Tuesday, October 30, 2018

ശബരിമലയിലെ യുവതീ പ്രവേശന വിലക്കിനെക്കുറിച്ച് സ്മൃതികളെയും പുരാണങ്ങളെയും ആധാരമാക്കി ഒരു താത്വികാവലോകനം. 
1. ഹിന്ദു ധര്‍മ(മത)ത്തിന്റെ ആധാരം ശ്രുതികളും സ്മൃതികളും പുരാണങ്ങളുമാണ്. ശ്രുതികളുടെ അര്‍ഥം തന്നെയാണ് സ്മൃതികളില്‍ വിപുലപ്പെടുത്തി നല്‍കിയിട്ടുള്ളത്. (ശ്രുതേരിവാര്‍ഥം സ്മൃതിരന്വഗച്ഛത്, രഘുവംശം 2-2) ഹിന്ദുമതത്തിലെ  ആചാരങ്ങള്‍ വ്യവസ്ഥചെയ്യപ്പെട്ടിരിക്കുന്നത് സ്മൃതികളിലാണ്. ഈ മതാചാരങ്ങള്‍ തന്നെയാണ് ക്ഷേത്രാചാരങ്ങളിലും വ്യവസ്ഥാപനം ചെയ്തിട്ടുള്ളത്. അവയിലുള്‍പ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ടിട്ടുള്ള ഒരു വ്യവസ്ഥ ശുദ്ധാശുദ്ധങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുള്ളതാണ്.
2. ഇവയില്‍ ഏറ്റവും വലിയ അശുദ്ധിയായി കരുതപ്പെടുന്നത് യുവതികളുടെ ആര്‍ത്തവാശുദ്ധിയാണ്. നാലാം ദിവസം സ്‌നാനം ചെയ്യുന്നതോടെ അവര്‍ ശുദ്ധീകരിക്കപ്പെടുമെങ്കിലും മൂന്നുദിവസം അശുദ്ധി ആചരിക്കണം. അക്കാലത്ത് അവര്‍ മറ്റുള്ളവരെ സ്പര്‍ശിച്ചാലും മറ്റാളുകള്‍ അവരെ സ്പര്‍ശിച്ചാലും അവര്‍ക്കെല്ലാം അശുദ്ധിബാധിക്കുന്നതാണ്. ഈ ആചാരം കേരളത്തിലെ ഹൈന്ദവ സ്ത്രീകള്‍ നിഷ്ഠാപൂര്‍വം പാലിച്ചുവരുന്നതുമാണ്.
3. പ്രധാനപ്പെട്ട സ്മൃതികളിലെല്ലാം ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്.
1) പരാശരസ്മൃതി: അധ്യായം 7, ശ്ലോകം 17. 2) യാജ്ഞവല്‍ക്യസ്മൃതി: അധ്യായം 3 ശ്ലോകം 30, മനുസ്മൃതി: അധ്യായം 5, ശ്ലോകം 85, ഗൗതമസ്മൃതി: അധ്യായം 14 ശ്ലോകം 30.
4. ക്ഷേത്രാചാരങ്ങളും അവയ്ക്ക് വിഘ്‌നം വന്നാല്‍ അനുഷ്ഠിക്കേണ്ട പ്രായശ്ചിത്തങ്ങളും വിധിച്ചിട്ടുള്ളത് തന്ത്രസമുച്ചയം എന്ന പ്രാമാണിക ഗ്രന്ഥത്തിലാണ്. ഇതിലെ പത്താം പടല (അധ്യായ)ത്തില്‍ തുടക്കത്തില്‍ത്തന്നെ ക്ഷേത്രാങ്കണത്തില്‍വച്ച് രക്തസ്രാവമോ രക്തപാതമോ ഉണ്ടായാല്‍ പ്രായശ്ചിത്തം (പുണ്യാഹവും ശുദ്ധികലശവും ) ചെയ്യണമെന്നും അസന്ദിഗ്ധമായി നിര്‍വചിച്ചിട്ടുണ്ട്. (ഒന്നും രണ്ടും ശ്ലോകങ്ങള്‍ നോക്കുക. അക്കാരണംകൊണ്ടുതന്നെ സൂതികയും  രജസ്വലയായ സ്ത്രീയും ക്ഷേത്രാങ്കണത്തില്‍ പ്രവേശിച്ചുകൂടാത്തതാണ്. 
5. മെന്‍സസ് എന്ന വാക്കിന് Flow of Menstrual Blood etc. എന്നും Menstruation എന്നതിന്  Discharge of blood etc from uterus usually at monthly intervals ¶pamWvv Oxford Dictionary അര്‍ഥങ്ങള്‍ നല്‍കിയിരിക്കുന്നത്.
6. ഹൈന്ദവയുവതികള്‍ക്ക് ഇത് അറിയാമെന്നുള്ളതുകൊണ്ട് അവരാരും ആര്‍ത്തവകാലത്ത് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാറില്ല. എന്നാല്‍ മറ്റുമതസ്ഥരായ യുവതികള്‍ക്ക് ഈ ആചാരം ഇല്ലെന്നതുകൊണ്ടാണ് നമ്മുടെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കിയിട്ടുള്ളത്.
7. ശബരിമലയുടെ കാര്യത്തില്‍ ഇങ്ങനെയുള്ള നിഷേധങ്ങളൊന്നും ഇല്ലാത്തതുകൊണ്ട്  അന്യമതസ്ഥരായ യുവതികള്‍ പ്രവേശിക്കണമെന്നുള്ളതുകൊണ്ടാണ് പൊതുവെ യുവതികളെത്തന്നെ വിലക്കിയിട്ടുള്ളത്.
8. ഈ ക്ഷേത്രാചാരത്തിന് ഭംഗം ഉണ്ടായാല്‍ ക്ഷേത്രംതന്ത്രിക്ക് നടയടച്ച് പ്രായശ്ചിത്തം ചെയ്യുകമാത്രമേ കരണീയമായുള്ളൂ.
9. ആര്‍ത്തവാശുദ്ധിയുള്ളവര്‍ അയ്യപ്പന്മാരെയും തൊട്ടുതൊട്ട് എല്ലാവരും അശുദ്ധിയുള്ളവരായിത്തീരും. അത് വലിയ ആചാരലംഘനത്തിന് ഇടയാക്കും. 
10. ശബരിമലയുടെ കാര്യത്തില്‍ ഒരു മണ്ഡലകാലം വ്രതമാചരിക്കണമെന്നുള്ളത് നിര്‍ബന്ധമാണ്. യുവതികള്‍ക്ക് അത് സാധ്യമാവുകയില്ല. അതും വിലക്കിന് കാരണമാണ്. 
11. ഓരോ ക്ഷേത്രങ്ങളിലും ഓരോവിധമുള്ള സങ്കല്‍പ്പത്തോടെയുള്ള ദേവപ്രതിഷ്ഠയാണ്. അവിടത്തെ മൂലമന്ത്രവും ധ്യാനവും എല്ലാം അവിടത്തെ തന്ത്രിക്ക് മാത്രമെ അറിയുള്ളു. ഓരോ കാലത്തും മേല്‍ശാന്തിമാര്‍ ആ സങ്കല്‍പ്പത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നു. മേല്‍ശാന്തിമാര്‍ ആ സ്ഥാനത്തുനിന്നും വിരമിച്ചാല്‍ ആ മന്ത്രങ്ങള്‍ മറ്റുള്ള വര്‍ക്ക് പറഞ്ഞുകൊടുത്തുകൂടാ എന്നാണ് നിബന്ധന.
ശബരിമലയിലെ പ്രതിഷ്ഠാ സങ്കല്‍പ്പം തന്ത്രിക്കുമാത്രമെ അറിഞ്ഞുകൂടൂ. അത് ലംഘിക്കപ്പെട്ടാല്‍ ക്ഷേത്രചൈതന്യംതന്നെ ഇല്ലാതെയാവും.
13. ഇത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെടുത്തി പറഞ്ഞുകൂടാ. ജാതി എന്നതിന് അടിസ്ഥാനമില്ല. ജാതിയും വര്‍ണവും ഒന്നല്ല. വര്‍ണങ്ങള്‍ മാത്രമെ ഹിന്ദുധര്‍മത്തില്‍ ഉള്ളൂ. കൃത്രിമമായ ജാതിയും ഉച്ചനീചത്വവും അവര്‍ണസവര്‍ണ ഭേദവും ആചരിക്കുന്നത് വലിയ തെറ്റാണ്. അതിനൊന്നും ഹിന്ദുമതത്തില്‍ യാതൊരു പ്രമാണവും ഇല്ല. അതുമായി യാതൊരു സാമ്യവും ഈ യുവതീപ്രവേശന വിലക്കിലില്ല.
14. ഇത് ലംഘിച്ച് കുറഞ്ഞോരുകാലം ചെറുപ്പക്കാരും ചെറുപ്പക്കാരികളും കഴിയാനിടവന്നാല്‍ ക്രമേണ സദാചാര ലംഘനവും കുടുംബങ്ങളുടെ തകര്‍ച്ചയും ഉണ്ടാവും. അവസാനകാലത്ത് എട്ടാംനൂറ്റാണ്ടില്‍ ബൗദ്ധധര്‍മത്തിനുണ്ടായ അപചയവും ഭാരതത്തില്‍നിന്നുതന്നെയുള്ള ആത്യന്തികമായ തിരോധാനവും നമുക്കേവര്‍ക്കും അറിവുള്ളതാണല്ലൊ. ഇത് ഹിന്ദുക്കള്‍ ഭയപ്പെടണം.
പ്രസക്ത സ്മൃതിവാക്യങ്ങള്‍
പരാശര സ്മൃതി:
'സ്‌നാതാ രജസ്വലയാ യാ തു ചതുര്‍ത്ഥേളഹനിശുദ്ധ്യതി'
രജസ്വലയായ സ്ത്രീ നാലാംദിവസം സ്‌നാനം ചെയ്യുന്നതോടെ ശുദ്ധയായിത്തീരുന്നു.
യാജ്ഞവല്‍ക്യസമൃതി:
'ഉദക്യാശുചിദി: സ്‌നായാത് സംസ്പൃഷ്ടൈസ്‌തൈരൂപസ്പൃശേത്' (യാ. സ്മൃ.3.30)
(ഉദക്യാ അഥവാ രജസ്വലയായ സ്ത്രീ തുടങ്ങിയുള്ള അശുചി (അശുദ്ധി)കളായവര്‍ തൊട്ടാലും അങ്ങനെ സ്പര്‍ശിക്കപ്പെട്ടവര്‍ തൊട്ടാലും സ്‌നാനം ചെയ്താല്‍മാത്രമെ അശുദ്ധിപോവുകയുള്ളു.)
മനുസ്മൃതി: 
ദിവാകീര്‍ത്തിമുദക്യം ച പതിതം സൂതികാം തഥാ 
ശവം തത് സ്പൃഷ്ടിനം ചൈവ സ്പൃഷ്ട്വാ സ്‌നാനേന ശുദ്ധ്യതി. 
(മനുസ്മൃതി 5-85)
ദിവാകീര്‍ത്തിയെ (ക്ഷുരകനെ) സ്പര്‍ശിച്ചാലും (അര്‍ത്ഥാത് ക്ഷൗരമോ മുണ്ഡനമോ ചെയ്യിച്ചാലും ഉദക്യയെ (രജസ്വലയെ സ്പര്‍ശിച്ചാലും അതേപോലെ പതിതനെ (ഭ്രഷ്ടനെ സ്പര്‍ശിച്ചാലും സൂതിക (പ്രസവിച്ചുകിടക്കുന്ന സ്ത്രീ)യെ സ്പര്‍ശിച്ചാലും ശവത്തെ സ്പര്‍ശിച്ചാലും, സ്പര്‍ശിച്ചവരെ തൊട്ടാലും സ്‌നാനം ചെയ്താല്‍ ശുദ്ധിയാകാവുന്നതാണ്.
തന്ത്രസമുച്ചയം:
ക്ഷേത്രപൂജയുടെ ആധികാരിക ഗ്രന്ഥമായ 'തന്ത്രസമുച്ചയ'ത്തിലെ പത്താം പടലത്തില്‍ (അധ്യായത്തില്‍) ക്ഷേത്രാങ്കണത്തില്‍ അശുദ്ധികള്‍ ബാധിച്ചാല്‍ പ്രായശ്ചിത്തം ചെയ്തുമാത്രമെ പൂജകള്‍ തുടര്‍ന്നുനടത്താവു എന്ന് താഴെപ്പറയുന്ന ശ്ലോകങ്ങളാല്‍ വിധിച്ചിരിക്കുന്ന-
'ദേവേ സ്വഭക്താ ജനദാനുജിഘൃയാര്‍ച്ചോ
പാധൗ തഥാ
ശ്രേയോദുരാസദതയാതദാപാസനാര്‍ത്ഥം 
നിയത സന്നിധി മാദ ധാനേ
സ്യാച്ചേന്നിമിത്തമഥനിഷ്‌കൃതി മാദധീത' (ത. സമുച്ചയം. പടലം 10 ശ്ലോ.1)ചുരുക്കിപ്പറഞ്ഞാല്‍ ക്ഷേത്ര പൂജകള്‍കൊണ്ടുണ്ടാകേണ്ട ശ്രേയസ്സിന്  തടസം വരാതിരിക്കാന്‍ (താഴെപ്പറയുന്നവ സംഭവിച്ചാല്‍) നിഷ്‌കൃതിയെ ചെയ്യണം (പ്രായശ്ചിത്തം ചെയ്തുമോചനം നേടണം)
ക്ഷേേ്രത മൃതിര്‍ജനനമംഗണമണ്ഡപാദൗ
മൂത്രാസൃഗാദി പതനം പതിതാദി വേശഃ
സോലൂകഗൃധ്രകരടശ്വഖരോഷ്ട്രകോല
ക്രോഷ്ട്രവൃക്ഷ ഡുഭ പുരസ്സര ഗര്‍ഭവേശഃ
(ത. സമൂ. പത്താംപടലം, ശ്ലോകം 2)
ക്ഷേത്രാംഗണ മണ്ഡപാദികളില്‍ ജനനമരണങ്ങള്‍, മലമൂത്രവിസര്‍ജനാദികള്‍, രക്തപാതങ്ങള്‍ തുടങ്ങിയവ സംഭവിച്ചാലും പതിതാദി (ഭ്രഷ്ട-രജസ്വലാ-സൂതികാദി) അശുദ്ധികള്‍ ഉള്ളവരുടെ  പ്രവേശം ഉണ്ടായാലും ഉലൂക (മൂങ്ങ)- ഗൃധ്ര (കഴുകന്‍)- കരട (കാക്ക)-ശ്വാ (നായ്)- ഖര (കഴുത)- ഉഷ്ട (ഒട്ടകം)- കോല (പന്നി)- ക്രോഷ്ട (കുറുക്കന്‍)- ഋക്ഷ (വാനരന്‍)- ഡുംഡുഭ (ചേര) തുടങ്ങിയവ ക്ഷേത്രഗര്‍ഭ ഗൃഹത്തില്‍ പ്രവേശിച്ചാലും അശുദ്ധിസംഭവിക്കും.
 Prof. Namboodiri

No comments: