1,സകലതും ഒരു മഹാകൃപ
കൃപാസാക്ഷാത്കാരം എന്നൊന്നുണ്ട്; ഇവിടത്തെ സകലതും ഒരു മഹാകൃപ എന്നറിയുന്ന അതിസുന്ദരാനുഭൂതി; അതിനെ നേരാംവണ്ണം അറിഞ്ഞുകഴിഞ്ഞാല്‍ ജീവിതദുഃഖവും ആ കൃപാഭാവം തന്നെ. ഇതറിയലാകുന്നു, അതുമായി അലിഞ്ഞുചേരലാകുന്നു ഏറ്റവും ധന്യമായ സാക്ഷാത്കാരം.
2.പത്താമൻ ആര്?
പത്തുപേർ ഒരു യാത്രപോകുന്നു; അവർക്ക് യാത്രക്കിടയിൽ ഒരു നദി കടക്കേണ്ടതുണ്ട്. അവർ നദി നീന്തി കുറുകെ കടന്നു. നീന്തി കരക്കെത്തിക്കഴിഞ്ഞപ്പോൾ ഒരു സംശയം, എല്ലാവരും നീന്തിയെത്തിയോ! ഒരാൾ എണ്ണാൻ തുടങ്ങി. ഒന്ന്...രണ്ട്, മൂന്ന്..... എണ്ണിക്കഴിഞ്ഞപ്പോൾ ഒമ്പതുപേരെയുള്ളൂ. രണ്ടാമനും എണ്ണിനോക്കി; അപ്പോഴും ഒമ്പതുപേർ മാത്രം. കരയ്ക്കുകയറിയ എല്ലാവരും എണ്ണിനോക്കിയപ്പോഴും ഒരാളുടെ കുറവ്. ആകെ വേവലാതിയായി, ബഹളമയമായി....തങ്ങളിലൊരുവൻ നഷ്ടമായിരിക്കുന്നു.
അവരങ്ങനെ ആകെ കരഞ്ഞുവിഷമിച്ചിരിക്കുമ്പോഴാണ് ഒരു വഴിപോക്കൻ ആ വഴിവന്നത്. അദ്ദേഹം കാര്യമെന്തെന്നു തിരക്കി.
"തങ്ങൾ പത്തുപേർ ഈ നദി കടന്നതാണ്; നദി കടക്കുന്ന സമയം അതിൽ ഒരാൾ നഷ്ടപ്പെട്ടു" - അത്യധികം വിഷമത്തോടെയാണ് അവരതു പറഞ്ഞത്.
അദ്ദേഹം അവരെ എണ്ണിനോക്കി; പത്തുപേർ ഇപ്പോഴുമുണ്ട്. ഒരാളോട് എണ്ണാൻ പറഞ്ഞു; അയാൾ എണ്ണിയപ്പോൾ വീണ്ടും ഒമ്പതു പേർ മാത്രം; കാരണം വളരെ വിചിത്രമായിരുന്നു; അയാൾ അയാളെയൊഴികെ ബാക്കി എല്ലാവരെയും എണ്ണി. മറ്റുള്ളവരോടും എണ്ണാനാവശ്യപ്പെട്ടു; അവരും എണ്ണിനോക്കി, അപ്പോഴും ഒമ്പതുപേർ മാത്രം. അവസാനം വഴിപോക്കൻ, ഒരു വടി വെട്ടിയെടുത്തു; ഒരാളെ ഒരടികൊടുത്തു, എന്നിട്ടു പറഞ്ഞു: ഒന്ന്...രണ്ടാമനും അടികൊടുത്തു, രണ്ട്... ഇങ്ങനെ എണ്ണിയെണ്ണി പത്താമനിട്ട് സാമാന്യം ഭേദപ്പെട്ട ഒരടികൊടുത്തു എണ്ണി "പത്ത്".
അപ്പോൾ അവർ പറഞ്ഞു; ഇദ്ദേഹം ഒരു മഹാ സിദ്ധൻ തന്നെ; നദിയിൽ നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ സുഹൃത്തിനെ വീണ്ടെടുത്തുതന്നിരിക്കുന്നു; അദ്ദേഹത്തെ നമുക്ക് വാഴ്ത്തിപ്പാടാം.
ഇവരെക്കുറിച്ച് എന്തുപറയാൻ! വഴിപോക്കൻ ഒന്നും പറയാതെ അവിടെനിന്നും നടന്നുപോയി.
നമ്മളൊക്കെ ചെയ്യുന്നത് ഇതുതന്നെ; തന്നെ അറിയാൻ ശ്രമിക്കുന്നില്ല, മറ്റു സംഗതികളെ അറിയാൻ ശ്രമിക്കുന്നു. ആധുനികശാസ്ത്രം ഒരുപാട് മുന്നോട്ടുപോയി; ആയിരക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള ആകാശഗോളങ്ങൾ കണ്ടുപിടിച്ചു; കണികാപരീക്ഷണം പോലുള്ള വലിയ വലിയ ഗവേഷണങ്ങൾ നടത്തി; എങ്കിലും ഇവയൊക്കെ പഠിക്കുന്ന ആളെ മാത്രം വ്യക്തമായി പഠിക്കാൻ മെനക്കെട്ടില്ല. എത്രയൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടും തികച്ചും അശാന്തരായി ജീവിക്കുന്നു.
ഇപ്പറഞ്ഞ കഥയിൽ നദി കടക്കുന്നതിനു മുമ്പും പത്തുപേർ ഉണ്ടായിരുന്നു; അതിനുശേഷവും പത്തുപേരുണ്ടായി. എന്നാൽ അവരിൽ കടന്നുവന്ന ഒരു തെറ്റിദ്ധാരണ (അജ്ഞാനം) അവരെ വൻ വിഷമത്തിലേക്കു തള്ളിവിട്ടു. ഒരാൾ ആത്മീയവിഷയത്തിലേക്കിറങ്ങിത്തിരിക്കുന്നതിനുമുമ്പും, അതേക്കുറിച്ചറിയാൻ ശ്രമിക്കുമ്പോഴും, ഒരുപക്ഷേ ഈശ്വരകൃപകൊണ്ട് അവസാനം അറിഞ്ഞുകഴിയുമ്പോഴും ഉള്ളത് എപ്പോഴുമുണ്ടായിരുന്നു; അതെവിടെയും ഒരുകാലത്തും നഷ്ടമായിട്ടില്ല. എന്നാൽ അതേക്കുറിച്ചുള്ള അജ്ഞാനം ഒന്നുമാത്രമാണ് ആദ്യം അതിനെ ഇല്ലെന്നുതോന്നിപ്പിച്ചത്.
ഉള്ളതിന് ഒരിക്കലും ഇല്ലാതാവാൻ കഴിയില്ല; ഇല്ലാത്തതിന് ഉള്ളതാവാനും കഴിയില്ല. എന്താണ് യഥാർത്ഥത്തിൽ "ഉള്ളത്" എന്നറിയൽ തന്നെയാണ് ആത്മവിചാരം. ഉള്ളതിനെ ഉള്ളപോലെ കാണുന്നതാണത്; അതിൽ ഒരുവിധ അത്ഭുതത്തിനും സ്ഥാനവുമില്ല.
മനുഷ്യന് എല്ലാവിധ സുഖസൗകര്യങ്ങളും ലഭിച്ചു, ലോകവും ബഹിരാകാശവുംപോലും അവന്റെ കാൽക്കീഴിലായി; എങ്കിലും അവനു അവനെ നഷ്ടപ്പെട്ടു. തന്നെ സ്വയം നഷ്ടപ്പെട്ടതിന്റെ വേദനയും അസഹിഷ്ണുതയും അതോടനുബന്ധിച്ചുള്ള അശാന്തിയുമാണ് ഇന്നു മനുഷ്യനെ കാർന്നുതിന്നുകൊണ്ടിരിക്കുന്നത്.
3.സ്വയം ഉദ്ദരിക്കപ്പെടട്ടെ.....
വ്യക്തി നന്നായാൽ കുടുംബം നന്നായി, കുടുംബം നന്നായാൽ സമൂഹം നന്നായി, സമൂഹം നന്നായാൽ ദേശം നന്നായി, ദേശം നന്നായാൽ രാജ്യം നന്നായി. രാജ്യം നന്നായാൽ ലോകവും നന്നായി!
അതേ, പരിവർത്തനം ഓരോ വ്യക്തിയിൽ നിന്നും ആരംഭിക്കേണ്ടിയിരിക്കുന്നു; "തനിക്കതു വേണം" എന്നു ഓരോ വ്യക്തിയും തീരുമാനിച്ചാൽ ഇവിടെ ഈ താമസിക്കുന്ന ഭൂമിതന്നെ സ്വർഗ്ഗമായിത്തീരും.
നിങ്ങൾ ഒരാളെയും നേരെയാക്കേണ്ടതില്ല, നിങ്ങൾ ലോകം നന്നാക്കാനും ഇറങ്ങേണ്ട; അതിന്റെ ഉത്തരവാദിത്തവും നിങ്ങൾക്കില്ല. നിങ്ങളുടെ ഉത്തരവാദിത്തം നിങ്ങളെത്തന്നെ നേരായ മാർഗ്ഗത്തിലേക്കു ചലിപ്പിക്കുകയെന്നതു മാത്രമാണ്. മറ്റുള്ളവരുടെ കാര്യം അവർ നോക്കിക്കൊള്ളും; അവരിലെ പ്രകൃതി നോക്കിക്കൊള്ളും. നിങ്ങൾ നിങ്ങളെ സ്വയം ഉദ്ധരിച്ചുകൊണ്ട് സ്വതന്ത്രനായി വർത്തിക്കുക; നിങ്ങളിലൂടെ ഈ ലോകത്ത് നടപ്പാക്കാനുണ്ടെങ്കിൽ അതും പ്രകൃതിതന്നെ നടത്തിക്കൊള്ളും; അക്കാര്യത്തിൽ നിങ്ങൾ പ്രത്യേകിച്ച് വ്യാപൃതനാവേണ്ട കാര്യമില്ല.
സ്വയം പാദരക്ഷയെടുത്തണിയൂ; എന്നിട്ടു കല്ലും മുള്ളും നിറഞ്ഞിരിക്കുന്നുവെന്നു നിങ്ങൾ പറയുന്ന വഴിയിലൂടെ നടക്കൂ; നിങ്ങൾക്ക് നിങ്ങളെ രക്ഷിക്കാം. ദേശം മുഴുവൻ പരവതാനി വിരിക്കാൻ നിങ്ങളെക്കൊണ്ടാവുകയില്ലല്ലോ. നിങ്ങൾക്കാവുന്നതു നിങ്ങൾ ചെയ്യുക; എന്നിട്ടു വെറുതെയിരിക്കുക.
4.സുദർശനം
ഭഗവാന്റെ ആയുധമാകുന്നു സുദർശനം; ഏറ്റവും ആവശ്യമെന്നു തോന്നുന്നപക്ഷം, ഭഗവാൻ അറ്റകൈയ്ക്കായി സുദർശനമുപയോഗിച്ച് തന്നെ എതിർക്കുന്നവരുടെ തലയറുത്തുമാറ്റുന്നു. അതോടെ അതിൽനിന്നും ഒരു ചേതന ഭഗവാനിലേക്കു ലയിക്കുന്നു.
മനസ്സ്, അഹങ്കാരം, വ്യക്തിത്വം ഇതൊക്കെത്തന്നെ തല. ഈ തലയെയാണ് ഭഗവാൻ അറുത്തുമാറ്റി ജീവനെ മുക്തനാക്കിത്തീർക്കുന്നത്. "സു"ദർശനമെന്നാൽ നല്ല ദർശനം, ശരിയായ ദർശനം എന്നർത്ഥം. അതുവരെയുണ്ടായിരുന്ന ജീവാഹന്തയെന്ന ജന്മജന്മാന്തരങ്ങളായുള്ള അജ്ഞാനം ഒരു സദ്ഗുരു കാണിച്ചുതരുന്ന, അന്തരാത്മാവായി വിളങ്ങുന്ന, ഭഗവാന്റെ ദർശനംകൊണ്ട് നീങ്ങിക്കിട്ടുന്നു. എത്ര ദുരാചാരിയായിക്കൊള്ളട്ടെ, എത്ര മഹാപാപിയായിക്കൊള്ളട്ടെ, ഈ ഒറ്റ ദർശനംകൊണ്ടുതന്നെ അയാളുടെ സകല പ്രാരാബ്ധങ്ങളും അവസാനിച്ചു. മനസ്സും അഹങ്കാരവും പ്രത്യേക വ്യക്തിത്വവുമൊക്കെയാകുന്ന "തല"യാണ് ഭഗവദ് ദർശനമെന്ന സുദർശനത്താൽ അറുത്തുമാറ്റപ്പെടുന്നത്.
ഓരോ നമസ്കാരവും ഈ തലയറുത്തുമാറ്റലാണ്; ഈശ്വരദർശനംകൊണ്ടാണ്, ഈശ്വരസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ് അഹങ്കാരത്തിന്റെ തലയറുത്തു മാറ്റപ്പെടുന്നത്. സദാ ഈശ്വരവിചാരത്തിൽ മുഴുകുന്ന ഒരാൾക്ക്, സദാ ഈശ്വരാശ്രയയായിരിക്കുന്ന ഒരാൾക്ക്, സദാ സുദർശനദർശനവുമുണ്ടാകും.
സ്വന്തം മനസ്സിനെ ഭഗവാനു കൊടുക്കുക; അതത്രേ ഏറ്റവും ശ്രേഷ്ഠമായ നമസ്കാരം. മനസ്സിനെ ഭഗവാനു കൊടുത്തിട്ടില്ലെങ്കിൽ ശരീരം വെട്ടിയിട്ട വാഴകണക്കെ വീണുകിടന്നാലും പ്രത്യേകിച്ചൊരു പ്രയോജനവുമുണ്ടാകാൻപോകുന്നില്ല.
No comments:
Post a Comment