Friday, October 26, 2018

കർമ്മയോഗം
ആളുകളുടെ പൊതുവെയുള്ള ധാരണ കർമ്മം ചെയ്യുക (സ്വധർമ്മാനുഷ്ഠാനം എന്നൊക്കെ പരക്കെ അറിയപ്പെടുന്നു) എന്നതാണ് ഗീതയുടെ പൊതു തത്വം എന്നാണ്. എന്നാൽ അതു ശരിയാണോ? അല്ലെങ്കിൽ പിന്നെ എന്താണ് കർമ്മത്തെക്കുറിച്ച് ഗീത പറയുന്നത്?
എന്താണ് കർമ്മയോഗം എന്നുനോക്കാം. യോഗം എന്നാൽ യോജിക്കുക എന്നാണർത്ഥം; അർപ്പിക്കുക എന്നും പറയാം. ഓരോ കർമ്മവും ഭഗവദ് പൂജയായിക്കൊണ്ട് അർപ്പിക്കുക എന്നതാണ് കർമ്മയോഗം എന്നതുകൊണ്ട് പൊതുവെ അർത്ഥമാക്കുന്നത്. ഇതിന്റെ ഉയർന്നൊരു തലത്തിലേക്ക് പ്രവേശിക്കുന്നതോടെയാണ് കർമ്മയോഗത്തിന്റെ ശരിയായ പൊരുളിലേക്കു പ്രവേശിക്കുന്നത്.
നമുക്കറിയാം, പ്രകൃതി അഥവാ പ്രപഞ്ചം എന്നത് നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന അഥവാ പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പൊതുതത്വമാണ്. അതാതു ജീവന്റെ പ്രത്യേക ഇടപെടലുകളില്ലെങ്കിലും പ്രപഞ്ചത്തിൽ നടക്കേണ്ടതായിട്ടെന്തുണ്ടോ അതു സ്വമേധയാ സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ സ്വയമേവയുള്ള പ്രപഞ്ചതാളത്തിൽ വ്യക്തിയുടെ ഇടപെടലുണ്ടാവുമ്പോൾ അതിനെ കർമ്മം എന്നുവിളിക്കാം (ഞാൻ ചെയ്യുന്നു എന്ന കർതൃത്വബുദ്ധി). വ്യക്തിത്വത്തിന്റെ ഇടപെടലുകളില്ലാത്തപക്ഷം (അതായത് പ്രകൃതിയുടെ ഒരു ഭാഗം മാത്രമായ ഈ മനുഷ്യശരീരം പ്രകൃതിയിലെ മറ്റു ചരാചരങ്ങളെപ്പോലെ സ്വമേധയാ പ്രകൃതിക്കനുസരിച്ച് ചലിക്കുന്നു എന്ന ബോധ്യം) വരുന്നപക്ഷം താൻ കർമ്മം ചെയ്യുന്നുവെന്നോ, അതാതു കർമ്മഫലങ്ങൾ അനുഭവിക്കുന്നുവെന്നോ ഉള്ള ചിന്ത വിട്ടുപോകുന്നു. അങ്ങനെയുള്ളപ്പോൾ കർമ്മമോ കർമ്മഫലമോ ജീവനെ ബാധിക്കുന്നുമില്ല.
"ഇവിടെ യാതൊരുവിധ കർമ്മവും ചെയ്യാനില്ല അർജ്ജുനാ" (ന കർതൃത്വം ന കർമാണി - ഇവിടെ കർമ്മവുമില്ല, അതു ചെയ്യുന്ന ഒരാളുമില്ല) എന്ന ഗീതാവചനം പ്രസക്തമാണ്. അതോടൊപ്പം "നിമിത്തമാത്രം ഭവ സവ്യസാചിൻ" (ഈ ശരീരത്തിലൂടെ ഈ പ്രാപഞ്ചികതാളത്തിന്റെ ഒരു നിമിത്തം മാത്രമായിത്തീരൂ അർജ്ജുനാ) എന്നും ഭഗവാൻ പറയുന്നു. ഇതുതന്നെയാണ് ഗീതയിൽ പറയുന്ന കർമ്മയോഗത്തിന്റെ കാതൽ.
ഒരു കർമ്മം ചെയ്യും എന്നോ ചെയ്യില്ല എന്നോ ശാഠ്യം പിടിക്കാതെ, പ്രപഞ്ചതാളത്തിനനുസൃതമായി, യാതൊരു കർതൃത്വബുദ്ധിയുമില്ലാതെ, ഈ ശരീരത്തെ വിട്ടുകൊടുക്കുക എന്നതാണ് ശരിയായ കർമ്മയോഗം. താൻ ചെയ്യുന്നു എന്ന ഒരഹങ്കാരബുദ്ധി ഇല്ലാത്തതിനാൽ കർമ്മഫലത്തിന്റെ പ്രസക്തിയും അവിടെ ഉദിക്കുന്നില്ല. കർമ്മഫലത്തിന്റെ കാര്യത്തിലായാലും അതു സ്വീകരിക്കുമെന്നോ സ്വീകരിക്കില്ല എന്നു പറയേണ്ടതു ഇല്ല. കർമ്മഫലത്തിന്റെ കാര്യത്തിലായാലും ഈ ശരീരത്തെ അതിനുവിട്ടുകൊടുക്കുക എന്നർത്ഥം.
ഒരു കർമ്മത്തെ "ഞാൻ ചെയ്യും" എന്നുപറയുമ്പോൾ അവിടം മുതൽ ആ കർമ്മം മനസ്സിന്റെ പിടിയിലകപ്പെടുകയാണ്. അപ്പോൾ ശാരീരിക ക്ഷീണം, ഉദ്ദേശിച്ച തരത്തിലോ അതാതിന്റെ സമയത്തോ ചെയ്തുതീർക്കാൻ സാധിച്ചില്ലെങ്കിൽ അതിന്റെ ദുഃഖം, കർമ്മ മേന്മയെക്കുറിച്ചുള്ള ചിന്ത.... ഇവയൊക്കെക്കൊണ്ട് മനസ്സ് കർമ്മത്തെ സദാ കലുഷമാക്കിക്കൊണ്ടിരിക്കുന്നു. പുതിയ പുതിയ കർമ്മങ്ങളിലേർപ്പെടുന്ന ജീവൻ അതാതു കർമ്മത്തിലും അതാതിന്റെ കർമ്മഫലത്തിലും ഒരു ഊരാക്കുടുക്കിലെന്നവണ്ണം അകപ്പെട്ടുപോവുകയാണ് (ലോകത്ത് ഇന്നു നടമാടുന്നത് കർമ്മ യോഗമല്ല, മറിച്ച് കർമ്മ രോഗമാണ് എന്നു സാരം). എന്നാൽ യാതൊരു കർമ്മത്തിലും കർതൃത്വബുദ്ധി ഏർപ്പെടാത്ത പക്ഷം, കർമ്മമോ കർമ്മഫലമോ ബാധിക്കപ്പെടുന്നുമില്ല, പ്രകൃതിക്കനുസരിച്ച് നടക്കേണ്ടതെന്തോ അത് ആ ശരീരത്തിലൂടെ നടക്കുകയും ചെയ്യുന്നു. ഇവിടെ കർമ്മത്തെക്കരുതിയോ കർമ്മഫലത്തെക്കുറിച്ചോ യാതൊരുവിധ രാഗദ്വേഷമോ ഉണ്ടാകുന്നുമില്ല. ഇതാണ് യഥാർത്ഥത്തിലുള്ള കർമ്മയോഗം.
letting go

No comments: