Saturday, October 27, 2018

താരകമന്ത്രമായ രാമമന്ത്രംകൊണ്ടാണ് ഹനുമാന്‍ സമുദ്രലംഘനം നിര്‍വഹിക്കുന്നത്. രാമായണകര്‍ത്താവായ വാല്മീകി കാട്ടാളത്വത്തില്‍ നിന്ന് മഹാമുനിപദത്തിലേക്ക് വളരുന്നത് താരകമന്ത്രത്തിലൂടെയാണ്.
‘ത്വന്‍മന്ത്രജപരതന്മാരായ ജനങ്ങളെ
ത്വന്‍മഹാമായാദേവി ബന്ധിച്ചീടുകയില്ല’
എന്നും ‘ത്വന്‍മന്ത്രജപവിശുദ്ധാത്മനാ’ പ്രസാദിക്കുമെന്നും സുതീഷ്ണമഹാമുനി അരുളിച്ചെയ്യുന്നു. ഇത് രാമമഹാമന്ത്രഫലത്തിന് അനുഗ്രഹമായിത്തീര്‍ന്നിരിക്കുന്നു. ”ത്വത്ഭക്തിസുധാഹീനന്മാരായുള്ളവര്‍ക്കു സ്വപ്‌നത്തില്‍ പോലും മോക്ഷം സംഭവിക്കുകയില്ല” എന്ന അഗസ്ത്യമഹാരാജാവും അരുളിച്ചെയ്യുന്നുണ്ട്. രാവണനിഗ്രഹം നടത്തുന്നത് ആദിത്യഹൃദയം എന്ന മഹാമന്ത്രം ജപിച്ചാണ്. ദിവ്യാസ്ത്ര ഉപയോഗങ്ങളെല്ലാം മന്ത്രയുക്തമായ മഹാ അസ്ത്രങ്ങളായിട്ടാണ് പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. പുത്രകാമേഷ്ടിയിലെ മഹാമന്ത്രവും അസുരഗുരുവായ ശുക്രമുനിയില്‍ നിന്ന് രാവണന്‍ സ്വീകരിക്കുന്ന മന്ത്രങ്ങളും രാമായണസങ്കല്പത്തിലെ സജീവസങ്കേതങ്ങളാണ്.
രാമമന്ത്രം ജപിച്ച് മുക്തി നേടുവാന്‍ ആജ്ഞാപിക്കപ്പെട്ട അഹല്യയും താരകമന്ത്രശക്തികൊണ്ട് മുക്തി നേടിയവയാണ്. ശബരിക്കും സ്വയംപ്രഭയ്ക്കും താരകമന്ത്രം തന്നെയാണ് മോക്ഷപദം അരുളിയത്. സീതാദേവിയെ സ്പര്‍ശിക്കാനാകാതെ അമിതഭോഗിയായ രാവണന്‍ അകന്നുനിന്നതും താരകമന്ത്രശക്തികൊണ്ടാണ്. ബലയും അതിബലയും ഉപദേശിക്കുന്നതുകൊണ്ട് ദാഹവും വിശപ്പും അടക്കാമെന്നുള്ള അനുഗ്രഹവും രാമായണത്തില്‍ നിന്നും ലഭിക്കുന്നു. ഉള്ളില്‍ത്തറച്ച ആയുധങ്ങളെ പുറന്തള്ളുന്ന വിശല്യകരണിയും മുറിവുകളെ കൂട്ടിയോജിപ്പിക്കുന്ന സന്ധാനകരണിയും, പാടുകള്‍ ഇല്ലാതാക്കുന്ന സുവര്‍ണകരണിയും, മരിച്ചവരെ ജീവിപ്പിക്കുന്ന മൃതസഞ്ജീവനിയും തുടങ്ങി ഔഷധങ്ങളുടെ പ്രധാന്യം പ്രകടമായിക്കാണുന്നു..
punyabhumi

No comments: