Wednesday, October 31, 2018

യുക്തിവാദികളും പുരോഗമനവാദികളും ആയിരിക്കാം. എന്നാല്‍ ഓരോ ശാസ്ത്രത്തെയും അതാതിന്‍റെ പദ്ധതി അനുസരിച്ച് വേണം മനസ്സിലാക്കേണ്ടത് എന്നൊരു വിവേകം ഉണ്ടല്ലോ! അല്ലാതെ ഒരു ശാസ്ത്രത്തെ അറിയുവാന്‍ മറ്റൊരു ശാസ്ത്രത്തിന്‍റെ പദ്ധതിയും യുക്തിയും ഉപയോഗിക്കുന്നത് അശാസ്ത്രീയമാകില്ലേ !!!!
ഒരു വ്യാഴവട്ടക്കാലം എന്നൊരു പ്രയോഗമുണ്ട്. വ്യാഴം രാശിചക്രത്തിലെ പന്ത്രണ്ടു രാശികളില്‍ ഒരു രാശിയില്‍ ഒരു വര്‍ഷം എന്ന ക്രമത്തില്‍ സഞ്ചരിച്ചു വരുന്ന പന്ത്രണ്ടു വര്‍ഷം, അതാണ് ഒരു വ്യാഴവട്ടക്കാലം. 2018 ഒക്ടോബര്‍ 11 കഴിഞ്ഞപ്പോല്‍ വ്യാഴം തുലാം രാശിയില്‍ നിന്ന് വൃശ്ചികത്തിലേയ്ക്ക് വന്നു. ഇനി ഒരു വര്‍ഷക്കാലം കഴിഞ്ഞാണ് അടുത്ത രാശിയായ ധനുവിലേയ്ക്ക് വ്യാഴം പ്രവേശിക്കുക. വ്യാഴം ഓരോ രാശിയില്‍ എത്തുമ്പോഴും മനുഷ്യന് ഗുണദോഷങ്ങളായ ഒരുവര്‍ഷത്തെ ഫലത്തെ കുറിച്ചുള്ള സൂചന നല്‍കുന്നുണ്ട്. അത് നിശ്ചയിക്കപ്പെടുന്നത് അവനവന്‍റെ ജന്മക്കൂറോ ലഗ്നമോ പരിഗണിച്ച് അവിടെ നിന്ന് എത്രാമത്തെ ഭാവത്തില്‍ ഇപ്പോള്‍ വ്യാഴം നില്‍ക്കുന്നു എന്നു നോക്കിയാണ്. വ്യാഴം ഒരോ രാശിയിലും എപ്പോഴൊക്കെ എത്തുന്നുവോ അപ്പോഴൊക്കെ ഒരേ ഫലംതന്നെ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. എന്നു കാണുമ്പോഴാണ് വ്യാഴത്തിന്‍റെ രാശിസ്ഥിതി കൃത്യമായ ഒരു സൂചകമായി പരിഗണിക്കപ്പെടുന്നത്.
വ്യാഴത്തിന്‍റെ മാത്രമല്ല മറ്റുള്ള ഗ്രഹങ്ങള്‍ രാശി മാറുമ്പോഴും അവ ആവര്‍ത്തിച്ചു സംഭവിക്കുന്ന അനുഭവങ്ങളുടെ സൂചന കൃത്യമായി കാണിക്കുന്നുണ്ട്. ഇവിടെ വ്യാഴമാറ്റം എടുത്തു പറയുവാന്‍ കാരണം മനുഷ്യന്‍റെ ജീവിതത്തിലെ സുഖദുഃഖങ്ങള്‍ കീഴ്മേല്‍ മറിയുന്നത് വേഗം ബോദ്ധ്യപ്പെടുന്നത് വ്യാഴം രാശി മാറുമ്പോഴാണ് എന്നതിനാലാണ്. ഇപ്പോള്‍ വ്യാഴം രാശിമാറിയ സമയവുമാണല്ലോ! പലരുടെയും അവസ്ഥകള്‍ അനുകൂലമായോ പ്രതികൂലമായോ മാറിമറിഞ്ഞിട്ടുമുണ്ട്.
ഭാരതത്തിലെ ജ്യോതിശാസ്ത്രം അനുസരിച്ച് സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ചൊവ്വ, ശനി, രാഹുകേതുക്കള്‍ ഇവയുടെ രാശിസ്ഥിതി നോക്കി മനുഷ്യന്‍റെ ജീവിതാവസ്ഥയിലെ സൂക്ഷ്മമായ മാറ്റങ്ങളെ വായിക്കുവാന്‍ കഴിയും. ഇതൊരിക്കലും ഒരു പ്രവചനം അല്ല. ആവര്‍ത്തിക്കപ്പെടുന്ന ഒരു കാര്യത്തെ രാശിസ്ഥിതിയിലെ സൂചകങ്ങളെ നോക്കി വായിച്ചു പറയുന്നു എന്നുമാത്രം. ഊഹാപോഹം അല്ലെന്നര്‍ത്ഥം.
നാം പലപ്പോഴും പ്രത്യക്ഷത്തില്‍ നടക്കുന്ന മാറ്റങ്ങളെ മാത്രമേ നിരീക്ഷിക്കാറുള്ളൂ. ഉദാഹരണത്തിന് ഏതു മാസമാണ് ചൂടുള്ളത്, മഴയുള്ളത്, മഞ്ഞുള്ളത്, വസന്തമുള്ളത് എന്നെല്ലാം നമുക്ക് അറിയാം. കാരണം നേരത്തെ പറഞ്ഞതുപോലെ എപ്പോഴൊക്കെ അവ സംഭവിക്കുന്നുവോ അപ്പോഴൊക്കെ അതേ മാസവും ഒത്തുവരുന്നുണ്ട് എന്നതിനാല്‍. എന്നാല്‍ ഈ മാസങ്ങളില്‍ നമ്മുടെ വ്യക്തി ജീവിതത്തിലും പൊതുവായി ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടോ എന്നുകൂടി നിരീക്ഷിച്ചാല്‍ നേരത്തെ വ്യാഴത്തിന്‍റെ സ്ഥിതിപറഞ്ഞതുപോലെ സൂര്യന്‍റെ രാശിസ്ഥിതി നല്‍കുന്ന സൂചനകളും ബോദ്ധ്യപ്പെടുന്നതാണ്. അതുപോലെ തന്നെ ഓരോ ദിവസത്തെയും നക്ഷത്രങ്ങള്‍ നോക്കിവച്ചാല്‍ ശരീരത്തിനോ മനസ്സിനോ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകുന്ന ദിവസങ്ങള്‍ കൃത്യമായി ചില നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളില്‍ ആവര്‍ത്തിക്കുന്നതുകാണാം. ചന്ദ്രന്‍റെ രാശിസ്ഥിതിയാണ് നക്ഷത്രങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സൂചകം. അതാകുമ്പോള്‍ വലിയ കാലതാമസം കൂടാതെ രണ്ടാഴ്ച ഇടവിട്ട് അനുഭവങ്ങള്‍ മാറുന്നത് പഠിക്കുന്നതിനും സഹായിക്കും.
ഇങ്ങനെ പ്രകൃതിയിലും മനുഷ്യനിലും ജീവിതാനുഭവങ്ങളിലും എപ്പോഴും ഒരു ആവര്‍ത്തനസ്വഭാവം ഉണ്ടെന്നു കാണുന്നു. അതുകൊണ്ടാണ് ഇത് ജീവിതചക്രം ആകുന്നത്. ജീവിതാവസ്ഥയ്ക്കും മാനസികാവസ്ഥയ്ക്കും സ്ഥിരതയില്ലെന്ന് ആര്‍ക്കാണനുഭവമില്ലാത്തത്!
ഇതെല്ലാം സൂക്ഷ്മരൂപത്തില്‍ നടക്കുന്ന മാറ്റങ്ങളെ പഠിപ്പിക്കുന്ന ഭാരതീയശാസ്ത്രങ്ങളാണ്. അന്വേഷണബുദ്ധിയില്ലാതെ തോന്നുന്ന യുക്തിയും നിയമങ്ങളും അധികാരവും കൊണ്ട് നിസാരമായി തള്ളിക്കളയാവതല്ല. നമുക്ക് അവ ആവശ്യമില്ലെങ്കില്‍ വേണ്ട. എന്നാല്‍ അനുഭവം കൊണ്ട് ശരിയെന്നു തോന്നി മറ്റൊരാള്‍ ആചരിക്കുന്നവയെ നിഷേധിക്കണമെങ്കില്‍ നമുക്ക് ആ പദ്ധതി അറിയാമായിരിക്കണം. അല്ലാതെ ഒന്നിനെ ഇല്ലാതാക്കുന്നത് അസുരസ്വഭാവമായ അജ്ഞതയാണ്.
ജീവിതത്തിന്‍റെ ഗതിവിഗതികളെ സൂക്ഷശാസ്ത്രങ്ങളിലൂടെ വായിച്ചുതരുക മാത്രമല്ല ഭാരതം ചെയ്തിട്ടുള്ളത്. പരിഹാരം നിര്‍ദ്ദേശിക്കുന്നുമുണ്ട്. സുഖദുഃഖാനുഭവങ്ങളുടെ കാരണം അവനവന്‍റെ കര്‍മ്മങ്ങളാണ്. അതിനാല്‍ പരിഹാരം എന്നതും സ്വന്തം കര്‍മ്മങ്ങളുടെ ശുദ്ധി തന്നെയാണ്. മനസ്സുകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തനിക്കോ മറ്റുള്ളവര്‍ക്കോ നല്ലതു മാത്രം അനുഷ്ഠിച്ച് സ്വന്തം വിധിയെ സ്വയം ഗതിമാറ്റുക എന്ന സാത്വിക കര്‍മ്മങ്ങളാണ് പരിഹാരം. ഭക്തി, കര്‍മ്മം, യോഗം, ജ്ഞാനം എന്നിങ്ങനെ അതിനുള്ള പ്രായോഗിക കര്‍മ്മ മാര്‍ഗ്ഗങ്ങളും ശാസ്ത്രീയ പദ്ധതികളോടെ നല്‍കപ്പെട്ടിട്ടുണ്ട്.
പറഞ്ഞു വരുന്നത് ഇതാണ്. ഭാരതീയമായ തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം, ജ്യോതിശാസ്ത്രം, വാസ്തുശാസ്ത്രം, ആദ്ധ്യാത്മികദര്‍ശനം ഇവയുടെയൊക്കെ ശരിതെറ്റുകള്‍ അളക്കേണ്ടത് അതാത് പദ്ധതി അനുസരിച്ചുള്ള അനുഭവതലത്തിലൂടെയാണ്. അതാണ് വിവേകം. അല്ലാത്തത് അശാസ്ത്രീയം! അല്ലാതെ ഒാരോ ശാസ്ത്രങ്ങളുടെയും തനതു പദ്ധതി വിട്ടിട്ട് അതുമായി യാതൊരു ബന്ധവുമില്ലാത്ത ശാസ്ത്രങ്ങളും യുക്തിയും നിയമങ്ങളും ചരിത്രവും പറഞ്ഞല്ല അവയുടെ തീര്‍പ്പു കല്പിക്കേണ്ടത്. രസതന്ത്രം പഠിപ്പിക്കുന്ന തത്ത്വങ്ങള്‍ തെളിയിക്കുവാന്‍ പരീക്ഷണശാലയിലെ അനുഭവമാണ് പഠനപദ്ധതി. പകരം പുറത്തുകൊണ്ടുപോയി ചരിത്രാവശിഷ്ടങ്ങളോ ഉല്‍ഖനനങ്ങളോ ചരിത്രക്കുറിപ്പുകളോ കാണിച്ചുകൊടുക്കുക അല്ലല്ലോ പഠനപദ്ധതി.
ഒരാളുടെ അനുഭവസത്യത്തെ നിഷേധിക്കുവാന്‍ മറ്റൊരാളിന്‍റെ യുക്തി മതിയാകില്ല. എന്നാല്‍ ഒരാളുടെ യുക്തിയെ നിഷേധിക്കുവാന്‍ ഏതൊരാളിനും സ്വന്തം അനുഭവസത്യം മതിയാകും. ഒരാള്‍ കൈ വൃത്തിയായി കഴുകിയിട്ട് ആഹാരം കഴിക്കുമ്പോള്‍ അത് അനാചാരമാണ് ഞങ്ങളാരും കൈ കഴുകിയിട്ടല്ലോ ആഹാരം കഴിക്കുന്നത്, നിങ്ങള്‍ ഞങ്ങളുടെ പുരോഗമനാശയങ്ങള്‍ സ്വീകരിക്കൂ എന്നു പറയുമ്പോലെയുള്ള യുക്തിയാണ് ഭാരതീയ ക്ഷേത്രനിഷ്ഠകളിലും വ്രതാനുഷ്ഠാനപദ്ധതികളിലും മന്ത്രതന്ത്രജ്യോതിഷ ശാസ്ത്രങ്ങളിലും പലരും കൈക്കൊണ്ടുകാണുന്നത്..
krishnakumar kp

No comments: