Saturday, September 01, 2018

ലോകമെമ്പാടും അത്യാഹ്ലാദപൂര്‍വം കൊണ്ടാടുന്ന ഒരു ആഘോഷമാണ് ജന്മാഷ്ടമി. ജീവിതത്തിന്റെ ഏതു തുറയില്‍പ്പെട്ടവര്‍ക്കും പഠിക്കുവാനും ഉള്‍ക്കൊള്ളുവാനുമുള്ള പാഠങ്ങള്‍ ശ്രീകൃഷ്ണഭഗവാന്റെ ജീവിതത്തില്‍ നമുക്കു ദര്‍ശിക്കാം.
ദ്വാപരയുഗത്തില്‍ വസുദേവര്‍ക്കും ദേവകിക്കും പുത്രനായി ജനിച്ച ശ്രീകൃഷ്ണന്റെ ജന്മനാളാണ് അഷ്ടമിരോഹിണി. എന്നാല്‍, ജനനമരണങ്ങളില്ലാത്ത ഭഗവാന്‍ ശ്രീകൃഷ്ണന്‍ എല്ലായിടവും നിറഞ്ഞുനില്‍ക്കുന്ന ശാശ്വതസത്യമാണ്. ആ കൃഷ്ണന്‍ നമ്മുടെ ഉള്ളിലെ പ്രേമമാകുന്ന ഗര്‍ഭപാത്രത്തില്‍ ജനിക്കേണ്ടതാണ്.
ചിരിച്ചുകൊണ്ടു ജനിച്ച്, ചിരിച്ചുകൊണ്ടു ജീവിച്ച്, ചിരിച്ചുകൊണ്ടു ശരീരം വെടിഞ്ഞ ഭഗവാന്‍ ശ്രീകൃഷ്ണന്റെ തിരുനാളായ അഷ്ടമിരോഹിണി, ജീവിതം ഒരു വലിയ പൊട്ടിച്ചിരിയാക്കാനുള്ള സന്ദേശമാണു നമുക്കു നല്‍കുന്നത്. കൊച്ചുകൊച്ചു ജീവിതഭാരങ്ങള്‍ ചുമക്കുമ്പോള്‍ ചിരിക്കാനും സന്തോഷിക്കാനും നമ്മള്‍ പലപ്പോഴും മറന്നുപോകുന്നു. തലയില്‍ ഭാരവും ചുമന്നുനില്‍ക്കുന്ന ഒരാളോടു നല്ലൊരു തമാശ പറഞ്ഞുനോക്കൂ. ഭാരത്തിന്റെ കാഠിന്യം കാരണം അയാള്‍ ചിരിക്കില്ല, ചിരിക്കാന്‍ കഴിയില്ല. നേരെമറിച്ചു കൃഷ്ണനെ നോക്കൂ. ഹിമാലയപര്‍വതം പോലെ ചുമതലകള്‍ ഉണ്ടായിരുന്നു. പക്ഷേ, ഒരിക്കല്‍പ്പോലും ചിരിക്കാന്‍ മറന്നില്ല. ഏതെല്ലാം കര്‍മരംഗങ്ങളിലായിരുന്നു ആ മഹാത്മാവ് ഏര്‍പ്പെട്ടിരുന്നത്. എല്ലാം ഭംഗിയായി നിറവേറ്റി. വലുപ്പചെറുപ്പമില്ലാതെ സകല ജോലികളും ഒരേപോലെ ഏറ്റെടുക്കുകയും പൂര്‍ണതയില്‍ എത്തിക്കുകയും ചെയ്തു.
യുദ്ധത്തില്‍ പരാജയപ്പെട്ടിട്ടുണ്ട് കൃഷ്ണന്‍. അപ്പോഴെല്ലാം അദ്ദേഹം യാതൊരു മടിയും കൂടാതെ പുഞ്ചിരിയോടെ തോല്‍വി ഏറ്റുവാങ്ങിയിട്ടുമുണ്ട്. തന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാതെ മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുന്നവരാണു സമൂഹത്തില്‍ കൂടുതലും. എന്നാല്‍ ജയിച്ചാലോ? അതു തന്റെ കഴിവും. പക്ഷേ, അത്തരക്കാരനായിരുന്നില്ല ശ്രീകൃഷ്ണന്‍. തോല്‍വിയുടെ പൂര്‍ണചുമതല തുറന്നമനസ്സോടെ ഏറ്റെടുക്കാനുള്ള ചങ്കൂറ്റം, ആ മാതൃക, ഭഗവാനെപ്പോലെ മറ്റാരും നമുക്കു കാട്ടിത്തന്നിട്ടില്ല. 
ഒരു വ്യക്തിക്ക് എങ്ങനെ ജയവും തോല്‍വിയും അതാതിന്റെ സ്ഥാനത്തു കാണാന്‍ കഴിയും എന്ന് കൃഷ്ണന്‍ സ്വന്തം ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതന്നു. ഒരു കളിക്കാരന്റെ മനോഭാവത്തോടെ ആഹ്ലാദപൂര്‍വം ജീവിതം നയിക്കാന്‍ കഴിയുമെന്ന് അവിടുന്ന് നമ്മെ പഠിപ്പിച്ചു. വിഷാദവും വ്യര്‍ഥതാ ബോധവും വളരുന്ന ഇന്നത്തെ ജനതയ്ക്ക് ഏറ്റവും ഫലപ്രദമായ ഉപദേശമാണ് ഭഗവാന്റെ ജീവിതത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നത്.
ജീവിതത്തില്‍ ജയം മാത്രമേ സ്വീകരിക്കൂ എന്ന മനോഭാവം തെറ്റാണ്. പരാജയത്തെയും സ്വാഗതം ചെയ്യാന്‍ കഴിയണം. ജയത്തിന്റെയും തോല്‍വിയുടെയും എണ്ണവും കണക്കും നോക്കിയല്ല ജീവിതത്തെ വിലയിരുത്തുന്നത്. മറിച്ച്, അതിനെ രണ്ടിനെയും എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതാണു പ്രധാനം. അതാണു ഭഗവാന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. 
അല്‍പസ്വല്‍പം സ്ഥാനമാനങ്ങള്‍ കിട്ടിയാല്‍ അതിന്റെ ഹുങ്ക് തലയ്ക്കു പിടിച്ച്, താന്‍ മനുഷ്യനാണെന്ന കാര്യം പോലും മറന്നുപോകുന്നവരാണ് ഇന്നു സമൂഹത്തില്‍ ഏറെ. എന്നാല്‍, സര്‍വശക്തനായിട്ടും, സ്വന്തം ശക്തിയില്‍ അല്‍പംപോലും അഹന്ത ഇല്ലായിരുന്നു ഭഗവാന്. സാധാരണക്കാരനാകേണ്ട സന്ദര്‍ഭങ്ങളില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി കണ്ണന്‍. ഭൂമിയോളം ക്ഷമിച്ചു. എന്നാല്‍ തീരെ നിവൃത്തിയില്ലാതെ വന്നപ്പോള്‍ കംസനെപ്പോലെയുള്ള അഹങ്കാരികളെ നല്ല പാഠം പഠിപ്പിക്കുകയും ചെയ്തു.
സദാ കര്‍മനിരതനായ കൃഷ്ണന്‍ ജീവിതത്തില്‍ തനിക്ക് അണിയാന്‍ വച്ചുനീട്ടിയ വേഷങ്ങളെല്ലാം സന്തോഷത്തോടെ അണിഞ്ഞു. രാജാവിന്റെയും പ്രജയുടെയും അച്ഛന്റെയും മകന്റെയും സഹോദരന്റെയും സഹപാഠിയുടെയും യോദ്ധാവിന്റെയും ദൂതന്റെയും ഗോപികാനാഥന്റെയും തേരാളിയുടെയും ഭക്തവത്സലനായ ഭഗവാന്റെയും അങ്ങനെ ഒരുപാടൊരുപാടു വേഷങ്ങള്‍. ഒന്നും പകുതിയാക്കി ഉപേക്ഷിച്ചില്ല, മുഴുവനാക്കിയിട്ടേ വേഷങ്ങളൊക്കെയും അഴിച്ചുവച്ചുള്ളൂ. 
ഓരോ വ്യക്തിയും സ്വപ്രയത്‌നം കൊണ്ട് സ്വയം ഉദ്ധരിക്കേണ്ടതിന്റെ ആവശ്യകത ഭഗവാന്‍ ഊന്നിപ്പറഞ്ഞു. പ്രയത്‌നം കൊണ്ടു മാത്രമേ എന്തെങ്കിലും പുരോഗതി ഉണ്ടാകുകയുള്ളൂ. എന്നാല്‍ പ്രയത്‌നിക്കുമ്പോഴും എല്ലാം നിയന്ത്രിക്കുന്ന ഈശ്വരശക്തിയോടുള്ള സമര്‍പ്പണഭാവം നമുക്കുണ്ടാവണം. എവിടെ യോഗേശ്വരനായ കൃഷ്ണനും വില്ലേന്തിയ അര്‍ജുനനും ഒരുമിച്ചിരിക്കുന്നുവോ അവിടെയാണ് വിജയവും ഐശ്വര്യവും കീര്‍ത്തിയും എന്ന ഗീതാവാക്യത്തിന്റെ അര്‍ഥവും ഇതുതന്നെ.
എല്ലാവരെയും എല്ലാത്തിനെയും ഒരുപോലെ തഴുകിത്തലോടിയ ഒരു കുളിര്‍കാറ്റുപോലെ ആയിരുന്നു കൃഷ്ണന്റെ ജീവിതം. ഒരു മുറിയില്‍നിന്നു മറ്റൊരു മുറിയിലേക്കു പോകുന്ന ലാഘവത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതയാത്ര. തന്നോടു ബന്ധപ്പെട്ടവര്‍ക്കെല്ലാം സന്തോഷം വാരിവിതറി. തന്റെ കാലില്‍ അമ്പെയ്ത വേടനെപ്പോലും അനുഗ്രഹിച്ചിട്ടാണ് അവിടുന്ന് ശരീരം വെടിഞ്ഞത്. 
ജീവിതത്തോടുള്ള ആ പുണ്യപുരുഷന്റെ ആനന്ദകരമായ സമീപനവും, കര്‍മകുശലതയും എല്ലാവരുടെയും ഓര്‍മയില്‍ ഉണ്ടാകട്ടെ. ആ കാലടികളെ പിന്തുടരാനുള്ള ശക്തിയും വീര്യവും എല്ലാവരിലും നിറയട്ടെ.
മാതാ അമൃതാനന്ദമയി

No comments: