Sunday, October 28, 2018

സൃഷ്ടിയിലെ വൈവിധ്യം

ഭാഗവതത്തിലൂടെ
Monday 29 October 2018 2:28 am IST
സസ്യങ്ങള്‍ പൊതുവേ ആഹാരം താഴെനിന്നും വലിച്ചെടുത്ത് മുകളിലേക്കു വ്യാപിക്കുന്നവയാണ്. ഇതാണ് സൃഷ്ടിയിലെ ഏഴാം വര്‍ഗം. എട്ടാം വര്‍ഗമായ തിര്യക്കുകളുടെ സര്‍ഗം കണക്കാക്കുമ്പോള്‍ അവ പ്രധാനമായും 28 വര്‍ഗങ്ങളാണുള്ളത്. തിര്യക്കുകള്‍ക്ക് വിശേഷബുദ്ധിയില്ല എന്ന വിശേഷമാണുള്ളത്. ഇവരുടെ ചിത്തം മാനുഷിക ചിത്തംപോലെ പൂര്‍വ-ഭാവി ചിന്തകളൊന്നും നിലനില്‍ക്കുന്നതല്ല. തിര്യക്കുകളില്‍ ഇരട്ടക്കുളമ്പുള്ളവ, ഒറ്റക്കുളമ്പുള്ളവ എന്നിത്യാദി വ്യത്യാസങ്ങളും ഉണ്ട്. നഖങ്ങളുടെ എണ്ണത്തിന് അനുസരിച്ച് വേറെയും ഘടനകള്‍ വിലയിരുത്താറുണ്ട്.
ജലചരങ്ങളായുള്ള കുറേ ജീവികളുണ്ട്, മത്സ്യങ്ങളും മറ്റും. ആകാശത്തില്‍ സഞ്ചരിക്കുന്ന കുറേ ജീവികളുണ്ട്, ഹംസം, ചക്രവാകം, കാക്ക, ഇത്യാദി.
ഒന്‍പതാമത്തേതാണ് മനുഷ്യവര്‍ഗ സൃഷ്ടി. ആഹാരം സ്വീകരിച്ച് മുകളില്‍ നിന്നും താഴേക്ക് അയച്ച് ശരീരത്തില്‍ വ്യാപിപ്പിക്കുന്നു.
ഇത്തരത്തില്‍ വിവിധ വിഭാഗങ്ങളിലായി അനേകം സൃഷ്ടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബ്രഹ്മദേവന്‍, ഭഗവാന്‍ നാരായണനെ ഉള്ളില്‍ സ്മരിച്ചുകൊണ്ട് ചില മാര്‍ഗങ്ങള്‍ ചിന്തിച്ചുറപ്പിച്ചു.
''കഥം സ്രക്ഷ്യാമ്യഹം ലോകാന്‍
സമവേതാന്യഥാപുരാ''
നേരത്തെ സൃഷ്ടിച്ചതില്‍ നിന്നു വ്യത്യസ്തമായി എങ്ങനെ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാകുമെന്ന് ബ്രഹ്മദേവന്‍ ആലോചിച്ചു.
ഇതിനായി ബ്രഹ്മന്‍ സ്വശരീരംവിട്ട് മറ്റൊരു ശരീരം സ്വീകരിച്ചു. നാലുദിശകളിലേക്ക് നോക്കി ചിന്ത തുടര്‍ന്നപ്പോള്‍ നാന്മുഖനായി. നാലുമുഖങ്ങളില്‍ നിന്നായി നാലുവേദങ്ങളുണ്ടായി. കിഴക്കേ മുഖത്തുനിന്നും ഋഗ്വേദവും തെക്കേ മുഖത്തുനിന്നും യജുര്‍വേദവും  പടിഞ്ഞാറേ മുഖത്തുനിന്നും സാമവേദവുമുണ്ടായി. വടക്കേ മുഖത്തുനിന്നുണ്ടായതാണ് അഥര്‍വവേദം.
ആയുര്‍വേദം ധനുര്‍വേദം
ഗാന്ധര്‍വം വേദമാത്മനഃ
സ്ഥാപത്യം ചാസൃജദ്വേദം
ക്രമാത് പൂര്‍വാദിഭിര്‍മുഖൈഃ
ആയുര്‍വേദം, ധനുര്‍വേദം, ഗാന്ധര്‍വം, തച്ചുശാസ്ത്രം എന്നിവയും ബ്രഹ്മദേവന്റെ നാന്മുഖങ്ങളില്‍നിന്നും ഉണ്ടായി. 
ഇതിഹാസപുരാണാനി
പഞ്ചമം വേദമീശ്വരഃ
അഞ്ചാമത്തെ വേദമായി ഇതിഹാസ പുരാണങ്ങളെ കണക്കാക്കുന്നു.
സനകാദികളേയും മരീച്യാദികളേയും തുടര്‍ന്ന് സ്വായംഭുവ മനുവിനേയും ശതരൂപയേയും ബ്രഹ്മാപ്തന്റെ ഹൃദയത്തില്‍നിന്നുള്ള സങ്കല്‍പ്പാനുസൃതം സൃഷ്ടിച്ചു.
തുടര്‍ന്ന് സ്വായംഭുവ മനു-ശതരൂപ ബന്ധത്തില്‍ മനുവിന് അഞ്ചു സന്താനങ്ങളുണ്ടായി. പ്രിയവ്രതന്‍, ഉത്താനപാദന്‍ എന്നീ രണ്ട് ആണ്‍മക്കളും ആകൂതി, ദേവഹൂതി, പ്രസൂതി എന്നീ പെണ്‍മക്കളും. ഇതില്‍ ദേവഹൂതിയെ കര്‍ദമ മഹര്‍ഷിക്കു കന്യാദാനം ചെയ്ത് അതിലുണ്ടായ കപിലമഹര്‍ഷിയാണ് ഷഡ്ദര്‍ശനങ്ങളിലെ സാംഖ്യ ദര്‍ശനം വിശദമാക്കി സാംഖ്യായനന്‍  എന്ന് പ്രസിദ്ധിയാര്‍ജിച്ചത്.
janmabhumi

No comments: