Friday, October 26, 2018

വാല്മീകി രാമായണം-3

കുറച്ച് വർഷങ്ങൾക്ക് മുൻമ്പ് യോഗി രാമസൂരത്കുമാർ എന്ന ഒരാൾ ഉണ്ടായിരുന്നു. ആരോ അദ്ദേഹത്തോട് വേദത്തെ കുറിച്ച് ചോദിച്ചു. അതിന് അദ്ദേഹം മറുപടി പറഞ്ഞു വേദം എവിടെയുണ്ടോ അവിടേയ്ക്കേ ഞങ്ങളെ പോലുള്ളവർക്ക് വരുവാൻ സാധിക്കുള്ളൂ. വേദങ്ങളാൽ തയ്യാറാക്കപ്പെട്ട ഒരു വയലുണ്ടെങ്കിൽ മാത്രമേ ജ്ഞാന നിഷ്ഠയോടെയും ഭക്തിയോടെയും ഇരിക്കുന്ന ഒരിടം ഞങ്ങൾ യോഗികൾക്ക് ഉണ്ടാവുകയുള്ളൂ.

വേദത്തെ പ്രമാണമാക്കി എന്നു പറയുമ്പോൾ നാട്യ ശാസ്ത്രത്തിൽ ഭരത മുനി പറയുന്നു അതിലുള്ള വിഷയം (subject) ഋക്ക് വേദത്തിൽ നിന്നും, സംഗീതം സാമ വേദത്തിൽ നിന്നും, മുദ്രകൾ യജുർ വേദത്തിൽ നിന്നും , അഥർവ്വ വേദത്തിൽ നിന്നും രസത്തെ എടുത്തിരിക്കുന്നു. അഥർവ്വ വേദത്തിൽ ബാഹ്യ വിഷയങ്ങൾ മാത്രമല്ല മുഖ്യമായ ഉപനിഷത്തുക്കൾ എല്ലാം തന്നെ ഉണ്ട്.

ഇങ്ങനെ എല്ലാത്തിലും പ്രമാണമായി വേദം സ്ഥിതി ചെയ്യുന്നു. എന്തുകൊണ്ട് വേദങ്ങൾ. ലോക കാര്യങ്ങൾ അറിയാൻ ശാസ്ത്രങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരു ജീവൻ സംസാരത്തിൽ നിന്ന് കരകയറാനുള്ള അതി ഗംഭീരമായ വിഷയത്തെ ഈശ്വരനാൽ വെളിപ്പെടുത്തിയിട്ടില്ലായിരുന്നെങ്കിൽ നമുക്കറിയാനേ സാധിക്കില്ലായിരുന്നു.

ബാഹ്യ വിഷയങ്ങളിൽ ഗവേഷണം നടത്താൻ നമുക്ക് ബുദ്ധിയുണ്ട്. ആപ്പിൾ താഴെ വീഴുന്നതും ആറ്റവും അങ്ങനെ സൂക്ഷ്മവും അതിസൂക്ഷ്മവും ആയ കാര്യങ്ങളും എല്ലാം ദൃശ്യ വസ്തു തന്നെയാണ്. സൂക്ഷ്മത്തിൽ സൂക്ഷ്മം അതിലും സൂക്ഷ്മമായി ഒന്നും ഇല്ലെങ്കിൽ അതിനർത്ഥം അതിനപ്പുറം നിങ്ങളും ഉണ്ടാകുകയില്ല എന്നാണ്. അണോഹോ അണീയാൻ. അതിനാൽ വേദവും ഉപനിഷത്തുക്കളും പറയുന്നു നീ കാണുന്നതിന് അപ്പുറം എന്തെന്ന് ചോദിച്ചാൽ നിനക്കറിയില്ല the unknowable. അതറിയാൻ എന്താണ് വഴി. ആരറിഞ്ഞിരിക്കുന്നുവോ അവരിൽ നിന്നറിഞ്ഞു കൊള്ളുക. കത്തുന്ന ഒരു വിളക്കിൽ നിന്ന് വിളക്ക് കത്തിച്ചോളൂ. അറിഞ്ഞവന്റെ ഹൃദയത്തിൽ നിന്നെന്ത് ഊറി വരുന്നോ അതാണ് നമുക്ക് ഗതിയായി മാറുന്നത്. അതു തന്നെയാണ് ഈശ്വരന്റെ വെളിപാടും.

ഒരു വ്യക്തി എന്ത് പറഞ്ഞാലും അതിൽ അയാളുടെ അഭിപ്രായങ്ങൾ ഇഷ്ടാനിഷ്ടങ്ങൾ വാസന ഒക്കെ കലർന്നിരിക്കും.നമ്മുടെ എല്ലാ അഭിപ്രായങ്ങളിലും നമ്മുടെ സംസ്കാരം അഭിമാനം കലർന്നിരിക്കും. അതിനാണ് പുരുഷ സമ്പർക്കം എന്നു പറയുന്നത്. നമ്മളിലെ വ്യക്തി അതിൽ ഒളിഞ്ഞിരിക്കുന്നു.

Nochurji 🙏🙏

No comments: