Friday, October 26, 2018

*രാസലീല 50*

പ്രശമായ     പ്രസാദായ തത്രൈവാന്തരധീയത

അങ്ങനെ ഭഗവാൻ അന്തർധാനം ചെയ്തപ്പോ

അന്തർഹിതേ ഭഗവതി സഹസൈവ വ്രജാംഗനാ
അതപ്യംസ്ത അചക്ഷാണാ കരിണ്യ ഇവ യൂഥപം
ഗത്യാനുരാഗസ്മിത വിഭ്രമേക്ഷിതൈർ
മനോരമാലാപവിഹാരവിഭ്രമൈ
ആക്ഷിപ്തചിത്താ പ്രമദാ രമാപതേ
സ്താസ്താ വിചേഷ്ടാ ജഗൃഹുസ്തദാത്മികാ
ഗായന്ത്യ ഉച്ചൈ: അമുമേവ സംഹതാ
വിചിക്യുരുന്മത്ത കവദ്വനാദ്വനം

ഈ സ്ഥിതി വരണം ത്രേ ഭക്തന്. പിടച്ചിൽ,  വ്യാകുലത. എവിടെ കിട്ടും എവിടെ കിട്ടും. ഭഗവാനെ എപ്പോ കിട്ടും. എവിടെ ഭഗവാനെ അനുഭവിക്കാൻ പറ്റും. ആ ഒരു പിടച്ചിൽ

ഉന്മത്തകവദ് 

ഭ്രാന്തു പിടിച്ചപോലെ

വനാദ് വനം വിചിക്യു :

 കാട്ടിലും കാട്ടിലും  ഒക്കെ അന്വേഷിച്ചു. ഹരി എവിടെ പോയി. കൃഷ്ണൻ എവിടെ പോയി മറഞ്ഞു. സർവ്വരസസ്വരൂപനായ കണ്ണനെ അന്വേഷിച്ച് കൊണ്ട് കാട്ടില് മുഴുവൻ  പാടിക്കൊണ്ട്  എങ്ങനെയാ പാടിയത്

 ഉച്ചൈ: ഗായന്ത:

ഉറക്കെ പാടിക്കൊണ്ട്. അവരുടെ പാട്ടിൽ നിന്നാണത്രേ സംഗീതരാഗങ്ങൾ ഒക്കെ ഉത്ഭവിച്ചത്. കൃഷ്ണനെ അന്വേഷിച്ചപ്പഴാണ് സംഗീതം ഉണ്ടായതെന്നാണ്. കൃഷ്ണനെ അന്വേഷിച്ചപ്പഴാണ് രാഗങ്ങൾ ഉണ്ടായതത്രേ . ബാക്കി ഉള്ളവർ അത് കാണാതെ പഠിച്ച് സംഗീതശാസ്ത്രം ഉണ്ടാക്കി. ഭഗവാനെ അന്വേഷിക്കുമ്പോ  സംഗീതം ജനിച്ചു. അത് ബാക്കിയുള്ളവർ കാണാതെ പഠിച്ച് കലയാക്കി മാറ്റി. കല എന്ന് പറയണത് അദ്ധ്യാത്മ അനുഭൂതിയുടെ ഒരു ബൈപ്രോഡക്റ്റ് ആണ്. അതുകൊണ്ട് സംഗീതം കല ആയിട്ടിരിക്കുമ്പോ അതൊരു പതനം മാത്രമാണ്. സംഗീതം എപ്പോ ഭഗവദ് ഉപാസന ആയി തീരുന്നുവോ അപ്പോ മാത്രമേ അത് സംഗീതമാവുള്ളൂ. സംഗീതം വെറും കല ആയിട്ടിരിക്കുമ്പോ അഭിമാനത്തിന് കാരണമായി ത്തീരുകയാണെങ്കിൽ അത് പതനം മാത്രമാണ്. ഭഗവദ് അന്വേഷകന്മാരായ ഭക്തന്മാർ ആർട്ടിസ്റ്റല്ല ഭാഗവതരാണ്. ത്യാഗരാജസ്വാമികൾ ഭാഗവതരാണ്. അദ്ദേഹത്തിന്റെ സംഗീതം രാമനെ അന്വേഷിച്ച് കൊണ്ടുള്ള ഭഗവദ് ചിന്തയാണ്.  രാമനെ അന്വേഷിച്ച് കൊണ്ടുള്ള വിരഹവ്യഥയാണ്. ആ വിരഹവ്യഥയോടെയാണ് ഗോപികകൾ പാടിയത്

ഗായന്ത്യ ഉച്ചൈരമുമേവ സംഹതാ
വിചിക്യുരുന്മത്ത കവദ് വനാദ് വനം

അന്വേഷിക്കാണ് എവിടെ എവിടെ എവിടെ .പക്ഷേ ആരെയാ അന്വേഷിക്കണത്.

പപ്രച്ഛു : ആകാശവദ് അന്തരം ബഹി:

ഉള്ളിലും പുറത്തുമൊക്കെ ആ ആകാശം പോലെ നിറഞ്ഞു നില്ക്കുന്ന ആ ഹരിയെ എവിടെ എവിടെ എന്ന് വനസ്പതികളോട് ചോദിച്ചു. ചെടികളോടും വൃക്ഷങ്ങളോടും ഒക്കെ അന്വേഷിക്കാ ഹരിയെ കണ്ടുവോ. ഹരിയെ ആരാ കാണാത്തത്. എല്ലാവരുടേയും ഉള്ളിലും പുറത്തും ഉണ്ടല്ലോ. അതല്ല കൃഷ്ണനെ കണ്ടുവോ

പപ്രച്ഛു : ആകാശവദ്

ഉള്ളിലും പുറത്തു ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. വാസുദേവ സർവ്വം. സകലതും വാസുദേവനാണെന്ന് ഗീത പഠിച്ചാൽ മനസ്സിലാവും. പക്ഷേ എനിക്കിപ്പോ അനുഭവത്തിലേക്ക് വരണംല്ലോ. അനുഭവത്തിൽ വരണമെങ്കിൽ എന്നിൽ    വാസുദേവൻ ആവിർഭവിച്ച് ഞാൻ സ്വയം വാസുദേവ സ്വരൂപമായാലേ ജഗത് വാസുദേവസ്വരൂപമാവുള്ളൂ. രമണമഹർഷിയോട് ഒരു ഭക്തൻ ചോദിച്ചു. ഭഗവാനേ ഗീതയുടെ അന്തസത്ത മുഴുവൻ വാസുദേവ സർവ്വം ഇതിലടങ്ങിയിട്ടില്ലേ ചോദിച്ചു. അപ്പോ രമണഭഗവാൻ പറഞ്ഞു.  വാസ്തവമാണ്. പക്ഷേ ഈ വാസുദേവ സർവ്വം എന്ന് കാണുന്നവനാര്. താൻ വാസുദേവനല്ലയോ. കാണുന്നവൻ തന്നെ ആരെന്ന് കണ്ടെത്തിയാൽ തന്റെ ചേതനയിൽ പ്രതിഷ്ഠിതനായാൽ മാത്രമേ വാസുദേവ സർവ്വം എന്ന് കാണാൻ പറ്റുള്ളൂ. അല്ലെങ്കിൽ വാസുദേവ സർവ്വം എന്നത് ഒരു കോൺസപ്റ്റായിട്ട് ചിത്തവൃത്തി ആയിട്ട് ഇരിക്കും. അനുഭൂതി ആയിട്ട് മാറില്ല്യ. താൻ തന്നിൽ പ്രതിഷ്ഠിതനായാൽ ജഗത് മുഴുവൻ ഈശ്വരസ്വരൂപമായി പ്രകാശിക്കും. 'പര'ത്തിനെ കണ്ടാൽ അപരം ഈശ്വരസ്വരൂപമാണെന്ന് കാണും. പരത്തിനെ ആണിവർ അന്വേഷിക്കണത്. ഹരി എവിടെ ഹരി എവിടെ ഹരിയെ കണ്ടുവോ

പപ്രച്ഛു : ആകാശവദ്  അന്തരം ബഹി:

ഈ വ്യാകുലത ആദ്യം വരണം.
ശ്രീനൊച്ചൂർജി
 *തുടരും...*

No comments: