ശിവപാര്‍വതിമാര്‍ വിവാഹാനന്തരം എല്ലാവരേയും വന്ദിച്ചു. വിശ്വകര്‍മാവിനേയും മഹാവിഷ്ണുവിനേയും ബ്രഹ്മദേവനേയും ആദിമൂലഗണേശനേയും ആദിപരാശക്തിയേയും സപ്തര്‍ഷികളേയും വന്ദിച്ചു. ചടങ്ങുകളെല്ലാം പൂര്‍ത്തിയായി അവര്‍ ശ്രീകൈലാസത്തിലേക്കു ഗമിച്ചു.
നേരത്തെ വാക്കുകൊടുത്തതുപോലെ തന്നെ, ഒട്ടും താമസിക്കാതെ, അവര്‍ വിന്ധ്യപര്‍വതം കടന്ന് അഗസ്ത്യകൂടത്തിലെത്തി അഗസ്ത്യമഹര്‍ഷിയേയും ലോപാമുദ്രയേയും കണ്ട് സന്തോഷം പങ്കിട്ടു. ദക്ഷിണാമൂര്‍ത്തിയായ ഗുരുദേവനെയും ലോകമാതാവിനേയും അഗസ്ത്യമഹര്‍ഷി നമസ്‌കരിച്ചു. അതേസമയം മഹര്‍ഷിവര്യനെ ശ്രീപരമേശ്വരനും വന്ദിച്ചു. പരസ്പരം സംസാരിച്ചു. അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് ഉമാമഹേശ്വരര്‍ കൈലാസത്തിലേക്കു മടങ്ങി.
ശ്രീകൈലാസത്തില്‍ അവര്‍ സുഖജീവിതം തുടങ്ങി. ദിവസങ്ങളും ആഴ്ചകളും പക്ഷങ്ങളും മാസങ്ങളുമെല്ലാം ഏറെ കടന്നുപോയി.താരകാസുരന്റെയും ശൂരപത്മാസുരന്റേയും ഉപദ്രവങ്ങള്‍ താങ്ങാന്‍ കഴിയാതെ ദേവകള്‍ വിഷമിച്ചുകൊണ്ടിരുന്നു.
ശിവകുമാരന്‍ പിറന്നിട്ടില്ല. ശിവകുമാരനു മാത്രമേ ഈ അസുരന്മാരെ വധിക്കാനാകൂ എന്നാണ് പണ്ടുവരം നല്‍കിയിരിക്കുന്നത്. ദിനംപ്രതി ഈ അസുരന്മാരുടെ ഉപദ്രവം കൂടിവരികയാണ്. ഇനി എന്താ ചെയ്യുക? അടിയന്തിരമായി എന്തെങ്കിലും ചെയ്‌തേ പറ്റൂ. ദേവന്മാര്‍ പരസ്പരം കൂടിയാലോചിച്ചു. എന്താണൊരു മാര്‍ഗം? ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കുശേഷം ബ്രഹ്മദേവന്‍ ഒരു നിര്‍ദേശം മുന്നോട്ടുവച്ചു. ആരെങ്കിലും ഒരാള്‍ ശ്രീകൈലാസത്തില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ചു വിവരം അറിയണം. ആരാണ് പോകാന്‍ പറ്റിയത്. എവിടെയും ഓടിയെത്താന്‍ സ്വാതന്ത്ര്യം വായുദേവനുണ്ട്. അതിനാല്‍ വായുദേവനായിരിക്കും ഉചിതമെന്ന് ബ്രഹ്മദേവന് തോന്നി.
ഹേ, വായുദേവാ, അങ്ങ് ജഗത്പ്രാണനാണ്. എല്ലാ പ്രാണികളുടേയും പ്രാണനാണ്. അങ്ങ് അഗ്രഗണ്യനാണെന്ന് വേദങ്ങളിലും ശ്രവിച്ചിട്ടുണ്ട്. അതിനാല്‍ അങ്ങ് പരമയോഗ്യനാണ്. ദേവകാര്യത്തിനായി അങ്ങുതന്നെ വേഗം കൈലാസത്തില്‍ പോയി വിവരങ്ങള്‍ അന്വേഷിച്ചുവരൂ.
ബ്രഹ്മദേവന്റെ വാക്കുകളെ കേട്ട് വായുദേവന് പേടി തുടങ്ങി.അല്ലയോ വിധാതാവേ, ശ്രീകൈലാസത്തില്‍ ചെന്ന് കാര്യാന്വേഷണങ്ങള്‍ നടത്താന്‍ പാകത്തിന് ഞാന്‍ ശക്തനല്ല. എന്നെ എല്ലാവരും ജഗത്പ്രാണന്‍ എന്നുപറയുന്നുണ്ടെങ്കിലും സത്യത്തില്‍ എന്റെ പ്രാണന്‍ ശിവനാണ്. ആ പരമേശ്വരന് പരീക്ഷിക്കാന്‍ പാകത്തിന് ഞാന്‍ പ്രാപ്തനല്ല.
വായുദേവാ, അങ്ങെന്താണ് ഇങ്ങനെ ഭയപ്പെടുന്നത്.അല്ലയോ ബ്രഹ്മദേവാ, പണ്ട് ദേവകാര്യത്തിനുവേണ്ടിത്തന്നെയാണ് കാമദേവന്‍ ശ്രീപരമേശ്വരന്റെ മുന്നിലേക്കു പോയത്. പക്ഷേ, ശിവകോപത്തിനാല്‍ കാമദേവന്റെ ശരീരം ഭസ്മമായി. മൃത്യുഞ്ജയമൂര്‍ത്തിയുടെ മുന്നില്‍ ചെന്ന മാരന്‍ മൃത്യുവിനിരയായി. നഷ്ടം രതീദേവിക്ക്. ഇതെല്ലാം ഓര്‍ക്കുമ്പോഴാണ് എന്റെ ഭയപ്പാട്. അതുകൊണ്ടാണ് അങ്ങയുടെ ഈ നിയോഗം ഒരു ശാപംപോലെ എനിക്കു തോന്നുന്നത്.
ഹേ, ജഗത്പ്രാണാ, അങ്ങ് അങ്ങയുടെ ശക്തിയേ മറക്കുന്നു. പണ്ട് ആദിശേഷനെപ്പോലും വെല്ലുവിളിച്ചവനാണ് നീ. മഹാമേരു ശൃംഗങ്ങളെ കറക്കിപ്പിഴുതെടുത്ത് സമുദ്രത്തില്‍ വലിച്ചെറിഞ്ഞതും നീ മറന്നുപോയോ? പിന്നെ ജഗത്പ്രാണനായ അങ്ങേക്ക് ഈ ദേവന്മാരുടെ പ്രാണന്റെ കാര്യത്തിലും ഉത്തരവാദിത്വമില്ലേ? പ്രപഞ്ചത്തിന്റെ അഷ്ടദിക്പാലകന്മാരില്‍ ഒരാളാണ് അങ്ങ് എന്നതും ഓര്‍ക്കണം. അതിനാല്‍ തര്‍ക്കം പറയാതെ വേഗം കാര്യം സാധിച്ചുവന്നാലും.
എ.പി.ജയശങ്കര്‍
ഗണേശ കഥകള്‍
No comments:
Post a Comment