Wednesday, May 23, 2018

മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും ശനിദശയിലുണ്ടാകുന്ന അനുഭവങ്ങള്‍. ഈ ജന്മത്തില്‍ പുണ്യ പ്രവര്‍ത്തികള്‍ ചെയ്യുകയും വ്യാഴത്തിന്റെ ആനുകൂല്യമോ ദൃഷ്ടിയോ പോലുള്ള ദൈവാധീനം ഉണ്ടാവുകയോ ചെയ്താല്‍ ശനിദശയുടെ കാഠിന്യം കുറയുമെന്നാണ് വിശ്വാസം. ശനിദോഷമുള്ളപ്പോള്‍ ശനിദോഷ ശാന്തിപൂജ നടത്തുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും. 
ശനിയാഴ്ചകളിലോ പക്കപ്പിറന്നാള്‍ തോറുമോയാണ് ശനീശ്വര ശാന്തിപൂജ നടത്തേണ്ടത്. ശാസ്താവിനു നീരാഞ്ജനവും എള്ള് പായസവും അതുപോലെ ശനി ഭഗവാന് ശനീശ്വരപൂജയുമാണ് നടത്തേണ്ടത്. ശനീശ്വരമന്ത്രം ജപിക്കുന്നതും ശനിയാഴ്ച വ്രതം നോല്‍ക്കുകയും ചെയ്യുന്നത് ഉത്തമമാണ്. നവഗ്രഹ പ്രതിഷ്ഠ ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ശനിക്കു വേണ്ടിയുള്ള പൂജ ശാസ്താവിനോ പരമശിവനോ ആണ് ചെയ്യേണ്ടത്. അയ്യപ്പന് നെയ്യഭിഷേകം നടത്തുന്നതും ശബരിമല ദര്‍ശനം നടത്തുന്നതുമെല്ലാം ശനിദോഷം കുറയ്ക്കും.  
ആത്മാര്‍ത്ഥമായി വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ശനീശ്വരന്റെ സംരക്ഷണം ഉറപ്പാണ്. നവഗ്രഹങ്ങളില്‍ ശനിക്കു മാത്രമേ ഈശ്വരീയത്വം കല്‍പിച്ചിട്ടുള്ളൂ. ശനീശ്വരനെയാണ് നവഗ്രഹങ്ങളില്‍ ഭഗവാനായി കണ്ട് ആരാധിക്കുന്നത്. നിഷ്പക്ഷമായി നീതി നിര്‍വഹണവും ഭക്തജനരക്ഷയും ശനീശ്വരന്‍ നടത്തുമെന്നാണ് വിശ്വാസം. സന്മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരെയും സത്യനിര്‍വഹണം നടത്തുന്നവരെയും ശനി കഷ്ടപ്പെടുത്തില്ല.  ഇഷ്ടഭാവത്തിലാണെങ്കില്‍ ധാരാളം ഗുണങ്ങള്‍ നല്‍കുന്ന ഗ്രഹമാണ് ശനി. 
ശനിയാഴ്ച ദിവസം കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് കാക്കയ്ക്ക് എള്ളും പച്ചരിയും കൊടുക്കുന്നത് നല്ലതാണ്. പാവപ്പെട്ടവര്‍ക്ക് ആഹാരവും കറുപ്പോ നീലയോ നിറത്തിലുള്ള വസ്ത്രം ദാനം ചെയ്യുന്നതും  ഉത്തമം. തുലാം ഉച്ച ക്ഷേത്രവും മകരം സ്വക്ഷേത്രവും കുംഭം മൂലക്ഷേത്രവുമാണ് ശനിക്ക്. ഇടവം, മിഥുനം, കന്നി എന്നിവ ശനിയുടെ ബന്ധു ക്ഷേത്രങ്ങളാണ്. ശനിദോഷമകറ്റാന്‍ പുരുഷന്മാര്‍ വലതു കൈയുടെ നടുവിരലിലും സ്ത്രീകള്‍ ഇടതു കൈയുടെ നടുവിരലിലും ഇന്ദ്രനീലക്കല്ല് പതിപ്പിച്ച മോതിരം ധരിക്കുന്നതും നല്ലതാണ്...janmabhumi

No comments: