Friday, October 26, 2018

കൃപയുടെ മണ്ഡലം
ഒരു ജീവന്റെ സാധനാകാലം ആരംഭിക്കുന്നത് ജീവിതത്തിൽ സംഭവിക്കുന്ന പലവിധ വിഷമങ്ങളിലൂടെയും ദുർഘടഘട്ടങ്ങളിലൂടെയുമാണ്; ലൗകീകജീവിതമെന്നത് ഭൂരിഭാഗവും ദുഃഖസമ്പന്ധമാണെന്നുള്ള ഉറച്ച ബോധ്യവും, അങ്ങനെയുള്ള ജീവിതത്തിന്റെ വ്യർത്ഥത നേരിട്ടനുഭവിച്ചറിയുകയും ചെയ്യുമ്പോൾ അയാൾ ലൗകീകത്തിൽനിന്നും വിട്ട് ഈശ്വരീയതയിലേക്കു ചേക്കേറാനാഗ്രഹിക്കുന്നു; അയാൾ അതിനുള്ള വഴികൾ തേടുന്നു.
ഒരു സാധകന് ഏറ്റവും ആവശ്യം വേണ്ടുന്ന സംഗതി ഒരു മഹ്ദശക്തിയോടുള്ള അടക്കമാണ്. ഇതയാൾക്കു ബോധ്യപ്പെടുന്നത് തനിക്കു സ്വന്തം പ്രയത്നംകൊണ്ടു നേടിയെടുക്കാൻ സാധ്യമല്ലാത്തതായ ഒട്ടനവധി കാര്യങ്ങൾ ജീവിതത്തിലുണ്ടെന്നും, അതിനു താൻ, ഈ പ്രപഞ്ചത്തിലെ സർവ്വതും നടത്തിക്കൊണ്ടുപോകുന്ന ഒരു മഹ്ദശക്തിയെ ആശ്രയിക്കേണ്ടതുണ്ടെന്നും ബോധ്യപ്പെടുമ്പോഴാണ്. തന്റെ നിസ്സാരത തിരിച്ചറിയുന്നതോടെ അയാൾ ഭഗവദാശ്രയനായിത്തീരുന്നു. മറ്റെല്ലാറ്റിനേയും വിട്ട് ഭഗവാനോടുള്ള ഈ ആശ്രയത്തെയാണ് ഭക്തി എന്നും ശരണാഗതി എന്നുമൊക്കെ പറയുന്നത്. ഭക്തിയിലേയും ശരണാഗതിയിലെയും മാധുര്യം പതിയെ അനുഭവിച്ചുതുടങ്ങുന്ന അയാൾ, പിന്നീട് തനിയ്ക്ക് ഭഗവാൻ മാത്രം മതി എന്നു തീരുമാനിക്കുന്നു. ഭഗവദ്പ്രാപ്തിക്കുവേണ്ടി ഏതറ്റംവരെയും പോകാനും, ആവശ്യമെങ്കിൽ തന്നെത്തന്നെ ത്യജിക്കാനും അയാൾ തയ്യാറാവുന്നു. ലക്ഷ്യം പ്രാപിക്കുംവരെ പിന്നോട്ടില്ലെന്ന ഉറച്ച ബുദ്ധിയാണ് അയാളെ മുന്നോട്ടുനയിക്കുന്നത്.
ഇങ്ങനെ ഉത്തമഭക്തിയോടെയും ശ്രദ്ധയോടെയും മുന്നോട്ടുപോകുന്ന അയാൾ ഈശ്വരന്റേതായ ഒരു പ്രഭാവലയത്തിലെത്തിച്ചേരുന്നു. അവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ കൃപയുടെ മണ്ഡലമാണ്; ജീവൻപോലും അറിയാതെയാണ് പിന്നീടുള്ള അതിന്റെ യാത്ര. ലോകം വിട്ട്, ഭഗവാന്റെ കൂടെ ഭഗവാനാൽ നയിക്കപ്പെട്ട് പ്രശാന്തസുന്ദരമായ ഒരു തലത്തിലെത്തുന്നു. പിന്നീട് അയാളുടെ സകല കർമ്മവും ഭഗവാനാൽ ചെയ്യപ്പെടുന്നു; സ്വശരീരത്തിലൂടെ ഭഗവാൻ അനുസ്യൂതം ചലിക്കുന്നതായി അയാൾക്കനുഭവപ്പെടുന്നു. കാറ്റിനാൽ നിയന്ത്രിക്കപ്പെടുന്ന ഒരു കടലാസുവഞ്ചികണക്കെയാണ് ആ ജീവിതം. അയാളുടെ മരണം സംഭവിക്കുന്നതുപോലും പിന്നീട് അയാൾ അറിയാതെപോകുന്നു; ഇനിയൊരിക്കലും തിരിച്ചുവരാത്തവിധം അയാൾ ഭഗവാനുമായിച്ചേർന്നു ഒന്നായിക്കഴിഞ്ഞു..
letting go

No comments: