1. ബ്രഹ്മം എന്നാൽ...
ബൃഹത്തായത് എന്നാണു ബ്രഹ്മതാല്പര്യം. ബ്രഹ്മത്തിനു ഒരു നാമം കൊടുക്കുന്നത് മനസ്സുതന്നെ; ശരിക്കും മനസ്സിന്നതീതമാണ് ബ്രഹ്മമെന്നതിനാൽ അത് നാമത്തിനും രൂപത്തിനും അതീതമാണ്. പിന്നെ ഒന്നിനെക്കുറിച്ച് പറഞ്ഞാലും സൂചിപ്പിച്ചാലും മാത്രമേ അതു "മനസ്സി"ലാവൂ എന്നതിനാൽ "ബ്രഹ്മം" എന്ന ഒരു നാമം സൂചിപ്പിച്ചുവെന്നേയുള്ളൂ.
സർവ്വം നിറഞ്ഞുനിൽക്കുന്നു എന്നുപറയുന്നതുപോലും മനസ്സുതന്നെ. നിറഞ്ഞുനിൽക്കുന്നു എന്നുപറയുമ്പോൾ പോലും അതിനു നിറഞ്ഞുനിൽക്കാൻ വ്യക്തമായ ഒരു ഇടം (space) വേണം; ആ ഇടംപോലും മനസ്സിലാണ് നിൽക്കുന്നത്. നിറഞ്ഞുനിൽക്കുന്നു എന്നുപറയുന്നതിലും ബ്രഹ്മതാല്പര്യം പൂർണ്ണമാകുന്നില്ല എന്നു സാരം. അതിനെ "അനിർവചനീയം" എന്നുമാത്രമേ പറയാനൊക്കൂ; പക്ഷേ, അതു സ്വാനുഭവമാണുതാനും. "അനുഭവം" (സ്വാനുഭവം) എന്നത് എല്ലാത്തരം നിർവചനങ്ങൾക്കും അതീതവുമാണ്.
ബ്രഹ്മത്തെ അറിഞ്ഞ ആൾ എന്നൊരു ആൾ നിലനിൽക്കുന്നില്ല; ഇപ്പറഞ്ഞ ആൾ തന്നെ ബ്രഹ്മമായിത്തീരുകയാണു ചെയ്യുന്നത്.
2. അതിനെ അതായിരുന്നുകൊണ്ട് കാണുക...
കേവലാനുഭവസ്വരൂപനായ ഞാൻ ഞാനായിനിന്നുകൊണ്ട് എന്നിലൂടെ ഞാനായി അറിയുമ്പോൾ അത് പരമകാരണവും സർവ്വവ്യാപിയും സർവാന്തര്യാമിയും സച്ചിദാനന്ദസ്വരൂപവുമായ ബ്രഹ്മംതന്നെയെന്നറിയുന്നു.
ആ സച്ചിദാനന്ദസ്വരൂപത്തെ അറിയുക എന്നല്ല പറയേണ്ടത്, അതായിരുന്നുകൊണ്ട് അതിനെ കാണുക എന്നാകുന്നു. അകക്കണ്ണുകൊണ്ട് അതിനെ കാണുമ്പോൾ ആ അകക്കണ്ണ് അതുതന്നെയെന്നറിയുന്നു.
3.
ജ്ഞാനം, വിജ്ഞാനം
പഞ്ചഭൂതനിർമ്മിതമായ പ്രപഞ്ചം, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നീ അഷ്ടതാപ്രകൃതിയെക്കുറിച്ചുള്ള അറിവ് ജ്ഞാനം; ഇവ അറിയുന്നവനെ (പര) അറിയുന്നത് വിജ്ഞാനം. അപരാപ്രകൃതി എന്ന ഇന്ദ്രിയ മനോബുദ്ധികളാൽ അറിയപ്പെടുന്ന ജ്ഞാനം അനുഭവമല്ല; മറിച്ച് ഇന്ദ്രിയപ്രേരിതമാണ്. പരയെക്കുറിച്ചുള്ള (പരാപ്രകൃതി) നേരറിവ്, നേരനുഭവം (experiential knowledge) വിജ്ഞാനം.
അപരാപ്രകൃതി ജ്ഞാനം അതിന്റെ പരിധിവിട്ട് മുന്നോട്ടുപോയാൽ കാര്യമായ പ്രയോജനമൊന്നുണ്ടാവുകയില്ലെന്നു മാത്രമല്ല, പലപ്പോഴും അപകടമായി ഭവിക്കുകയും ചെയ്യും. അതു മനോബുദ്ധികളെ ഊർജ്ജിതമാക്കും; അങ്ങനെ ചെയ്യുംതോറും ചിന്തകൾക്കടിപ്പെട്ട് സ്വതസിദ്ധമായ ശാന്തിയെ തകർക്കും. ഭൂമി ഉരുണ്ടതാണ്, ആയിരക്കണക്കിന് പ്രകാശവർഷങ്ങൾ അകലെ ഒരു നക്ഷത്രം സ്ഥിതിചെയ്യുന്നു എന്നൊക്കെയുള്ള അറിവ്, അതുകൊണ്ട് നമ്മുടെ ജീവിതത്തിൽ പ്രത്യേകിച്ചൊരു പ്രയോജനവുമില്ല. ഒപ്പം, അത്തരം അറിവുകളിൽ കൂടുതൽ വ്യവഹരിക്കുംതോറും സമാധാനം കെടുത്തുകയും ചെയ്യും. എന്നാൽ പരയെ സംബന്ധിച്ച സ്വാനുഭവരൂപമായ അറിവ് (വിജ്ഞാനം) വർദ്ധിക്കുംതോറും ശാന്തിയും അധികരിക്കുന്നു. അതിന്റെ ആഴവും പരപ്പും സ്വയമേവ അനന്തമാകയാൽ അതിനെ കൂടുതൽ അടുത്തറിയുംതോറും ആനന്ദം ഊറിയൂറി വരും.
പരയുടെ പാലു നുകർന്ന ഭാഗ്യവാന്മാർക്കൊരു
പതിനായിരമാണ്ടൊരല്പ നേരം
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടി ആയിരാമാണ്ടുപോലെ തോന്നും...
പതിനായിരമാണ്ടൊരല്പ നേരം
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടി ആയിരാമാണ്ടുപോലെ തോന്നും...
4.ഭഗവാനോടടുക്കുംതോറും ജീവന്റെ കർമ്മങ്ങൾ ഭഗവാൻ ഏറ്റെടുക്കുന്നു
==============================================
ശ്രീരാമകൃഷ്ണദേവൻ ഒരു കഥ പറയും; വിവാഹം കഴിച്ച് ഭർതൃവീട്ടിലെത്തിയ ഒരു യുവതി; മടിപിടിക്കാതിരിക്കാനും ശരീരത്തിന്റെ ഊർജ്ജസ്വലത നഷ്ടപ്പെടുത്താതിരിക്കാനും വേണ്ടി ഭർത്താവിന്റെ അമ്മ അവളെ കഠിനമായി വേലചെയ്യിപ്പിച്ചു. കുറച്ചുനാളുകൾക്കകം യുവതി ഗർഭം ധരിച്ചു; പതിയെപ്പതിയെ ജോലിഭാരം കുറച്ചുകൊണ്ടുവരാൻ നിർദ്ദേശിച്ചു, അധികം ആയാസപ്പെട്ട പണികൾ എടുക്കേണ്ട, അധികം കുനിയേണ്ടാ എന്നൊക്കെയുള്ള നിർദ്ദേശങ്ങൾ! ഒമ്പതാം മാസമായപ്പോൾ പിന്നെ ജോലിയൊന്നും ചെയ്യേണ്ടെന്നായി. പ്രസവിച്ചശേഷം പിന്നെ കുഞ്ഞിനെ നോക്കേണ്ട ചുമതല മാത്രമായി.
ഒരു ജീവൻ ഭഗവാനോടടുക്കുന്നതോടെ അതിന്റെ പ്രാരാബ്ധവും കുറഞ്ഞുവരുന്നു. ജപാദി സാധനകളും ഉപാസനയും ധ്യാനവുമൊക്കെയായി കൂടുതൽ കൂടുതൽ ഭഗവാനോടടുക്കുംതോറും ജീവന്റെ കർമ്മവും കുറഞ്ഞുകുറഞ്ഞുവരുന്നു; ഭഗവാൻ തന്നെ ആ ജീവനാവശ്യമായ കാര്യങ്ങൾ സ്വയം നടത്തിക്കൊടുക്കുന്നു. അതോടെ ജീവന്റെ കർമ്മബന്ധങ്ങളും അഴിഞ്ഞുതുടങ്ങുന്നു.
ഭഗവാനോട് പൂർണ്ണമായും അടുത്ത് ആ മഹാശക്തിയോടു താദാത്മ്യം പ്രാപിക്കുന്ന ജ്ഞാനാവസ്ഥയ്ക്കുശേഷം ജീവൻ അതിന്റെ ജീവഭാവം വിടുന്നതോടെ എല്ലാ കർമ്മവും ഒഴിഞ്ഞുപോകുന്നു. അഥവാ ശരീരത്തിലൂടെ കർമ്മം ചെയ്യുന്നതായും ലോകവ്യവഹാരം ചെയ്യുന്നതായും പുറമേനിന്നുള്ളവർക്ക് തോന്നുന്നുവെങ്കിലും, സാക്ഷാൽ ഭഗവാൻതന്നെയാണ് ആ ശരീരത്തിലൂടെ സകലവിധ കർമ്മങ്ങളും ഏറ്റെടുത്തുനടത്തുന്നത്. കർമ്മം ചെയ്യുമ്പോഴും ഒന്നും ചെയ്യുന്നില്ലെന്ന തിരിച്ചറിവ്; "കർമ്മത്തിൽ അകർമ്മം", ഇതാണ് ഭഗവാനോടടുത്ത്, ഭഗവാനോട് താദാത്മ്യം പ്രാപിച്ച് സ്വയം ഭഗവാനായി മാറിയ ജ്ഞാനിയുടെ ഒരിക്കലും ഇളകാത്ത, അചഞ്ചലമായ സ്ഥിതി.
5.ഉപാധികൾ നീങ്ങുമ്പോൾ സർവ്വസ്വാതന്ത്ര്യം
ഉപാധികളാണ് ബന്ധനം, അസ്വാതന്ത്ര്യം. മനസ്സിന്റെ എല്ലാവിധ ഉപാധികളും നീങ്ങിക്കിട്ടിയാൽ പിന്നെ മനസ്സ്, മനസ്സല്ലാതാകും, തത്‌സ്ഥാനത്ത് മറ്റൊന്നു പ്രകാശിക്കും; അതാവട്ടെ സ്വയം പ്രകാശിതവും, എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്നതും, നിത്യ-ശുദ്ധ-ബുദ്ധ-മുക്തസ്വരൂപവുമാണ്. അതിനെ കണ്ടവർ അതായിരുന്നുകൊണ്ട്, അതിനെ മാത്രം കാണുന്നു; അതിനെ കാണാൻ ഭാഗ്യം സിദ്ധിക്കാത്തവർ അതൊഴികെ മറ്റെല്ലാറ്റിനേയും കാണുന്നു.
അനിർവചനീയമായ ആ പരമാനന്ദസ്വരൂപത്തെ, അതിന്റെ തന്നെ കൃപാവേശത്താൽ, ഒരിക്കൽ കണ്ടുകഴിഞ്ഞാൽ അതുതന്നെ എല്ലാം. ജീവൻ ആ ദിവ്യപ്രകാശത്തിൽ കത്തിച്ചാമ്പലായിത്തീരുമ്പോൾ, അതുവരെ ഉണ്ടാക്കിവച്ചിരുന്ന എല്ലാവിധ ബന്ധനങ്ങളിൽനിന്നും കെട്ടുപാടുകളിൽനിന്നും മുക്തമായ സ്ഥിതി; സർവ്വസ്വാതന്ത്ര്യം!!!
6.
മനസ്സാണ് ഗോപിക
ഇത്രയും കാലം തങ്ങളുടെ എല്ലാമെല്ലാമായ കൃഷ്ണന്‍ തങ്ങളെ ഉപേക്ഷിച്ചു മഥുരയിലേക്കുപോയശേഷം ഗോപികമാര്‍ അനുഭവിച്ച തീവ്ര വിരഹദുഃഖത്തെ എങ്ങനെ വിവരിക്കേണ്ടൂ! പ്രിയ യമുനേ, വല്ലികളേ, പുഷ്പങ്ങളേ, പക്ഷിമൃഗാദികളേ...നിങ്ങള്‍ കണ്ടുവോ ഞങ്ങളുടെ കൃഷ്ണനെ? ഞങ്ങളെ ഉപേക്ഷിച്ച് അവന്‍ എങ്ങു പോയ്മറഞ്ഞു? അവന് ഞങ്ങളെ ഉപേക്ഷിക്കാന്‍ എങ്ങനെ മനസ്സുവന്നു?...ഇങ്ങനെ പോകുന്നു അവരുടെ പരിഭവങ്ങള്‍!
മനസ്സുതന്നെ ഗോപിക, കൃഷ്ണന്‍ അന്തരാത്മാവും. ലൗകീകതയുടെ പ്രസരത്തില്‍ അന്തരാത്മാവിന്റെ ശ്രദ്ധ നഷ്ടപ്പെട്ടുപോയ മനസ്സിന്റെ അടക്കാനാവാത്ത രോദനമാണ് ഗോപികാവിരഹം.... ഇത് ചൈതന്യമഹാപ്രഭു അടക്കമുള്ള ഒട്ടുമിയ്ക്ക ഭക്തന്മാരും അനുഭവിച്ചിട്ടുണ്ട്.
വിരഹദുഃഖത്തില്‍ കരഞ്ഞുകരഞ്ഞ് കണ്ണീര്‍ വറ്റുമ്പോള്‍, ജീവഭാവം ആ മഹാസന്നിധിയില്‍ അടക്കമാകുമ്പോള്‍, വീണ്ടും ആ ദിവ്യപ്രകാശം ഹൃദയാന്തര്‍ഭാഗത്ത് പരന്നൊഴുകും.
No comments:
Post a Comment