Tuesday, October 30, 2018

നിരുപാധികവും സോപാധികവും ആയ ബ്രഹ്മം ഒന്ന് തന്നെ

സ്വാമി അഭയാനന്ദ
Wednesday 31 October 2018 2:37 am IST
അഞ്ചാം അദ്ധ്യായം
ഒന്നാം ബ്രാഹ്മണം
ഓം പൂര്‍ണമദ: .... എന്ന ശാന്തി മന്ത്രത്തോടെയാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത്.
അത് (ബ്രഹ്മം) പൂര്‍ണമാണ് ഇത് (ജഗത്ത് ) എണ്ണമാണ്. പൂര്‍ണമായ ബ്രഹ്മത്തില്‍ നിന്ന് പൂര്‍ണമായ ജഗത്ത് പ്രകടമാകുന്നു. പൂര്‍ണമായ ജഗത്തിന്റെ എടുത്താലും പൂര്‍ണമായ ബ്രഹ്മം അവശേഷിക്കുന്നു.
ഓം ഖം ബ്രഹ്മ. ഖം പുരാണം; വായുരം ഖമിതി...........
 ഓം എന്നത് ആകാശമാകുന്ന ബ്രഹ്മമാണ്. ആകാശം സനാതനമായിട്ടുള്ളതാണ്. വായു നിറഞ്ഞ ആകാശമാണെന്ന് കൗരവ്യായണീ പുത്രന്‍ പറയുന്നു. ഇത് ബ്രഹ്മത്തെ സാക്ഷാത്കരിക്കുവാനുള്ള ഉപായമാണെന്ന് ബ്രാഹ്മണര്‍ അറിയുന്നു. ഇതു കൊണ്ട് അറിയേണ്ടതെല്ലാം അറിയുന്നു.
സോപാധികമായ ബ്രഹ്മ വിജ്ഞാനത്തെക്കുറിച്ചും അതിനെ നേടാനുള്ള ഉപാസനകളെക്കുറിച്ചും വിവരിക്കുകയാണ് ഖിലകാണ്ഡം എന്ന പേരുള്ള ഈ ഭാഗത്തില്‍.
നിരുപാധികവും സോപാധികവും ആയ ബ്രഹ്മം ഒന്ന് തന്നെയെന്ന് ആദ്യമേ പറയുന്നു.
 ശാന്തിമന്ത്രത്തിലെ അദ: എന്ന പദം നിരുപാധികമായ ബ്രഹ്മത്തെ പറയുന്നു. ഇദം എന്നത് നാമവും രൂപവുമായ ജഗത്തിനെ കാണിക്കുന്നു.ഇത് ബ്രഹ്മത്തിന്റെ സോപാധിക രൂപമാണ്.
ഉപാധികളോട് കൂടിയതും അല്ലാത്തതുമായ രണ്ടു ഭാവങ്ങളും ബ്രഹ്മം തന്നെയായതിനാല്‍ പൂര്‍ണമാണ്.
 പൂര്‍ണമായ ബ്രഹ്മം തന്നെയാണ് ഉപാധികളോടുകൂടി ജഗത്ത് ആയി പ്രകാശിക്കുന്നത്.
ജ്ഞാനം നേടുമ്പോള്‍ അറിവില്ലായ്മ മൂലമുണ്ടായിരുന്ന സകല ഉപാധികളും നീങ്ങി പൂര്‍ണമായ ബ്രഹ്മം മാത്രം അവശേഷിക്കും.
ഓം ഖം ബ്രഹ്മ എന്ന മന്ത്രം ധ്യാനത്തിന് ഉപയോഗിക്കുന്നതാണ്. ഖം എന്ന് വിശേഷിപ്പിച്ച ആകാശം നിരുപാധികവും സനാതനവുമായ പരമാത്മാവാണ്. പരമാത്മാ സ്വരൂപമായ ബ്രഹ്മത്തിനും ഓങ്കാരത്തിനും
അഭേദത്തെ പറഞ്ഞ് അതിനെ ധ്യാനിക്കാന്‍ പറയുന്നു.
ബ്രഹ്മത്തെ തന്നെയാണ് ഓങ്കാരമായി പറയുന്നത്. ബ്രഹ്മത്തിന്റെ പേരായും പ്രതീകമായും ഓങ്കാരത്തെ പറയുന്നു.
 കൗരവ്യായണിയുടെ മകന്റെ അഭിപ്രായപ്രകാരം  ഉപാധികളോട് ചേര്‍ന്ന ആകാശമാണ് ഖം എന്നത് .അതും ശരിയാണ്. പരബ്രഹ്മ മായും അപര ബ്രഹ്മ മായും ഖം എന്നതിനെ പറയാം. വേദം എന്നാല്‍ ബ്രഹ്മത്തെ അറിയാനുള്ള ഉപായമെന്നോ ബ്രഹ്മസ്വരൂപമായ ഓങ്കാരമെന്നോ അര്‍ഥമെടുക്കാം. ഇതിനാ
ല്‍ ബ്രഹ്മത്തെ എളുപ്പത്തില്‍ അറിയാന്‍ കഴിയും.
 രണ്ടാം ബ്രാഹ്മണം
ത്രയാ: പ്രാജാപത്യാ: പ്രജാപതൗ പിതരി ബ്രഹ്മചര്യ മൂഷു: ദേവാ മനുഷ്യാ അസുരാ: .......
പ്രജാപതിയുടെ മക്കളായ ദേവന്‍മാര്‍, മനുഷ്യര്‍, അസുരര്‍ എന്നീ മൂന്നു കൂട്ടരും അച്ഛനായ പ്രജാപതിയുടെ അടുത്ത് ബ്രഹ്മചാരിമാരായി താമസിച്ചു. ബ്രഹ്മചര്യ വാസം കഴിഞ്ഞപ്പോള്‍ ദേവന്‍മാര്‍ പ്രജാപതിയോട് അങ്ങ് ഞങ്ങളെ ഉപദേശിക്കണം എന്ന് ആവശ്യപ്പെട്ടു.
പ്രജാപതി അവര്‍ക്ക് 'ദ ' എന്ന ഒരു അക്ഷരത്തെ ഉപദേശിച്ചു. നിങ്ങള്‍ക്ക് മനസ്സിലായോ എന്ന് ചോദിച്ചു.
ദേവന്‍മാര്‍ പറഞ്ഞു - ഞങ്ങള്‍ക്ക് മനസ്സിലായി.ദമം പരിശീലിക്കുക എന്നാണ് ഞങ്ങളോട് പറഞ്ഞത്. അത് കേട്ട പ്രജാ പറഞ്ഞു ശരിയാണ് നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്.
 ആത്മജ്ഞാനത്തെ നേടാനായാണ് മൂന്ന് കൂട്ടരും പ്രജാപതിയുടെ കൂടെ ബ്രഹ്മചാരിമാരായി താമസിച്ചത്. ഇങ്ങനെ താമസിച്ച് യോഗ്യത നേടിയവര്‍ക്ക് മാത്രമേ ഗുരു ഉപദേശം നല്‍കാറുള്ളൂ.. പ്രജാപതി ദ എന്ന് മാത്രം പറഞ്ഞപ്പോള്‍ ദേവന്‍മാര്‍ ആ ഉപദേശത്തെ ദമം എന്നെടുത്തു. ഇന്ദ്രിയ നിഗ്രഹം ശീലിക്കുവാനാണ് തങ്ങളോട് പറഞ്ഞത് എന്ന് അവര്‍ കരുതി.ദമം ആത്മജ്ഞാന സാധനയുടെ ഭാഗമായി അനുഷ്ഠിക്കേണ്ടതാണ്.
അഥ ഹൈനം മനുഷ്യാ ഊചു ......... 
അതിന് ശേഷം മനുഷ്യര്‍ പ്രജാപതിയോട് ഉപദേശിച്ചു തരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അവര്‍ക്ക് 'ദ' എന്ന അക്ഷരത്തെ തന്നെ ഉപദേശിച്ചു. മനസ്സിലായോ എന്ന് ചോദിച്ചപ്പോള്‍ മനുഷ്യര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് മനസ്സിലായി, ദാനം പരിശീലിക്കുവാനാണ് ഞങ്ങളോട് പറഞ്ഞത്. ശരിയാണ്. നിങ്ങള്‍ക്ക് മനസ്സിലായെന്ന് പ്രജാപതി പറഞ്ഞു.
മറ്റാര്‍ക്കും ഒന്നും കൊടുക്കാതെ പിടിച്ചു വച്ചിരിക്കുന്ന മനുഷ്യരോട്  ദാനം പരിശീലിക്കണമെന്നാണ് പ്രജാപതി പറഞ്ഞതെന്ന് അവര്‍ക്ക് ബോധ്യമായി.ദാനവും സാധനയുടെ ഒരു ഭാഗമാണ്.
അഥ ഹൈനമസുരാ ഊചു.........
അതിനു ശേഷം അസുരന്‍മാര്‍ പ്രജാപതിയോട് ഉപദേശിച്ചു തരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അവര്‍ക്ക് 'ദ' എന്ന അക്ഷരത്തെ തന്നെ ഉപദേശിച്ചു. മനസ്സിലായോ എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി ദയയുള്ളവരാകണമെന്നാണ് ഞങ്ങളോട് പറഞ്ഞത്. 
ശരിയാണ് നിങ്ങള്‍ക്ക് മനസ്സിലായി എന്ന് പ്രജാപതി പറഞ്ഞു.
ഇതിനെയാണ് ദേവന്‍മാരുടെ വാക്കാകുന്ന മേഘ ഗര്‍ജനം' ദ ദ ദ' എന്നിങ്ങനെ പറയുന്നത്.
ദമം ശീലിക്കൂ.....ദാനം ' നല്‍കൂ.... ദയയുള്ളവരാകൂ എന്ന് പറയാന്‍ കാരണമിതാണ്. അതിനാല്‍ ഈ മൂന്നിനേയും അറിഞ്ഞ് ചെയ്യണം.
സ്വതവേ ക്രൂരസ്വഭാവമുള്ള അസുരന്‍മാര്‍ മറ്റുള്ളവരോട് ദയ കാട്ടണം എന്ന് അവര്‍ക്ക് ബോധ്യമായി. ദയയും സാധനയുടെ ഭാഗമാണ്.സാധകര്‍ ദമം, ദാനം, ദയ എന്നിവ അഭ്യസിക്കണം. ഇടിവെട്ടുമ്പോള്‍ കേള്‍ക്കുന്ന ദ ദ ദ ശബ്ദങ്ങള്‍ ഈ മൂന്നിനേയും ഓര്‍മ്മിപ്പിക്കും.
കാമത്തെ ജയിക്കാന്‍ ദമവും ക്രോധം വെടിയാന്‍ ദയയും ലോകത്തെ ത്യജിക്കാന്‍ ദാനവും സഹായിക്കും.ഇവിടെ പറഞ്ഞ മൂന്ന് കൂട്ടര്‍ മനുഷ്യരിലെ വിവിധ തരക്കാരെന്നും കരുതാം. ഇന്ദ്രിയനിഗ്രഹമില്ലാത്ത ദേവന്‍മാരെ പോലെയുള്ളവരും കാമനകളുള്ള മനുഷ്യരും മറ്റുള്ളവരെ ദ്രോഹിക്കുന്ന അസുരരെ പോലെയുള്ളവരുമായ മൂന്ന് തരക്കാര്‍. അതിനാല്‍ ദമം, ദാനം, ദയ എന്നിവ നാം തന്നെ നേടണം.

No comments: