'അവനവനില്‍ ഈശ്വരനെ കണ്ടെത്തുകയെന്നത് വളരെ വിഷമംപിടിച്ച പണിയല്ലേ?' എന്ന് ഒരമേരിക്കന്‍ പൗരന്‍ ഒരിക്കല്‍ സ്വാമി രാമതീര്‍ഥനോടു ചോദിച്ചു.
'ശരിതന്നെ; വലിയ ബുദ്ധിമുട്ടാണ്. പക്ഷേ ഈശ്വരനെ മറ്റെങ്ങും നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധ്യമല്ല' എന്നായിരുന്നു സ്വാമിയുടെ മറുപടി.
നാല് മഹാവാക്യങ്ങൾ
ചതുർവേദങ്ങളിൽ ഓരോന്നിലും ഓരോ മഹാവാക്യങ്ങളിലൂടെ ബ്രഹ്മത്തിന്റെ സ്വരൂപം വിവരിക്കുന്നു.
1. പ്രജ്ഞാനം ബ്രഹ്മഃ - പ്രജ്ഞ (ഉണ്മ) എന്നത് ബ്രഹ്മമാകുന്നു: യാതൊന്ന് ചരവും അചരവുമായ വസ്തുക്കളുടെയുള്ളിൽ "ഉണ്ട്" എന്ന അനുഭവസ്വരൂപമായി കുടികൊള്ളുന്നുവോ, ആ പ്രജ്ഞയെ "ബ്രഹ്മം" എന്നുപറയുന്നു "പ്രകർഷേണ ഉള്ള ജ്ഞാനം" ആണ് പ്രജ്ഞ; ഏവർക്കും ഇന്ദ്രിയങ്ങളുടെയോ മനസ്സിന്റെയോ സഹായമില്ലാതെ, ഉണർവിലും ഉറക്കത്തിലും സ്വമേധയാ അനുഭവവേദ്യമാകയാൽ ഇത് അനുഭവവാക്യം. (ഈ മഹാവാക്യം ഋഗ്വേദത്തിലെ ഐതരേയോപനിഷത്തിൽ നിന്നും).
2. അഹം ബ്രഹ്മാസ്മി: "അഹം" (ഞാൻ) എന്നത് ബ്രഹ്മത്തിന്റെ സ്വരൂപമാകുന്നു. ആദ്യത്തെ മഹാവാക്യത്തിൽനിന്നും "പ്രജ്ഞ"യാണ് ബ്രഹ്മം എന്നുകണ്ടു. അതിനെ എവിടെയാണ് അന്വേഷിക്കേണ്ടത്? അതു "ഞാൻ....ഞാൻ" എന്ന് സദാ സ്ഫുരിക്കുന്ന ഉള്ളിൽത്തന്നെയാണ് അന്വേഷിക്കേണ്ടത്. അവിടെ "അഹം ബ്രഹ്മാസ്മി" എന്ന രണ്ടാമത്തെ മഹാവാക്യം ഉദയംകൊള്ളുന്നു. പഞ്ചഭൂതാദികളായ സർവ്വ ചരാചരങ്ങളുടെയും ഉള്ളിലിരുന്നുകൊണ്ട്, അതിനെല്ലാം പരമകാരണമായി "ഞാൻ", "ഞാൻ" എന്ന് നിരന്തരം അനുഭവരൂപത്തിൽ അനുഭവപ്പെടുന്നുവോ അത് ബ്രഹ്മമാകുന്നു. ഇതും അനുഭവവാക്യം തന്നെ. (ഈ മഹാവാക്യം യജുർവേദത്തിലെ ബൃഹദാരണ്യകോപനിഷത്തിൽ നിന്നും)
3. തത്ത്വമസി - അത് നീ ആകുന്നു (തത്-ത്വം-അസി): ഏതൊന്നിനെ നീ ബ്രഹ്മം എന്നന്വേഷിക്കുന്നുവോ അത് നീ തന്നെ ആകുന്നു. തന്റെ ഉള്ളിൽ ഏതൊന്നിനെ കണ്ടെത്തിയിരിക്കുന്നുവോ, അതുതന്നെ സകല ചരാചരങ്ങളിലും ഉൾക്കൊണ്ടിരിക്കുന്നു എന്ന നേരറിവിലൂടെ സർവ്വതും ബ്രഹ്മമയമായി കാണുകയാണ്. ഇത് ശിഷ്യന് ഉപദേശരൂപത്തിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് ഉപദേശവാക്യം. (ഈ മഹാവാക്യം സാമവേദത്തിലെ ഛാന്ദോഗ്യോപനിഷത്തിൽ നിന്നും).
4. അയമാത്മാ ബ്രഹ്മഃ - ആത്മ എന്നത് ബ്രഹ്മമാകുന്നു: സർവ്വ ചരാചരത്തിലും "ഞാൻ...ഞാൻ" എന്ന് ഏതൊന്ന് ആത്മരൂപത്തിൽ നിരന്തരം പ്രകാശീക്കുന്നുവോ അത് ബ്രഹ്മമാകുന്നു. ആത്മാവിന്റെ സ്വരൂപം അനുഭവമാകയാൽ ഇതും അനുഭവവാക്യം. (ഈ മഹാവാക്യം അഥർവ്വവേദത്തിലെ മാണ്ഡകോപനിഷത്തിൽ നിന്നും)
എല്ലാ മഹാവാക്യങ്ങളിലും, ഓരോ ജീവനിലും അതിന്റെ നിലനില്പിനാധാരമായ പരമകാരണ വസ്തു അഥവാ ചേതന അതിൽ തന്നെ കുടികൊള്ളുന്നു എന്നുകാണിക്കുന്നു. ഇക്കാണായതും കാണാത്തതുമായ സകലത്തിലും അതിന്റെയോരോന്നിന്റെയും അകത്തും പുറത്തും ഉണ്മയായി നിലകൊള്ളുന്നതിനാൽ അതിനു സർവ്വവ്യാപിത്വവും കല്പിച്ചിരിക്കുന്നു. "ഉണ്ട്" എന്ന ഉണ്മയുടെ (ശുദ്ധ ബോധം) രൂപത്തിൽ നിലകൊള്ളുന്ന അതാണ് എല്ലാറ്റിന്റെയും ഉറവിടവും അടിസ്ഥാനവും. അറിവ് (ഉണ്മ) എന്നതുതന്നെയാണ് ബ്രഹ്മത്തിന്റെ സ്വരൂപം.
ബ്രഹ്മത്തെ അറിഞ്ഞവൻ ബ്രഹ്മമായി ഭവിക്കുന്നു; ബ്രഹ്മമല്ലാതെ മറ്റൊന്നില്ലെന്നും "സർവ്വം ഖലു ഇദം ബ്രഹ്മ:" (സർവ്വം ബ്രഹ്മമയം) എന്നുമറിയുന്നു.
"ബ്രഹ്മേതി പരമാത്മേതി ഭഗവാൻ ഇതി ശബ്ദ്യതേ" - (ബോധമേ സ്വരൂപമായിരിക്കുന്ന) ഇതിനെ “ബ്രഹ്മ”മെന്നും "പരമാത്മാ" എന്നും, "ഭഗവാൻ" എന്നും പറയുന്നു.
letting go
No comments:
Post a Comment