*ശബരിമലയാത്ര*
ഭക്തിയും, ഭഗവാനും നാമരൂപങ്ങള്‍ക്കതീതമായി ഒന്നായി മാറുന്ന ഈശ്വരസന്നിധിയും ശബരിമലയല്ലാതെ മറ്റൊന്ന് ലോകത്തില്‍ കാണാന്‍ കഴിയില്ല.
*അതുകൊണ്ടുതന്നെ കല്ലും മുള്ളും ചവിട്ടി കാടും മേടും താണ്ടി പ്രകൃതിയെ അനുഭവിച്ചുള്ള തീര്‍ത്ഥാടനത്തിലൂടെ ഭക്തന് മോക്ഷമാര്‍ഗം നല്‍കുന്ന തീര്‍ത്ഥാടനം മറ്റൊന്നില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും*.
പതിനെട്ട് പുരാണങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതിനെട്ട് മലകളുടെ കേന്ദ്രബിന്ദുവാണ് മഞ്ഞണിഞ്ഞുണരുന്ന മഹാക്ഷേത്രം സ്ഥിതിചെയ്യുന്ന ശബരിമല.
*ആത്മാവും ശരീരവും പരിശുദ്ധമാക്കി ഇരുമുടിക്കെട്ടുമായി ഉപനിഷത് വാക്യമായ* ‘*തത്വമസി*’ *ആലേഖനം ചെയ്ത തങ്കശ്രീകോവിലിനു മുന്നില്‍ സത്യാന്വേഷണവുമായി എത്തുന്ന ഭക്തന് പഞ്ചഭൂതങ്ങളുടെ നാഥനായ അയ്യപ്പ ദര്‍ശനം നന്മയിലേക്കുള്ള നേര്‍വഴിയാണ് കാണിച്ചുതരുന്നത്*.
ഇവിടെ പ്രകൃതിയോട് നീതിപുലര്‍ത്തുന്ന സമീപനം കൈക്കൊള്ളുവാന്‍ ഓരോ ഭക്തനും തയ്യാറെടുക്കേണ്ടതുണ്ട്. *ആചാരങ്ങളും കീഴ്‌വഴക്കങ്ങളും തെറ്റിക്കാതെ നിരവധി പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന തീര്‍ത്ഥാടനം പരമ്പരാഗത പാതകള്‍ വഴിയും ഇടത്താവളങ്ങള്‍ വഴിയുമാകുമ്പോള്‍ പ്രകൃതിയെ അനുഭവിച്ചറിയുവാന്‍ ഓരോരുത്തര്‍ക്കും കഴിയുന്നു*.
ശബരിമല എന്ന കാനന ക്ഷേത്രം ലോകപ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറിയതോടെ അയ്യപ്പ ഭക്തരുടെ സഞ്ചാരപഥങ്ങളില്‍ കാതലായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.
പമ്പാതടം വരെ ഇന്ന് വാഹനങ്ങളില്‍ എത്തിച്ചേരാനുള്ള സൗകര്യങ്ങളുണ്ട്. കാലത്തിന്റെ മാറ്റമനുസരിച്ച് ഹെലികോപ്ടറില്‍ എത്താനുള്ള സംവിധാനങ്ങളും രൂപപ്പെട്ടുവരുന്നു. എന്നിരുന്നാലും *പരമ്പരാഗത പാതയിലൂടെയുള്ള കാല്‍നട യാത്രയുടെ അനുഭൂതി അനുഭവിക്കാനുള്ള തീവ്രമായ ആഗ്രഹം മനസ്സിനുള്ളില്‍ കാത്തുസൂക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നില്ല എന്നത് ആശ്ചര്യമാണ്*.
എരുമേലിയില്‍ നിന്നാണ് പരമ്പരാഗത പാതയിലൂടെയുള്ള ശബരിമല തീര്‍ത്ഥാടന യാത്ര ആരംഭിക്കുന്നത്.
മുമ്പ് മണ്ഡലകാലത്തിന്റെ അവസാന കാലങ്ങളിലായിരുന്നു കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ തിരക്ക് കൂടുതലായി ഉണ്ടാവുക. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടകെട്ട് എരുമേലിയില്‍ നടക്കുന്നതുവരെ ഇത് തുടരും. *ഇപ്പോള്‍ മണ്ഡലകാലം ആരംഭിക്കുമ്പോള്‍ മുതല്‍ കാനനപാതയിലൂടെ സന്നിധാനത്തേക്ക് നീങ്ങാനുള്ള ആവേശം അയ്യപ്പ ഭക്തര്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നതായി കാണാം. ദേവസ്വം നിയന്ത്രണത്തില്‍ ഒരുക്കങ്ങളൊന്നും ആയില്ലെങ്കിലും പരമ്പരാഗത പാതയിലെ പുല്ലുകള്‍ നീക്കി വഴികള്‍ തിട്ടപ്പെടുത്തി പഴമയെ ഉള്‍ക്കൊണ്ട് സഞ്ചരിക്കുവാനുള്ള പ്രവണത കൂടിവരുന്നതായിട്ടാണ് ഇവിടങ്ങളിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്*.
വാനോളം ഉയര്‍ന്നു നില്‍ക്കുന്ന വന്‍മരങ്ങള്‍ക്കിടയില്‍ കൂടി ‘ശരണമന്ത്രം’ ജപിച്ച് താപസ്സനെപ്പോലെ മലകളും, കോട്ടകളും താണ്ടി നീങ്ങുമ്പോള്‍ ശരീരത്തിന് കൈവരുന്ന ഉണര്‍വ് മറ്റൊരു യാത്രകളിലും തീര്‍ത്ഥാടകന് കൈവരില്ല.
*അതുതന്നെയാണ് ശബരിമല യാത്ര ഇന്നും വേറിട്ടുനില്‍ക്കുന്ന അനുഭവമായി പ്രഗത്ഭര്‍ ചൂണ്ടിക്കാട്ടുന്നത്*
*എരുമേലി കൊച്ചമ്പലത്തില്‍ പേട്ടകെട്ടി വലിയമ്പലത്തില്‍ ദര്‍ശനം നടത്തി സ്‌നാനം കഴിഞ്ഞ് അയ്യപ്പ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന എരുമേലി പുത്തന്‍ വീട്ടിലെത്തി നമസ്‌കരിച്ച ശേഷമാണ് കാനനപാതയിലൂടെയുള്ള യാത്രക്ക് തുടക്കമാവുക*.
അയ്യപ്പന്‍ മഹിഷി നിഗ്രഹം നിറവേറ്റിയ ശേഷമുള്ള വാളും കാപ്പുകളും സൂക്ഷിച്ചിരിക്കുന്ന പൂജാമുറി ഇവിടെ ഭക്തര്‍ക്ക് നേരില്‍ ദര്‍ശിക്കാം. *ഇതിനുശേഷം പേരൂര്‍തോട്ടിലേക്കുള്ള യാത്ര കോട്ടപ്പടി എന്ന സ്ഥലം കടന്നാണ്. ഇവിടം മുതല്‍ അയ്യപ്പന്റെ പൂങ്കാവനമാണ്. വനയാത്രയില്‍ സന്നിധാനം വരെയുള്ള ഏഴ് കോട്ടകളില്‍ ആദ്യത്തേതാണ് ഇത്. ചെറിയ പച്ചില പറിച്ച് അര്‍പ്പിച്ചിട്ടുവേണം കോട്ടപ്പടി കടക്കേണ്ടത്*.
എരുമേലിയില്‍ നിന്ന് പുറപ്പെട്ട ഭഗവാന്‍ അയ്യപ്പന്‍ ആദ്യം വിശ്രമിച്ചത് പേരൂര്‍തോട്ടിലാണ്. *ഇവിടുത്തെ ചെറിയ നദിയാണ് നാടും കാടുമായി വേര്‍തിരിക്കുന്നത്*. ഇവിടെ നിന്ന് എത്തുന്നത് ഇരുമ്പൂന്നിക്കരയിലാണ്. *ഇവിടെ ശിവ-സുബ്രഹ്മണ്യ- ദേവീ ക്ഷേത്രദര്‍ശനം നടത്തി യാത്ര തുടരുമ്പോള്‍ അരശുമുടിക്കോട്ടയാണ് സ്വാമി ഭക്തരുടെ ആദ്യ ആശ്രയസ്ഥലം*. തുടര്‍ന്ന് *പേരൂര്‍തോടിന്റെ താഴ്‌വരയായ കാളകെട്ടിയിലേക്കുള്ള പ്രയാണമായി*.
മഹിഷി വധത്തിനുശേഷം അയ്യപ്പന്‍ നടത്തിയ ആനന്ദനൃത്തം കാണാനെത്തിയ പരമശിവന്‍, തന്റെ വാഹനമായ നന്ദികേശനെ നിര്‍ത്തിയ സ്ഥലമാണ് കാളകെട്ടി എന്നറിയപ്പെടുന്നത്*.
*അഴുത*
കാളകെട്ടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ പിന്നിടുന്നതോടെ അഴുതയില്‍ എത്തിച്ചേരും. *അഴുതാ നദിയില്‍ കുളികഴിഞ്ഞ് ഗുരുസ്വാമിമാരുടെ നിര്‍ദ്ദേശ പ്രകാരം കന്നി അയ്യപ്പന്മാര്‍ ഒരു കല്ലെടുത്ത് കുത്തനെയുള്ള മലകയറി കല്ലിടുംകുന്നില്‍ നിക്ഷേപിക്കുന്നത് പരമ്പരാഗത ചടങ്ങാണ്*.
അഴുതയില്‍ നിന്ന് യാത്ര തുടങ്ങുമ്പോഴേ അയ്യപ്പന്മാര്‍ പൂര്‍ണ്ണമായും പ്രകൃതിയുടെ കുളിര്‍മയിലേക്ക് സ്വയം പ്രവേശിക്കും. അഴുത ഇറങ്ങി മുക്കുഴിയിൽ എത്തും അവിടെ വിരിവെക്കും. ശേഷം കരിമലകയറ്റം കാട്ടാനകൾ ധാരാളം ഉണ്ടു്. കരിയിലാം തോട്ടിൽ വന്ന് മനസ് കരിയില പോലെ ഭാരം കുറയണം. ശേഷം വലിയാനവട്ടം ചെറിയാനവട്ടം കഴിഞ്ഞ് പമ്പയിൽ എത്തി പമ്പാ സ്നാനവും പമ്പാ സദ്യയയും കഴിഞ്ഞ് നീലിമല കയറി അപ്പാച്ചി മെട് കഴിഞ്ഞ് ശബരീപീഠത്തിൽ എത്തി ശരം കൊത്തിയിൽ വന്ന് നമ്മളിലെ തിൻമകളെ നശിപ്പിക്കാൻ കൊണ്ടുവന്ന, തിൻമകൾ നശിച്ചെങ്കിൽ ശരം ശരം കൊത്തിയിൽ ഉപേക്ഷിച്ച് പരിപാവനമായ ആ സത്യമായ പൂർണ്ണതയുടെ പതിനെട്ടുപടി കയറി ചെല്ലുമ്പോൾ തത്വമസി എന്ന അത്യുന്നത ഭാവത്തിലേക്ക് ഉയർന്ന് ഭഗവാനിൽ സ്വയം അലിഞ്ഞു ചേരുന്ന നെയ്യഭിഷേകം ചെയത് ആ ചൈതന്യം ഏറ്റ് തിരികെ വന്ന് ലോക നൻമക്കായി ജാതി മത ഭേദമില്ലാതെ അറിവു പകരുവാൻ ഉതകു മാറ് ഈ വർഷത്തെ ശബരിമല തീർത്ഥാടനം അനുഭവവേദ്യമാകാൻ ഏവർക്കും കഴിയു മാറാകേണമേ എന്ന് പ്രാർത്ഥിക്കുന്നു. കർശ്ശനമായ വൃതാനുഷ്ടാനങ്ങൾ ചെയ്യാൻ ശക്തിയില്ലാത്തവർ ആ പരിപാവനമായ പുണ്യഭൂമിയെ ഒരു picnic spot ആയി പോയി നശിപ്പിക്കരുത്. പോകുന്നവർ കർശനമായ നിഷ്ഠകൾ പാലിക്കണം. എങ്കിൽ ഒരു പുതുമ ഒരോ യാത്രയിലും അനുഭവവേദ്യമാകും.... ആ ചൈതന്യം നമ്മളിൽ തെളിയുവാൻ, പ്രകാശിക്കാൻ കഴിയുമാറാകേണമേ.... സ്വാമി ശരണം....
No comments:
Post a Comment