Wednesday, October 31, 2018

അഞ്ചു നിലവാരത്തിലൂടെയും ഉയരണമെന്നാഗ്രഹമുണ്ടെങ്കില്‍ അര്‍ത്ഥസന്ദേശങ്ങളറിഞ്ഞുകൊണ്ട് പുരാണങ്ങളിലെ കുറേകഥകളും മഹാഭാരതത്തിലെ അനുഭവങ്ങളും വാല്മീകി രാമായണത്തിലെ പ്രധാനപ്പെട്ട 20 ഓളം വ്യക്തികളുടെ ജീവചരിത്ര രൂപത്തിലുള്ള വിവരണങ്ങളും പഠിച്ചുയര്‍ന്ന്, അനേകായിരം ഋക്കുകളായി എഴുതി വേദവ്യാസനാല്‍ ക്രോഡീകരിക്കപ്പെട്ട വേദത്തെക്കുറിച്ചറിഞ്ഞ,് അതിലെ കുറേയെങ്കിലും വരികളുടെ അര്‍ഥസന്ദേശങ്ങളുള്‍ക്കൊണ്ട് ഉപനിഷത്തിന്റെ നിലവാരത്തിലേക്കുയരാന്‍ ശ്രമിക്കണം. ഇവിടെ സാധാരണക്കാര്‍ക്ക് എത്രത്തോളം എത്താന്‍ സാധിക്കുമോ അത്രയും ഉയരുക. ബാക്കിയുള്ള നിലവാരത്തെക്കുറിച്ച് ഒരേകദേശ ജ്ഞാനമുണ്ടാകുക. അതാണ് ജീവിതം ധന്യമാക്കാനുള്ള മാര്‍ഗം. അത് ഉജ്ജ്വലമാണ്, ധന്യമാണ്, ആനന്ദദായകമാണ്.
-ഈ ഗ്രന്ഥങ്ങളിലെല്ലാം പ്രത്യക്ഷമായും പരോക്ഷമായും നല്‍കിയിരിക്കുന്നത് ആചാരങ്ങളും വിചാരങ്ങളും വിശ്വാസങ്ങളും സങ്കല്‍പങ്ങളും ഉപഗ്രന്ഥങ്ങള്‍ക്കുള്ള വിഷയങ്ങളും കഥകളും അനുഭവങ്ങളും സന്ദേശങ്ങളും ജീവിതയാഥാര്‍ഥ്യങ്ങളുമാണ്. അവയെല്ലാം ഭിന്ന നിലവാരത്തിലുള്ളവര്‍ക്ക് അവരുടെ കവിവിനനുസരിച്ച് എടുക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ നമുക്കുണ്ട്. അതെഴുതിയത് ആയിരക്കണക്കിന് ഋഷിവര്യന്മാരാണ്. അതില്‍  ആയിരക്കണക്കിന് വര്‍ഷങ്ങളായി മാറ്റങ്ങള്‍ വരുത്തി നമ്മുടെ പൂര്‍വികര്‍ നവീകരിച്ചുകൊണ്ടേയിരുന്നു. ഇന്നും ഈ പ്രക്രിയ തുടരുന്നു. ഇത്രയും വിഷയങ്ങളുള്ളതില്‍ ആചാരങ്ങളെക്കുറിച്ചുള്ള ഒരു സംക്ഷിപ്തം കൂടി ഇവിടെ വിവരിക്കാം.
-നമ്മുടെ ആചാരങ്ങളില്‍ സ്വര്‍ഗത്തിലേക്ക് നേരിട്ടു പോകാനോ നരകത്തിലേക്ക് പോ
കാതിരിക്കാനോ പാപം ഇല്ലാതാക്കാനോ ബാങ്ക് ബാലന്‍സുണ്ടാക്കുന്നതുപോലെ പു
ണ്യം കെട്ടുകണക്കിന് ശേഖരിക്കാനോ ഉള്ള മാര്‍ഗമില്ല. ആചാരങ്ങളെല്ലാം മനുഷ്യ മനസ്സിന്റെയും ശരീരത്തിന്റെയും കുടുംബത്തിന്റെയും സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സര്‍വചരാചരങ്ങളുടെയും സ്ഥിരവും ശാശ്വതവുമായ നന്മയ്ക്കുതകുന്നതാണ്.
-അനുഗ്രഹിക്കുക, അഭിനന്ദിക്കുക, ആശിര്‍വദിക്കുക, പ്രോത്സാഹിപ്പിക്കുക, പ്രാ
ര്‍ഥിക്കുക, കഥകളും അനുഭവങ്ങളും സന്ദേശങ്ങളും ജീവിതയാഥാര്‍ഥ്യങ്ങളും പറഞ്ഞുകൊടുക്കുക. ഇപ്രകാരം മനുഷ്യമനസ്സിനെ തിന്മയില്‍നിന്ന് നന്മയിലേക്ക് കൊണ്ടുപോകാന്‍ ഏതെല്ലാം പൈതൃകനന്മകളുണ്ടോ അതെല്ലാം പ്രായോഗികതലത്തില്‍ കൊണ്ടുവരേണ്ടതാണ് ഈ മാര്‍ഗം. നാം സ്വയം ഇതു പ്രാവര്‍ത്തികമാക്കി നമ്മുടെ മക്കളിലേക്ക് പകര്‍ന്നുകൊടുക്കണം. അവരുടെ മനസ്സ് തിന്മയില്‍നിന്ന് നന്മയിലേക്കുയരണം. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കും, അശാന്തിയില്‍നിന്ന് ശാന്തിയിലേക്കും മാറണം. അതാണ് ചിന്തകളെയും കര്‍മത്തേയും കര്‍മഫലത്തെയും മാറ്റി ധന്യതയിലേക്ക് നയിക്കാനുള്ള മാര്‍ഗം. അതാണ് മാനസിക നന്മയ്ക്കുള്ള ആചാരങ്ങള്‍.
-ഇവിടെ പുരാണകഥകളും മഹാഭാരതത്തിലെ കഥകളും അനുഭവങ്ങളും രാമായണത്തിലെ അനുഭവങ്ങളും വേദങ്ങളിലെ സന്ദേശങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു. ജീവിതയാഥാര്‍ഥ്യങ്ങള്‍ വിവരിക്കുന്ന ഉപനിഷത്തുകളിലെ സന്ദേശങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. വെട്ടിപ്പിടിച്ചതും കെട്ടിപ്പടുത്തതും പറ്റിച്ചെടുത്തതും തട്ടിപ്പറിച്ചതുമൊന്നും തിരിച്ചുപോകുമ്പോള്‍ കൊണ്ടുപോകുന്നില്ലെന്ന്.
-ശരീരത്തിന് നന്മ വരുത്തുന്ന ആചാരങ്ങള്‍ ലളിതമായ ഭാഷയില്‍ എഴുതിയാല്‍ അനാരോഗ്യത്തില്‍നിന്ന് ആരോഗ്യത്തിലേക്കുള്ള പ്രയാണത്തിനുവേണ്ടിയുള്ളതാണ്. നമ്മുടെ ഭക്ഷണ വിഭവങ്ങള്‍ തന്നെയായിരുന്നു ഔഷധങ്ങളും, ഔഷധങ്ങള്‍ തന്നെയായിരുന്നു  ഭക്ഷണ വിഭവങ്ങളും. ജീവിതരീതിയായിരുന്നു വ്യായാമങ്ങളും വ്യായാമങ്ങള്‍ തന്നെയായിരുന്നു, ജീവിതരീതിയും. പ്രായോഗികമായ ആത്മീയതയുമെല്ലാം മനസ്സിനും ശരീരത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ളതായിരുന്നു.
-'ശരീരമാദ്യം ഖലു ധര്‍മ സാധനം' എന്ന സന്ദേശം ഈ ശരീരം ധാര്‍മികകാര്യങ്ങള്‍ക്കുവേണ്ടിയുള്ളതാണ് എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. 'ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതെ' ഈ ശരീരത്തെ പരിശുദ്ധിയോടെ ക്ഷേത്രവിഗ്രഹംപോലെ പരിലാളിക്കണം. ആ ശരീരത്തിന് ധന്യമായ ആഹാരവും വിഹാരവും വേണം. യോഗ, സൂര്യനമസ്‌കാരം, പ്രാണായാമം ഇവ ചേര്‍ത്ത് വ്യായാമവും വേണം.
-വടക്കോട്ടു തലവച്ചു കിടക്കരുത്, രാവിലെ നേരത്തെ ഉണരണം, കിടക്കയിലിരുന്ന് പ്രാര്‍ഥിക്കണം, ഭൂമി തൊട്ടു തലയില്‍ വെക്കണം. ശരീരം വൃത്തിയാക്കണം. 15 പ്രാവശ്യം ദീര്‍ഘശ്വാസം വിടണം, സൂര്യ നമസ്‌കാരം ചെയ്യണം, പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കാന്‍ പഠിക്കണം, പ്രായോഗിക ഏകാദശീ വ്രതം, തീര്‍ഥാടനം, ക്ഷേത്രദര്‍ശനം എല്ലാമെല്ലാം ശാരീരികനന്മക്കുള്ളതായ ആചാരങ്ങളാണ്. ഈ പട്ടിക ഇനിയും നിങ്ങള്‍ വര്‍ധിപ്പിക്കുക. മാനസിക നന്മയ്ക്കുള്ള ആചാരങ്ങളുടെ പട്ടികയും വര്‍ധിപ്പിക്കുക. ബുദ്ധിക്കും യുക്തിക്കും ശാസ്ത്രത്തിനും നിരക്കുന്ന വിധത്തില്‍ ചിന്തിച്ചിട്ടുവേണം ഈ ആചാരങ്ങളെ വിലയിരുത്തി വിവരിക്കേണ്ടത്. ഇവയെല്ലാം ശരീരത്തിലെ ഓരോ അവയവത്തിനും രക്തത്തിനും അസ്ഥിസന്ധികള്‍ക്കും എല്ലാം നല്‍കുന്ന വിവരണാതീതമായ നന്മകള്‍ ഒരു വൈദ്യശാസ്ത്രത്തിനും നല്‍കാനാകില്ലെന്നു കൂടി അറിയണം.
-കുടുംബബന്ധം ദൃഢമാക്കുന്ന ആചാരങ്ങള്‍ അനവധിയാണ്. രണ്ട് ഇതിഹാസങ്ങളിലും നമ്മുടെ സംസ്‌കാരത്തിലും കുടുംബബന്ധങ്ങളുടെ ഉജ്ജ്വലങ്ങളായ സന്ദേശങ്ങള്‍ നിറഞ്ഞിരിക്കുന്നു. രാമായണത്തില്‍ പോസിറ്റീവുകള്‍ക്കും നെഗറ്റീവുകള്‍ക്കും ഉദാഹരണങ്ങളുമുണ്ട്. അവയില്‍നിന്നാണ് നാം എടുക്കേണ്ടതെല്ലാം എടുക്കേണ്ടത്. ലോകത്തിലെ ഒരു രാഷ്ട്രത്തിലുള്ള ഗ്രന്ഥങ്ങളിലും കൗരവ-പാണ്ഡവ കുടുംബങ്ങളിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടേയും പിരിമുറുക്കങ്ങളുടേയും വിവരണങ്ങള്‍ മഹാഭാരതത്തിലുള്ളതുപോലെ നല്‍കിയിട്ടുണ്ടാവില്ല. അതെല്ലാം പ്രയോഗിക ആത്മീയ ഗ്രന്ഥങ്ങളാണ്. കുടുംബബന്ധങ്ങളുടെ മാറ്റുരയ്ക്കുന്ന അനുഭവങ്ങളുടെയും സന്ദേശങ്ങളുടെയും ചരിത്രത്തില്‍നിന്ന് പാഠം പഠിക്കണമെന്ന നിര്‍ദേശത്തോടെയാണ് നമ്മോട് അത് വായിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
-ദേവതാസങ്കല്‍പത്തിന്റെ കാര്യത്തില്‍, ഓരോ ആരാധനാക്രമവും മനുഷ്യമനസ്സിനെ ഈശ്വരനിലേക്കുയര്‍ത്തുകയാണ് ലക്ഷ്യം. ക്ഷേത്രാരാധനയിലാരംഭിച്ച് അത് കൈവല്യപദവിയിലെത്തുന്ന മനുഷ്യനിലവാരത്തിലവസാനിക്കുന്നു. (ഇവിടെയും) ഭാരതീയ ഈശ്വരസങ്കല്‍പത്തിന് അഞ്ചു നിലവാരങ്ങളുണ്ട്.
-സാധാരണക്കാരുടെ മനസ്സ്, ശരീരം, കുടുംബബന്ധങ്ങള്‍, സാംസ്‌കാരിക മൂല്യങ്ങള്‍, സാമൂഹ്യബന്ധങ്ങള്‍, രാഷ്ട്രപരമായ ഉത്ഗ്രഥന ചിന്താധാരകള്‍ ഇവയെല്ലാം ധന്യമാക്കുന്നതിനാണ് ക്ഷേത്രങ്ങള്‍ എന്നു സൂചിപ്പിച്ചു. ഇത് വ്യക്തിയുടെ ഉയര്‍ച്ചയ്ക്കുള്ളതാണെങ്കിലും സാമൂഹികമായ പന്ഥാവാണ്.
-സ്വയം ഒരു അവതാരമായി മാറലാണ് രണ്ടാമത്തെ നിലവാരം. ഇത് നമ്മിലുള്ള ആസൂരീകതയുടെ ഉന്മൂലനത്തിലൂടേയും മാനുഷിക ദൗര്‍ബല്യങ്ങളുടെ ഇല്ലായ്മയിലൂടെയും സാധിക്കണം. അപ്പോഴാണ് ഈശ്വരാംശം പ്രതിഫലിക്കുന്ന അവതാരമായി നാം 
ഉയരുന്നത്.
-മൂന്നാമത്തെ നിലവാരത്തിലേക്കുയരുന്നത് തന്നില്‍ തന്നെ സൃഷ്ടിസ്ഥിതി സംഹാരത്തിന്റെ ശക്തിയും (ത്രിമൂര്‍ത്തി സങ്കല്‍പം) ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തിയും (ത്രിശക്തി സങ്കല്‍പം) നിറഞ്ഞിരിക്കുന്നു എന്ന ബോധത്തോടെ ആരംഭിക്കുന്നു. ഇവിടെ എന്നിലും പ്രപഞ്ചത്തിലും ആ ശക്തികളുടെ മാനിഫസ്റ്റേഷനും മാനിപ്പുലേഷനുമാണെന്ന തിരിച്ചറിവാണ് നിലനില്‍ക്കുന്നത്.
-നാലാമത്തെ നിലവാരത്തിലുള്ള ആത്മീയതയിലെത്തുമ്പോള്‍ വേദങ്ങളുദ്‌ഘോഷിക്കുന്ന പ്രപഞ്ച പുരുഷ സങ്കല്‍പത്തിലും ഭഗവദ്ഗീതയിലെ വിശ്വരൂപ ദര്‍ശനയോഗത്തില്‍ വിവരിക്കുന്ന വിശ്വരൂപത്തില്‍ നാം സ്വയം എത്തിച്ചേരുന്നു. എന്നിലും പ്രപഞ്ചത്തിലുമുള്ളത് ഒരേ ചൈതന്യമാണെന്ന തിരിച്ചറിവ്.
-ഉപനിഷത്തുക്കള്‍ ഉദ്‌ഘോഷിക്കുന്ന ആത്മപരാത്മബന്ധമാണ് അഞ്ചാമത്തെ തലം. അത് കൈവല്യാവസ്ഥ. ആത്മാവും പരമാത്മാവും ഒന്നാണെന്ന് തിരിച്ചറിഞ്ഞനുഭവിക്കുന്ന അവസ്ഥയാണത്. ''നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്പന്ദമാകണം'' എന്നു വിവരിക്കുന്ന ജീവാത്മ-പരമാത്മ ചൈതന്യത്തിന്റെ ഏകഭാഗം. ജീവാത്മ-പരമാത്മ ചൈതന്യം എന്നുള്ളിലാകണം എന്നതുപോ
ലെയാണത്. കേവലം ഒന്നുമാത്രമെന്നു തിരിച്ചറിയാവുന്ന പദവിയിലെത്തുന്ന ഭഗവാന്‍ വ്യാസമഹര്‍ഷി, ഭഗവാന്‍ രമണ മഹര്‍ഷി, ഭഗവാന്‍ ശങ്കരാചാര്യര്‍ എന്നിവരുടെയെല്ലാം നിലവാരം! ഇത് അഞ്ചാമത്തെ അവസ്ഥയാണ്. ഗ്രന്ഥങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ഈശ്വരസങ്കല്‍പത്തെക്കുറിച്ചും വിവരിക്കുന്ന 15 കാര്യങ്ങള്‍ അറിയാനാകട്ടെ അതു ജീവിതത്തില്‍ പകര്‍ത്താനുമാകട്ടെ...
Dr. Gopalakrishnan

No comments: