Sunday, October 28, 2018

അപൂർവ്വമായതിന് എന്നും ആവശ്യക്കാർ കൂടുതലും ആകും അതിന് മൂല്യവും കൂടും. അത് നമുക്ക്  പലകാര്യങ്ങളിലും വ്യക്തമാണ്. ഇന്നത്തെക്കാലത്ത് മറ്റുള്ളവരിൽ വ്യത്യസ്തമായത്  പ്രത്യേക തനിമയുളളത് തേടി നടക്കുന്നവർ ധാരാളം.  അതിനായി എത്ര രൂപ ചിലവാക്കാനും പലരും തയ്യാറാകും. പ്രത്യേകിച്ച് ഇന്നത്തെ ആഡംബര വിവാഹങ്ങളിലേയ്ക്ക് നോക്കിയാൽ വധുവും വരനും മാത്രമല്ല അതിൽ പങ്കെടുക്കുന്നവർ പോലും വ്യത്യസ്തയ്ക്കായി തേടി നടക്കുന്നത് കാണാം.  ആഭരണങ്ങളിൽ അപൂർവ്വമായ പാറ്റേൺ അണിഞ്ഞ് തിളങ്ങാൻ ആകും ചിലരുടെ ശ്രമം അതിനായി അവർ എത്ര രൂപ ചിലവാക്കാനും തയ്യാറാകും. അപ്പോൾ അങ്ങനെയുള്ള ഒരു വസ്തുവിന് വിലയും കൂടും. പുതിയവയോട് കണ്ടുമടുക്കാത്തവയോടുളള മോഹം. ആഗ്രഹം എന്നല്ല അതൊരു ആവേശമെന്ന് തന്നെ പറയാം. അതിനായി സമയവും ധനവും ചിലവഴിക്കും. തനതായിരിക്കണം മറ്റാർക്കും ഉണ്ടാകാത്തതാകണം അതിയായ ആകർഷണമുളളതാവണം ഇതൊക്കെയാണ് പലരുടെയും ആഗ്രഹം.


         ഗുരുജി പറയുമ്പോലെ കിണറ്റിൽ നിന്നും  വെള്ളം കോരിയെടുക്കാൻ കഴിയുമ്പോലെ സ്വർണ്ണം എടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അതിന് വിലയുണ്ടാകുമോ? അതുണ്ടാവില്ല.  അതുപോലെ വജ്രം കൊണ്ടുളള ആഭരണങ്ങൾ  അപൂർവ്വവും ആകർഷണീയവുമായതു കൊണ്ടാണ് അതിന്റെ മൂല്യവും ഇത്രത്തോളം വർദ്ധിച്ചത്. നീലകുറിഞ്ഞി പൂക്കുമ്പോൾ അത് കാണാനായീ ആളുകൾ പോകുന്നത് എന്തുകൊണ്ടാണ്. മുറ്റത്ത് നില്ക്കുന്ന മുല്ലയോ ചെമ്പരത്തിയോ പോലെ അതെന്നും പൂക്കാത്തതു കൊണ്ടാണ്.  പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം പൂക്കുകയുളളൂ എന്ന  അപൂർവ്വതയാണ് അത് കാണാനുളള ആകർഷണം. ഇതെല്ലാം ജഡവസ്തുക്കളുടെ കാര്യം.


           ഇനി നമുക്ക് നമ്മിലേയ്ക്ക് തന്നെ വരാം.  ഒരു വ്യക്തിയുടെ സ്വഭാവം എടുക്കൂ. എന്തിനും ഏതിനും വഴക്കിടുകയും കരയകയും ചെയ്യുന്ന ഒരാളിന്റെ വഴക്കിനെയോ കണ്ണുനീരിനെയോ നമ്മൾ കാര്യമായി എടുക്കുമോ ശ്രദ്ധിക്കുമോ? തീരെ ശ്രദ്ധിക്കില്ല കാരണം അത് നമ്മൾ  കണ്ടും കേട്ടും മടുത്തിട്ടുണ്ടാകും. എന്തിനും പരാതി പറയുന്ന ഒരാളുടെ പരാതികൾക്ക് നമ്മൾ ശ്രദ്ധ കൊടുക്കുമോ ? ഇല്ല എന്ത് ചെയ്താലും അവർ ഇങ്ങനെ തന്നെ എന്ന് കരുതി അവഗണിക്കും. എപ്പോഴും വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നവരടുത്ത് ചിലപ്പോൾ ഓടി ഒളിച്ചെന്നിരിക്കും. അതേ സമയം വഴക്കിടാത്ത ഒരു വ്യക്തി വഴക്കിടുമ്പോൾ, കരയാത്ത ഒരാൾ കരയുമ്പോൾ,  പരാതി പറയാത്ത ഒരാൾ ഒരു പരാതി പറയുമ്പോൾ അത് നമ്മൾ ശ്രദ്ധിക്കും. കാരണം അതിൽ എന്തോ ഒരു കാര്യമുണ്ട്. അവർ ഇങ്ങനെ പെരുമാറാറില്ല. ഇത് അപൂർവ്വമാണ്. അവരുടെ വാക്കുകൾ ശ്രദ്ധിക്കണം. അതിനെ പരിഹരിക്കണം എന്ന് തോന്നും. അതുപോലെ ചുമ്മാ വാ തോരാതെ പ്രസംഗിക്കന്ന ഒരു പ്രാസംഗിന്റെ വാക്കുകൾ ആരും ശ്രദ്ധിക്കില്ല. അതേ സമയം ഒരു യോഗിയുടെ വായിൽ നിന്നും വരുന്ന ഒന്നോ രണ്ടോ വാചകങ്ങൾ , ആ മൊഴിമുത്തുകൾ നമ്മൾ ശേഖരിക്കും. കാരണം അവയുടെ മൂല്യം അളക്കാനാകാത്തതാണ്. അതിനാൽ ജീവിതത്തിൽ പെരുമ്പറയാകാതെ അപൂർവ്വതയുളള വ്യക്തികളാകാൻ ശ്രമിക്കുക.


         ആത്മീയതയിൽ നോക്കിയാൽ,  ഈശ്വരൻ എന്നത് സദാ മുന്നിൽ കാണുന്ന ഒരു വ്യക്തിയായിരുന്നു എങ്കിൽ ഈശ്വരനേ തേടി, ആത്മാവിനെ തേടി, ഇതിന്റെയെല്ലാം രഹസ്യമെന്ത് എന്ന് അന്വേഷിച്ച് ആരെങ്കിലും പോകുമോ?  പെട്ടെന്ന് അറിയാൻ കഴിയാത്ത അപൂർവ്വതയായതു കൊണ്ടാണ് അത് തേടുന്നത്. അതിനായി എത്ര വേണമെങ്കിലും പരിശ്രമിക്കാൻ തയ്യാറാകുന്നത്. അളക്കാനാകാത്ത മൂല്യമാണ് ആ തേടലിന്, കണ്ടെത്തലിന്. പ്രപഞ്ചരഹസ്യം തേടുന്ന ശാസ്ത്രജ്ഞരും മൂല്യമളക്കാൻ കഴിയാത്ത ആ അപൂർവ്വതയെ തേടുന്നവരാണ്. നമുക്കും  ആ ആത്മാന്വേഷണപാതയിലൂടെ സഞ്ചരിക്കാം.
Dr.Rishisagar

No comments: