Monday, May 20, 2019

ആത്മാവ് സ്വതേതന്നെ സച്ചിദാനന്ദഘനമായ ബ്രഹ്മസ്വരൂപ മാണെങ്കിലും തന്നെ ആശ്രയിച്ച് തന്റെ സ്വരൂപത്തെ മറച്ചിരി ക്കുന്ന അനാദിയായ അവിദ്യനിമിത്തം ദേഹാഭിമാനം കൈ ക്കൊണ്ടു ജീവനായിത്തീരുകയാൽ സുഖദുഃഖാദ്യനുഭവങ്ങൾക്കു വശഗനായിരിക്കുകയാണ്. ആ ജീവൻ തനിക്ക് നേരിട്ട ദുഃഖത്തെ ഇല്ലാതാക്കി പരിപൂർണ്ണപ്രാപ്തിക്കുവേണ്ടി ആഗ്രഹിക്കുന്നു. തന്റെ ഇച്ഛാശമനത്തിന്, ആഗ്രഹപൂർത്തിക്ക്, അവിദ്യാകത്തിതങ്ങളായ വിഷയങ്ങളെ സമീപിക്കുന്നു..
ആ വിഷയങ്ങളുടെ അനുഭവം കൊണ്ട് യാതൊരു തൃപ്തി യുമുണ്ടാകാതെ അവൻ ജനനമരണങ്ങളോടു കൂടിയ സംസാര ത്തിൽ കിടന്നുഴലുകമാത്രമാണ് ചെയ്യുന്നത്. ഇങ്ങനെ നാനാവിധയോനികളിൽ ജനിച്ചും മരിച്ചും കഷ്ടപ്പെടുന്ന ജീവൻ പുണ്യവശാൽ ഒടുവിൽ മനുഷ്യജന്മമെടുക്കുന്നു. അവൻ വേദവിഹിതമായിരിക്കുന്ന സത്ക്കർമ്മങ്ങളനുഷ്ടിച്ച് അന്തഃ കരണശുദ്ധി വരുത്തി ആത്യന്തികമായ ദുഃഖനിവൃത്തിക്കുവേണ്ടി ബ്രഹ്മനിഷ്ഠനായ ആചാര്യനെ സമീപിക്കുന്നു. അവന്റെ ശുശ്രൂഷാദികൾ കൊണ്ട് പ്രസന്നനായിത്തീർന്ന ആചാര്യനാകട്ടെ, ആ ശുശ്രൂഷുവായ ശിഷ്യന് നേരിട്ട അനർത്ഥത്തിനു കാരണം, അവന്റെ (ബ്രഹ്മ) സ്വരൂപബോധമില്ലായ്മയാണെന്ന് അവനെ ബോധിപ്പിക്കുന്നു. ഗുരുവിൽനിന്ന്, 'താൻ ബ്രഹ്മമാണെ'ന്നു അനുവപ്പെട്ട ശിഷ്യൻ തന്റെ സർവ്വാനർത്ഥങ്ങൾക്കും കാരണം അജ്ഞാനമായിരുന്നു എന്നറിയുന്നു. അവൻ പരിപൂർണ്ണാനന്ദാനുഭൂതിയിൽ മുഴുകുന്നു. ദൃഷ്ടാന്തത്തിൽ കണ്ണട കൈവശമുണ്ടായിട്ടും അറിയാതെ ക്ലേശിച്ച മനുഷ്യൻ ആപ്തവാക്യം കൊണ്ട് അതു തന്റെ കൈവശംതന്നെ ഉണ്ടല്ലോ എന്നറിഞ്ഞു സന്തോഷിച്ചതുപോലെ ദാർഷ്ടാന്തികത്തിലും ആനന്ദപൂർണ്ണനായിരുന്ന ശിഷ്യൻ തന്റെ വാസ്തവസ്ഥിതി യറിയാതെ സുഖമന്വേഷിച്ചു വലഞ്ഞപ്പോൾ ആചാര്യോപദേശം കൊണ്ട് താൻ ബ്രഹ്മാനന്ദസ്വരൂപനായിരുന്നല്ലോ എന്നറിഞ്ഞു കൃതകൃത്യനാകുന്നു.
ഈ വാസ്തവസ്ഥതിയെ ബോധിപ്പിക്കുന്ന വേദസൂക്തി കളത്രേ സിദ്ധാർത്ഥബോധകങ്ങൾ, ഉപക്രമോപസംഹാരങ്ങൾ കൊണ്ട് വേദം ബ്രഹ്മാത്മൈക്യരൂപമായ ഈ സിദ്ധാർത്ഥത്തെ ത്തന്നെയാണ് സിദ്ധാന്തിക്കുന്നത്.
ഈ സിദ്ധാർത്ഥബോധകവാക്യങ്ങൾ വേദത്തിന്റെ പരമ ലക്ഷ്യത്തെ ബ്രഹ്മാത്മൈക്യത്തെ നിർണ്ണയിക്കുന്നതു കൊണ്ട് ഇവയ്ക്കു വേദാന്തവാക്യങ്ങൾ എന്നുകൂടി പേരുണ്ട്. ഈ വേദാന്തവാക്യങ്ങൾ ജീവന്റെ യഥാർത്ഥസ്വരൂപമായ ബ്രഹ്മഭാവത്തെ മറച്ചിരിക്കുന്ന അവിദ്യയെ 'ഉപനിഷാദനം' ചെയ്യുന്നതുകൊണ്ട് (നശിപ്പിക്കുന്നതു കൊണ്ട്) ഉപനിഷത്തു കൾ എന്നുകൂടി പറയപ്പെടുന്നു. ഈ ഉപനിഷത്തുകളാണ് വേദത്തിലെ ജ്ഞാനകാണ്ഡം.
ഉപനിഷദ്വാക്യങ്ങൾ വളരെയുണ്ടെങ്കിലും അവയിൽ പ്രാധാന്യമർഹിക്കുന്നവ നാലാണ്. അവയോരോന്നും ഋക്, യജുസ്സ്, സാമം, അൗർെവ്വം ഈ നാലു വേദങ്ങളുടെയും സാരസർവസ്വങ്ങളത്രേ. അവ 'പ്രജ്ഞാനം ബ്രഹ്മ' 'അഹം ബ്രഹ്മാസ്മി' 'തത്ത്വമസി' 'അയമാത്മാ ബ്രഹ്മ' ഈ നാലു വാക്യങ്ങളാകുന്നു. ഇവയിൽ 'പ്രജ്ഞാനം ബ്രഹ്മ' എന്ന മഹാവാക്യം ഋഗ്വേദാന്തർഗതമായ ഐതരേയോപനിഷത്തിലും, 'അഹം ബ്രഹ്മാസ്മി' എന്നതു യജുർവ്വേദാന്തർഗ്ഗതമായ ബൃഹദാരണ്യകോപനിഷത്തിലും, 'തത്ത്വമസി' എന്നത് സാമ വേദാന്തർഗ്ഗതമായ ഛാന്ദോഗ്യോപനിഷത്തിലും, 'അയമാത്മാ ബ്രഹ്മ' എന്നത് അഥർവ്വവേദാന്തർഗ്ഗതമായ മാണ്ഡൂക്യോപ നിഷത്തിലും ഉള്ളവയാണ്.
നാലു മഹാവാക്യങ്ങളുടെ പ്രയോജനമെന്ത്?
ജീവപര (ബ്രഹ്മ) ങ്ങളുടെ ഐക്യത്തെ ബോധിപ്പിക്കുന്നതിന് ഒരു വാക്യം പോരയോ? ഈ നാലു വാക്യങ്ങളും എന്തിനാണ്? എന്നാശങ്കിക്കുന്നു എങ്കിൽ ഈ നാലു വാക്യങ്ങളും പ്രയോജനകരങ്ങളാണെന്നു കാണിക്കാം.

എങ്ങനെയന്നാൽ 'പ്രജ്ഞാനം ബ്രഹ്മ' എന്നത് ജീവന്റെയും ബ്രഹ്മത്തിന്റെയും ലക്ഷണവാക്യവും 'അയമാത്മാ ബ്രഹ്മ' എന്നത് ജീവപരങ്ങൾ അപരോക്ഷ (പ്രത്യക്ഷ) വിഷയങ്ങ ളാണെന്നു കാണിക്കുന്ന സ്വരൂപസാക്ഷാൽക്കാര വാക്യവും, 'തത്ത്വമസി' എന്നത് ഗുരുവിന്റെ ഉപദേശവാക്യവും 'അഹം ബ്രഹ്മാസ്മി' എന്നത് ശിഷ്യന്റെ അനുഭവവാക്യവും ആകുന്നു. ഇങ്ങനെ നോക്കിയാൽ ജീവപരങ്ങളുടെ ഐക്യത്തെ പ്രതിപാദിക്കുന്ന നാലു വാക്യങ്ങളും ഉപപന്നങ്ങൾതന്നെ എന്നു കാണാൻകഴിയും.

No comments: