നിവാസഃകൈലാസേവിധിശതമഖാദ്യാഃസ്തുതികരാഃ കുടുംബംത്രൈലോക്യംകൃതകരപുടഃ സിദ്ധിനികരഃ മഹേശഃ പ്രാണേശസ്തദവനിധരാധീശതനയേ ന തേസൗഭാഗ്യസ്യക്വചിദപിമനാഗസ്തിതുലനാ ഹിമഗിരി പുത്രിയായ അല്ലയോ ഭഗവതീ(അവനിധരാധീശതനയേ), നിന്തിരുവടിയുടെ വാസസ്ഥാനം അതിദിവ്യമായ കൈലാസ പര്‍വ്വതമാണ്(നിവാസഃകൈലാസേ). സ്തുതി പാഠകന്മാരാവട്ടെ വിധി(ബ്രഹ്മാവ്), ശതമഖന്‍(നൂറുയാഗം ചെയ്തവനായ ഇന്ദ്രന്‍) തുടങ്ങിയദേവന്മാരാണ്(വിധിശതമഖാദ്യാഃസ്തുതികരാഃ). ഭവതിയുടെ കുടുംബം ഈ ത്രൈലോക്യങ്ങള്‍ തന്നെ(കുടുംബംത്രൈലോക്യം). അണിമ (ചെറുതാവാനുള്ളകഴിവ്) ലഘിമ (ലഘുവാക്കാനുള്ള കഴിവ്) ഗരിമ (വര്‍ദ്ധിപ്പിക്കുവാനുള്ള കഴിവ്), ഈശത്വം (ഈശ്വരഭാവം), വശിത്വം (വശീകരണശക്തി), പ്രാപ്തി (എന്തും നേടാനുള്ള കഴിവ്), പ്രാകാശ്യം(ആഗ്രഹിക്കുന്നിടത്ത് പ്രത്യക്ഷപ്പെടാനുള്ള കഴിവ്), മഹിമ (വലുതാവുന്നതിനുള്ള കഴിവ്) തുടങ്ങിയ അഷ്‌ടൈശ്വര്യ സിദ്ധികള്‍ കൂപ്പുകൈകളോടെ വശംവദരായി നിലകൊള്ളുന്നു(കൃതകരപുടഃ സിദ്ധിനികരഃ). മഹേശനാണു നിന്തിരുവടിയുടെ പ്രാണനാഥന്‍(മഹേശഃ പ്രാണേശ). അതുകൊണ്ടുതന്നെ നിന്തിരുവടിയുടെ സൗഭാഗ്യത്തിന് യാതൊരുവിഷയത്തിലും താരതമ്യം ഇല്ല(ന തേസൗഭാഗ്യസ്യക്വചിദപിമനാഗസ്തിതുലനാ). സര്‍വസൗഭാഗ്യങ്ങളും തികഞ്ഞവളാണു ശ്രീപാര്‍വ്വതി എന്നുസാരം. ദേവിയുടെ സൗഭാഗ്യങ്ങളെ മറ്റൊന്നുമായും ഉപമിക്കാനാവില്ല. വൃഷോ വൃദ്ധോ യാനം വിഷമശനമാശാ നിവസനം ശ്മശാനം ക്രീഡാഭൂര്‍ ഭുജഗനിവഹോ ഭൂഷണവിധിഃ സമഗ്രാ സാമഗ്രീജഗതിവിദിതൈവസ്മരരിപോര്‍യദേതസൈ്യശ്വര്യംതവ ജനനി സൗഭാഗ്യമഹിമാ വൃദ്ധനായ കാളയാണ് വാഹനം(വൃഷോ വൃദ്ധോ യാനം). കാളകൂടവിഷമാണ് ഭക്ഷണം(വിഷമശനം). ദിക്കുകളാണ് (ആകാശമാണ്) വസ്ത്രം(ആശാ നിവസനം). ക്രീഡാഭൂമിയാവട്ടെ ശ്മശാനങ്ങളാണ്(ശ്മശാനം ക്രീഡാഭൂഃ). ഭൂഷണങ്ങളാവട്ടെ സര്‍പ്പങ്ങളാണ്(ഭുജഗനിവഹോ ഭൂഷണവിധിഃ). സ്മരരിപു(കാമദേവനെ വെന്നവന്‍) ആയ മഹാദേവന്റെ ഈ വിധമുള്ള സമ്പത്തുകള്‍ ലോകത്തില്‍ പ്രസിദ്ധമാണല്ലോ(സമഗ്രാ സാമഗ്രീജഗതിവിദിതൈവസ്മരരിപോര്‍). മഹാദേവന്റെ സകല ഐശ്വര്യങ്ങളും ഹേ ജനനീ, അവിടുത്തെ സൗഭാഗ്യ മഹിമകളാല്‍ ഉണ്ടായതത്രേ(യദേതസൈ്യശ്വര്യംതവ ജനനി സൗഭാഗ്യമഹിമാ). ശിവന്റെ ഐശ്വര്യം ആകയാലാണു ദേവിക്ക് ഉമ എന്ന പേരുലഭിച്ചതെന്ന് മുന്‍പ് സൂചിപ്പിച്ചു. മഹാവൈരാഗിയും നഗ്നനും ശ്മശാനവാസിയും കാളകൂടം ഭക്ഷിച്ചവനും കാളപ്പുറത്തുയാത്രചെയ്യുന്നവനും നാഗങ്ങളാകുന്ന ആഭരണം അണിഞ്ഞവനുമാണു പരമശിവന്‍. സര്‍വസൗഭാഗ്യവതിയും ത്രിപുരസുന്ദരിയുമായ ശ്രീപാര്‍വതിയുടെ സാന്നിധ്യത്താല്‍ ശിവന്‍ ഐശ്വര്യങ്ങളോടുകൂടിയവനും സര്‍വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്നവനും ആകുന്നു. ദിക്കുകള്‍ വസ്ത്രമാക്കിയതിനാല്‍ ശിവന്‍ ദിഗംബരനെന്ന് അറിയപ്പെടുന്നു. നഗ്നനാണു ശിവന്‍. തന്ത്രശാസ്ത്രമനുസരിച്ച് അത്യുന്നതശക്തിവിശേഷണങ്ങളോടുകൂടിയ ദേവീദേവകളാണ് നഗ്നരായി ചിത്രീകരിക്കപ്പെടുന്നത്. സകലതിനേയും ഉള്ളിലാക്കുന്ന എന്നാല്‍ ദൃശ്യപ്രപഞ്ചത്തിലെ യാതൊന്നുമായും സംഗമില്ലാത്തഭാവമാണ് പരമേശ്വരന്റെ ദിഗംബരഭാവം. മഹായോഗിയായ മഹേശ്വരന്‍ സര്‍വ്വേശ്വരനായിത്തിര്‍ന്നത് ദേവിയുടെ സൗഭാഗ്യങ്ങള്‍ മൂലമാണ്എന്ന് ആചാര്യസ്വാമികള്‍ പ്രസ്താവിക്കുന്നു. ഇതേആശയം ദേവ്യപരാധക്ഷമാപസ്‌തോത്രത്തിലുംകാണാം. ചിതാഭസ്മാലേപോഗരളമശനം ദിക്പടധരോജടാധാരീകണ്‌ഠേ ഭുജഗപതിഹാരീ പശുപതിഃ കപാലീ ഭൂതേശോ ഭജതി ജഗദീശൈകപദവീം ഭവാനി ത്വത്പാണിഗ്രഹണ പരിപാടീ ഫലമിദം (വിദ്യാരണ്യസ്വാമികള്‍: ദേവ്യപരാധക്ഷമാപണസ്‌തോത്രം7) ..janmabumi
No comments:
Post a Comment