Friday, October 26, 2018

''ഈ ജന്മത്തില്‍ ഞാന്‍ അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷെ എനിക്കു മാത്രം എന്തുകൊണ്ടാണ് ഇത്ര കഷ്ടപ്പാട്?'' എന്ന് പലരും ചോദിക്കാറുണ്ട്. അത്തരം കഷ്ടപ്പാടുകള്‍ക്കു കാരണം നമ്മുടെ തന്നെ മുജ്ജന്മകര്‍മമായിരിക്കാം.  മക്കള്‍ തളരരുത്, പ്രയത്‌നം തുടരണം, മുന്നോട്ട് നീങ്ങണം. 
നമ്മള്‍ ജീവിതത്തില്‍ അനുഭവിക്കുന്ന സുഖദുഃഖങ്ങളെല്ലാം നമ്മുടെ തന്നെ പൂ
ര്‍വകര്‍മങ്ങളുടെ ഫലമാണ്. അവ ഒന്നുകില്‍ ഈ ജന്മത്തില്‍ ചെയ്തതായിരിക്കും അല്ലെങ്കില്‍ മുജ്ജന്മങ്ങളില്‍ എപ്പോഴെങ്കിലും ചെയ്തതായിരിക്കും. അത്തരം കര്‍മങ്ങളുടെ നല്ലതും ചീത്തയുമായ ഫലങ്ങള്‍  നമ്മള്‍ അനുഭവിച്ചു തുടങ്ങുമ്പോള്‍ അതിനെ പ്രാരബ്ധമെന്നു വിളിക്കും. ചില പ്രാരബ്ധങ്ങള്‍ ദുഃഖാനുഭവങ്ങള്‍ തരുന്നവയായിരിക്കും. ചിലവയാകട്ടെ സുഖാനുഭവങ്ങള്‍ തരുന്നവയും. ശരിയായ പ്രയത്‌നവും  മനോഭാവവും കൊണ്ട് ദുഃഖപ്രാരബ്ധങ്ങളെ ലഘൂകരിക്കാന്‍ കഴിയും. അതുപോലെതന്നെ തെറ്റായ കര്‍മംകൊണ്ടും മനോഭാവംകൊണ്ടും സുഖപ്രാരബ്ധങ്ങളുടെ പൂര്‍ണ്ണമായ പ്രയോജനം കിട്ടാതെ പോകുകയും ചെയ്യും.
പ്രാരബ്ധം മൂന്നുതരത്തിലുണ്ട്. ഒന്നാമത്തേത് നല്ലൊരളവോളം മാറ്റാന്‍ കഴിയുന്നവയാണ്. മരുന്നുകൊണ്ടുതന്നെ മാറ്റാന്‍ കഴിയുന്ന രോഗങ്ങളെപ്പോലെയാണ് അവ. എന്നാല്‍ രണ്ടാമത്തെ തരത്തിലുള്ള പ്രാരബ്ധം കുറെക്കൂടി കാഠിന്യമുള്ളതാണ്. അവ ഓപ്പറേഷന്‍കൊണ്ടുമാത്രം മാറ്റാന്‍ കഴിയുന്ന രോഗങ്ങളെപ്പോലെയാണ്. ദാനധര്‍മങ്ങള്‍, പരോപകാരാര്‍ത്ഥമായ സത്കര്‍മ്മങ്ങള്‍, ഈശ്വരോപാസന തുടങ്ങിയവകൊണ്ട് അത്തരം പ്രാരബ്ധങ്ങളെയും വലിയൊരളവോളം മാറ്റാന്‍ കഴിയും. എന്നാല്‍ മൂന്നാമത്തെ തരം പ്രാരബ്ധം ഇതിലും കഠിനമാണ്. അത്തരം പ്രാരബ്ധം അനുഭവിച്ചു തീര്‍ക്കുകയല്ലാതെ വേറെ മാര്‍ഗമില്ല. ഓപ്പറേഷന്‍ ചെയ്താല്‍പ്പോലും തിരിച്ചുവരുന്ന രോഗത്തെപ്പോലെയാണവ. ഉദാഹരണത്തിന് മൂന്നാം സ്‌റ്റേജിലുള്ള കാന്‍സര്‍, ഓപ്പറേഷന്‍ ചെയ്താലും വീണ്ടും വരും. അതു നാം അനുഭവിക്കുകതന്നെ വേണം. 
പ്രാരബ്ധത്തെ പഴിപറഞ്ഞിരുന്നിട്ടു കാര്യമില്ല. ശരിയായ കാഴ്ചപ്പാടും സമര്‍പ്പണവും കൊണ്ട് അതിനെ നമുക്കു അതിജീവിക്കാം. തീര്‍ച്ചയായും പ്രയത്‌നം കൊണ്ടും ധ്യാനജപാ
ദി സാധനകള്‍ കൊണ്ടും പ്രാരബ്ധത്തിനു വ്യത്യാസം വരുത്തുവാന്‍ സാധിക്കും. എന്നാല്‍ നൂറുശതമാനവും മാറ്റാമെന്നു പറയാനാവില്ല. കാരണം ഒരാള്‍ ചെയ്ത കര്‍മത്തിന്റെ ഫലം കുറച്ചെങ്കിലും അയാള്‍ അനുഭവിക്കണമെന്നത് പ്രകൃതി നിയമമാണ്. 
ഒരിക്കല്‍ ഘോരവനത്തിലൂടെ പോ
കുകയായിരുന്ന ഒരു യാത്രക്കാരനെ ഒരുകൂട്ടം കൊള്ളക്കാര്‍ തടഞ്ഞുനിര്‍ത്തി കൈയിലുള്ള പണമെല്ലാം അപഹരിച്ചശേഷം അയാളുടെ കൈയും കാലും ഒരു കയര്‍കൊണ്ടു ബന്ധിച്ച് ഒരു പൊ
ട്ടക്കിണറ്റില്‍ തള്ളി. നിസ്സഹായനായ യാത്രക്കാരന്‍ 'എന്നെ രക്ഷിക്കണേ' എന്ന് ഉച്ചത്തില്‍ നിലവിളിച്ചു. നിലവിളികേട്ട് മറ്റൊരു യാത്രക്കാരന്‍ അവിടെയെത്തി. ഒരു കയര്‍ കിണറ്റിലേക്കെറിഞ്ഞ് അയാളെ കിണറ്റില്‍നിന്നും രക്ഷിച്ചു. ഈ യാത്രക്കാരനെ ബന്ധിച്ചതും മോചിപ്പിച്ചതും കയര്‍കൊണ്ടു തന്നെയാണ്. ഈ കയര്‍ പോലെയാണ് കര്‍മവും. സ്വാര്‍ത്ഥകര്‍മങ്ങള്‍ ബന്ധനത്തിനും, നിസ്വാര്‍ത്ഥവും ഈശ്വരാര്‍പ്പിതവുമായ കര്‍മ്മങ്ങള്‍ മോക്ഷത്തിനും കാരണമായിത്തീരുന്നു. 
പ്രയത്‌നിക്കുമ്പോള്‍ നമ്മള്‍ ഒരിക്കലും ശുഭാപ്തിവിശ്വാസം കളയാന്‍ പാടില്ല. കാരണം, ഉടനെ കിട്ടുന്ന ഫലവുമുണ്ട്, വൈകിവരുന്ന ഫലവുമുണ്ട്.  ശരിയായ പ്രയത്‌നം ഇന്നല്ലെങ്കില്‍ നാളെ നല്ല ഫലം തരികതന്നെ ചെയ്യും. കഴിഞ്ഞ ജന്മം ഞാന്‍ പാ
പം ചെയ്തു എന്നു ചിന്തിച്ചു വിഷമിക്കുകയല്ല വേണ്ടത്. കഴിഞ്ഞത് ക്യാന്‍സലായ ചെക്കാണ്. കഴിഞ്ഞകാലം തിരിയെ വരുകയില്ല. അതില്‍ മാറ്റം വരുത്താനാവില്ല. നാളെ ഇന്നാകില്ല. നമുക്കുള്ളത് ഈ നിമിഷം മാത്രമാണ്. ഈ നിമിഷത്തെ നമ്മള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തണം. ഉപ്പുവെള്ളത്തില്‍ നല്ല വെള്ളമൊഴിച്ച് ഉപ്പിന്റെ കാഠിന്യം കുറയ്ക്കുന്നതുപോലെ നമ്മള്‍ പരമാത്മാവില്‍ അര്‍പ്പിച്ചുകൊണ്ടു അവിടുത്തെ സ്മരണയോടെ സത്കര്‍മങ്ങള്‍ ചെയ്യണം. അതുവഴി ദുഃഖാനുഭവങ്ങളുടെ കാഠിന്യം കുറഞ്ഞു, ജീവിതത്തില്‍ മുന്നോട്ടു നീങ്ങാന്‍ സാധിക്കും. 
ചിലര്‍ എല്ലാം വിധിയാണെന്നു പറയാറുണ്ട്. ജീവിതത്തില്‍ ചില കാര്യങ്ങള്‍ വിധിയെന്നു അംഗീകരിക്കേണ്ടതുണ്ട്. എന്നാല്‍ ചിലതു പ്രയത്‌നം കൊണ്ടു മാറ്റാന്‍ കഴിയുന്നവയുമാണ്.  ഉദാഹരണത്തിന്, പ്രായപൂ
ര്‍ത്തിയായ ഒരാളുടെ ഉയരം അഞ്ചടിയേയുള്ളൂ എന്നു കരുതുക. ഉയരം ആറടിയാക്കാന്‍ അയാള്‍ എന്തൊക്കെ ചെയ്താലും പ്രയോജനം കിട്ടില്ല. എന്തു മരുന്നു കഴിച്ചാലും, തലകീഴായി കെട്ടിത്തൂങ്ങിയാലും ഫലമുണ്ടാകില്ല. അപ്പോള്‍ അതിനെ വിധിയെന്നു സ്വീകരിക്കാനേ കഴിയൂ. എന്നാല്‍ മറ്റുചിലവ പ്രയത്‌നംകൊണ്ടു മാറ്റാന്‍ കഴിയും. പരീക്ഷയ്ക്കു തോറ്റാല്‍ നമ്മള്‍ വിധിയെന്നു പറഞ്ഞിരിക്കുമോ? ഇല്ല. വീണ്ടും നന്നായി പഠിച്ച് പരീക്ഷയെഴുതി ജയിക്കാന്‍ നോക്കും.  ഇന്റര്‍വ്യൂവിനു പോയി ജോലികിട്ടിയില്ല എന്നുവച്ചു വിധിയെന്നു പറഞ്ഞു വെറുതെയിരിക്കുമോ? വീണ്ടും വീണ്ടും പ്രയത്‌നിച്ചു കൊണ്ടിരുന്നാല്‍ തീര്‍ച്ചയായും വിജയം ലഭിക്കുക തന്നെ ചെയ്യും. 
ജീവിതത്തില്‍ നമുക്കു എന്നും നല്ല അനുഭവങ്ങള്‍ മാത്രം ലഭിച്ചെന്നു വരില്ല. പലപ്പോഴും കഷ്ടപ്പാടുകളായിരിക്കും നമ്മെ കാത്തിരിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളെ നമ്മുടെ വളര്‍ച്ചയ്ക്കും വിജയത്തിനുമുള്ള ചവിട്ടുപടിയാക്കിത്തീര്‍ക്കാന്‍ നമ്മള്‍ പഠിക്കണം. അതിന് ആത്മീയതയിലുറച്ച വിവേകബുദ്ധി നമുക്ക് ആവശ്യമാണ്. പ്രയത്‌നം ചെയ്യുക എന്നതാണ് ജീവിതത്തില്‍ പരമപ്രധാനം. എന്നാല്‍ നമ്മള്‍ എത്ര പരിശ്രമിച്ചാലും വിജയം ലഭിക്കണമെങ്കില്‍ ഈശ്വരകൃപകൂടി വേണം. അതിനാല്‍ ആ തിരിച്ചറിവോടെ അര്‍പ്പണഭാവത്തോടെ പ്രയത്‌നിക്കുകയാണ് വേണ്ടത്. അതാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗം.  
മാതാ അമൃതാനന്ദമയി

No comments: