Monday, October 29, 2018

കാക്കശ്ശേരി ഭട്ടതിരി.
സമാവര്‍ത്തനത്തിനു മുമ്പു തന്നെ കാക്കശ്ശേരി ഭട്ടതിരി  സര്‍വജ്ഞനായി തീര്‍ന്നിരുന്നു. അതിനാല്‍ മാനവിക്രമന്‍ ശക്തന്‍ തമ്പുരാന്റെ ബ്രഹ്മസമാജത്തില്‍ ഉദ്ദണ്ഡശാസ്ത്രികളെ വാദിച്ചു ജയിക്കാന്‍ കാക്കശ്ശേരി പോകണമെന്ന് മലയാള ബ്രാഹ്മണരെല്ലാം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അത് സമ്മതിച്ചു. സഭ കൂടുന്ന ദിവസം ഭട്ടതിരി തളി ക്ഷേത്രത്തിലെത്തി. 
ഉദ്ദണ്ഡശാസ്ത്രികള്‍ വാദത്തിനിറങ്ങുമ്പോള്‍ ഒരു തത്തയെയും കൂടെ കൊണ്ടു പോകുന്ന പതിവുണ്ടായിരുന്നു. വാദത്തില്‍ അദ്ദേഹത്തിന്റെ പ്രതിനിധിയാണ്് ഈ തത്ത. ഭട്ടതിരിയാകട്ടെ ഈ വിവരമറിഞ്ഞ് തന്റെ ഭൃത്യനോട് ഒരു പൂച്ചയെ കൊണ്ടുവരാന്‍ പറഞ്ഞു.  ഉണ്ണിയായ ഭട്ടതിരിയെ കണ്ട തമ്പുരാന്‍, ഉണ്ണി വാദത്തില്‍ ചേരാനാണോ വന്നതെന്ന് കൗതുകത്തോടെ അന്വേഷിച്ചു. അതേ എന്ന് ഭട്ടതിരി ഉത്തരം നല്‍കി. ഉദ്ദണ്ഡശാസ്ത്രികളുള്‍പ്പെടെ അനേകം യോഗ്യന്മാര്‍ അപ്പോള്‍ സഭയിലുണ്ടായിരുന്നു. 
ഭട്ടതിരിയെ കണ്ട  ശാസ്ത്രികള്‍, ' ആകാരോ ഹ്രസ്വ:  എന്നു പറഞ്ഞു. ഉടനെ അതു തിരുത്തിക്കൊണ്ട് ഭട്ടതിരി ഇങ്ങനെ  മറുപടി നല്‍കി.' നഹി നഹ്യാകാരോ ദീര്‍ഘ: അകാരോ ഹ്രസ്വ: ' 
 കുട്ടിയായ ഭട്ടതിരിയെ കണ്ടിട്ടാണ് ശാസ്ത്രികള്‍ ആകാരം(ശരീരം)  ഹ്രസ്വം ( നീളം കുറഞ്ഞത്)  എന്നു പറഞ്ഞത്. എന്നാല്‍ ഭട്ടതിരി അര്‍ഥമാക്കിയത് മറ്റൊന്നായിരുന്നു. അതായത്, ആകാരം, ' ആ'  എന്ന അക്ഷരം ദീര്‍ഘമാണ്, ഹ്രസ്വമല്ലെന്ന് വിവക്ഷ. ഇതുകേട്ട ശാസ്ത്രികള്‍ ലജ്ജിച്ച് തലതാഴ്ത്തി.
 വാദം ആരംഭിക്കാറായപ്പോള്‍ ശാസ്ത്രികള്‍ തന്റെ കിളിയെ എടുത്തു മുമ്പില്‍ വെച്ചു. ഉടനെ ഭട്ടതിരി തന്റെ പൂ
ച്ചയെയും എടുത്ത് മുമ്പില്‍ വെച്ചു. പൂച്ചയെ കണ്ടതോടെ തത്ത നിശ്ശബ്ദയായി. തത്ത മിണ്ടാതായപ്പോള്‍ ശാസ്ത്രി തന്നെ വാദം തുടങ്ങി. ശാസ്ത്രികള്‍ പറഞ്ഞതെല്ലാം അബദ്ധമാണെന്ന് കാക്കശ്ശേരി യുക്തി കൊണ്ട്് ഖണ്ഡിച്ചു. വാദത്തിലെല്ലാം തോറ്റ ശാസ്ത്രികളോട് , ഇനി വാദിക്കണമെന്നില്ലെന്ന് തമ്പുരാന്‍ പറഞ്ഞു. 'രഘുവംശ' ത്തിലെ ആദ്യ ശ്ലോകത്തിന് നിങ്ങളിലാരോണോ അധികം അര്‍ഥം പറയുന്നത്, അവര്‍ വിജയിക്കും എന്നും തമ്പുരാന്‍ പറഞ്ഞു. ശാസ്ത്രികള്‍ ആ ശ്ലോകത്തിന് നാലു വിധത്തില്‍  അര്‍ഥം നല്‍കി. അതു കേട്ടപ്പോള്‍ ഇതില്‍ കൂടുതല്‍ മറ്റാര്‍ക്കും പറയാനാവില്ലെന്നും ശാസ്ത്രികള്‍ തന്നെ വിജയിച്ചെന്നും സഭയിലുള്ളവര്‍ കണക്കു കൂട്ടി. എന്നാല്‍ കാക്കശ്ശേരി ഭട്ടതിരി ആ ശ്ലോകത്തിന് വ്യക്തമായും പൂര്‍ണമായും വിവരിച്ചു നല്‍കിയത് എട്ട് അര്‍ഥങ്ങളായിരുന്നു. ശാസ്ത്രികള്‍ അങ്ങനെ വാദത്തില്‍ തീര്‍ത്തും പരാജയപ്പെട്ടു. കിഴി നൂറ്റെട്ടും ഭട്ടതിരി വാങ്ങുകയും ചെയ്തു. 
വയോവൃദ്ധര്‍ക്കുള്ള കിഴിക്ക് അര്‍ഹത എനിക്കാണ്, എന്നോളം വൃദ്ധരായവര്‍ ഇവിടെയില്ല എന്ന് പറഞ്ഞ് വൃദ്ധര്‍ക്കുള്ള നൂറ്റൊമ്പതാമത്തെ കിഴിക്കായി ശാസ്ത്രികള്‍ അവകാശവാദമുന്നയിച്ചു. വയസ്സു കൂടുതലുള്ളവര്‍ക്കാണ് നല്‍കേണ്ടതെങ്കില്‍ അതിനര്‍ഹത എന്റെ ഭൃത്യനാണെന്ന് കാക്കശ്ശേരി ഭട്ടതിരിയും  പറഞ്ഞു. അങ്ങനെ ഉദ്ദണ്ഡശാസ്ത്രികള്‍ക്ക് ആ കിഴിയും നഷ്ടമായി.  ഭട്ടതിരിയുടെ വിജയം മലയാള ബ്രാഹ്മണര്‍ മതിമറന്ന് ആഘോഷിച്ചു. 
 പിന്നെയും പലയിടങ്ങളില്‍ വെച്ച് ശാസ്ത്രികളും ഭട്ടതിരിയും തമ്മില്‍ വാദങ്ങളുണ്ടായെങ്കിലും ഒന്നിലും ശാസ്ത്രികള്‍ക്ക് വിജയിക്കാനായില്ല. 
ഒരിക്കല്‍ കിഴി വാങ്ങിയതോടെ തുടര്‍ന്നങ്ങോട്ടും ആണ്ടുതോറും കിഴി വാങ്ങുന്നത്  ഭട്ടതിരി തന്നെയായിരുന്നു.  
സമാവര്‍ത്തനം കഴിഞ്ഞതോടെ  ഇല്ലത്തു തന്നെ താമസിക്കുന്ന പതിവില്ലായിരുന്നു ഭട്ടതിരിക്ക്. അദ്ദേഹം ദേശാടനത്തിലായിരുന്നു പലപ്പോഴും. ഒരിക്കല്‍ ഭട്ടതിരി പരദേശത്തൊരു സത്രത്തില്‍ ഇരിക്കുമ്പോള്‍ പലദേശക്കാരും ജാതിക്കാരുമായ ഒട്ടേറെ വഴിപോക്കര്‍ അവിടെയെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ തമ്മില്‍ അടിപിടിയുണ്ടായി. വിവരമറിഞ്ഞെത്തിയ  സര്‍ക്കാരുദ്യോഗസ്ഥര്‍ ഇരുകൂട്ടരെയും ഹാജരാക്കാന്‍ സേവകരോടു പറഞ്ഞു. ഇരു കൂട്ടരും ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ തങ്ങളുടെ സങ്കടമറിയിക്കുകയും നിര്‍ദോഷികളാണെന്ന് ബോധിപ്പിക്കുകയും ചെയ്തു.  നിങ്ങള്‍ക്ക് ദൃക്‌സാക്ഷികളുണ്ടോ എന്നു ചോദിച്ച ഉദ്യോഗസ്ഥരോട് സത്രത്തിലൈാരു മലയാളി ഇരിപ്പുണ്ട്, അദ്ദേഹം എല്ലാം കണ്ടും കേട്ടും ഇരിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.  
ഉദ്യോഗസ്ഥര്‍ ഭട്ടതിരിയോട് വിവരങ്ങളാരാഞ്ഞു. എനിക്ക് അവരുടെ ഭാഷ അറിഞ്ഞുകൂട, എങ്കിലും അവര്‍ പറഞ്ഞ വാക്കുകള്‍ പറയാമെന്ന് ഭട്ടതിരി പറഞ്ഞു. തമിഴ്, സംസ്‌കൃതം, തെലുങ്ക്, മറാഠി, ഹിന്ദുസ്ഥാനി, കന്നഡ തുടങ്ങിയ ഭാഷകളില്‍ അവര്‍ പറഞ്ഞ വാക്കുകളെല്ലാം അദ്ദേഹം അവിടെ പറഞ്ഞു. ലഹളയ്ക്കിടയില്‍ ഒരുപാടുപേര്‍ പറഞ്ഞ വാക്കുകളെല്ലാം ഓര്‍ത്തു വെച്ച് ഭട്ടതിരി പറഞ്ഞതില്‍ നിന്നും അദ്ദേഹത്തിന്റെ ധാരണാശക്തി എത്രയുണ്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. 
തീണ്ടലും തൊടീലുമൊന്നുമില്ലാത്ത വ്യക്തിയായിരുന്നു ഭട്ടതിരി. ആരു ഭക്ഷണം നല്‍കിയാലും ഭക്ഷിക്കും. എല്ലാവരെയും തൊടും. പിന്നീട് ക്ഷേത്രങ്ങളിലും  കയറും. കുളിയില്‍ പോലും വലിയ നിഷ്ഠയില്ലായിരുന്നു. ഇത് മലയാള ബ്രാഹ്മണര്‍ക്കൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല. ഭട്ടതിരിയെ ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും കയറ്റില്ലെന്ന് അവര്‍ തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിനു മുമ്പില്‍ അവര്‍ക്ക് അങ്ങനെ പെരുമാറാന്‍ സാധിച്ചിരുന്നില്ല. 
ഒരിക്കല്‍ തളിക്ഷേത്രത്തില്‍ വാദത്തിനെത്തി ജയിച്ചു മടങ്ങുന്ന വേളയില്‍ ബ്രാഹ്മണരുമായി ഇങ്ങനെയൊരു ചോദ്യോത്തരമുണ്ടായി. 
ബ്രാഹ്മണര്‍:  ആപദി കിം കരണീയം
ഭട്ടതിരി: സ്മരണീയം ചരണയുഗളമംബായാ: 
ബ്രാഹ്മണര്‍: തത് സ്മരണം കിം കുരുതേ?
ഭട്ടതിരി: ബ്രഹ്മാദീനപി ച കിങ്കരീകുരുതേ
 'ആപത്തില്‍ എന്താണ് ചെയ്യേണ്ടത'് എന്നായിരുന്നു ബ്രാഹ്മണരുടെ ചോദ്യം. 'ദേവിയുടെ പാദങ്ങളെ സ്മരിക്കണം'. എന്ന് ഭട്ടതിരിയുടെ ഉത്തരം. '  ആ പാദത്തെക്കുറിച്ചുള്ള സ്മരണം എന്തിനെ ചെയ്യും'   എന്ന് പിന്നത്തെ ചോദ്യം.  ' അത് ബ്രഹ്മാവ്  മുതലായവരെക്കൂടിയും ഭൃത്യരാക്കും'  എന്നായിരുന്നു മറുപടി. ഭട്ടതിരിയെ വര്‍ജിക്കാനായിരുന്നു ആ ചോദ്യോത്തരം.
പിറ്റേന്ന് ബ്രാഹ്മണര്‍ ഒത്തുകൂടി ഭഗവതിയെ പൂജിച്ച് പലവിധ മന്ത്രങ്ങളോടെ പുഷ്പാഞ്ജലി ചെയ്ത് ആപത്് നിവൃത്തിക്കായി പ്രാര്‍ഥിച്ചു. അങ്ങനെ നാല്പത് ദിവസത്തെ ഭഗവത് സേവ കഴിഞ്ഞു. നാല്പത്തൊന്നാം ദിവസം ഭട്ടതിരി അവിടെയെത്തി. പുറത്തു നിന്നു കൊണ്ട്, കുടിക്കാന്‍ കുറച്ച് വെള്ളം ആവശ്യപ്പെട്ടു. ഒരാള്‍ വെള്ളം കൊണ്ടു വന്നു കൊടുത്തു. ഭട്ടതിരി അതെടുത്ത് കുടിച്ച ശേഷം പാത്രം കമിഴ്ത്തി വെച്ചു. എനിക്ക് ഭ്രഷ്ടുണ്ട്, ഞാന്‍ അങ്ങോട്ട് കയറി ആരെയും തൊട്ട് അശുദ്ധമാക്കുകയില്ലെന്ന് പറഞ്ഞു. പിന്നീട് അദ്ദേഹം അവിടെ നിന്ന് പോയി. അതില്‍പ്പിന്നെ ഭട്ടതിരിയെ ആരും കണ്ടിട്ടില്ല. അദ്ദേഹം മരിച്ചതിനെക്കുറിച്ച് ആര്‍ക്കും വിവരമില്ല. അദ്ദേഹത്തിന്റെ ജീവിത കാലത്തെക്കുറിച്ചും വ്യക്തമായ അറിവില്ലെങ്കിലും കൊല്ല വര്‍ഷം അറുനൂറിനും എഴുനൂറിനും ഇടയിലാണെന്ന് അനുമാനിക്കുന്നു.  ഭട്ടതിരിയുടെ കാലശേഷം പിന്നീട് ആ ഇല്ലത്ത് പുരുഷന്മാരാരും ഇല്ലാത്തതിനാല്‍ ക്രമേണെ കാക്കശ്ശേരി ഇല്ലം അന്യം നിന്നുപോയി.

No comments: