Friday, October 26, 2018

അഥ ഹ യാജ്ഞവല്‍ക്യസ്യ ദ്വേ ഭാര്യേ ബഭൂവതു: മൈത്രേയീ കാത്യായനീ ചയാജ്ഞവല്‍ക്യന് മൈത്രേയി, കാത്യായനി എന്നീ രണ്ട് ഭാര്യമാരുണ്ടായിരുന്നു. മൈത്രേയി ബ്രഹ്മത്തെപ്പറ്റി സംസാരിക്കുന്നവള്‍ ആയിരുന്നു. കാത്യായനി സാധാരണ സ്ത്രീകളുടെ ബുദ്ധിയോട് കൂടിയവളായിരുന്നു.
ഒരു ദിവസം യാജ്ഞവല്‍ക്യന്‍ സന്ന്യസിക്കാനുള്ള തന്റെ തീരുമാനം ഭാര്യമാരെ അറിയിക്കാന്‍ തീരുമാനിച്ചു.
ബൃഹദാരണ്യകത്തിലെ തന്നെ രണ്ടാം അധ്യായത്തിലെ നാലാം ബ്രാഹ്മണത്തില്‍ കണ്ട മൈത്രേയീ യാജ്ഞവല്‍ ക്യ സംവാദം വീണ്ടും ഏകദേശം അതേപടി തന്നെ ആവര്‍ത്തിക്കുന്നതാണ് ഈ ബ്രാഹ്മണം.
പരമ പുരുഷാര്‍ഥമായ മോക്ഷത്തിന് സര്‍വ്വകര്‍മ സന്ന്യാസ ലക്ഷണമായ പാരിവ്രാജ്യമാണ് സാധനമായത് എന്ന് ഇവിടെ വിവരിക്കുന്നു.
 മൈത്രേയീതി ഹോവാച യാജ്ഞവല്‍ക്യ: ...........
മൈത്രേയീ ഞാന്‍ ഈ ഗൃഹസ്ഥാശ്രമത്തില്‍ നിന്ന് സന്ന്യാസാശ്രമത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ നിനക്ക് കാത്യായനിയുമായുള്ള ബന്ധത്തെ അവസാനിപ്പിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നതായി യാജ്ഞവല്‍ക്യന്‍ പറഞ്ഞു.
മൈത്രേയിക്ക് കാത്യായനിയോട് സപത്‌നീ ബന്ധമാണ് ഉള്ളത്. താന്‍ സന്ന്യസിച്ചാല്‍ പിന്നെ രണ്ടു പേര്‍ക്കും പിന്നെ ഭാര്യ സ്ഥാനം ഉണ്ടാകുകയില്ല എന്നാണ് യാജ്ഞവല്‍ക്യന്‍ ഉദ്ദേശിച്ചത്.
സാ ഹോവാച മൈത്രേയീ, യന്നു മ ഇയം ഭഗോ: സര്‍വ്വാ...............
ഭഗവാനേ, സമ്പത്ത് നിറഞ്ഞ ഭൂമി മുഴുവന്‍ എന്റെതായാല്‍ ഞാന്‍ അമൃതസ്വരൂപയായിത്തീരുമോ? ഇല്ലയോ? എന്ന് മൈത്രേയി യാജ്ഞവല്‍ക്യനോട് ചോദിച്ചു. 
ഇല്ല. സുഖ സാമഗ്രികളെല്ലാം ഉള്ളവരുടെ ജീവിതം എങ്ങനെയാകുമോ അതുപോലെയാകും നിന്റെ ജീവിതവും.ധനം കൊണ്ട് അമൃതത്വമുണ്ടാകുന്ന് ആശിക്കുവാന്‍ പോലും വഴിയില്ല എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.
 സാ ഹോവാച മൈത്രേയി, യേനാഹം നാമൃതാ ...........
ഏതുകൊണ്ട് ഞാന്‍ അമൃതയായിത്തീരുകയില്ലയോ അതു കൊണ്ട് ഞാന്‍ എന്തു ചെയ്യാനാണ്? അമൃതത്വത്തെ നേടുന്നതിനായി അങ്ങ് എന്തിനെയാണോ അറിയുന്നത് അത് എനിക്ക് പറഞ്ഞു തരൂ... എന്ന് മൈത്രേയി ആവശ്യപ്പെട്ടു.
സ ഹോ വാച യാജ്ഞവല്‍ക്യ: പ്രിയാ വൈ.........
ഭവതി എപ്പോഴും എനിക്ക് ഇഷ്ടപ്പെട്ടവളാണ്. ഇങ്ങനെ ചോദിച്ചത് ഇഷ്ടഞ്ഞെ വര്‍ധിപ്പിച്ചു. നീ ആഗ്രഹിക്കുന്നതു പോലെ ഞാന്‍ പറഞ്ഞു തരാം. നല്ല പോലെ ശ്രദ്ധിച്ച് കേള്‍ക്കൂ....... എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.
 സ ഹോവാച, ന വാ അരേ പത്യു: കാമായ പതി: പ്രിയോ ഭവതി............
ഭര്‍ത്താവിന് വേണ്ടിയല്ല ഭര്‍ത്താവ് പ്രിയനായിരിക്കുന്നത്, ആത്മാവിന് വേണ്ടിയാണ് ഭര്‍ത്താവ് പ്രിയനായിരിക്കുന്നത്. ഭാര്യ, ഭാര്യക്ക് വേണ്ടിയല്ല പ്രിയമായിരിക്കുന്നത്; ആത്മാവിന് വേണ്ടിയാണ്. ഇത് പോലെ ധനം, പശുക്കള്‍, ബ്രാഹ്മണന്‍, ക്ഷത്രിയന്‍, ലോകങ്ങള്‍, ദേവന്‍മാര്‍, വേദങ്ങള്‍, ഭൂതങ്ങള്‍ തുടങ്ങിയവയൊന്നും അവയ്ക്ക് വേണ്ടിയല്ല പ്രിയമായിരിക്കുന്നത്. ആത്മാവിന് വേണ്ടിയാണ് എല്ലാം പ്രിയമായിരിക്കുന്നത് എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. മൈത്രേയി ആത്മാവാണ് തീര്‍ച്ചയായും സാക്ഷാത്കരിക്കപ്പെടേണ്ടത്. ആത്മാവിനെപ്പറ്റി തന്നെയാണ് ശ്രവണവും മനനവും നിദിധ്യാസനവും ചെയ്യേണ്ടത്. ആത്മാവിനെ ദര്‍ശിക്കുകയും കേള്‍ക്കുകയും മനനം ചെയ്യുകയും അറിയുകയും ചെയ്താല്‍ ഇതെല്ലാം അറിഞ്ഞതായിത്തീരും.

സ്വാമി അഭയാനന്ദ
ചിന്മയമിഷന്‍ തിരുവനന്തപുരം
ഉപനിഷത്തിലൂടെ -295 

No comments: