സന്ന്യാസിയില്‍ കാണുന്നത് ഭൗതിക സുഖഭോഗങ്ങളുടെ ത്യാഗം ആണ്. ഭൗതികസുഖങ്ങളില്‍ അഭിരമിക്കുന്നവരോടൊപ്പം എപ്പോഴും ദുഃഖവും പ്രശ്നങ്ങളും വഴക്കും കേസുകളും ഉണ്ടാകും.
എന്നതിനാല്‍ മനുഷ്യന്‍റെ ദുഃഖം അകറ്റുവാന്‍ വേണ്ടുന്ന പ്രായോഗിക മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുക എന്നത് ഭൗതിക സുഖങ്ങള്‍ ത്യജിച്ച ഒരാള്‍ക്ക് മാത്രം സാധിക്കുന്നതാണ്. മനുഷ്യന്‍റെ പ്രധാനദുഃഖത്തെ ജ്ഞാനവചസ്സുകളാല്‍ ഇല്ലാതാക്കുന്നു എന്നതിനാല്‍ത്തന്നെ അവരെ എല്ലാക്കാലത്തും എല്ലാപേരും ഈശ്വരതുല്യം സന്ന്യാസികളായി ആദരിച്ച് ആരാധിച്ചിരുന്നു. വിവേകാനന്ദസ്വാമികള്‍ പറയും- ''ഭാരതം ആദര്‍ശങ്ങളെ കുറിച്ച് പറയുക മാത്രം അല്ല ചെയ്തിട്ടുള്ളത്. ത്യാഗം പ്രയോഗത്തില്‍ വരുത്തുകയും, പ്രത്യക്ഷപ്രമാണങ്ങളായി ആള്‍രൂപങ്ങളായിത്തന്നെ ആദര്‍ശങ്ങളെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. അത്തരം എത്രയോ ഗുരുക്കന്മാര്‍ ഭാരതത്തില്‍ ഉണ്ടായിട്ടുണ്ട്, ഇനിയുമുണ്ടാകും.''
മനസ്സാ വാചാ കര്‍മ്മണാ ഏകാഗ്രമായ ജ്ഞാനോന്മുഖമായ നിഷ്ഠയാണ് തപസ്സ്. അതിന്‍പ്രകാരം ശാരീരികം, മാനസികം, വാചികം ആയ തപസിനെ കുറിച്ച് 'ഭഗവദ്ഗീത'യില്‍ വിവരിക്കുന്നുണ്ട്.
ദേവന്മാരെയും ഗുരുക്കന്മാരെയും നിന്ദിക്കാതെ ആദരിക്കുക, യഥാവിധി അവരെ പൂജിക്കുക, കപടമില്ലാതെ പെരുമാറുക, രേതസ്സ് നഷ്ടപ്പെടുത്താതിരിക്കുക, പരദ്രോഹം ചെയ്യാതിരിക്കുക എന്നിവ ദേഹംകൊണ്ട് ചെയ്യേണ്ട തപസ്സാകുന്നു.
ആരെയും ദ്വേഷിക്കാതെ തനിക്കുണ്ടാകുന്ന ശീതോഷ്ണങ്ങളെയും പ്രശ്നങ്ങളെയും പ്രതികാരബുദ്ധിയോടെ കാണാതെ സ്വന്തം കര്‍മ്മഫലമായ പ്രാരബ്ധമായി കണ്ട് സഹിക്കുകയും, അതിനാല്‍ ആരിലും വികാരവിക്ഷേപം ഉണ്ടാക്കാതെ സത്യം, പ്രിയം, ഹിതം ആയി സംസാരിക്കുകയും, സദാ വാക്കുകളില്‍ ഈശ്വരവിചാരം തത്ത്വവിചാരം എന്നിവ പുലര്‍ത്തുകയും ചെയ്യുക എന്നത് വാങ്മയതപസ്സാണ്.
മനസ്സ് സദാ പ്രസന്നമാകണം. അതിന് ഈശ്വരതത്ത്വവിചാരങ്ങള്‍വിട്ട് അന്യമായ ഭൗതിക വിഷയങ്ങളില്‍ മനസ്സിനെ അലയുവാന്‍ വിടാതിരിക്കുക എന്നത് മാനസ്സികതപസ്സാണ്.
ഈ നിര്‍ദ്ദേശങ്ങള്‍ ഒരാള്‍ ബലംപ്രയോഗിച്ച് തന്നില്‍ പരിശീലിക്കുന്നതാണ് സന്ന്യാസിയുടെ രീതി എന്നല്ല. ഇത്തരം ലക്ഷണങ്ങള്‍ ഒത്തിണങ്ങിയവരാണ് സന്ന്യാസികള്‍ എന്നു കരുതണം. ഭൗതിക സുഖങ്ങള്‍ക്കുവേണ്ടി ഈശ്വരജ്ഞാനത്തെ ത്യാഗം ചെയ്യുന്നത് ലൗകികന്‍. ഈശ്വരജ്ഞാനത്തിനായി ഭൗതികസുഖം ത്യാഗം ചെയ്യുന്നത് സന്ന്യാസി.
വിവേകാനന്ദസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, രമണമഹര്‍ഷി, ശ്രീനാരായണഗുരു എന്നീ യുഗപുരുഷന്മാരുടെ വാക്കുകള്‍ മുഴുവന്‍ പരിശോധിച്ചു നോക്കൂ. അവ ആദ്യന്തം ഏകത പുലര്‍ത്തുന്നതു കാണാം. കാരണം ആ മഹാത്മാക്കള്‍ ഒരു തത്ത്വം സാക്ഷാല്‍ക്കരിക്കുകയും അതില്‍ അടിയുറച്ചു നിന്നുകൊണ്ട് ലോകത്തോടു സംസാരിക്കുകയും ചെയ്തു എന്നതാണ്. എന്നതിനാല്‍ ഒരിക്കല്‍ പറഞ്ഞതൊന്നും പിന്നീട് മാറ്റിപ്പറയേണ്ടിവരില്ല.
ഈ പശ്ചാത്തലത്തില്‍ ജ്ഞാനത്തില്‍ ശ്രദ്ധയോ അനുഭവമോ ഉറച്ചിട്ടില്ലാത്ത കപടസന്ന്യാസികളെ നാം തിരിച്ചറിയണം. ഭൗതികലോകത്തിലെ ഗുണത്തിനൊത്ത് മാറിക്കൊണ്ടിരിക്കുന്ന മനസ്സ് ലൗകികബദ്ധനായ ഒരു ലൗകികന്‍റെ ലക്ഷണം ആണ്. അവരുടെ വാക്കുകള്‍ മാറിക്കൊണ്ടിരിക്കുന്നു. ഇന്നത്തെപോലെതന്നെ എല്ലാകാലത്തും ഇത്തരം കപടസന്ന്യാസിമാര്‍ ലോകത്തില്‍ വിപരീതാചരണങ്ങള്‍കൊണ്ട് ആ സമ്പ്രദായത്തിന് കളങ്കം ചാര്‍ത്തുന്നുണ്ട്. അവര്‍ ഭൗതികവും ആദ്ധ്യാത്മികവുമായ വിഷയങ്ങളില്‍ ഒരുപോലെ അറിവു നേടാതെ തെറ്റായ നിര്‍ദ്ദേശങ്ങളിലൂടെ സമൂഹത്തിലും നാശം വിതയ്ക്കുന്നു.
യഥാര്‍ത്ഥ സന്ന്യാസിയുടെ പാദങ്ങളില്‍ ശങ്കകൂടാതെ നമസ്ക്കരിക്കുവാന്‍ നമുക്ക് ഇത്തരം ലക്ഷണങ്ങള്‍ മതിയാകും. അതുവരെ നമുക്ക് ഈശ്വരന്‍റെ പാദങ്ങളില്‍ നിത്യവും നമസ്ക്കരിക്കാം.
ഓം...krishnakumar kp
ഓം...krishnakumar kp
No comments:
Post a Comment