Tuesday, October 30, 2018

ഹിക്കാ ശ്വാസശ്ച കാസശ്ച
ശിരഃ കര്‍ണാക്ഷിവേദനാഃ
ഭവന്തി വിവിധാ രോഗാ:
പവനസ്യ പ്രകോപതഃ  (2-17)
അനേകം രോഗങ്ങള്‍ വായു കോപം കൊണ്ടുണ്ടാകും.ഇക്കിള്‍, ശ്വാസ രോഗം ( ആസ്ത്മാ ), കാസ രോഗം (ചുമ), തലവേദന, ചെവിവേദന, കണ്ണു വേദന എന്നിവ വരും. 
പ്രാണന്റെ താളം തെറ്റിയാലുള്ള കുഴപ്പങ്ങളാണ് പറഞ്ഞു വന്നത്. പ്രകൃതിയുടെ താളം പിഴപ്പിക്കരുത്. വളക്കാനേ പാടുള്ളൂ, ഒടിക്കരുത് എന്ന ചൊല്ല് ഓര്‍മ വേണമെന്നു താല്പര്യം.
ഇക്കാര്യം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ് അടുത്ത ശ്ലോകത്തില്‍.
യുക്തം യുക്തം ത്യജേദ് വായും
യുക്തം യുക്തം ച പൂരയേത്
യുക്തം യുക്തം ച ബന്ധീയാദ്
ഏവം സിദ്ധിമവാപ്‌നുയാത് (2-18)
രേചകവും പൂരകവും കുംഭകവും യുക്തമാവണം. അപ്പോള്‍ സിദ്ധി കൈവരും.
യുക്തമെന്ന വാക്ക് യോഗവുമായി ബന്ധപ്പെട്ടതാണ്.യോഗം ചെയ്തത്, യോജിച്ചത്, അനുയോജ്യമായത് ആണ് യുക്തം. യോഗാഭ്യാസത്തില്‍ വളരെ പ്രസക്തമായ വാക്കാണിത്. ആഹാരത്തിലും ആസനത്തിലും ക്രിയയിലും ശുദ്ധിയിലും ബന്ധത്തിലും കാലത്തിലും ദേശത്തിലും ക്രമത്തിലും ഒക്കെ അതീവ ശ്രദ്ധ വേണം.
യോഗ ശാസ്ത്രമായ ഭഗവദ് ഗീതയിലെ ഒരു ശ്ലോകം നോക്കുക
'യുക്താഹാര വിഹാരസ്യ
യുക്ത ചേഷ്ടസ്യ കര്‍മസു
യുക്ത സ്വപ്‌നാവബോധസ്യ
യോഗോ ഭവതി ദു:ഖഹാ ' 
ഭക്ഷണവും കളിയും ജോലിയും ഉറക്കവും ഉണരലും എല്ലാം യുക്തമാവണം. അവര്‍ക്ക് യോഗം ദുഃഖ നാശകമാവും.
നാഡീശുദ്ധി സിദ്ധമായവരുടെ ലക്ഷണമാണിനി പറയുന്നത്.
യദാ തു നാഡീശുദ്ധി: സ്യാത്
തഥാ ചിഹ്നാനി ബാഹ്യത: 
കായസ്യ കൃശതാ കാന്തി 
സ്തദാ ജായേത നിശ്ചിതം.(2-19)
നാഡികള്‍ ശുദ്ധമായാല്‍ അതിന്റെ ബാഹ്യ ലക്ഷണങ്ങള്‍ കാണാറാകും. ശരീരത്തിന്റെ വണ്ണം കുറയും, നല്ല നിറവും വരും.
യഥേഷ്ടം ധാരണം വായോ- 
രനലസ്യ പ്രദീപനം
നാദാഭിവ്യക്തിരാരോഗ്യം
ജായതേ നാഡിശോധനാത്.  (2-20)
നാഡീശോധന കൊണ്ട് ശ്വാസം കൂടുതല്‍ നേരം പിടിക്കാന്‍ കഴിയും. ദഹനശക്തി കൂടും. ശബ്ദം തെളിയും. രോഗങ്ങള്‍ അകലും.
നാഡീശോധന പ്രാണായാമത്തിന്റെ ഗുണദോഷങ്ങള്‍ ആണ് ചര്‍ച്ചാ വിഷയം. പ്രാണന്‍ സഞ്ചരിക്കുന്ന സൂക്ഷ്മ വാഹിനികളാണ് നാഡികള്‍. ബാഹ്യമായ വസ്തുക്കള്‍, അവയവങ്ങള്‍ ശുദ്ധീകരിക്കാന്‍ എളുപ്പമാണ്. അശുദ്ധി ശേഷിച്ചിട്ടുണ്ടെങ്കില്‍ പിന്നെയും ശുദ്ധിയാക്കാം. ശുദ്ധമായാല്‍ പിന്നീട് ശുദ്ധീകരണം മതിയാക്കാം. പക്ഷെ പ്രത്യക്ഷമല്ലാത്ത സൂക്ഷ്മ വസ്തുക്കളുടെ ശ്രദ്ധീകരണം ദുഷ്‌കരമാണ്. പക്ഷെ ഒഴിവാക്കാന്‍ പറ്റില്ല താനും.
വൈദ്യുത പ്രവാഹം, അതിനെ ഒഴുക്കി വിടുന്ന കമ്പിയുടെ പ്രവഹനശക്തിക്കനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. ബള്‍ബിന്റെ പ്രകാശവും അതിനനുസരിച്ചാവും. ദേഹത്തിലെ പ്രാണശക്തിയുടെ പ്രവാഹവും നാഡികളുടെ ശുദ്ധിക്കനുസരിച്ചാണ്, നിര്‍മലതയ്ക്കനുസരിച്ചാണ്. ശരീരത്തിന് കാന്തിയുണ്ടാകുന്നതങ്ങിനെയാണ്. വ്യക്തിയുടെ രൂപത്തിനു തന്നെ ഒരു ആകര്‍ഷണീയത വന്നു ചേരും. ദഹനശക്തി വര്‍ധിക്കും.കാരണം പചന രസങ്ങളൂറ്റുന്ന ഗ്രന്ഥികള്‍ ശക്തിപ്പെടും. എന്നാല്‍ ഭക്ഷണത്തിന്റെ അളവു കുറയും.
കുറച്ചു കഴിച്ചാലും നല്ലവണ്ണം ദഹിക്കുന്നതു കൊണ്ട് വേണ്ടത്ര പോഷണ ശക്തി ലഭിക്കും. മലമൂത്രവിസര്‍ജ്ജനത്തിലും ഇതു പ്രതിഫലിക്കും. വിയര്‍പ്പിന്റെ മണത്തില്‍ മാറ്റം വരും. ശ്വാസകോശത്തിലും ശ്വാസനാളത്തിലും മുക്കിലും ഒക്കെ ശുദ്ധീകരണം നടക്കുന്നുണ്ട്. നാഡികള്‍ ശുദ്ധമാവുമ്പോള്‍ സ്വാഭാവികമായും ശബ്ദം പുറപ്പെടുന്ന കണ്ഠചക്രം, വിശുദ്ധി ചക്രം ശുദ്ധമാകും. ശബ്ദം മനോഹരമാവാനിതു കാരണമാകും. ഉറക്കത്തിന്റെ ഗുണനിലവാരം കൂടും. ശരീരത്തിലെ അനാവശ്യമായ കൊഴുപ്പ് നശിക്കും. ശരീരം മെലിഞ്ഞ് സുന്ദരമാവും. ശ്വാസം പിടിച്ചു നിര്‍ത്താനുള്ള കഴിവു കിട്ടും. പാട്ടു പാടുന്നവര്‍ക്കെല്ലാം ഇതറിയാന്‍ കഴിയും.
ആസനങ്ങള്‍ ആദ്യത്തെ അധ്യായത്തില്‍ ചര്‍ച്ച ചെയ്തു. രണ്ടാമധ്യായത്തില്‍ 20 ശ്ലോകങ്ങള്‍ കൊണ്ട് പ്രാണായാമം ചര്‍ച്ച ചെയ്തു. ഹഠയോഗത്തില്‍ മൂന്നാമതു വരുന്നത് ക്രിയകളാണ്. ക്രിയകള്‍ ശുദ്ധിയാക്കാനുള്ള കര്‍മ്മങ്ങളാണ്. ചിലതൊക്കെ നാം നിത്യം രാവിലെ ചെയ്യുന്നതുമാണ്. അതാണ് അടുത്ത ശ്ലോകങ്ങളില്‍ വരുന്നത്. അത് അടുത്ത ലക്കത്തില്‍ കാണാം.
 kaithapram

No comments: