ഏകശക്തിസിദ്ധാന്തം (262)

എന്നിരിക്കെ ജഗത്തിന്റെ മുഴുവന്‍ വ്യാപാരത്തിനും പരിണാമത്തിനും ഇടയില്‍ ഒരു ഘടകത്തെമാത്രം – പരസ്പരസംഘര്‍ഷത്തെയും ബലപരീക്ഷയേയും മാത്രം – ആസ്പദമാക്കുവാന്‍ ഒരു സമുദായശാഖയ്ക്ക് അവകാശമെന്ത്? ദ്വേഷവുത്മം സംഘട്ടനവും, കിടമത്‌സരവും മല്പിടുത്തവും – ഇതിനെ ആസ്പദിച്ചാണ് ജഗദ്യാപാരം നടക്കുന്നതെന്നു വാദിപ്പാന്‍ ആര്‍ക്കെന്തവകാശം? ഇവയും ഉണ്ടെന്നു സമ്മതിക്കുന്നു: പക്ഷേ ഇതരശക്തിയുടെ വ്യാപാരം ഇല്ലെന്നു പറയുവാന്‍ ആര്‍ക്കധികാരം? പ്രേമം, നിഃസ്വാര്‍ത്ഥത, പരിത്യാഗം, ഇതൊന്നുമാത്രമാണ് ജഗത്തില്‍ ക്ഷേമോദര്‍ക്കമായി ശുഭാത്കമായി പ്രവര്‍ത്തിക്കുന്ന ശക്തി എന്നതിനെ നിഷേധിപ്പാന്‍ ഏതു മനുഷ്യനു കഴിവുണ്ട്? മറ്റേത്, പ്രേമശക്തിയുടെതന്നെ വഴിപിഴച്ച പോക്കാണ്. പ്രേമശക്തിയാണ് കിടമത്‌സരത്തിനും ഇടയാക്കുന്നത്. മത്‌സരത്തിന്റെ ബീജവും പ്രേമത്തിലിരിക്കുന്നു. തിന്മയുടെയും യഥാര്‍ത്ഥമൂലം പ്രേമത്തിലാണ്. തിന്മയുടെ സ്രഷ്ടാവും അതിന്റെ പരിണാമവും നന്മയാണ്. ഒരുവന്‍ മറ്റൊരുവനെ കൊലപ്പെടുത്തുന്നത് പക്ഷേ സ്വന്തം കുഞ്ഞിനോടുള്ള പ്രേമം നിമിത്തമാവാം. അയാളുടെ പ്രേമം ആ ചെറിയ കുഞ്ഞില്‍ കുടുങ്ങി ജഗത്തിലുള്ള ലക്ഷോപലക്ഷം ജീവന്‍മാരെയും പുറംതള്ളി പരിമിതമായി. പരിമിതമായാലും അപരിമിതമായാലും അത് ആ പ്രേമംതന്നെ.
അതിന്റെ പ്രകാശനം ഏതു വിധമായാലും അതൊന്ന്, അദ്ഭുതകരമായ ആ വസ്തു, നിഃസ്വാര്‍ത്ഥത, പരിത്യാഗം, പ്രേമം – അതത്രേ മുഴുവന്‍ ജഗത്തിന്റെയും പ്രേരകശക്തി, സചേതനമായി സത്യമായിരിക്കുന്ന ഒരേ ഒരു ശക്തി, ആ ഏകത്ത്വത്തെയാണ് വേദാന്തം ബലപ്പെടുത്തി പറയുന്നത്, അങ്ങനെ പറഞ്ഞേ തീരൂ: എന്തുകൊണ്ടെന്നാല്‍ ജഗത്തിനു രണ്ടു കാരണങ്ങളെ സമ്മതിക്ക വയ്യ. മനോഹരവും ആശ്ചര്യകരവുമായ ആ പ്രേമംതന്നെയാണ് പരിമിതിനിമിത്തം ദുഷ്ടമോ നീചമോ ആയി കാണപ്പെടുന്നത് എന്നു ഗ്രഹിച്ചാല്‍ ജഗദ്വ്യാപാരത്തില്‍ പ്രേമമെന്ന ഒരേ ശക്തിയേയുള്ളൂ എന്നു സിദ്ധമാകും. അങ്ങനെയല്ലെങ്കില്‍ രണ്ടു ജഗത്കാരണങ്ങളെ സമ്മതിക്കേണ്ടിവരും. ഒന്നു നന്മ, മറ്റേതു തിന്മ. ഒന്നു പ്രേമം, മറ്റേതു ദ്വോഷം. ഇതില്‍ ഏതു അധികം യുക്തിയുക്തം? തീര്‍ച്ചയായും ഏകശക്തിസിദ്ധാന്തം.
No comments:
Post a Comment