Friday, October 26, 2018

സ്വന്തം കര്‍മ്മങ്ങളുടെ ഫലമായുണ്ടാകുന്ന പുണ്യപാപ ഫലങ്ങളെ കായികശക്തികൊണ്ടോ സാമ്പത്തികശക്തികൊണ്ടോ അധികാരശക്തികൊണ്ടോ തടയുവാന്‍ സാധിക്കില്ല.
ഒരു വ്യക്തിയെയോ നാടിനെയോ കൊള്ളയടിക്കുമ്പോള്‍ കൈക്കലാക്കിയ ധനമാണ് ആ പ്രവൃത്തിയുടെ ഫലമെന്നു പ്രത്യക്ഷാനുഭവത്തില്‍ നാം മൂഢബുദ്ധിയാല്‍ കരുതുന്നു. എന്നാല്‍ നമ്മുടെ ഓരോ പ്രവൃത്തിയുടെയും യഥാര്‍ത്ഥഫലം എന്നത് അതല്ല!!! അത് സൂക്ഷ്മരൂപത്തില്‍ ആണ്!
കള്ളവും വഞ്ചനയും അക്രമങ്ങളും ഇല്ലാത്ത സാത്വികമായ കര്‍മ്മംകൊണ്ട് ഒരാളുടെ ഉള്ളില്‍ ശാന്തിയും സമാധാനവും വളരുന്നുണ്ട്. സുന്ദരമായ പൂക്കളെപോലെ അവരുടെ മുഖം സദാ പ്രസന്നാത്മകമായിരിക്കുന്നു. നേരെ മറിച്ച് കൊലപാതകങ്ങളും വഞ്ചനകളും ചെയ്തു ശീലിക്കുന്ന ആളുടെ മനസ്സിന് ഒരിക്കലും ശാന്തി അനുഭവപ്പെടില്ല. അതിനാല്‍ തന്നെ അവരുടെ മുഖം അശാന്തവും മ്ലാനവും ചൈതന്യമറ്റതുമായി കാണപ്പെടും!
സത് പ്രവൃത്തികള്‍ കൊണ്ടല്ലാതെ ജീവിതത്തില്‍ സന്തോഷമോ ജ്ഞാനമോ ഉണ്ടാകില്ല എന്നാണ് ഭാരതീയ ധര്‍മ്മശാസ്ത്രം പറയുന്നത്. അതനുസരിച്ച് സ്വന്തം കര്‍മ്മങ്ങളാണ് ഒരാളുടെ വിധിയെ സൃഷ്ടിക്കുന്നത്. എന്നതിനാല്‍ സത്യധര്‍മ്മങ്ങള്‍ ആചരിക്കുക എന്നത് അവനവന്‍റെ ആവശ്യം ആണ്! പരദ്രോഹം ചെയ്യുമ്പോള്‍ സ്വന്തം പീഡ എന്ന ശിക്ഷയും വിധിക്കപ്പെട്ടു കഴിയും. പരനെ സ്നേഹിക്കുമ്പോഴോ,‍ നാം നമ്മെത്തന്നെ സഹായിക്കുകയാണ്! അതുകൊണ്ടാണ് പുണ്യപ്രവൃത്തികള്‍ ചെയ്യുന്നതിനനുസരിച്ച് നമ്മുടെ ഉള്ളില്‍ ആനന്ദവും ശാന്തിയും വര്‍ദ്ധിക്കുന്നത്. പരദ്രോഹത്താല്‍ സ്വന്തം ദുഃഖം വര്‍ദ്ധിക്കുന്നതും!!! ഇതാകെ ഒറ്റ ശരീരമാണ്, ഒറ്റമനസ്സാണ് എന്നറിയേണ്ടതുണ്ട്.
ഒരാളെ സ്നേഹിക്കുമ്പോള്‍ നാം നമ്മെത്തന്നെയാണ് സ്നേഹിക്കുന്നത് എന്ന് 'ബൃഹദാരണ്യകോപനിഷത്ത്' പറയുന്നു. ശ്രീനാരായണഗുരു രണ്ടുവരികളില്‍ ഉപദേശിക്കുന്നതും ഈ ധര്‍മ്മാചരണത്തെയാണ്.
''അവനവനാത്മസുഖത്തിനാചരിക്കുന്നവ,
അപരന്നുസുഖത്തിനായ് വരേണം.''
krishnakumsr kp

No comments: