ഞു വേദനയെ തള്ളിക്കളയാന്‍ സാധിക്കുന്ന സംഗതിയില്‍ വാസ്തവത്തില്‍ പ്രത്യാഹാരത്തിന്റെ ഒരംശമാണ് അവരുപയോഗിക്കുന്നത്: ഇന്ദ്രിയങ്ങളെ വിഗണിക്കത്തക്ക ബലം രോഗിയുടെ മനസ്സിനുണ്ടാക്കുകയാണ് അവര്‍ ചെയ്യുന്നത്. തന്ത്രനിദ്രയിലും (ഹിപേ്‌നാട്ടിസത്തിലും) ഇതുപോലെതന്നെ. തന്ത്രനിദ്രാപ്രവര്‍ത്തകര്‍ തങ്ങളുടെ സൂചനകള്‍കൊണ്ടു രോഗിയില്‍ ദുഷ്ടമായ ഒരു പ്രത്യാഹാരം തല്ക്കാലത്തേക്കുദിപ്പിക്കുന്നു. അവരുടെ അത്തരം സൂചനകള്‍ ദുര്‍ബ്ബലമനസ്സുകളിലേ പ്രവര്‍ത്തിക്കൂ. പ്രവര്‍ത്തകന്റെ സ്ഥിരമായ ദൃഷ്ടിപാതത്താലോ മറ്റു വിധത്തിലോ പ്രവര്‍ത്തിതന്റെ മനസ്സിനെ ദുര്‍ബ്ബലവും ഹീനവുമായ ഒരവസ്ഥയിലെത്തിക്കുമ്പോഴല്ലാതെ അയാളുടെ സൂചനകള്‍ ഫലിക്കുന്നുമില്ല.
വിശ്വാസചികിത്‌സയ്‌ക്കോ മയക്കുവിദ്യയ്‌ക്കോ വഴിപ്പെടുന്നവരുടെ നാഡീകേന്ദ്രങ്ങളെ പ്രവര്‍ത്തകര്‍ തല്ക്കാലത്തേക്കു വശീകരിച്ചു വെയ്ക്കുന്നത് ആക്ഷേപാര്‍ഹമാകുന്നു: എന്തു കൊണ്ടെന്നാല്‍ അതു വിനാശത്തിലാണു കലാശിക്കുക, വാസ്തവത്തില്‍ ഇന്ദ്രിയ കേന്ദ്രങ്ങളെ സ്വന്തം ഇച്ഛാശക്തികൊണ്ടു നിയന്ത്രിക്കലല്ല അത്: പിന്നെയോ, അന്യന്റെ മനഃശക്തിയുടെ സത്വരപ്രഹരങ്ങള്‍കൊണ്ടു രോഗിയുടെ മനസ്സിനെ തല്ക്കാലം ഒന്നു സ്തംഭിപ്പിക്കുന്നതുപോലെയാണ്: തിമിര്‍ത്ത കുതിരകളുടെ ലക്കില്ലാത്ത പാച്ചില്‍ കടിഞ്ഞാണ്‍ കൊണ്ടോ കയ്യൂക്കുകൊണ്ടോ പിടിച്ചുനിര്‍ത്തുകയല്ല, പകരം തല്ക്കാലം മരവിപ്പിച്ചു ശാന്തമാക്കാന്‍ കുതിരയുടെ തലയില്‍ കനത്ത തല്ലുകള്‍ ചൊരിയാന്‍ മറ്റൊരുത്തനോട് ആവശ്യപ്പെടുകയാണ്. ഇങ്ങനെ പ്രയോഗിക്കുന്ന ഓരോ പ്രാവശ്യവും ഈ ക്രിയയ്ക്കു വിധേയനായവന് തന്റെ മനഃശക്തിയുടെ ഒരംശം നഷ്ടമാകുന്നു: ഒടുവില്‍ മനസ്സു പൂര്‍ണ്ണമായ സംയമനശക്തി സമ്പാദിക്കുന്നതിനുപകരം വടിവുപോയി, കരുത്തു കെട്ട്, ഒന്നിനും കൊള്ളാത്ത ഒരു പിണ്ഡമായിത്തീരുന്നു: പിന്നെ ആ രോഗിക്കു ഭ്രാന്താലയമേ ശരണമെന്നാകുന്നു.
(വിവേകാനന്ദ സാഹിത്യ

No comments: