Monday, May 20, 2019

സായ്‌ലീലകളുടെ സമ്പൂര്‍ണ ചരിത്രമാണ്  ബാബയുടെ പരമഭക്തനായ ഹേമത്പാന്ത് ധാബോല്‍ക്കര്‍ (ഗോവിന്ദ് രഘുനാഥ് ധാബോല്‍ക്കര്‍) രചിച്ച സായ്‌സദ്്ചരിത. അണ്ണാ സാഹെബ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഷിര്‍ദിയില്‍ കോളറ പടര്‍ന്നപ്പോള്‍ ഗ്രാമാതിര്‍ത്തിയില്‍ ഗോതമ്പു പൊടി വിതറി ബാബ അതിനെ ചെറുത്തതിന് സാക്ഷിയായിരുന്നു അദ്ദേഹം.  ബാബയുടെ അത്ഭുതകൃത്യങ്ങള്‍ ഒന്നൊഴിയാതെ കുറിച്ചു വെക്കാന്‍ നിമിത്തമായത് ഈയൊരു സംഭവമായിരുന്നു. 
ഒരിക്കല്‍ ഒരു പൗര്‍ണമി നാളില്‍ അദ്ദേഹം ദിവ്യമായൊരു സ്വപ്‌നം കണ്ടു. ദിവ്യനെന്നു തോന്നിച്ച ഒരാള്‍ തന്റെ വീട്ടിലേക്ക് കയറി വന്നു. വെളുപ്പിന് മൂന്നുമണിയായിക്കാണും. അദ്ദേഹം അണ്ണാ സാഹെബിനെ തട്ടിയുണര്‍ത്തി, വീട്ടില്‍ ഉച്ചയൂണിന് ബാബ വരുമെന്ന്  അറിയിച്ചു. ഉണര്‍ന്നപ്പോള്‍ സ്വപ്‌നമാണോ സത്യമാണോ എന്നറിയാത്ത അവസ്ഥയിലായി അദ്ദേഹം. ആരെയും അരികില്‍ കാണാനില്ല. 
ഊണിന് ബാബ വരുമെന്നാണല്ലോ ആ ദിവ്യന്‍ പറഞ്ഞത്. സന്തോഷം കൊണ്ട് ആ വാര്‍ത്ത എല്ലാവരും കേള്‍ക്കേ അദ്ദേഹം വിളിച്ചു പറഞ്ഞു. ബഹളം കേട്ട് ഭാര്യ ഓടിയെത്തി. ആനന്ദം അടക്കാന്‍ വയ്യാതെ അണ്ണാ സാഹേബ് ഭാര്യയോട് സ്വപ്‌നവിവരണം തുടങ്ങി. 
ഷിര്‍ദിയില്‍ നിന്ന് ഇന്ന് ഉച്ചയൂണിന് ബാബ ഇന്ന് ഇവിടെ വരുമെന്നോ! ഷിര്‍ദിയില്‍ നിന്ന് ഇങ്ങ് ഭാങ്ഗ്രയിലേക്ക് എത്ര ദൂരമുണ്ട് !  ഇദ്ദേഹത്തിന് ഇതെന്തു പറ്റി? ഒന്നും മനസ്സിലാകാതെ നിന്ന ഭാര്യയോട്, അണ്ണാ സാഹെബ്   പറഞ്ഞു. ' നിന്നോട് എന്തു പറയാന്‍. ബാബയെന്നാല്‍  ദൈവമാണ്. ഈശ്വരന്മാര്‍ക്ക് സഞ്ചരിക്കാന്‍ നേരവും കാലവുമൊന്നുമില്ല. സര്‍വ്യാപിയാണ്. അതു കൊണ്ട് ബാബ എപ്പോള്‍ വരും പോകും എന്ന ചോദ്യത്തിന് അര്‍ഥമില്ല. അദ്ദേഹം നാളെ വന്നിരിക്കും. നീ പോയി ഭക്ഷണം തയ്യാറാക്കൂ. വേണ്ടതെല്ലാം ഒരുക്കണം. '
ഭര്‍ത്താവ് പറഞ്ഞതിന് അപ്പുറത്തേക്ക് അവര്‍ക്ക് മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. വീടെല്ലാം തൂത്തു തുടച്ചു. പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി. പൂമാലകള്‍ കൊണ്ട് തോരണങ്ങളുണ്ടാക്കി വീട് അലങ്കരിച്ചു. സ്വാദിഷ്ഠമായ വിഭവങ്ങളൊരുക്കി. ഇരുവരും ബാബയെക്കാത്ത് ഇരിപ്പായി. പന്ത്രണ്ടു മണിയായി. ബാബ വന്നില്ല. എങ്കിലും അവര്‍ പ്രതീക്ഷ കൈവിട്ടില്ല. പറഞ്ഞവാക്കില്‍ നിന്ന് വ്യതിചലിക്കില്ല ബാബ എന്ന കാര്യത്തില്‍ അണ്ണാ സാഹേബിന് ഉറപ്പായിരുന്നു. 
പെട്ടെന്ന് മുസ്ലിം വേഷധാരികളായ രണ്ടുപേര്‍ അവിടെയെത്തി. ' അണ്ണാ സാഹേബ് ഞങ്ങള്‍ അങ്ങയെ കാണാനായി വന്നതാണ്. അങ്ങ് ഏതോ അതിഥിയെ സ്വീകരിക്കാനുള്ള തിരക്കിലാണെന്ന് തോന്നുന്നു. ഞങ്ങള്‍ അങ്ങയെ ബുദ്ധിമുട്ടിക്കുന്നില്ല. ഈ പെട്ടി അങ്ങ് സ്വീകരിക്കണം.' ഇത്രയും പറഞ്ഞ ശേഷം അവര്‍ പോയി.
അണ്ണാ സാഹേബ് ആ പെട്ടി തുറന്നു നോക്കി. അതില്‍ ബാബയുടെ ചൈതന്യം വഴിയുന്നൊരു ചിത്രമുണ്ടായിരുന്നു. അണ്ണാ സാഹേബിന്റെ മിഴിയില്‍ നിന്ന് ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു. ചിത്രം നെഞ്ചോടു ചേര്‍ത്തു പിടിച്ച്  അദ്ദേഹം പറഞ്ഞു;  '  എന്റെ വീട്ടില്‍  അവധൂതനെത്തിയിരിക്കുന്നു, ബാബയെത്തിയിരിക്കുന്നു.  ' 
 ഭക്ഷണം എടുത്തു വച്ച പാത്രത്തിനു മുമ്പില്‍ അദ്ദേഹം ആ ചിത്രം എടുത്തു വച്ചു. കുടിക്കാനായി വെള്ളവും വച്ചു. എന്നിട്ട് ഭക്ത്യാദരപൂര്‍വം ബാബയോട് ഭക്ഷണം കഴിക്കാനാവശ്യപ്പെട്ടു. 
പാത്രത്തില്‍ വെച്ചിരുന്ന വട വൈകാതെ അപ്രത്യക്ഷമായി. അതിനടുത്തായി ബാബയുടെ വിരലടയാളങ്ങളും കണ്ടു. അതോടെ അണ്ണാ സാഹബിനും ഭാര്യയ്ക്കും തൃപ്തിയായി. ബാക്കിയിരുന്ന ഭക്ഷണം അവര്‍ പ്രസാദമായി സ്വീകരിച്ച് ഭക്ഷിച്ചു.
janmabhumi

No comments: