Tuesday, October 30, 2018

വൃത്തത്തിലെ ശൂന്യത
************************
ഒരു സാധകൻ ഉണ്ടാകുന്നത് സാധനാഗുരു നിലനിൽക്കുമ്പോഴാണ്. സാധനാഗുരു നൽകുന്ന ആത്മീയ ഭക്ഷണം കഴിച്ചാണ് ഒരുവനിലെ സാധകൻ വളർന്നു വരുന്നത്. അതായത് ഒരാൾ സാധന ചെയ്തു തുടങ്ങുമ്പോൾ അയാളും അയാളിലെ സാധകനും എന്ന രണ്ടു ഭാവം അവനിൽ ഉണ്ടാവും. അതുകൊണ്ടാണ് അവന് താനും ഗുരുവും രണ്ടാണ് എന്ന ഭാവം ഉണ്ടാകുന്നത്. എത്രത്തോളം താനും തന്നിലെ സാധകനും ഒന്നായി മാറുന്നുവോ അത്രത്തോളം അവനും അതായത് സാധകനും ഗുരുവും ഒന്നായി മാറിക്കൊണ്ടിരിക്കും. ഒരാൾ സാധന ചെയ്യുന്നത് തന്നിലെ സാധകനെ ഉയർത്തിക്കൊണ്ടുവരാനാണ്. അതിന് അവൻ ആശ്രയിക്കുന്നത് ബാഹ്യഗുരുവിനെയാണ്. അതായത് തന്റെ ഉള്ളിലെ സാധകൻ വളരാൻ ബാഹ്യഗുരു അനിവാര്യമാണ് എന്നർത്ഥം. ചുരുക്കത്തിൽ ഒരുവന്റെ ഉള്ളിലെ സാധകനാണ് ബാഹ്യഗുരുവുമായുള്ള ബന്ധം ഉള്ളത് എന്ന് സാരം. ആരാണോ തന്നിലെ സാധകനെ കൂടുതൽ കൂടുതൽ ഉണർത്തിക്കൊണ്ടു വരുന്നത്, അവന് ഗുരു വീണ്ടും രണ്ടായി അനുഭവപ്പെടും. ബാഹ്യ ഗുരുവും ആന്തരിക ഗുരുവും. താനും തന്നിലെ സാധകനും എന്ന ദ്വൈതം ആണ് ബാഹ്യഗുരുവും ആന്തരിക ഗുരുവും എന്ന അവസ്ഥ സൃഷ്ടിച്ചത്. ഈ അവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം അങ്ങനെ ഉള്ള അനുഭവങ്ങളും സാധന ചെയ്യുന്നവന് ഉണ്ടാകാം.
ഓർക്കുക ഒരുവൻ തന്നിലെ സാധകനെ തിരിച്ചറിയുമ്പോൾ മാത്രമേ ബാഹ്യഗുരു അവനിൽ ഗുണകരമായി ഭവിക്കുകയുള്ളൂ. ഇനി അവൻ അവനിലെ സാധകനെ പൂർണ്ണമായി ഉൾക്കൊള്ളുമ്പോൾ മാത്രമേ ആന്തരിക ഗുരുവുമായി ബന്ധം പുലർത്താൻ സാധിക്കുകയുള്ളൂ. ബാഹ്യഗുരുവും ആന്തരികഗുരുവും സാധകനെ എങ്ങനെ സ്വധീനിക്കുന്നു എന്നു ചോദിച്ചാൽ, ഒരു സാധകനെ പുറത്ത് നിന്നും അകത്തേയ്ക്ക് കൊണ്ടു പോകുന്നത് ബാഹ്യഗുരുവും അകത്ത് നിന്നും ഉള്ളിലേയ്ക്ക് നയിക്കുന്നത് ആന്തരികഗുരുവുമാണ്. അങ്ങനെ സാധകൻ ആന്തരികഗുരുവിന്റെ ഉപദേശം സ്വീകരിച്ചു തുടങ്ങിയാൽ ആന്തരിക ഗുരു പഠിപ്പിക്കും ശിഷ്യനും ഗുരുവും നിലനിൽക്കുന്നില്ല എന്ന മഹത്തായ ആത്മജ്ഞാനം. ആ ജ്ഞാനത്തിന് നിശബ്ദതയുടെ ശ്രുതി നമ്മളിൽ ഉണ്ടാകേണ്ടതാണ്.
അവധൂത് ഗുരുപ്രസാദ്

No comments: