Sunday, September 02, 2018

"ഡോ.കെ.വി. അജയകുമാർ"
എഴുത്താണ് താങ്കളുടെ മേഖലയെന്ന് എങ്ങനെയാണ് തിരിച്ചറിഞ്ഞത്? പത്‌നിയുടെ സര്‍ഗ്ഗസാന്നിദ്ധ്യം എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്?
 ഞങ്ങള്‍ രണ്ടുപേരും ഹിന്ദി ഭാഷയില്‍ വിദ്യാഭ്യാസം നടത്തിയവരാണ്. എന്റെ ഗവേഷണ വിഷയം സ്വാതന്ത്ര്യസമര പശ്ചാത്തലത്തിലുള്ള ഹിന്ദി നോവലുകളായിരുന്നതുകൊണ്ട് ആ ശീര്‍ഷകത്തില്‍ ഒരു പുസ്തകം പുറത്തിറങ്ങി. സിന്ധുവിന്റെ ഗവേഷണവിഷയം ഹിന്ദിയിലെ പ്രസിദ്ധനായ ഡോ.നരേന്ദ്ര കോഹ്‌ലിയുടെ പുരാണേതിഹാസ പശ്ചാത്തലത്തിലുള്ള നോവലുകളായിരുന്നു.  ആ ഗവേഷണവുമായി ബന്ധപ്പെട്ടാണ് അഭിജ്ഞാന്‍ എന്ന നോവല്‍ സിന്ധുവും ഞാനും വായിക്കുന്നത്. വായിച്ചപ്പോള്‍ കൃഷ്ണകുചേല ബന്ധത്തെക്കുറിച്ചുള്ള പുരാണകഥയെ തികച്ചും വേറിട്ട, കാലിക പ്രസക്തമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത് , മലയാള സാഹിത്യത്തെ പരിചയപ്പെടുത്തേണ്ടതുണ്ടെന്നു തോന്നി. അത് പരിഭാഷപ്പെടുത്തുകയും  പ്രസിദ്ധീകരിക്കുകയും ചെയ്തു.
താങ്കളുടെ രചനകള്‍ കണ്ണോടിച്ചു നോക്കിയാല്‍ അതിന് ഭാവനയ്ക്കപ്പുറം ദര്‍ശനത്തിന്റെ ഒരു തലം കൂടി കാണാന്‍ കഴിയുന്നുണ്ട്. മനസ്സിലുറച്ച ദര്‍ശനങ്ങളെ സമൂഹത്തിലെത്തിക്കുന്നതിനുള്ള വഴിയായിട്ടാണോ വിവര്‍ത്തനം ഉള്‍പ്പെടെയുള്ള സാഹിത്യസൃഷ്ടികളെ കണക്കിലെടുത്തത്?
 ജീവിതത്തോട് ആദര്‍ശപരമായ ഒരു സമീപനമാണ് എന്നും വച്ചുപുലര്‍ത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ആദര്‍ശങ്ങള്‍ പ്രതിഫലിക്കുന്ന രചനകളിലേക്കും വിഷയങ്ങളിലേക്കും ശ്രദ്ധ പോവുക സ്വാഭാവികമാണ്. 
മറ്റു പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ താങ്കളുടെ 'കര്‍മ്മയോഗ'ത്തിലെ ദാര്‍ശനിക നിരീക്ഷണങ്ങള്‍ക്ക് വിശദീകരണം ലഭിക്കുന്നു. ഇതിനെയൊന്നു വിശദീകരിക്കുമോ?
കുചേലന്റെയും കൃഷ്ണന്റെയും ബന്ധത്തിന്റെ ആധുനിക വ്യാഖ്യാനമാണിത്. എന്നു കരുതി പൗരാണിക സങ്കല്‍പത്തെ വെല്ലുവിളിക്കുന്നതുമില്ല. ഭഗവദ്ഗീതയിലെ കര്‍മ്മസിദ്ധാന്തമാണ് എടുത്തുകാണിക്കുന്നത്. സുദാമാവിന്റെയും പത്‌നിയുടെയും ജീവിതസംഘര്‍ഷം കുടുംബജീവിതത്തില്‍ സ്ത്രീയുടെ പങ്കു വര്‍ധിപ്പിച്ച് സ്ത്രീശാക്തീകരണത്തന് വഴിയൊരുക്കുന്നതിലേക്കെത്തി. ജ്ഞാനം അന്വേഷിച്ചുള്ള യാത്രയില്‍ കുടുംബം മറന്ന സുദാമാവിന് ജ്ഞാനം കൊണ്ട് കുടുംബം പോലും പോറ്റാനാവില്ലെങ്കില്‍ ആ ജ്ഞാനംകൊണ്ട് എന്തു പ്രയോജനമെന്നും തോന്നാനിടയാക്കി. ജ്ഞാനം സമൂഹത്തിന് വീതിച്ചുകൊടുക്കുമ്പോള്‍ കച്ചവടം ലക്ഷ്യമാകാന്‍ പാടില്ല എന്നിരിക്കെ അത് ജീവിതത്തിനുള്ള വഴികൂടി കണ്ടെത്താനുപകരിക്കുന്നതാകണം എന്ന പ്രായോഗിക വീക്ഷണം ഇതില്‍ നമുക്കു കാണാം. 
ഈ ആഖ്യായികയില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന കുരുസഭയിലെ ചൂതുകളി പോലും സാധാരണയില്‍ കവിഞ്ഞ അര്‍ഥതലങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നതിനും ഈ നോവലിലൂടെ ശ്രമിച്ചിട്ടുണ്ട്.
ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, കാളിദാസന്‍, ആദിശങ്കരന്‍, ഛത്രപതി ശിവജി, രവീന്ദ്രനാഥ ടാഗോര്‍, ഡോ.അംബേദ്കര്‍ എന്നീ ഇതിഹാസ-ചരിത്രപുരുഷന്മാരുടെ ജീവിതങ്ങളും ദര്‍ശനങ്ങളും പ്രതിപാദ്യവിഷയങ്ങളാക്കിയപ്പോള്‍ ജ്ഞാന-കര്‍മ്മയോഗങ്ങളുടെ മഹത്തായ ഒരു പാരമ്പര്യത്തെ പുനരാവിഷ്‌കരിക്കുകയാണ് താങ്കള്‍ ചെയ്തത്. ദളിത നവോത്ഥാനത്തിന്റെ ആദര്‍ശരൂപമായ ഡോ.അംബേദ്കറിലെത്തിയപ്പോള്‍ ഭാരതീയ ദേശീയതയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കി. ഇത് യാദൃച്ഛികമാണോ? 
 കാലം എന്നെ അല്‍പം ക്രൂരതയോടെ ഇവരുടെയൊക്കെ മുന്നില്‍ കൊണ്ടെത്തിക്കുകയായിരുന്നു. ഇവരില്‍നിന്ന് എന്റെയും എന്നെപ്പോലെ ചിന്തിക്കുന്നവരുടെയും വളരെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കിട്ടുന്നുവെന്നു ബോധ്യമായപ്പോള്‍ ഇനി പിന്നോട്ടു വേണ്ട എന്നു ഞാനും തീരുമാനിച്ചു. തീര്‍ച്ചയായും മഹത്തായ ജീവിതസന്ദര്‍ഭങ്ങളെ മലയാളി വായനക്കാര്‍ക്ക് മുന്നിലവതരിപ്പിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായിത്തന്നെ ഞാന്‍ കണക്കാക്കുന്നു. ഇതുകൂടി ഇല്ലായിരുന്നെങ്കില്‍ എന്റെ ഗതി എന്താകുമായിരുന്നുവെന്നു പ്രവചിക്കാനാവില്ല.
രാമായണ മഹാഭാരത ഇതിഹാസങ്ങളെ ശ്രേഷ്ഠമായ ബൗദ്ധിക പാരമ്പര്യത്തിന്റെ സംഭാവനകളെന്ന് മനസ്സിലാക്കി കാലത്തിനനുസരിച്ച് പുനരാഖ്യാനം ചെയ്യുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ കേരളത്തിലെ ഒരു രീതി ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ്. ഇതില്‍നിന്നു വ്യത്യസ്തമായി പാരമ്പര്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും, ജീവിതഗന്ധിയായി അതിനെ പുനരാഖ്യാനം ചെയ്യുകയാണ് ഡോ.നരേന്ദ്രകോഹ്‌ലി ചെയ്തത്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെ വിവര്‍ത്തനം ചെയ്ത് മലയാളത്തിനു നല്‍കുവാന്‍ അങ്ങയെ പ്രേരിപ്പിച്ച ഘടകങ്ങളെന്താണ്?
മനുഷ്യനായി ജനിച്ച രാമന്‍ എങ്ങനെയാണ് അവതാരപുരുഷനാകുന്നതെന്ന് വിശദീകരിക്കുന്ന നോവലാണ് അഭ്യുദയം. കാലം മാറി അവതാരവിശ്വാസങ്ങളൊക്കെ അന്ധവിശ്വാസങ്ങളാണെന്നു വാദിക്കുന്ന സമൂഹത്തിന്റെ മുന്നിലേക്ക് രാമനെ അവതരിപ്പിച്ച്‌രാമന്‍ എങ്ങനെ അവതാരമാകുന്നുവെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ആര്‍ക്കും നിഷേധിക്കാനാവാത്ത ഒരു വ്യക്തമാക്കലാണ് ഇതിലുള്ളത്. സിന്ധു ഗവേഷണാവശ്യത്തിനായി ആ രചന വായിക്കുകയുണ്ടായി. ശ്രീരാമനെ തികച്ചും വേറിട്ട രീതിയില്‍ ജനനേതാവായി അവതരിപ്പിക്കുന്ന നോവലെന്ന നിലയില്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെടേണ്ടതെന്ന് തോന്നിയതിന്റെ ഫലമാണ് അതിന്റെ വിവര്‍ത്തനം. എന്നാല്‍ പരമ്പരാഗത വിശ്വാസങ്ങളെയൊന്നും വെല്ലുവിളിക്കുന്നതുമില്ല എന്നത് ഇതിന്റെ വൈശിഷ്ട്യമാണ്. ആധുനിക വീക്ഷണത്തിന് യോജിക്കുന്നതാണു താനും.
രാമനെ ജനനേതാവായി അവതരിപ്പിക്കുന്ന നോവല്‍ എന്നു പറയുമ്പോള്‍ അതൊന്നു വിശദീകരിക്കാമോ?
രാമന്‍ ഋഷിമാരുടെ ആശ്രമങ്ങളെ ആക്രമിക്കുന്ന മാരീചനില്‍ നിന്നും സുബാഹുവില്‍ നിന്നും ഋഷിമാരെയും അവരുടെ യജ്ഞത്തെയും കാത്തുരക്ഷിക്കാന്‍ പുറപ്പെടുന്നിടത്താണ് രാമന്റെ തേജസ്സ് പ്രകടമാകാന്‍ തുടങ്ങുന്നത്.  കായികബലത്തെക്കാളധികം രാമന്റെ ശക്തി യുക്തിയും ബുദ്ധിയുമാണ്. വിശ്വാമിത്രാശ്രമപ്രദേശത്തുനിന്നും തുരത്തിയോടിക്കപ്പെട്ടെങ്കിലും രാക്ഷസന്മാര്‍ വെറുതെയിരുന്നില്ല. ദക്ഷിണദേശത്തൊന്നാകെ ആധിപത്യം സ്ഥാപിച്ച് ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടിരുന്ന അവരെ അടിച്ചമര്‍ത്താന്‍ രാമന്‍തന്നെയും ദക്ഷിണഭാഗത്തേക്ക് യാത്ര ആഗ്രഹിക്കുമ്പോഴാണ് വനവാസത്തിനു പുറപ്പെടേണ്ടി വരുന്നത്. തീര്‍ച്ചയായും ഒരാളിന്റെ, ലക്ഷ്മണനെക്കൂടി കൂട്ടിയാല്‍ രണ്ടുപേരുടെ, ശേഷികൊണ്ട് രാക്ഷസശക്തിയെ അടിച്ചമര്‍ത്താനാവില്ല. എന്നുകരുതി ദൈവികമായ ശക്തിയൊന്നും ഉപയോഗിക്കപ്പെടുന്നില്ലതാനും. അതുകൊണ്ടുതന്നെ രാമന് പ്രാദേശികമായ പിന്തുണ ശക്തമായി കിട്ടിയിരിക്കണം. ജനങ്ങളെ സംഘടിപ്പിക്കുകയായിരുന്നു രാമന്‍. സീതയെ വീണ്ടെടുക്കല്‍ അതിനൊരു നിമിത്തം മാത്രമാണ്. ജനങ്ങള്‍ അങ്ങനെ ഭീകരതയ്‌ക്കെതിരെ സംഘടിക്കാന്‍ തയ്യാറായത് പീഡനം അത്രയ്ക്ക് സഹിക്കാനാകാഞ്ഞതുകൊണ്ടുമാകണം. വാസ്തവത്തില്‍ വാനരസമൂഹത്തെ ലേഖകന്‍ ദളിതജനസമൂഹമായിട്ടാണ് കാണുന്നത്, അത് സ്വാഭാവികവും യുക്തിയുക്തവുമാണു താനും. അങ്ങനെ നോക്കിയാല്‍ ആദ്യത്തെ ദളിതസംഘാടകനാണ് രാമന്‍. ജനശക്തിയാണ് ഏതൊരു അതിക്രമത്തിനുമെതിരെ പ്രയോഗിക്കപ്പെടേണ്ടതെന്നു ചൂണ്ടിക്കാട്ടുകയാണു നോവല്‍.
മഹാഭാരതകഥയുടെ പശ്ചാത്തലത്തിലുള്ള ഡോ.നരേന്ദ്ര കോഹ്‌ലിയുടെ എട്ടുനോവലുകള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത് ഭാവിയില്‍ താങ്കളുടെ സാഹിത്യസംഭാവനയെ വിലയിരുത്തുമ്പോള്‍ ആദ്യം പരിഗണിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇതിഹാസത്തിന്റെ തനിമ ചോര്‍ന്നുപോകാതെ വ്യത്യസ്ത രീതിയിലൂടെ പുനരാഖ്യാനം ചെയ്യുമ്പോള്‍ അതിലെ ദര്‍ശനങ്ങള്‍ക്ക് കൂടുതല്‍ തെളിമ ഉണ്ടാകുന്നത് ശ്ലാഘനീയമാണ്. അവയില്‍ അങ്ങുകണ്ട വൈശിഷ്ട്യങ്ങള്‍ വിശദീകരിക്കുമോ?
 മലയാളത്തില്‍ ഉണ്ടായിരുന്ന പ്രധാന മഹാഭാരത രചനകള്‍ 'രണ്ടാമൂഴ'വും 'ഇനി ഞാനുറങ്ങട്ടെ'യും പിന്നെ പരിഭാഷയിലൂടെ എത്തിയ യയാതിയുമായിരുന്നു. 'മഹാസമര്‍' നോവല്‍ പരമ്പരയുടെ പശ്ചാത്തലം മഹാഭാരതയുദ്ധത്തിന്റെ പശ്ചാത്തലവും യുദ്ധം മുഴുവനുമാണ്. ഭീഷ്മരില്‍ ആരംഭിച്ച് ഭീഷ്മരില്‍ അവസാനിക്കുന്നതാണെന്നു പറയാം. മറ്റു രചനകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 'മഹാസമര്‍' എന്ന രചനയുടെ സമീപനത്തിലെ വൈശിഷ്ട്യവും സമഗ്രതയും വെളിപ്പെടുന്നു. മഹാഭാരതയുദ്ധത്തിലേക്കു നയിക്കുന്ന കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും മനഃശാസ്ത്രപരമായി അപഗ്രഥിച്ച് വ്യാസന്‍ മൗനം പാലിച്ചിടത്തു മാത്രം വിശകലനങ്ങള്‍ നടത്തി യുക്തിയുക്തമായി മഹാഭാരതകഥയെ ആധുനിക വായനാശീലത്തിന് നിരക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്ന രചന എന്ന നിലയില്‍ വേറിട്ട രചനകളാണ് ബന്ധനം, അധികാരം, കര്‍മ്മം, ധര്‍മ്മം, അന്തരാള്‍, പ്രച്ഛന്നം, പ്രത്യക്ഷം, മുക്തി എന്നിവ.
രണ്ടാം ഭാഗമൊഴിച്ച് ബാക്കിയെല്ലാം അജയകുമാര്‍ ഒറ്റയ്ക്കാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നതെന്നു കാണുന്നു.
അതെ, 2010 മാര്‍ച്ച് 19 ന് എന്റെ വലം കൈയായിരുന്ന സിന്ധു എന്നെ വിട്ടുപോയി. അതുകൊണ്ട് പിന്നീടുള്ള ജീവിതം ആകെത്തന്നെയും ഒറ്റയ്ക്കായ സ്ഥിതിക്ക് സാഹിത്യസേവനവും ഒറ്റയ്ക്കുതന്നെ വേണ്ടിവന്നു. 
രവീന്ദ്രനാഥ ടാഗോറിന്റെ രചനകളായ 'ടാഗോര്‍ കഥകള്‍ സമ്പൂര്‍ണ്ണ'വും 'ഗോര' എന്ന നോവലും പരിഭാഷപ്പെടുത്തി. പിന്നെ ടാഗോറിനെത്തന്നെ കഥാപാത്രമായി ഒരു നോവല്‍ രചിക്കാന്‍ താങ്കള്‍ തയ്യാറായി. ടാഗോറിനെയും ടാഗോറിന്റെ രചനകളെയും കണ്ടറിഞ്ഞതില്‍നിന്ന് പൊതുവിലുള്ള താങ്കളുടെ നിരീക്ഷണങ്ങള്‍? വിശേഷിച്ചും ദേശീയതയെ സംബന്ധിച്ച ടാഗോറിന്റെ വീക്ഷണങ്ങളും സംഭാവനയും?
ടാഗോറിന്റെ രചനകള്‍ എനിക്ക് ബംഗളാ സാഹിത്യത്തെക്കുറിച്ചും ബംഗാളിനെക്കുറിച്ചു തന്നെയും വളരെ വിശാലവും ഗഹനവുമായ അറിവു പകര്‍ന്നു.  പത്തൊമ്പതാം നൂറ്റാണ്ട് സാഹിത്യലോകത്തിന് നല്‍കിയ ശ്രേഷ്ഠസംഭാവനയാണ് രവീന്ദ്രനാഥ ടാഗോര്‍. അദ്ദേഹത്തിന്റെ രചനകള്‍ അന്നത്തെ സാമൂഹിക, സാംസ്‌കാരിക, ചരിത്രയാഥാര്‍ഥ്യങ്ങളിലേക്ക് എന്നെ നയിച്ചു. അതാണ് അദ്ദേഹത്തിന്റെ ജീവിതത്തെ അവലംബിച്ച് നോവലെഴുതാന്‍ എനിക്കു വഴിയൊരുക്കിയത്. ടാഗോറിനെ വായിച്ചറിഞ്ഞതില്‍നിന്ന് മനസ്സിലാക്കിയത് ഗീതാഞ്ജലിക്ക് നൊബേല്‍ പുരസ്‌കാരം കിട്ടിയതോടെ ടാഗോര്‍ വിശ്വപൗരനായി മാറിക്കഴിഞ്ഞു എന്നാണ്. ദേശീയവീക്ഷണത്തിനപ്പുറത്തേക്ക് സ്വാഭാവികമായും അദ്ദേഹത്തിന്റെ വീക്ഷണത്തിന് വിശാലത കൈവന്നു. ദേശീയതയ്ക്കപ്പുറം മാനവികതയ്ക്ക് പ്രാധാന്യം കൊടുത്തതുകാരണം ദേശീയസമരങ്ങള്‍ ടാഗോറിനെ സംബന്ധിച്ചിടത്തോളം തന്റെ സാന്നിധ്യം അനിവാര്യമായ ഒരു മേഖലയായിരുന്നില്ല. എങ്കിലും ദേശീയ സമരങ്ങളില്‍ ടാഗോറിന്റെ സജീവ സഹകരണമുണ്ടായിരുന്നെങ്കില്‍ ഭാരതത്തിന്റെ ചരിത്രംതന്നെ മറ്റൊന്നാകുമായിരുന്നു എന്നു ഖേദത്തോടെ ഓര്‍ക്കാതിരിക്കാനാവില്ല.
ഡോ.അംബേദ്കറുടെ ജീവചരിത്രം ഡി.ബി. ഠേംഗ്ഡിയില്‍ക്കൂടെ രാജ്യത്തിനു ലഭിച്ചപ്പോള്‍ അതിനെ മലയാളത്തിലെത്തിച്ചതുവഴി താങ്കള്‍ ചെയ്ത സേവനം തീര്‍ച്ചയായും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ ഗ്രന്ഥം അംബേദ്കറെ അറിയുന്നതിന് വേറിട്ട എന്തു സംഭാവനയാണ് നല്‍കുന്നത്?
പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ ഭാരതത്തിലാരംഭിച്ച പരിവര്‍ത്തനത്തിന്റെ ചാലകശക്തിയിരുന്നു അംബേദ്കര്‍. തന്റെ അറിവിനെയും പ്രാഗല്‍ഭ്യത്തെയും അധികാരക്കസേരയ്ക്കുവേണ്ടി പണയംവയ്ക്കാതെ അശരണര്‍ക്കായി വീറോടെ പൊരുതിയ പടത്തലവന്‍. ഡോ.അംബേദ്കര്‍ ഉയര്‍ത്തിപ്പിടിച്ച ഭാരതീയ സങ്കല്‍പത്തെ ദത്തോപന്ത് ഠേംഗ്ഡി അസാധാരണമായ സൂക്ഷ്മനിരീക്ഷണങ്ങളോടെ ഭാരതത്തിന് സമര്‍പ്പിച്ചു. സ്വാതന്ത്ര്യത്തിനുശേഷം അധികാരം കൈയാളിയവര്‍ ചരിത്രത്തില്‍ ഒളിപ്പിച്ചുവയ്ക്കാനാഗ്രഹിച്ച പലതും ഇതില്‍ വെളിവാകുന്നു എന്നത് ഇതിന്റെ വൈശിഷ്ട്യമായി ഞാന്‍ കാണുന്നു. മലയാളികള്‍ക്കുവേണ്ടി ഈ ഗ്രന്ഥം വിവര്‍ത്തനം ചെയ്തതില്‍ ധന്യതയുണ്ട്. രമേശ് പതംഗേയുടെ 'അംബേദ്കറും സാമൂഹ്യനീതിയും' എന്ന ഗ്രന്ഥവും ഇത്തരത്തില്‍പ്പെട്ട  ശ്രമമായി ഞാന്‍ വിചാരിക്കുന്നു.
വിശ്വസാഹിത്യത്തില്‍ വില്യം ഷേക്‌സ്പിയര്‍ക്ക് തുല്യം നില്‍ക്കേണ്ട പേരാണ് മഹാകവി കാളിദാസന്റേത്. ഷേക്‌സ്പിയര്‍ ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ കാളിദാസന്‍ സംസ്‌കൃതത്തില്‍ എഴുതി എന്നുള്ളതാണ് കാളിദാസന്റെ പരിമിതിയായി മാറിയത്. കാളിദാസനെക്കുറിച്ച് കൃത്യമായ ചരിത്രരേഖകള്‍ ഇല്ലാ എന്നുള്ളതും മഹാകവിയെക്കുറിച്ചു പഠിക്കുന്നവരുടെ വഴി മുടക്കുന്നു. കാളിദാസന്റെ രചനകളിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തെ കണ്ടെത്താന്‍ ശ്രമിക്കുന്ന  കാവ്യഭംഗിയുള്ള ആഖ്യായികയിലേക്ക് താങ്കളെത്തി. ആ അനുഭവം വിവരിക്കുമോ?
കാളിദാസന്‍ സംസ്‌കൃതത്തിലെഴുതിയത് കാളിദാസന്റെ പരിമിതിയല്ല. കാളിദാസനെഴുതിയ സംസ്‌കൃതഭാഷ ലോകഭാഷയായില്ല, മറിച്ച് ഷേക്‌സ്പിയറെഴുതിയ ഇംഗ്ലീഷ് ലോകഭാഷയായി എന്നതാണ് വ്യത്യാസം. സംസ്‌കൃതം ലോകഭാഷയാകാഞ്ഞത് ലോകത്തിനുണ്ടായ നഷ്ടം എന്നേ പറയാനാകൂ. കാളിദാസന്റെ രചനകളിലൂടെ ജീവിതത്തിലേക്ക് എത്താനാണ് ഞാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍, അറിവുകള്‍, കാവ്യബോധം - എല്ലാം ജീവിതവുമായി കൂട്ടിയിണക്കുകയായിരുന്നു നോവലില്‍. ഒരു കവിവ്യക്തിത്വത്തെ രൂപപ്പെടുത്തുകയായിരുന്നു അതിലൂടെ. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പരിധികളെക്കുറിച്ചു ബോധ്യപ്പെടുത്താനും ഇതില്‍ ശ്രമിച്ചിട്ടുണ്ട്. കൂടാതെ സമൂഹത്തില്‍ അസ്വസ്ഥതകളുണ്ടാക്കുന്നതില്‍ ബുദ്ധിജീവികളുടെ പ്രധാന പങ്കാണ് ഇതിലൂടെ വെളിവാക്കുവാന്‍ ഞാനുദ്ദേശിച്ചത്.
ആദിശങ്കരനെ ആഖ്യായികയിലൂടെ അവതരിപ്പിച്ച് സാധാരണ മലയാളി വായനക്കാരിലേക്ക് ആ ജീവിതത്തെ എത്തിക്കുകയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെ പൊരുളറിയിക്കുകയും ചെയ്തതിലൂടെ മലയാള ഭാഷയ്ക്ക് താങ്കള്‍ നല്‍കിയ വിലയേറിയ സംഭാവന കാലാതീതമായി നിലനില്‍ക്കും. ശാങ്കരയാത്രയെക്കുറിച്ച് അന്വേഷിച്ചതില്‍ എടുത്തുപറയാന്‍ കഴിയുന്ന അനുഭവങ്ങളെന്താണ്?
ആദിശങ്കരമെന്ന നോവലില്‍ അദ്വൈതദര്‍ശനത്തെ ശങ്കരാചാര്യരുടെ ജീവിതപശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ അത്ഭുതങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകളെ ഒഴിവാക്കി യാഥാര്‍ഥ്യത്തിന്റെ തലത്തിലേക്ക് ആ ജീവിതത്തെ കൊണ്ടുവരാനാണ് ശ്രമിച്ചത്. കാളിദാസനെന്ന നോവലിന്റെ രചനയെ അപേക്ഷിച്ച് ആദിശങ്കരത്തിന്റെ രചനയ്ക്ക് എന്റെ മുന്നില്‍ ചരിത്രത്തിന്റെ അസ്പഷ്ടങ്ങളായ ഏടുകളുണ്ടായിരുന്നു. അത്ഭുതങ്ങളുടെകഥകളും ഐതിഹ്യങ്ങളുമുണ്ടായിരുന്നു. അവയെ അവലംബിച്ചും കഴിയുന്നത്ര യുക്തിഭദ്രമായും ആചാര്യജീവിതം ആഖ്യായികയാക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഭാരതീയ ദര്‍ശനം ആസ്വാദ്യകരമായ രീതിയില്‍ വായനക്കാര്‍ക്ക് ബോധ്യപ്പെടും വിധം അവതരിപ്പിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തു. അദ്വൈതത്തെ ആഖ്യായികയുടെ ഭാഷയില്‍ അവതരിപ്പിച്ചു. ഇനി വിലയിരുത്തേണ്ടത് വായനക്കാരാണ്. 
പ്രത്യേകിച്ചും താങ്കളുടെ ജീവചരിത്ര നോവലുകളില്‍ മരണത്തെ വ്യത്യസ്തമായ രീതികളില്‍ സമീപിച്ചു കണ്ടു. രവീന്ദ്രനാഥത്തില്‍ കഥാനായകന്‍തന്നെ പലപ്പോഴും മരണങ്ങളുടെ കാര്യത്തില്‍ വ്യത്യസ്തമായ രീതിയില്‍ പ്രതികരിക്കുന്നതു വായിച്ചു. കാളിദാസന്റെ അന്ത്യം വായനക്കാരന്റെ ഭാവനയ്ക്കു വിട്ടു. ആദിശങ്കരനാണെങ്കില്‍ തന്റെ ജീവിതദൗത്യം പൂര്‍ണ്ണമാക്കിയശേഷം സ്വയം പരമാത്മാവില്‍ വിലയം കൊള്ളാനാഗ്രഹിച്ചു. പക്ഷേ, നിയതി ആചാര്യപാദരെ വീണ്ടും ലോകഹിതാര്‍ഥം ജീവിതയജ്ഞം തുടരുവാന്‍ നിയോഗിച്ചതായി വായിക്കാന്‍ കഴിഞ്ഞു. എന്നാല്‍ മൃത്യുവിനെത്തന്നെ മുഖ്യ വിഷയമാക്കിയ ഒരു രചനയാണല്ലോ മുത്യുഞ്ജയം. അതിനെ വായനക്കാര്‍ക്ക് ഒന്നുപരിചയപ്പെടുത്തുമോ? 
ഈ നോവലെഴുതുന്നത് 2005-ലാണ്. അക്കാലത്ത് അകാലമൃത്യു ഒരുപക്ഷേ, എന്നെ, എന്റെ കുടുംബത്തെ  ചൂഴ്ന്നുനില്‍ക്കുന്നുവെന്നു തോന്നിയിരിക്കണം. സത്യവാന്‍ സാവിത്രിയുടെ കഥ ശ്രദ്ധയില്‍പ്പെടുകയും  സത്യവാന്റെ മുന്‍കൂട്ടി പ്രവചിക്കപ്പെട്ട അകാലമൃത്യുവിന്റെ പശ്ചാത്തലത്തില്‍ നോവലെഴുതാന്‍ തീരുമാനിക്കുകയും ചെയ്തു. അകാലമൃത്യു എന്നൊന്നുണ്ടോ, കാലം ചെന്നാലല്ലേ മരിക്കൂ, അകാലമൃത്യുവില്‍ നന്ന് രക്ഷപ്പെടാനാകുമോ, യാഗ-യജ്ഞ-മന്ത്രാദികള്‍കൊണ്ട് അകാലമൃത്യുവിനെ തടയാനാകുമോ എന്നൊക്കെ ചോദിക്കാം. അതുപോലുള്ള മൃത്യുവുമായി ബന്ധപ്പെട്ട അനേകം ചോദ്യങ്ങളും ഉത്തരങ്ങളും ഈ നോവലിന്റെ വിഷയമാണ്. 
താങ്കളുടെ വരാനിരിക്കുന്ന രചനകള്‍ ഏതൊക്കെയാണ് ?
സി.രാധാകൃഷ്ണന്റെ 'ഗീതാദര്‍ശനം' എന്ന ഗ്രന്ഥം 'ഗീതാശാസ്ത്രം' എന്നേ പേരില്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിക്കുകയാണ്. നരേന്ദ്ര കോഹ്‌ലിയുടെ 'യതോ ധര്‍മ്മസ്തതോ ജയഃ' എന്ന കൃതിയുടെ മലയാള പരിഭാഷ ഉടന്‍ പ്രസിദ്ധീകരിക്കപ്പെടും. മൃദുലാ സിന്‍ഹയുടെ സീതാ പുനി ബോലി എന്ന നോവല്‍ 'സീത വീണ്ടും പറയുന്നു' എന്ന പേരില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 'രവീന്ദ്രനാഥ'ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വൈകാതെ പ്രസിദ്ധീകരിക്കും. ആദിശങ്കരം എന്ന നോവലിന്റെ ഹിന്ദി പരിഭാഷ നാഷണല്‍ ബുക് ട്രസ്റ്റ്, ഇന്ത്യ പ്രസിദ്ധീകരിക്കുന്നു. ആദിശങ്കരത്തിന്റെയും കാളിദാസന്റെയും ഇംഗ്ലീഷും രവീന്ദ്രനാഥത്തിന്റെ ഹിന്ദിയും പണിപ്പുരയിലാണ്...janmabhumi

No comments: