Tuesday, September 18, 2018

വേദ പരിചയം – ആമുഖം
പ്രസ്തുത പംക്തി തുടങ്ങുന്നതിനു മുന്‍പ് ആമുഖമായി ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ഇതില്‍ പറയുന്ന കാര്യങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്ന് സ്വീകരിചിട്ടുള്ളതും ആവശ്യാനുസരണം മുറിച്ചും മാറ്റിസ്ഥാപിച്ചും ഒക്കെ രൂപപ്പെടുത്തിയതാണ്.. ഇതിന്റെ പ്രസക്തി എന്ത് എന്ന് ഒരു ചോദ്യം ഉണ്ടാകാം. ശ്രീ ബാലക്ര്ഷ്ണന്‍ നായരുടെയും ലീലാദേവിയുടെയും OMC യുടെയും മാതൃഭൂമിയുടെ ചതുര്വേദസംഹിതയെയും ഒന്നും വിസ്മരിക്കുന്നില്ല. പക്ഷെ അവയെല്ലാം പണ്‍ഡിതന്മാരെയും വിദ്വാന്മാരെയും ലക്ഷ്യമാക്കി ഉള്ളതാണ്. ആയതിനാല്‍ അവ വലിയ ആകാരം ഉള്ളതാണ്. മഹദ് ഗ്രന്ഥങ്ങള്‍ എന്ന് നിസ്സംശയം പറയാം. പക്ഷെ എത്ര മലയാളികള്‍ അവ ക്ഷമയോടെ പൂര്‍ണ്ണമായി വായിച്ചിട്ടുണ്ട്? വളരെ ചുരുക്കം വ്യക്തികള്‍. മാത്രം . അത്ര ഗൌരവകരമായ വിഷയങ്ങള്‍ പൊതുവേ സാധാരണക്കാരായ മലയാളികള്‍ വിരസങ്ങള്‍ ആയി കാണുന്നു.
ഈ സാഹചര്യമാണ് ലളിതമായ ഭാഷയില്‍ ഓരോ വേദതെയും സാധാരണക്കാരന് പരിചയപ്പെടുത്തിയാല്‍ അവ വായിക്കുവാന്‍ താല്‍പ്പര്യം ഉണ്ടാകും എന്ന തോന്നല്‍ എന്നില്‍ ജനിപ്പിച്ചത്.. കണ്ടറിവ് ( ആചാരങ്ങളും ചടങ്ങുകളും ). കൊണ്ടറിവ് ( അനുഭവത്തില്‍ നിന്ന് ഉള്ള അറിവ് ) കേട്ടറിവ് ( പലരും പറഞ്ഞു കേട്ടിട്ടുള്ളവ ) നാട്ടറിവ് ( കിം വദന്തികളും ) പരന്ന വായനയിലൂടെ നേടിയ അറിവ് ഇവയെല്ലാം പ്രയോജനപ്പെടുത്തിയാണ് വളരെ ബുദ്ധിമുട്ടി ഈ പംക്തി തയ്യാര്‍ ആകുന്നതു. പക്ഷെ ഒരു ആധികാരികതയും പൂര്‍ണ്ണതയും ഞാന്‍ അവകാശപ്പെടുവാന്‍ എനിക്ക് അര്‍ഹത ഇല്ല. പ്രമാണമായി ഇവയൊന്നും കാണാന്‍ പാടില്ല. കേവലം വേദങ്ങള്‍ (ശ്രുതികള്‍, സ്മൃതികള്‍ ,ഉപനിഷത്തുകള്‍ ) ഇവ ഒന്ന് പരിചയപ്പെടുത്തുന്നു, അത്ര മാത്രം . പലകാര്യങ്ങളും ഇതില്‍ വിട്ടുപോയിട്ടുണ്ടാകും , പലതിലും എന്റെ കാഴ്ചപ്പാടില്‍ പിശകുകളും ഉണ്ടാകും. അവയെല്ലാം സജ്ജനങ്ങള്‍ ക്ഷമയോടെ വായിച്ചു അവരുടെ അഭിപ്രായങ്ങള്‍ കൂടി എഴുതിയാല്‍ പിന്നീട് വായിക്കുന്നവര്‍ക്ക് വളരെ പ്രയോജനകരം ആകും.
വേദ പരിചയം 1
വേദങ്ങള്‍ അഥവാ ശ്രുതികള്‍ എന്ന് അറിയപ്പെടുന്ന രചനകള്‍ പൊതുവേ അപൌരുഷേയങ്ങള്‍ എന്ന് പറയപ്പെടുന്നു. ഇവയുടെ കാലഗണന കൃത്യമായി ഇന്ന് വരെ നടന്നിട്ടില്ല. ക്രിസ്തുവിനു മുന്‍പ് 500 കാലഘട്ടം ബുദ്ധ മതത്തിന്റെ ആയിരുന്നു എന്ന് അറിയാം. സനാതന ധര്‍മം വേദാധിഷ്ടിതം ആയിരുന്നു എന്നും ആ ധര്മത്തിന്റെ പതനം ആസന്നമായപ്പോള്‍ ആണ് ബുദ്ധ മതം ഇവിടെ ഉണ്ടായതും പ്രചരിച്ചതും എന്നും സര്‍വ വിദിതം ആണല്ലോ. അതായത് ബൌധ കാലഘട്ടം ആകുന്നതിനു ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് ഇവിടെ സുവ്യവസ്ഥിതമായ ഒരു ധര്‍മ വ്യവസ്ഥ ഉണ്ടായിരുന്നു എന്നും അതിനു അംഗീകൃതമായ ഒരു നിയമ വ്യവസ്ഥ ഉണ്ടായിരുന്നു എന്നും ആണ് അനുമാനിക്കാന്‍ കഴിയുന്നത്‌. അത് എന്നുമുതല്‍ എന്ന് പറയാന്‍ ഇന്ന് തെളിവുകള്‍ ഇല്ല. ക്രിസ്തുവിനു പതിനായിരം വര്ഷം മുന്‍പ് മുതല്‍ രണ്ടായിരം വര്ഷം മുന്‍പ് വരെ ഉള്ള ഒരു കാലഘട്ടത്തില്‍ ആണ് അത് രൂപം കൊണ്ടത്‌ എന്ന് പറഞ്ഞാല്‍ അത് തെറ്റ് എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഒരു പക്ഷെ അതിനാല്‍ തന്നെ ആകണം രചിച്ചവര്‍ ആര് എന്ന് പോലും പറയാന്‍ കഴിയാത്തത്. അങ്ങനെ ഉള്ള അതി വിശാലമായ ആര്യാവര്‍ത്ഥത്തില്‍ അവിടവിടെയായി ചിന്നി ചിതറിക്കിടന്ന അറിവിന്റെയും നിരവിന്റെയും ആത്മ ജ്ഞാനത്തിന്റെയും തേജോ പൂര്‍ണ്ണമായ അമൃത ബിന്ദുക്കള്‍ ആണ് ഋചകള്‍ , ഋക്കുകള്‍ ,അര്‍ച്ചനാ സൂക്തങ്ങള്‍ എന്നൊക്കെ അറിയപ്പെടുന്ന വേദ ഭാഗങ്ങള്‍. ഇവയൊക്കെ ആര് എഴുതി എന്ന് പറയാന്‍ കഴിയില്ല അതിനാല്‍ ആണ് ഇവ എടുത്തു കാട്ടിയവരെ ദ്രഷ്ടാക്കള്‍ എന്ന് പറയുന്നത്. ചുരുക്കി പറഞ്ഞാല്‍ എന്ന് ആര് എഴുതി എന്ന് പറയാന്‍ കഴിയാത്ത വരികള്‍ ആണ് വേദങ്ങളില്‍ നിന്ന് ലഭ്യമാകുന്നത്.
ഇനി ഇവയുടെ അര്‍ഥ തലത്തെ പറ്റിയും കൂടി അല്പം പറയാം. ഒന്ന് ഇതിനു ശുദ്ധമായ ഒരു ഭൌതിക അടിത്തറ കല്‍പ്പിക്കാം. മറ്റൊന്ന് ഇവക്കു പൂര്‍ണ്ണമായും ആധ്യാത്മികമായ ഒരു വ്യാഖ്യാനം നല്‍കാം. അതായത് അര്ഥ വ്യാപ്തി വ്യാഖ്യാതാ സാപേക്ഷം ആണ് എന്ന് പറയാം. ഉപയോഗിച്ചിരിക്കുന്ന ഭാഷ സംസ്കൃതം ആകുന്നതിനു മുന്‍പുള്ള ആര്യഭാശാരൂപം ആണ്. വ്യാകരണ നിഷ്ടം എന്നൊന്നും പറയാന്‍ കഴിയാത്ത രൂപം. ഇതിനെ പറ്റി പില്‍ക്കാല ആചാര്യന്മാര്‍ ആയ യാസ്കനോ, പാണിനിയോ. പതഞ്ജലിയോ. കാത്യായനോ അന്നും പറഞ്ഞിരിക്കുന്നതില്‍ വലിയ കാര്യം ഇല്ല. ഭാഷയുടെ ഐക രൂപ്യം ഇല്ലാത്ത ഇടത്ത് വ്യാകരണ ത്തിനു എന്ത് പ്രസക്തി ?അതിനാല്‍ അവര്‍ പ്രസ്തുത ഭാഷയെ “ സന്ധ്യ “ ഭാഷ എന്ന് പറഞ്ഞു. സന്ധ്യക്ക്‌ ഒന്നും സ്പഷ്ടമായി കാണാന്‍ കഴിയില്ലല്ലോ. അതുപോലെ ഈ വരികളിലും സ്പഷ്ടമായ അര്‍ഥം കണ്ടെത്തുക ഒരു വലിയ പ്രയത്നം ആണ്. ആയതിനാല്‍ ഭാഷയുടെയോ വ്യാകരനതിന്റെയോ ഉരകല്ലില്‍ മാറ്റ് നോക്കി വിലയിരുത്തേണ്ട ഒന്നല്ല ശ്രുതികള്‍ .
ഇനി ഇവയെ വര്‍ഗീകരിച്ചിരിക്കുന്നതിനെ പറ്റി കൂടി അല്പം പറയാം. ആശയുടെ പല ഭാഗങ്ങളില്‍ നിന്നായി ലഭിച്ചവ അവയുടെ വിഷയം അടിസ്ഥാനമാക്കി നാളായി തിരിച്ചതാണ് വേദങ്ങള്‍. ഇത് ഇന്നോ ഇന്നലെയോ അല്ല ചെയ്യപ്പെട്ടത് . വ്യാസന്‍ ആണ് ഇത് ചെയ്തത് എന്നും അതിനാല്‍ ആണ് വേദവ്യാസന്‍ എന്ന് പേര് നല്‍കിയത് എന്നും ഒക്കെ കിം വദന്തികള്‍ ഉണ്ട്. അതിലെ ശരി – തെറ്റുകള്‍ ആര്‍ക്കും പറയാന്‍ കഴിയില്ല. ഇനി മറ്റൊരു കാര്യം : ഒരേ ഋച തന്നെ പല വേദങ്ങളിലും കാണാം .അവയുടെ വിപുലമായ കല്പിത അര്‍ഥം ആകാം കാരണം .
അങ്ങനെ നാലായി പകുത്തതാണ് ഋക്, യജുഃ സാമ അഥര്‍വ വേദങ്ങള്‍..
ഋക് ആണ് ഏറ്റവും പ്രാചീനം എന്ന് ഒരു പക്ഷം ഉണ്ട്. ഇതേ കാലപ്പഴക്കം തന്നെ അഥര്‍വത്തിനും ഉണ്ട് എന്ന് കൂട്ടര്‍ പറയുന്നു. ഇതൊന്നും നമുക്ക് ബാധകം അല്ല. സൌരാഷ്ട്ര മതത്തിന്റെ (പാഴ്സി) വേദ ഗ്രന്ഥമായ “സേന്ത് അവസ്ത “ യിലെ ഭാഷ, അതില്‍ പ്രയുക്തമായ വാക്കുകള്‍ ഇവ ഋഗ് വേദതിലെത് പോലെ ഏകദേശം ഉപമിക്കാം. ഈജിപ്തുകാര്‍ ഇതേ കാലപ്പഴക്കം അവകാശപ്പെടുന്ന പ്രാചീന ബാബിലോണിയന്‍ ഗ്രന്ഥമായ “ ഗില്‍ ഗമിഷ് “ ഇത്ര പഴക്കം ഉള്ളതല്ല എന്നാണു തെളിയിക്കപ്പെട്ടിരിക്കുന്നത്. ആകയാല്‍ മാനവരാശിയുടെ അത്യന്തം പ്രാചീന മായ സംസ്കാരനം ആണ് വേദങ്ങളില്‍ ലഭ്യമാകുന്നത് എന്ന് പറയാം. ഇവയെ പിന്‍ തുടര്‍ന്ന് ആരണ്യകങ്ങളും ബ്രാഹ്മണങ്ങളും,വേദന്തങ്ങള്‍ എന്ന് അറിയപ്പെടുന്ന ഉപനിഷത്തുകളും ജന്മം കൊണ്ടു.
വേദങ്ങള്‍ എല്ലാം അംഗീകരിക്കപ്പെട്ടിരുന്നില്ല . അഥര്‍വത്തെ പില്‍ക്കാലത്ത്‌ ആണ് വേദമായി ഗണിച്ചു തുടങ്ങിയത് .മൂന്നു വേദങ്ങള്‍ പിന്നീട് നാലായി പറഞ്ഞപ്പോള്‍ യജുര്‍ വേദത്തെ ശുക്ല യജുര്‍വേദം എന്നും കൃഷ്ണ യജുര്വേദമെന്നും വിളിച്ചു അപ്പോഴും അഥര്‍വം വേദമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിനു കാരണമായി പറഞ്ഞത് അതില്‍ ആഭിചാര ക്രിയകളും മന്ത്രങ്ങളും ഉണ്ട് എന്നത് ആയിരുന്നു .പക്ഷെ അതില്‍ നിന്ന് ആയുര്‍വേദം കണ്ടെത്തിയതോടെ അഥര്‍വത്തെയും വേദമായി അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി.
മുകളില്‍ ഞാന്‍ പറഞ്ഞതില്‍ പലകാര്യങ്ങളിലും വിയോജിപ്പുള്ളവര്‍ ഉണ്ടാകും. പക്ഷെ എന്റെ കാഴ്ചപ്പാട് അനുസരിച്ച് ഞാന്‍ പറഞ്ഞു എന്ന് മാത്രം ധരിക്കുക. ഈ വിഷയത്തില്‍ ഒരു അഭിപ്രായ സമന്വയത്തിന് സാധ്യതയും പ്രസക്തിയും ഇല്ല.
ചുരുങ്ങിയ വാക്കുകളില്‍ നാല് വേദങ്ങളെ പറ്റിയും പ്രധാനപ്പെട്ട ദശോപനിഷത്തുകളെയും പറ്റി ഒരു അവബോധം ഉണ്ടാക്കുക മാത്രമാണ് എന്റെ ഉദ്ദേശ്യം. ആയതിനു ആരംഭമായി ഇത്രയും പറഞ്ഞാല്‍ പല സ്ഥലങ്ങളിലും അല്പം ലാഭിക്കാന്‍ കഴിയും .ഇത് ഒരു പൂര്‍വ സൂചന മാത്രം. അടുത്തത് “ ഋഗ് വേദം “.(തുടരും )

No comments: